For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാല്‍ സലാം ലാല്‍ ജോസ്

  By Staff
  |

  നമ്മുടെ രാഷ്ട്രീയ, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് ക്യാമറ കണ്ണുകള്‍ ചലിപ്പിക്കുന്ന ഒരു ചിത്രം അടുത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ആയൊരു സാഹചര്യത്തില്‍ അറബിക്കഥയ്ക്ക് ഒരു ഇടപെടലിന്റെ സ്വഭാവം കൂടിയുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് കാട്ടറബിയുടെ രൂപത്തില്‍ വരുന്ന ക്യൂബ മുകുന്ദനില്‍ ഒരു സ്വപ്നത്തിന്റെ സ്വഭാവമാണുള്ളത്. തന്നെ മരുഭൂമിയിലെ യാതനകളിലേക്ക് അലയാന്‍ വിട്ട നേതാവിനെ അയാള്‍ കണ്ടുമുട്ടുന്നതും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുന്നതും യാഥാര്‍ത്ഥ്യത്തേക്കാളേറെ സ്വപ്നത്തിന്റെ സ്വഭാവമുള്ള രംഗങ്ങളാണ്. ഒരു കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൈമുതല്‍ തന്നെ സ്വപ്നങ്ങളായിരുന്നു. ഈ സ്വപ്നങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്ന വലിയൊരു വിഭാഗം നിഷ്കളങ്കരായ പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇപ്പോഴുമുണ്ട്. ആ സാധാരണ പ്രവര്‍ത്തകരെയാണ് ഈ ചിത്രം അഭിസംബോധന ചെയ്യുന്നത്.

  ചൈനക്കാരിയെ കാണുമ്പോള്‍ അവളിലൂടെ ചൈനയെ തന്നെ കാണുന്ന ഒരു നിഷ്കളങ്കനാണ് ക്യൂബ മുകുന്ദന്‍. ചിത്രത്തിലെ തന്നെ ഒരു കഥാപാത്രം പറയുന്നതു പോലെ ലോകമെമ്പാടും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുണ്ടാക്കിയെത്തിച്ച് വരുമാനമുണ്ടാക്കുന്ന ചൈനയില്‍ നിന്നെത്തുന്ന ഈ പെണ്‍കുട്ടി ഗള്ഫില്‍ ചെയ്യുന്ന ജോലി വ്യാജ സിഡി വില്പനയാണ്. അവള്‍ക്ക് ഒരു അപകടമുണ്ടാവുമ്പോള്‍ ക്യൂബ മുകുന്ദന്‍ പറയുന്നത് ഇങ്ങനെയാണ്- ചൈനയ്ക്കെന്തെങ്കിലും പറ്റിയാല്‍ അത് കേരളത്തിന് നോക്കിയിരിക്കാനാവില്ല! ഇന്ത്യാ-ചൈനാ യുദ്ധ കാലത്ത് ചൈനയോടൊപ്പം നിന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരെന്നും കേരളത്തിലെ നേതാക്കള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും മുകുന്ദന്‍ ചൈനക്കാരിയായ ഷുങ് മിനിനോട് മലയാളത്തില്‍ പറയുമ്പോള്‍ ആക്ഷേപഹാസ്യം അതിന്റെ തീവ്രതയിലെത്തുന്നു.

  ക്ലാസ് മേറ്റ്സിനു ശേഷം ലാല്‍ ജോസ് ഒരുക്കിയ അറബിക്കഥയിലുടനീളം തന്റേതായ ശൈലിയില്‍ സിനിമയെ സമീപിക്കുന്ന ഒരു ക്രാഫ്റ്റ് മാന്റെ കരചലനങ്ങളുണ്ട്. ഗാനരംഗങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നുവെങ്കിലും സിനിമയില്‍ നിന്ന് വേറിട്ട് നില്‍ക്കാതെ അതൊരുക്കാന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടുണ്ട്. ഇക് ബാല്‍ കുറ്റിപ്പുറം രചിച്ചിരിക്കുന്ന തിരക്കഥ ഒരു മികച്ച ചിത്രമൊരുക്കാന്‍ ലാല്‍ ജോസിനെ ഏറെ സഹായിച്ചിരിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മിതത്വം പാലിക്കാന്‍ ലാല്‍ ജോസ് പ്രത്യേക ശ്രദ്ധ കാട്ടിയിട്ടുണ്ട്. ക്ലൈമാക്സില്‍ മന്ത്രിയായ നേതാവിനെയും ബിസിനസുകാരനെയും മരുഭൂമിയില്‍ വച്ച് ക്യൂബ മുകുന്ദനും കുരുക്കുന്ന രംഗം തന്നെ നോക്കുക. അഴിമതിക്കാരായ നേതാക്കളെയും വ്യവസായിയെയും മരുഭൂമിയില്‍ ഉപേക്ഷിച്ച് ക്യൂബ മുകുന്ദനും കൂട്ടരും മടങ്ങുന്ന ഈ രംഗം ഒരു ഷാജി കൈലാസ് ചിത്രത്തിലായിരുന്നെങ്കില്‍ കാര്‍ ചെയ്സും ബഹളങ്ങളും അടിപിടിയും വെടിവയ്പുമായി ആഘോഷമാക്കാമാക്കുമായിരുന്നു.

  ക്യബ മുകുന്ദന് ജീവന്‍ നല്‍കാന്‍ മലയാളത്തില്‍ ശ്രീനിവാസന്‍ എന്ന ഒരു നടനേയുള്ളൂ. അഴിമതിക്കാരനായ മന്ത്രിയായി അഭിനയിച്ച നാടകനടനായ ശിവജി ഗുരുവായൂര്‍ തന്റെ കഥാപാത്രത്തെ പരമാവധി ഭംഗിയാക്കി. ഇന്ദ്രജിത്ത്, സംവൃതാ സുനില്‍, ജയസൂര്യ, ചൈനക്കാരി ചിങ് ഷു മിന്‍ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ലാല്‍ ജോസ് പരിചയപ്പെടുത്തിയ ബിജി ലാല്‍ എന്ന പുതിയ സംഗീതം സംവിധായകന്‍ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം ഇമ്പമാര്‍ന്നതാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X