For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴങ്കഞ്ഞി പോലൊരു നിവേദ്യം

By ബിജു കെ ഗണേഷ്
|

ആവശ്യമായ ചേരുവകള്‍ ഇവ. രണ്ടു കഷണം നന്ദനം, അഞ്ചു സ്പൂണ്‍ കസ്തൂരിമാന്‍, നൂറു ഗ്രാം സല്ലാപം. തയ്യാറാക്കേണ്ട വിധം ഇങ്ങനെ.

രണ്ടു കഷണം നന്ദനം നീളത്തില്‍ അരിയുക. അതില്‍ അ‍ഞ്ചു സ്പൂണ്‍ കസ്തൂരിമാന്‍ ചേര്‍ത്ത് തവിട്ടു നിറമാകുന്നതു വരെ ചൂടാക്കുക. നിറം മാറുമ്പോള്‍ സല്ലാപം ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. ബോക്സോഫീസില്‍ ഓണത്തിന്റെ മണം വരുമ്പോള്‍ ചൂടോടെ വിളമ്പുക. ഈ വിഭവത്തിന്റെ പേരാണ് നിവേദ്യം.

ലോഹിതദാസിന്റെ പുതിയ ചിത്രത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ലോഹിതദാസ് തിരക്കഥയെഴുതുന്നു, സംവിധാനം ചെയ്യുന്നു എന്നൊക്കെ കേള്‍ക്കുമ്പോഴേ മാധ്യമങ്ങള്‍ അച്ചു നിരത്തിത്തുടങ്ങും. "ഇതാ, ഗ്രാമത്തിന്റെ മണമുളള സിനിമ വരുന്നു. തിരക്കഥയില്‍ സാഹിത്യഭംഗി കൃത്യമായ അളവില്‍ ചേര്‍ക്കാനറിയുന്ന അനുഗ്രഹീതനായ എഴുത്തുകാരന്‍ നിശബ്ദത വിട്ടുണരുന്നു. ഓഹോയ്... വരുവിന്‍ കാണുവിന്‍".

ചെന്നു. കണ്ടു. സന്തോഷമായി. ചാനലായ ചാനലിലൊക്കെ കേറിയിറങ്ങി ലോഹിതദാസ് തട്ടിവിട്ടതൊക്കെ വെറും വാചകം മാത്രമാണെന്ന് ബോധ്യമായി. ധനനഷ്ടവും മാനഹാനിയും ആത്മരോഷവും ഫലം.

ബ്രാഹ്മണയുവാവാണ് മോഹനകൃഷ്ണന്‍. ജീവിക്കാന്‍ ആശാരിപ്പണി ചെയ്യേണ്ടി വരുന്നു ഈ യുവാവിന്. ബ്രാഹ്മണയുവാവ് ആശാരിപ്പണി ചെയ്യുകയോ. ഛായ്, ലജ്ജാവഹം!!. പോരെങ്കില്‍ സംഗീതത്തിന്റെ അസുഖവുമുണ്ട് യുവാവിന്. ഇതേ അസുഖമുളള കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് യുവാവിനെ കണ്ടിട്ട് സഹിച്ചില്ല.

കത്തുകൊടുത്തു നേരെ പറഞ്ഞു വിട്ടു പ്രസിദ്ധ സംഗീതജ്ഞന്‍ രാമവര്‍മ്മത്തമ്പുരാന്റെ സമക്ഷത്തിലേയ്ക്ക്. ഫാക്ടറിയൊക്കെയുളള വലിയ പുളളിയാണ് സംഗീതജ്ഞന്‍ രാമവര്‍മ്മത്തമ്പുരാന്‍. ശാന്തം പാപം എന്നല്ലാതെ എന്തുപറയാന്‍. യുവാവ് എത്തിയപ്പോഴേയ്ക്കും ദൈവം സഹായിച്ച് ഫാക്ടറി പൂട്ടിപ്പോയി.

ബ്രാഹ്മണയുവാവാണ് കക്ഷിയെന്ന് ഓര്‍ക്കുമല്ലോ. മേലനങ്ങുന്ന ആശാരിപ്പണിയെക്കാള്‍ കക്ഷിക്കു വഴങ്ങുക പൂജയും സംഗീതവുമാണ്. കോവിലകം വക ക്ഷേത്രത്തിലാണെങ്കില്‍ ഒരു സഹായിയെയും വേണം. കൊടുത്തു ഠപ്പേന്നൊരു പൂജാരിജോലി.

