For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന തേഞ്ഞ് മൂര്‍ച്ച പോയ ആയുധം

  By Staff
  |

  എന്തൊക്കെ വീരവാദങ്ങളായിരുന്നു, ചിത്രീകരണ വേളയില്‍! അധിനിവേശ ശക്തികളുടെ കളിപ്പാവകളാകുന്ന ജുഡീഷ്യറിയ്ക്കും ബ്യൂറോക്രസിക്കുമെതിരെ ആഞ്ഞടിക്കുന്ന ആയുധം, മാവോയിസ്റ്റ് തീവ്രവാദത്തിന്റെയും ദേശവിരുദ്ധ ശക്തികള്‍ക്കായി ഒഴുകിയെത്തുന്ന സാമ്രാജ്യത്വ ഫണ്ടിന്റെയും ഉറവിടം തേടുന്ന ആയുധം. ഒരു പ്രത്യേക സമുദായത്തിന്റെ മീതെ തീവ്രവാദികളുടെ കരിമ്പടം പുതയ്ക്കുന്നതിന്റെ അപഹാസ്യത പിച്ചിച്ചീന്തുന്ന ആയുധം.

  റിലീസ് ചെയ്തപ്പോള്‍ ദേ കിടക്കുന്നു, മുനയൊടി‍ഞ്ഞ്, മൂര്‍ച്ച തേഞ്ഞ് തുരുമ്പെടുത്ത ആയുധം.

  സിപിഎമ്മിലെ വിഎസ് അച്യുതാനന്ദന്‍ പക്ഷത്തിന്റെ സിനിമയെന്നായിരുന്നു, ചിത്രീകരണ വേളയിലെ വീരവാദം. പിണറായി പക്ഷത്തിനു വേണ്ടി ചിത്രീകരിച്ച രൗദ്രത്തിന് വിഎസ് ക്യാമ്പില്‍ നിന്നുളള മറുപടിയാണ് ആയുധമെന്നും കീര്‍ത്തിക്കപ്പെട്ടു. അച്യുതാനന്ദനെ മേലാസകലം അനുകരിക്കുന്ന കഥാപാത്രമാണ് മുഖ്യമന്ത്രി സഖാവ് മാധവന്‍ എന്ന വാര്‍ത്തയും കൂടി പുറത്തു വന്നപ്പോള്‍ ഏറെ പ്രതീക്ഷിച്ചു.

  തിലകനെ പോലൊരു നടനെ ഇങ്ങനെ മിമിക്രി വേഷം കെട്ടിക്കേണ്ട എന്താവശ്യമാണ് ഉണ്ടായിരുന്നതെന്ന് സംവിധായകന്‍ ആത്മപരിശോധന നടത്തട്ടെ. മൈതാനപ്രസംഗ രീതിയില്‍ കുറേ കഥാപാത്രങ്ങള്‍ വാക്കുകളുടെ അതിസാരമൊഴുക്കുന്നതാണ് രാഷ്ട്രീയ സിനിമയെന്നാണ് നമ്മുടെ പ്രഗത്ഭ സംവിധായകര്‍ പോലും കരുതിയിരിക്കുന്നത്. അപ്പോള്‍ നിഷാദിനെപ്പോലെ അധികം പരിചയമില്ലാത്ത ഒരു സംവിധായകന്‍ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയത് നമുക്ക് ക്ഷമിച്ചു കളയാവുന്നതേയുളളൂ.

  വലിയ സംഭവങ്ങളെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന സംഭാഷണങ്ങളില്‍ തീയോ തീപ്പൊരിയോ ഇല്ല. ആവിഷ്കരണത്തിലെ പുതുമയും പിടിച്ചിരുത്തുന്ന അവതരണ രീതിയും ചിത്രത്തിന് അന്യം. പലേടത്തും പാളുന്ന തിരക്കഥ. തിലകന്റെ അസഹ്യമായ മിമിക്രി പ്രകടനം. എണ്ണിപ്പറയാനാണെങ്കില്‍ പോരായ്മകള്‍ ഏറെയുണ്ട് ആയുധത്തിന്.

  വെളിയം കടപ്പുറത്തെ ചേരിയില്‍ നടക്കുന്ന ബോംബു സ്ഫോടനങ്ങളില്‍ ചേരി നിവാസികള്‍ കൊല്ലപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഒട്ടേറെ ചേരി നിവാസികള്‍ കൊല്ലപ്പെടുന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സമുദായത്തിന്റെ മുകളില്‍ ചാര്‍ത്തുകയാണ് ലോക്കല്‍ പൊലീസ്. മുക്രിയുടെ (മുരളി) മകന്‍ അന്‍വര്‍ അബ്ദുളളയെ (ബാല) പ്രതിയെന്ന് കരുതി പൊലീസ് പീഡിപ്പിക്കുന്നു.

  അന്വേഷണത്തില്‍ തൃപ്തി പോരാഞ്ഞാണ് മുഖ്യമന്ത്രി മാധവന്‍ ഋഷികേശ് ഐപിഎസിനെ (സുരേഷ് ഗോപി) സത്യം കണ്ടെത്താന്‍ നിയോഗിക്കുന്നു. സൂക്ഷ്മബുദ്ധിയും സൂത്രശാലിയുമായ ഐപിഎസുകാരന്‍ ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വില്ലന്‍ സാമിയെ പുഷ്പം പോലെ പൊക്കുമ്പോള്‍ പടം അവസാനിക്കുന്നു.

  ദി കിംഗ്, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ സിനിമകളുടെ വിദൂരഛായ ആയുധത്തിനുണ്ടെന്ന് പറഞ്ഞാല്‍ നിഷാദ് പിണങ്ങരുത്. കേരള രാഷ്ട്രീയത്തിലെ ചില സംഭവങ്ങള്‍ സംഭാഷണങ്ങളിലൂടെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു രഞ്ജി പണിക്കര്‍ പഞ്ചില്ലായ്മ സിനിമയാകമാനം നിഴലിക്കുന്നുണ്ട്.

  യുണിഫോമിട്ട് ആറടി ഉയരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സുരേഷ് ഗോപിയെക്കാണാന്‍ ഒരു പ്രത്യേക ചന്തമൊക്കെയുണ്ട്. അതിന്റെ പ്രഭയും പതിയെ മങ്ങുന്നോയെന്നൊരു സംശയം.

  പത്രസമ്മേളനത്തില്‍ സംവിധായകന്‍ എന്തൊക്കെ വീരവാദം മുഴക്കിയാലും ശരി, മലയാളത്തിലെ എണ്ണപ്പെടുന്ന രാഷ്ട്രീയ സിനിമകളുടെ പട്ടികയില്‍ ഈ ചിത്രത്തിന് പ്രവേശനമില്ലതന്നെ.

  ബന്ധപ്പെട്ട വാര്‍ത്തകള്‍

  ആയുധത്തില്‍ വി.എസിനെ അനുകരിച്ചിട്ടില്ലെന്ന്‌ തിലകന്‍
  വീണ്ടുമൊരു രാഷ്ട്രീയ ആയുധം
  ആയുധം : ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X