For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുപാല്‍, തൊപ്പിയൂരുന്നു ഞങ്ങള്‍!!!

  By Staff
  |

  ഈ ഓണത്തിനെത്തിയ ചിത്രങ്ങളില്‍ ഏറ്റവും നല്ല സിനിമയെന്ന വിശേഷണം മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിനാണ്. കന്നി സംവിധായകന്റെ പകപ്പൊന്നുമില്ലാതെ, അതിസുന്ദരമായി ചിത്രീകരിച്ച ഈ ചിത്രം വിളിച്ചുണര്‍ത്തുന്നത് നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളെയാണ്. അനുതാപത്തെയും സഹാനുഭൂതിയെയുമാണ്.

  നിയമ ലംഘകനും നിയമപാലകനും തമ്മിലുളള അത്യപൂര്‍വമായൊരു സ്നേഹബന്ധത്തിന്റെ നൂലിഴയിലൂടെ മനുഷ്യമനസിലേയ്ക്ക് കാമറയുമായി ഊഴ്ന്നിറങ്ങുകയാണ് മധുപാല്‍. മലയാളിയുടെ വിപ്ലവസ്വപ്നങ്ങളുടെ പൂര്‍ണരൂപമായ നക്സലൈറ്റ് വര്‍ഗീസെന്ന അനുഭവത്തിലൂടെ സ്നേഹബന്ധങ്ങളുടെ തീവ്രതയും സാമൂഹ്യബോധത്തിന്റെ അനിവാര്യതയും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

  നല്ല സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും സുന്ദരമായി വിളക്കിച്ചേര്‍ത്തിട്ടുണ്ട് മധുപാല്‍. ബാബു ജനാര്‍ദ്ദനന്റെ തീക്ഷ്ണമായ തിരക്കഥ, അഴകപ്പന്റെ കാമറ പകര്‍ത്തുന്ന, വീണ്ടും കാണാന്‍ കൊതിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിനു പകരുന്ന പൂര്‍ണത, ഭൂതകാലത്തിന്റെ നോവുളള നനവുകളിലേയ്ക്ക് ഓര്‍മ്മയെ നയിക്കുന്ന ഒഎന്‍വിയുടെ സുന്ദരമായൊരു ഗാനം, അലക്സ് പോളിന്റെ ഉജ്ജ്വല സംഗീതം.. ഇതിനപ്പുറം എന്താണ് ഒരു നല്ല സിനിമയില്‍ നിന്ന് പ്രേക്ഷകന്‍ ആഗ്രഹിക്കേണ്ടത്...?

  നക്സലൈറ്റ് വര്‍ഗീസിനെ വെടിവെച്ചു കൊന്ന പൊലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ സമൂഹമനസാക്ഷിയിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ഏണസ്റ്റോ ചെ ഗുവേരയെ ബൊളീവിയന്‍ സേന കൊലപ്പെടുത്തിയതിനോട് സമാനതയുണ്ടായിരുന്നു വര്‍ഗീസിന്റെ രക്തസാക്ഷിത്വത്തിന്.

  പരിക്കേറ്റ നിലയില്‍ പിടിക്കപ്പെട്ട ചെ ഗുവേരെയെ വെടിവെച്ചു കൊല്ലാന്‍ നിയോഗിക്കപ്പെട്ടത് മരിയോ ടെറാന്‍ എന്ന പട്ടാളക്കാരനായിരുന്നു. സേനയുമായുളള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്നും അധികാരികള്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

  ഇട്ടിച്ചിരി മണിയമ്മയുടെ വീട്ടില്‍ നിന്ന് വര്‍ഗീസിനെ രാവിലെ അറസ്റ്റു ചെയ്ത് ഉച്ചയ്ക്കു രണ്ടര മണിയോടെ വെടിവെച്ചു കൊല്ലുന്നതു വരെയുളള സംഭവങ്ങള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

  എതിര്‍പ്പിന്റെ കണികപോലും പ്രകടിപ്പിക്കാതെ, നിറഞ്ഞ പുഞ്ചിരിയോടെ മുന്നില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്റെ ജീവന്‍ പോയിന്റ് ബ്ലാങ്കില്‍ ചൂണ്ടിയ തോക്കു കൊണ്ട് കവര്‍ന്നെടുക്കാന്‍ വിധിക്കപ്പെട്ട മറ്റൊരു മനുഷ്യജീവിയുടെ പാപബോധവും ഉറക്കമില്ലായ്മയും മധുപാല്‍ ഉളളില്‍ തട്ടും വിധം കോറിയിട്ടിട്ടുണ്ട് ഈ ചിത്രത്തില്‍.

  പൊതുസമൂഹം വേണ്ടവിധം ശ്രദ്ധിക്കാത്ത ഭരണകൂട ഭീകരതയുടെ പൈശാചികത ഒരു മനുഷ്യജീവിയുടെ ചിന്തയെയും ജീവിതത്തെയും എങ്ങനെ താറുമാറാക്കുമെന്ന് അത്യസാധാരണമായ അഭിനയമികവിലൂടെ ലാല്‍ നമുക്കു കാട്ടിത്തരുന്നു.