കോവിലകത്ത് യുവാവിന് പ്രേമിക്കാന്‍ പെണ്‍കൊടിമാര്‍ ധാരാളം. കയ്യിലിത്തിരി സംഗീതമുളള യുവകോമളനെ പ്രേമിക്കാന്‍ ഓളുമാര്‍ക്ക് ആരോടും ചോദിക്കേണ്ടല്ലോ. വച്ചുകൊടുത്തു ഓരോരുത്തരും ഓരോ പ്രേമം.

പപ്പടക്കച്ചവടമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഭാമയുടെ തൊഴില്‍. ക്ലാസില്‍ നിന്നും വയറുവേദന അഭിനയിച്ച് അവള്‍ പപ്പടം വില്‍ക്കാനിറങ്ങും. ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഈ പ്ലസ് ടുക്കാരിയുടെ ചുമലില്‍.

പപ്പടക്കാരി ഭാമയില്‍ ബ്രാഹ്മണയുവാവ് അനുരക്തനാവുന്നു. ബ്രാഹ്മണയുവാവില്‍ അനുരാഗം മുളയ്ക്കണമെങ്കില്‍ ഭാമ വൈശ്യയോ ശൂദ്രയോ ആകരുതെന്ന് തിരക്കഥാകൃത്തിന് നിര്‍ബന്ധം. കൊട്ടാരത്തിലെ ഇളമുറത്തമ്പുരാന്റെ ജാരസന്തതിയാകുന്നു ഭാമ. ഒളിയമ്പാണെങ്കിലും എയ്യുന്നത് തമ്പുരാനായാല്‍ പിന്നെ വലിയ പ്രശ്നമില്ലെന്ന് സാരം.

പ്രേമം കൊടുമ്പിരിക്കൊളളുന്നു. നാട്ടുകാരറിയുന്നു. ഇടപെടുന്നു. പിന്നെ ഭീഷണിയായി, വെല്ലുവിളിയായി. എന്തിനേറെ പറയുന്നു. യുവാവ് പ്ലസ് ടുക്കാരിയെയും കൊണ്ട് സ്വന്തം വീട്ടിലെത്തി.

കഥയില്‍ വില്ലന്‍ വേണമെന്ന് തിരക്കഥാകൃത്തിന് നിര്‍ബന്ധം. ഭാമയുടെ ഇളയച്ഛനാണ് സുരേന്ദ്ര. ഗജപോക്കിരിയും ലോറി ഡ്രൈവറുമായ സുരേന്ദ്രയ്ക്ക് ഭാമയുടെ മേല്‍ ഒരു കണ്ണുണ്ട്. ഒത്താല്‍ കൊച്ചിനൊരു പുടവ കൊടുക്കണമെന്ന് കൊച്ചച്ചനൊരു പൂതി. ആറ്റുനോറ്റിരുന്ന കനി പാട്ടും പഞ്ചാരയുമായി വന്ന ബ്രാഹ്മണയുവാവ് തട്ടിയെടുത്തു.

വെച്ചു പിടിച്ചു കൊച്ചച്ചന്‍ യുവാവിന്റെ വീട്ടിലേയ്ക്ക്. ആഭാസനും ലോറി ‍ഡ്രൈവറും ആസ്ഥാന തെമ്മാടിയുമായ സുരേന്ദ്രയോട് ഏറ്റുമുട്ടി ജയിക്കാന്‍ പൂജയും വഴിപാടും തേവാരവും സംഗീതവും പഞ്ചാരയുമായി നടക്കുന്ന ബ്രാഹ്മണയുവാവിനുണ്ടോ കഴിയുന്നു? മാത്രമല്ല ഷാജി കൈലാസല്ല പടം സംവിധാനം ചെയ്യുന്നത്. തിരക്കഥയെഴുതുന്നത് രഞ്ജിത്തുമല്ല. ആയിരുന്നെങ്കില്‍ യുവാവ് ഇതിനകം കളരി, കരാട്ടെ, കുങ്ഫൂ എന്നിവയിലും ബിരുദം നേടുമായിരുന്നു.

