പതിവ് നസ്രാണിക്കഥ
മമ്മൂട്ടിക്കായി ജോഷി-രഞ്ജിത്ത് ടീം മെനഞ്ഞെടുത്ത ചിത്രമാണ് നസ്രാണി. എണ്‍പതുകളില്‍ ജോഷി ഒരുക്കിയ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു ഈ ചിത്രത്തിന്റെ കഥാഗതിയും കഥാപാത്ര ബാഹുല്യവും.
അച്ചായന്‍ വേഷത്തില്‍ മമ്മൂട്ടി എന്നും തിളങ്ങിയിട്ടുണ്ട്. നസ്രാണിയിലെ ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന അടിപൊളി അച്ചായനായും മമ്മൂട്ടി സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുകയാണ്. മമ്മൂട്ടിയുടെ മാനറിസങ്ങളും നര്‍മം കലര്‍ത്തിയുള്ള നസ്രാണി ഭാഷയിലെ സംസാരവുമൊക്കെ ജോഷി ഈ കഥാപാത്രത്തെ രൂപപ്പെടുത്താന്‍ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്.
രഞ്ജിത്ത് നീണ്ട ഇടവേളക്കു ശേഷമാണ് മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥ രചിക്കുന്നത്. ഭദ്രമായി കഥ പറയുന്നതില്‍ രഞ്ജിത്തിന് പലയിടത്തും പാളിയിട്ടുണ്ട്. മമ്മൂട്ടിക്കായി ഒരു തിരക്കഥ രഞ്ജിത്ത് തട്ടിക്കൂട്ടിയുണ്ടാക്കിയെന്നു പറയുന്നതാവും ശരിയായ വിലയിരുത്തല്‍. ലൊക്കേഷനുകളിലിരുന്ന് സംഭാഷണങ്ങള്‍ അപ്പപ്പോള്‍ തോന്നിയതു പോലെ എഴുതുന്നതിലെ പാകക്കുറവ് ഈ ചിത്രത്തില്‍ പലയിടത്തും മുഴച്ചുനില്‍ക്കുന്നുണ്ട്. തിരക്കഥ മുന്‍കൂട്ടി എഴുതിയുണ്ടാക്കാന്‍ മടി കാണിക്കുന്ന പ്രമുഖ തിരക്കഥാകൃത്തുക്കളുടെ ചില ശീലങ്ങള്‍ സംവിധായകരും നിര്‍മാതാക്കളുമൊക്കെ അനുവദിച്ചു കൊടുക്കുന്നതാണ് ഇത്തരം പാകം കുറഞ്ഞ സൃഷ്ടികള്‍ മലയാളത്തില്‍ പെരുകാന്‍ കാരണം.


Click it and Unblock the Notifications











