ലാലിന്റെ ഇമേജ് ചൂഷണം ചെയ്യുന്ന ഷാജി കൈലാസ്
തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകളിലൂടെ മോഹന്‍ലാല്‍ താരമൂല്യത്തിന്റെ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് അലിഭായിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേടിയ വിജയത്തിനു തുടര്‍ച്ചയായി ഈ വര്‍ഷവും രണ്ട് സൂപ്പര്‍ഹിറ്റുകള്‍ ലാലിന്റേതായി ജനിച്ചുകഴിഞ്ഞു. ലാലിന്റെ ഇപ്പോഴത്തെ ഇമേജ് ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഷാജി കൈലാസ് അലിഭായി ഒരുക്കിയിരിക്കുന്നത്.
ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ് എന്നീ ചിത്രങ്ങളില്‍ ഷാജി കൈലാസ് മോഹന്‍ലാലിനെ അവതരിപ്പിച്ചതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല അലിഭായിയിലെ കഥാപാത്രവും. എല്ലാം പതിവ് ഷാജി-ലാല്‍ ചിത്രത്തിലെ ചേരുവകള്‍ തന്നെ. ആകര്‍ഷകമായ കഥ പോലുമില്ലാതെ ലാലിന്റെ വീരസാഹസ പ്രകടനങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. അതിനായി ടി.എ.ഷാഹിദ് ഏച്ചുകൂട്ടിയെടുത്ത മുഹൂര്‍ത്തങ്ങള്‍ പലയിടത്തും മുഴച്ചുനില്‍ക്കുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഛോട്ടാ മുംബൈ, ഹലോ തുടങ്ങിയ ചിത്രങ്ങളുടെ വിജയകഥ ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലോടെയാണ് ഷാജി കൈലാസ് ലാലുമായി വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ സ്വയം അനുകരിക്കുക എന്നതിനപ്പുറം വ്യത്യസ്തമായ ഒന്നിനും ഷാജി അലിഭായിയില്‍ ശ്രമിച്ചിട്ടില്ല. ആരാധകര്‍ക്കു വേണ്ടി തട്ടിക്കൂട്ടിയെടുത്ത ചിത്രമെന്ന് അലിഭായിയെ വിശേഷിപ്പിക്കാം.
ഓണത്തിന് വമ്പന്‍ ചിത്രങ്ങളൊന്നും മത്സരിക്കുന്നില്ലെന്നത് മുതലെടുത്ത് വന്‍വിജയം കൊയ്യാന്‍ അലിഭായിക്കു കഴിഞ്ഞേക്കാം. പക്ഷേ കേരളത്തിലെ രജനീകാന്തായി ലാലിനെ കൊണ്ട് ഷാജി ചെയ്യിക്കുന്ന പ്രകടനങ്ങള്‍ ഒരു നടനെന്ന നിലയില്‍ മുന്നോട്ടുപോവാന്‍ ലാലിനെ എത്രമാത്രം സഹായിക്കും?


Click it and Unblock the Notifications