ജയറാമിന്റെ വിളയാട്ടം
മുപ്പതു വയസാവുമ്പോഴേക്കും ശാസ്ത്രീയ സംഗീതത്തിലും കളരിയിലും കരാട്ടയിലുമൊക്കെ വിദഗ്ധരായ, സകലകലാവല്ലഭന്മാരായ നായകന്മാരെ അവതരിപ്പിക്കുന്ന സൂപ്പര്‍താരങ്ങളെ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ജയറാം പരിഹസിച്ചിട്ടുണ്ട്. അത്തരം വേഷങ്ങളൊന്നും തനിക്കു കിട്ടാത്തതിലുള്ള കെറുവായിരുന്നോ അത്തരമൊരു പരിഹാസത്തിന് പിന്നിലെന്ന് അറിയില്ല. ഏതായാലും ഗുണ്ടയായും സംഗീതജ്ഞനായും വിളയാടുന്ന സകലകലാവല്ലഭനായി ജയറാമും പരിണമിച്ചിരിക്കുന്നു. പണ്ടു പറഞ്ഞത് വെള്ളം കൂട്ടാതെ അദ്ദേഹത്തിന് വിഴുങ്ങാം.
സാമാന്യയുക്തിക്ക് നിരക്കാത്ത ഇത്തരം വേഷങ്ങള്‍ സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും അത്തരം പല കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ കൊണ്ടാടുന്നതാണ് കണ്ടിട്ടുള്ളത്. ആറാം തമ്പുരാനിലെ നായകവേഷം ഉദാഹരണം. അത്തരം പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാവുകയും ചെയ്തു. പക്ഷേ ജയറാം സകലകലാവല്ലഭനായി തിമര്‍ത്താടുന്ന സൂര്യന്‍ എന്ന വി.എം. വിനു ചിത്രത്തിന്റെ സ്ഥിതിയോ?
ഏച്ചുകൂട്ടിയ രംഗങ്ങളും പല സിനിമകളെയും ഓര്‍മിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പ്രേക്ഷകരെ എങ്ങനെയൊക്കെ പീഡിപ്പിക്കാമെന്ന വി.എം.വിനുവിന്റെ അന്വേഷണത്തിന്റെ ഫലവത്തായ പരിസമാപ്തിയാണ്. ആക്ഷന്‍ ഹീറോയായും ഗായകനായും തിളങ്ങിക്കളയാമെന്നും മോഹന്‍ലാലിനും മമ്മൂട്ടിക്കും മാത്രമല്ല, തനിക്കും ഇത്തരം വേഷങ്ങളൊക്കെ ചേരുമെന്നുമൊക്കെയുള്ള മൂഢവിശ്വാസത്തില്‍ ജയറാം കാട്ടിക്കൂട്ടുന്നതിനെ അസഹനീയമെന്നേ വിശേഷിപ്പിക്കാനാവൂ.


Click it and Unblock the Notifications