കീര്‍ത്തിചക്രയുടെ മികവ് നിലനിര്‍ത്താനായില്ല
യഥാതഥമായ സംഭവ ചിത്രീകരണത്തിലാണ് മേജര്‍ രവി ഊന്നുന്നത് എന്നതുകൊണ്ടു തന്നെ സിനിമയുടെ കഥാഗതി മന്ദഗതിയിലാവുന്നു. രവിയുടെ ആദ്യചിത്രമായ കീര്‍ത്തിചക്രയുടെ നിലവാരത്തിലേക്ക് ഉയരാന്‍ അതുകൊണ്ടു തന്നെ മിഷന്‍ 90 ഡേയ്സിന് കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ മാറ്റിമറിച്ച് സിനിമക്ക് വേഗം കൂട്ടാനുള്ള ശ്രമമൊക്കെ നടത്തുന്നുണ്ടെങ്കിലും സിനിമ വളരെ വേഗത്തിലാണെന്ന് തോന്നിപ്പിക്കുന്നതിനുള്ള ട്വിസ്റ്റുകളൊന്നും ചിത്രത്തിലില്ല. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി യഥാതഥമായി സിനിമയൊരുക്കാന്‍ ശ്രമിക്കുമ്പോഴുള്ള പരിമിതിയാണ് അതെന്നു പറയാം.
അതേ സമയം ശിവരാമന്റെ കുടുംബപശ്ചാത്തലവും കൊച്ചിന‍് ഹനീഫ, സലിംകുമാര്‍ എന്നിവരുടെ തമാശ കോപ്രായങ്ങളും യഥാതഥമായി സംഭവങ്ങള്‍ ആവിഷ്കരിക്കുന്നതിനിടയിലെ മസാല ചേരുവകളാണ്. എന്നാല്‍ അത് സിനിമയുടെ മൊത്തം മൂഡിനെ പ്രതികൂലമായാണ് ബാധിച്ചിട്ടുള്ളത്. കൃത്രിമത്വം നിറഞ്ഞ കുടുംബരംഗങ്ങളും ഗാനങ്ങളും ചിത്രത്തിന്റെ ആക്ഷന്‍ മൂഡിന് ചേരുന്നതല്ല. ശിവരാമന്റെ ഭാര്യയായെത്തുന്ന തുലീപ് ജോഷിയെ എന്തിനാണ് ഈ ചിത്രത്തിലേക്കായി ബോളിവുഡില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്നത്? അത്തരമൊരു കഥാപാത്രത്തെയും ബൊമ്മയെ പോലെ പ്രത്യക്ഷപ്പെടുന്ന നടിയെയും ഈ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാമായിരുന്നു.
പുട്ടിന് തേങ്ങയെന്ന പോലെ ഇത്തരം രംഗങ്ങളില്ലെങ്കില്‍ ചിത്രം ഒരു ഡോക്യുമെന്ററി പോലെ ആയിപ്പോയെനേ എന്ന് മേജര്‍ രവിക്ക് തോന്നിക്കാണണം. യഥാതഥമായി സംഭവങ്ങളെ ചിത്രീകരിക്കാനാണ് ശ്രമമെങ്കില്‍ അത് പരമാവധി ഭംഗിയാക്കുന്നതിലായിരുന്നു മേജര്‍ രവി ശ്രദ്ധിക്കേണ്ടിയിരുന്നത്.
സൈനിക ഓപ്പറേഷനുകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായാണ് മേജര്‍ രവി ഇത്തരമൊരു ചിത്രമൊരുക്കിയിരിക്കുന്നത്. മലയാളത്തിന് പരിചയമില്ലാത്ത ഈ ശൈലിയിലൂടെ ചിത്രമൊരുക്കിയതിന് മേജര്‍ രവി അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ കീര്‍ത്തിചക്ര പോലെ ആദ്യന്തം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ചിത്രമായില്ല മിഷന്‍ 90 ഡേയ്സ്.
മേജര്‍ ശിവരാമനായി ഗംഭീരമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യവും മാനറിസങ്ങളുമെല്ലാം ഈ കഥാപാത്രത്തിന് പൊലിമ പകര്‍ന്നിരിക്കുന്നു. തിരുവിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.


Click it and Unblock the Notifications