ഉദ്വേഗം ചോരാതെ നിരവധി ട്വിസ്റ്റുകള്‍
പാലക്കാട് എ എസ് പി രാമചന്ദ്രന്റെ മകന്‍ ഉണ്ണി (ശരത്) യുമായി ശ്രീപ്രിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ശരത് യഥാര്‍ത്ഥത്തില്‍ പ്രണയിക്കുന്നത് ശ്രീപ്രിയയുടെ അനുജത്തി ശില്പ(മംഗള)യെയാണ്. എന്നാല്‍ ഇക്കാര്യം തങ്ങളുടെ മാതാപിതാക്കളോട് വെളിപ്പെടുത്താന്‍ അവരാരും ധൈര്യപ്പെടുന്നില്ല.
കോയമ്പത്തൂരേക്ക് പരീക്ഷയെഴുതാനായി ദാസ് ശ്രീപ്രിയയെ കാറില്‍ കൊണ്ടുപോവുന്നതിനിടയില്‍ മൂന്ന് ഗുണ്ടകള്‍ അവരെ പിന്തുടര്‍ന്നു. അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ അവര്‍ കാര്‍ ഉപേക്ഷിച്ച് വാളയാര്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. ഒരു രാത്രി കാട്ടിലെ ഉപേക്ഷിക്കപ്പെട്ടൊരു വീട്ടില്‍ ഇരുവരും കഴിഞ്ഞു. അതിനിടയില്‍ ശ്രീപ്രിയയുടെ മനസില്‍ ഗോകുല്‍ദാസിനോട് പ്രണയം ജനിച്ചു.
യഥാര്‍ത്ഥത്തില്‍ ഈ മൂന്ന് ഗുണ്ടകളും മുംബൈ അധോലോകത്ത് ഗോകുല്‍ദാസിനൊപ്പം ഉണ്ടായിരുന്നവരാണ്. എ എസ് പി രാമചന്ദ്രനാണ് ശ്രീപ്രിയയെ കൊല്ലാനായി ഈ ഗുണ്ടകളെ അയച്ചിരിക്കുന്നത്. എന്തിനാണ് രാമചന്ദ്രന്‍ ശ്രീപ്രിയയെ കൊല്ലാനായി ഗുണ്ടകളെ അയച്ചത്? ഉദ്വേഗജനകമായ വഴിത്തിരിവുകളിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.
കോമഡി സിനിമകള്‍ക്കു വേണ്ടി മാത്രം എഴുതി ശീലിച്ച തിരക്കഥാകൃത്തുക്കളായ സിബി കെ.തോമസ്-ഉദയ് കൃഷ്ണ ദിലീപിന്റെ ഇമേജ് മാറ്റത്തിനു വേണ്ടിയാണ് ആക്ഷനും കോമഡിയും ചേര്‍ത്തുള്ള പുതിയ ഫോര്‍മുല തങ്ങളുടെ തിരക്കഥകളില്‍ പരീക്ഷിച്ചു തുടങ്ങിയത്. ഇത്തവണയാകട്ടെ ഇരുവരും രചന നടത്തിയിരിക്കുന്നത് ആദ്യന്തം ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുള്ള ഒരു ത്രില്ലറിനു വേണ്ടിയാണ്. ഉദ്വേഗം ചോരാതെ നിരവധി ട്വിസ്റ്റുകള്‍ സൃഷ്ടിച്ച് തിരക്കഥ ഭദ്രമാക്കാന്‍ ഇരുവരം ശ്രമിച്ചിട്ടുണ്ട്.
ജോഷിയുടെ സംവിധാന പാടവം കൂടിയാവുമ്പോള്‍ ജൂലൈ നാല് രണ്ടര മണിക്കൂര്‍ നേരം കണ്ടിരിക്കാവുന്ന ഒരു ചിത്രമായി മാറുന്നു. തന്റെ വേഷം ഭംഗിയാക്കാന്‍ ദിലീപ് പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയാകാം ദിലീപ് റോമ എന്ന പുതിയ നായികയെ പരീക്ഷിച്ചത്. എന്നാല്‍ കാവ്യാ മാധവനെയോ മീരാ ജാസ്മിനെയോ പോലെ ദിലീപിന് റോമ ഇണങ്ങുന്ന ജോഡിയായില്ല.


Click it and Unblock the Notifications