  പരസ്പര ശത്രുതയോടെ മനുഷ്യര്‍ അന്യോന്യം ഉപദ്രവിക്കുന്നതും ചിലപ്പോള്‍ കൊന്നു പക തീര്‍ക്കുന്നതും ഉള്‍ക്കൊളളാന്‍ വിഷമമില്ല. എന്നാല്‍ താനുമായി യാതൊരു വ്യക്തിപരമായ ശത്രുതയുമില്ലാത്ത, ഒരു തരത്തിലും തന്നെ ദ്രോഹിക്കാത്തെ, തന്റെ ജീവിതത്തിന് ഒരിക്കലും ഭീഷണിയാകാത്ത മനുഷ്യനെ ,ചെയ്യുന്ന ജോലിയുടെ ഭാഗമായി, മേലുദ്യോഗസ്ഥന്റെ കല്ലേപ്പിളര്‍ക്കുന്ന കല്‍പന അനുസരിച്ചു മാത്രം കൊല്ലേണ്ടി വരുന്നത് അയാളുടെ പില്‍ക്കാല ജീവിതത്തെ എത്രമേല്‍ താറുമാറാക്കുമെന്ന് തലപ്പാവ് ബോധ്യപ്പെടുത്തുന്നു. ബാബു ജനാര്‍ദ്ദന്റെ തൂലിക സഞ്ചരിക്കുന്നത് പ്രേക്ഷകന്റെ തലച്ചോറ് കീറിപ്പിളര്‍ന്നു കൊണ്ടാണ്.

  തലപ്പാവില്‍ നക്സലൈറ്റ് ജോസഫും കോണ്‍സ്റ്റബിള്‍ രവീന്ദ്രന്‍ പിളളയും അഗാധമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. യഥാര്‍ത്ഥ അനുഭവത്തില്‍ ഉജ്ജ്വലമായ ഒരു സൗഹൃദത്തിന്റെ നൂലിഴകള്‍ നെയ്തു ചേര്‍ത്ത് കഥ പറയുമ്പോള്‍, കോണ്‍സ്റ്റബിള്‍ രവീന്ദ്രന്‍ പിളള പിന്നീട് അനുഭവിക്കേണ്ടി വരുന്ന മനോവ്യഥയുടെ ആഴം പ്രേക്ഷകന് തീവ്രമായി ഉള്‍ക്കൊളളാനാകും. ഇങ്ങനെയൊരു മാനത്തിലൂടെ കഥ പറഞ്ഞ തിരക്കഥാകൃത്തും സംവിധായകനും നൂറില്‍ നൂറു മാര്‍ക്കും അര്‍ഹിക്കുന്നുണ്ട്.

  പ്രിയ കൂട്ടുകാരനെ വെടിവെച്ചു കൊന്നതിന്റെ പാപഭാരം പേറി ജീവിക്കേണ്ടി വരുന്നതിനിടയില്‍ രവീന്ദ്രന്‍ പിളള അയാളുടെ കൗമാരകാല പ്രേയസിയായ സാറാമ്മയെ സന്ധിക്കുന്നുണ്ട്. കൃഷ്ണദേവ സേവിയര്‍ എന്ന ഭൂപ്രഭുവിന്റെ ക്രൂരതകളും ചൂഷണവും തങ്ങള്‍ എങ്ങനെയാണ് അനുഭവിച്ചത് എന്ന് രവീന്ദ്രന്‍ പിളളയോട് സാറാമ്മ പറയുന്നു. കൂടുതല്‍ കൂടുതല്‍ അറിയുന്തോറും ആരായിരുന്നു ജോസഫെന്നും അയാളുടെ മരണം ഭരണകൂടം എന്തുകൊണ്ട് ആഗ്രഹിച്ചുവെന്നും രവീന്ദ്രന്‍ പിളളയ്ക്ക് നന്നായി മനസിലാകുന്നു. ആ മനസിലാകല്‍ പ്രേക്ഷകന്റേതും കൂടിയാക്കുന്നിടത്ത് മധുപാലിലെന്ന സംവിധായകന്‍ വിജയിക്കുന്നു.

  ലാലിന്റെ അഭിനയത്തെ അത്യുജ്ജ്വലമെന്ന് വിശേഷിപ്പിക്കണം. ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ സന്നദ്ധനായ പ്രിഥ്വിരാജ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ചോക്ലേറ്റ് നായകനായി കോളെജ് കാമ്പസുകളില്‍ ആടിപ്പാടുമ്പോഴും ഇത്തരം ചിത്രങ്ങളുമായി സഹകരിക്കാനുളള പ്രിഥ്വിയുടെ സന്നദ്ധത ഉയരങ്ങളിലേയ്ക്കുളള പടവുകളില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും. പ്രിഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നക്സലൈറ്റ് ജോസഫ്.

  രവീന്ദ്രന്‍ പിളളയുടെ ഭാര്യ കാര്‍ത്ത്യായനിയുടെ വേഷം രോഹിണിയാണ് അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നല്ലൊരു വേഷത്തിലൂടെയാണ് അവര്‍ വീണ്ടും അഭിനയലോകത്തേയ്ക്ക് കടന്നു വന്നത്. സാറാമ്മയെ അവതരിപ്പിക്കുന്നത് ധന്യ മേരിയാണ്.

  നല്ല ചിത്രങ്ങളെ സ്നേഹിക്കുന്നവര്‍ എന്നും നെഞ്ചില്‍ സൂക്ഷിക്കുന്ന ചിത്രമാണ് തലപ്പാവ്. മധുപാലിന് അഭിമാനിക്കാം.

  ബന്ധപ്പെട്ട വാര്‍ത്തകള്‍  തലപ്പാവ് ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X