എഴുത്തും സംവിധാനവും പാവം ലോഹിതദാസാണ്. നായകന് കരുത്തും തന്റേടവും കമ്മി. പക്ഷേ അവിചാരിതമായ ഏറ്റുമുട്ടലില്‍ സുരേന്ദ്രയെ കൊന്ന് യുവാവ് ജയിലില്‍ പോകുന്നു. വെഞ്ഞാറമൂട് സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഞെരിപ്പന്‍ ഡയലോഗ് ഭാമയോട് പറഞ്ഞിട്ടാണ് ജയിലേയ്ക്കുളള യാത്ര. "ഞാന്‍ വരും നീ കാത്തിരിക്കണേടി ചെല്ലക്കിളീ"

തിരുവോണത്തിനൊരുക്കിയ സദ്യയുടെ ബാക്കി വന്ന വിഭവങ്ങള്‍ ചേര്‍ത്ത് അവിട്ടം നാളില്‍ കഴിക്കുന്ന പഴങ്കഞ്ഞിയാണ് ഓണക്കാലത്തെ ഏറ്റവും സ്വാദേറിയ വിഭവമെന്ന് വാദിക്കുന്നവരുണ്ട്. ഇഞ്ചിയും മാങ്ങയും പച്ചടികിച്ചടികളും സാമ്പാറും പുളിശേരിയും രസവും അവിയലും ഒരു കൊച്ചു ചരുവത്തിലിട്ട് കലക്കിയടിച്ച് ഒരുറക്കവുമുറങ്ങിയാല്‍ ഇക്കൂര്‍ക്ക് ഓണം കെങ്കേമമാണ്.

ഈ സത്യം സിനിമാക്കാരും തിരിച്ചറിഞ്ഞ ലക്ഷണമാണ്. ലോഹിതദാസാണെങ്കില്‍ മലയാള സംസ്ക്കാരത്തിന്റെ തിരശീലയിലെ അവതാരവും. അതുകൊണ്ട് ലോഹിതദാസ് വക സിനിമ ഓണത്തിനു വന്നാല്‍ അത് പഴങ്കഞ്ഞിപ്പരുവമാകുന്നതില്‍ തെല്ലും കുണ്ഠിതപ്പെടരുത്. നഷ്ടപ്പെടുന്ന വളളുവനാടന്‍ ഗ്രാമീണതയുടെ ദൃശ്യാവിഷ്കാരമാകാനേ വഴിയുളളൂ.

യാതൊരു വിശ്വസനീയതയും ഇല്ലാത്ത കഥാന്തരീക്ഷവും സംഭവപരമ്പരകളുമാണ് ചിത്രത്തിലുടനീളം. പുതുമുഖങ്ങളുടെ പ്രകടനം കൊളളാം. നെടുമുടിയും തന്റെ വേഷം മനോഹരമാക്കി.

ഭരത് ഗോപി എല്ലാ ചിത്രത്തിലും ചെയ്യുന്നത് ഇതിലും ചെയ്തു. കലാസംവിധായകന്‍ പ്രശാന്ത് മാധവ് നിര്‍മ്മിച്ച ക്ഷേത്രം ഷൂട്ടിംഗ് വേളയില്‍ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിവുറ്റ കലാകാരനും നാളെയുടെ വാഗ്ദാനവുമാണ് പ്രശാന്തെന്ന് ക്ഷേത്രത്തിന്റെ സെറ്റ് പ്രേക്ഷകരോട് വിളിച്ചു പറയുന്നുണ്ട്.

ചുരുക്കത്തില്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്റെ പ്രത്യയശാസ്ത്രം കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രമാണ് നിവേദ്യം. ഫ്യൂഡല്‍ പാരമ്പര്യങ്ങളില്‍ അഭിരമിക്കുന്നവരാണ് നഷ്ടപെടുന്ന ഗ്രാമീണതയെക്കുറിച്ചുളള മുറവിളിയുമായി നടക്കുന്നതെന്ന് ലോഹിതദാസ് മലയാളിയെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നിവേദ്യത്തിലൂടെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more