twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ സലാം ലാല്‍ ജോസ്

    By Staff
    |

    ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ സന്ദേശത്തിനു ശേഷം ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ സമകാലീന രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഒരു ചിത്രം മലയാളത്തിലുണ്ടായിട്ടില്ല. രഞ്ജി പണിക്കരെ പോലുള്ള തിരക്കഥാകൃത്തുക്കളും ഷാജി കൈലാസിനെ പോലുള്ള സംവിധായകരും സമകാലീന സംഭവങ്ങളുടെ കുറിപ്പടികള്‍ ചേര്‍ത്തുവച്ച് സൃഷ്ടിക്കുന്ന സിനിമകളുണ്ടെങ്കിലും അതൊന്നും അടിമുടി കക്ഷിരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിലേക്കുള്ള നേരായ നോട്ടങ്ങളായിരുന്നില്ല. അത്തരമൊരു നോട്ടം ലാല്‍ ജോസിന്റെ അറബിക്കഥയിലുണ്ട്. അത് മുമ്പ് നമ്മള്‍ കണ്ടിട്ടുള്ളത് സന്ദേശം പോലുള്ള ശ്രീനിവാസന്‍ ചിത്രങ്ങളിലാണ്.

    യാദൃശ്ചികമായല്ല ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ നായകനാവുന്നതും. ഈ ചിത്രത്തിലെ നായകനായ ക്യൂബ മുകുന്ദനെ അവതരിപ്പിക്കാന്‍ ശ്രീനിവാസനല്ലാതെ മറ്റൊരു നടന്‍ മലയാളത്തിലില്ല. ശ്രീനിവാസന്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന അറബിക്കഥയുടെ ആഖ്യാനരീതിയും സംഭാഷണങ്ങളും ശ്രീനിവാസന്‍ എന്ന നായകന്‍ ഈ ചിത്രത്തിന് ഒരു അനിവാര്യതയാക്കി മാറ്റുന്നു. അമ്പത് കഴിഞ്ഞ ശ്രീനിവാസന്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ ഔചിത്യക്കുറവ് അമ്പത് കഴിഞ്ഞ സൂപ്പര്‍താരങ്ങള്‍ യുവാക്കളായി വിലസുന്ന മലയാള സിനിമയിലെ പല യുക്തിരാഹിത്യങ്ങളോളം ഗൗരവമുള്ളതല്ല.

    ശ്രീനിവാസന്‍ ചിത്രങ്ങളില്‍ നിന്നു തന്നെയാണ് അറബിക്കഥയിലേക്ക് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് തിരക്കഥാകൃത്തായ ഡോ.ഇക് ബാല്‍ കുറ്റിപ്പുറം പറയുന്നു. നാട്ടിലെ അനീതികള്‍ക്കെതിരെ സമരങ്ങള്‍ നയിച്ച ക്യൂബ മുകുന്ദന്‍ ഗള്‍ഫിലെ ഫാക്ടറിയില്‍ അമിതമായ ജോലിഭാരം കെട്ടിയേല്പിക്കപ്പെട്ടിട്ടും തൊഴിലുടമയോട് പ്രതിഷേധിക്കാനാവാതെ കുളിമുറിയില്‍ ചെന്ന് കണ്ണാടിയില്‍ നോക്കി വിപ്ലവം ജയിക്കട്ടെയെന്ന് മുദ്രാവാക്യം വിളിക്കുന്ന ഒരു രംഗമുണ്ട് ഈ ചിത്രത്തില്‍. ആക്ഷേപഹാസ്യത്തിന്റെ പുതിയ സിനിമാ ശൈലി മലയാള സിനിമാ പ്രേക്ഷകന് കാട്ടിത്തന്ന ശ്രീനിവാസന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ ഇത്തരം രംഗങ്ങള്‍.

    സിപിഎം രാഷ്ട്രീയം ഒരു പ്രത്യേകഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഇത്തരമൊരു ചിത്രം പുറത്തിറങ്ങുന്നത്. ക്ലാസിക്കല്‍ മാര്‍‍ക്സിസത്തിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴും ജീവിക്കുന്നതെന്ന് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയും ഈ തെറ്റിദ്ധരിപ്പിക്കലിന് പുറത്ത് കെട്ടിപടുത്തിരിക്കുന്ന വിപുലമായ ജനകീയ അടിത്തറയും അതില്‍ നിന്നു ലഭിക്കുന്ന അധികാരവും ഉപയോഗിച്ച് നേതാക്കള്‍ അഴിമതി ആഘോഷമാക്കുകയും ചെയ്യുന്ന വിചിത്രമായ ഒരു രാഷ്ട്രീയ ഘടനയെയാണ് ഈ ചിത്രം ചോദ്യം ചെയ്യുന്നത്. നായകന്‍ തന്നെ പരിഹസിക്കപ്പെടുന്ന ടിപ്പിക്കല്‍ ശ്രീനിവാസന്‍ ശൈലിയെ ഓര്‍മിപ്പിച്ചുകൊണ്ട് ക്യൂബ മുകുന്ദനെ പോലുള്ള നിഷ്കളങ്കരായ പ്രവര്‍ത്തകരുടെ രാഷ്ട്രീയ ദാസ്യത്തെ പരിഹസിക്കുന്നുമുണ്ട് ഈ ചിത്രം.

    തൊഴിലാളികള്‍ പോരാട്ടത്തിലൂടെ നേടിയെടുത്ത എട്ടു മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥ നടപ്പിലാവാത്ത ഗള്‍ഫിലെ തൊഴില്‍ സാഹചര്യങ്ങളുടെയും ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ഗള്‍ഫിലെ മരുഭൂമിയിലെത്തി ജീവിതത്തിലെ വലിയൊരു പങ്കും അവിടെ ചെലവിടേണ്ടി വരുന്ന സാധാരണക്കാരുടെ ദു:ഖങ്ങളുടെയും ജീവിത ചിത്രങ്ങള്‍ അറബിക്കഥയിലുണ്ട്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ നാഴികക്കല്ലായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്നത്തെ ജീര്‍ണതകളെ പരിഹസിക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയിലേക്ക് കേരളത്തിലെ കുടുംബങ്ങളെയും ഗ്രാമങ്ങളെയും കൊണ്ടുവരാന്‍ സഹായിച്ച ഗള്‍ഫ് കുടിയേറ്റത്തിന്റെ ദൈന്യങ്ങളുടെ ചിത്രങ്ങളും അറബിക്കഥ നിരത്തിവയ്ക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X