For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണ്ടവാ, പ്രേക്ഷകനെ രക്ഷിക്കേണമേ.....

  By Staff
  |

  Sindhu Menon in Andavan
  മളളൂരും ആയിരം രൂപയുമുണ്ടെങ്കില്‍ ആരെയും കൊല്ലാമെന്നൊരു പഴഞ്ചൊല്ല് പണ്ടുണ്ടായിരുന്നുവത്രേ. കലാഭവന്‍ മണിയും ഒരു ഗുണ്ടാ കഥാപാത്രവുമുണ്ടെങ്കില്‍ ആര്‍ക്കും സിനിമ പിടിക്കാമെന്നാണ് പുതിയ മൊഴി. സംശയമുളളവര്‍ക്ക് അദ്ദേഹത്തിന്റെ ആണ്ടവന്‍ എന്ന സിനിമ കണ്ടു നോക്കാം.

  തന്നെയും തന്റെ കുടുംബത്തെയും നശിപ്പിച്ചവരോടുളള പക വീട്ടാന്‍ മോഷണം ആയുധമാക്കിയ പ്രതികാരദാഹിയായ നായകന്റെ കഥ റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞിട്ടുണ്ട്. ജയറാം നായകനായ ആ സിനിമയുടെ പേര് സൂപ്പര്‍മാന്‍ എന്നാണ്.

  ആ കഥയും തിരക്കഥയും അല്ലറ ചില്ലറ മാറ്റങ്ങളോടു കൂടി കെ ഗിരീഷ് കുമാര്‍ എന്നൊരു പുതുമുഖ രചയിതാവ് കലാഭവന്‍ മണിക്കു വേണ്ടി മാറ്റിപ്പണിഞ്ഞപ്പോള്‍ ആണ്ടവന്‍ എന്ന സിനിമ ജനിച്ചു. ഏതോ ജാതകദോഷം കൊണ്ട് തീയേറ്ററില്‍ കയറിയവരാകട്ടെ, ആണ്ടവനെ വിളിച്ച് പടം തീരുംമുമ്പെ ഇറങ്ങിയോടുകയും ചെയ്യുന്നു.

  കെ ഗിരീഷ് കുമാറിന് ഒരു കഥയും തിരക്കഥയും ഇതുപോലെ കോപ്പിയടിക്കാമെങ്കില്‍, അടുത്തിടെ വായിച്ചൊരു സുന്ദരമായ ഫലിതം ഈ സിനിമയെ വിശേഷിപ്പിക്കാനും കോപ്പിയടിക്കാം. ഒറ്റ വാചകത്തില്‍ വിശേഷിപ്പിച്ചാല്‍ രണ്ടര മണിക്കൂര്‍ കഠിന തടവും 35 രൂപ പിഴയും പ്രേക്ഷകന് വിധിച്ച ചിത്രമാണ് ആണ്ടവന്‍.

  മുരുകന്‍ എന്ന മോഷ്ടാവാണ് മണി. തന്റെ കുടുംബത്തെ നശിപ്പിച്ച, തന്നെയും പിതാവിനെയും ജയിലിലാക്കിയ പരമേശ്വര പണിക്കരോടുളള തീരാപ്പകയുമായി ജീവിക്കുന്ന മോഷ്ടാവ്. സമര്‍ത്ഥനാണ് ഇയാളെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

  മനസില്‍ നന്മയുളള ഏത് സിനിമാ നായക കളളനും ചെയ്യുന്നത് തന്നെ മുരുകനും ചെയ്യുന്നു. വളഞ്ഞ വഴിയില്‍ പരമേശ്വര പണിക്കര്‍ നേടിയ സമ്പത്ത് കൊളളയടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുക. അനാഥാലയങ്ങള്‍ക്കും മറ്റ് സാമൂഹ്യസേവന പ്രസ്ഥാനങ്ങള്‍ക്കും മുരുകന്‍ കൊളളമുതല്‍ ഇഷ്ടം പോലെ സമ്മാനിക്കുന്നു.

  പണിക്കരുടെ മകന്‍ സദാശിവനാണ് സ്ഥലം സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍. എന്തു ഫലം? അയാള്‍ വിചാരിച്ചാലൊന്നും മുരുകനെ പിടിക്കാന്‍ കഴിയില്ല. മഹാ ബുദ്ധിമാനാണല്ലോ മുരുകന്‍! എങ്കിലും അച്ഛന്റെ അധോലോക വ്യാപാരങ്ങള്‍ക്ക് നല്ലൊരു തുണയാണ് മകന്റെ പൊലീസ് കുപ്പായം.

  ആയിടയ്ക്കാണ് സ്റ്റേഷനില്‍ പുതിയൊരു സബ് ഇന്‍‍സ്പെക്ടര്‍ ശ്രീരേഖ ചാര്‍ജെടുക്കുന്നത്. ആള്‍ വനിതയാണ്, സുന്ദരിയാണ്. സിന്ധു മേനോനാണ്. മുരുകന്റെ ബാല്യകാല സഖിയുമാണ്.

  മോഷണമില്ലാത്ത രാത്രികളില്‍ മുരുകന്‍ അന്തിയുറങ്ങാനെത്തുന്ന ഒളിത്താവളത്തിന്റെ മുകളിലാണ് വനിതാ എസ്ഐ താമസിക്കാനെത്തുന്നത്. ഒരു വശം തളര്‍ന്നു കിടക്കുന്ന ശ്രീരേഖയുടെ പിതാവിനെ കണ്ടപ്പോള്‍ മുരുകന്റെ മനസില്‍ ഫ്ലാഷ് ബാക്ക് തെളിഞ്ഞു.

  വനിതാ ഇന്‍സ്‍പെക്ടര്‍ കുട്ടിക്കാല കഥകളൊന്നുമറിയാതെ മുരുകനുളള കുരുക്ക് തയ്യാറാക്കുന്ന തെരക്കിലാണ്. അതിനിടയ്ക്ക് അനിവാര്യമായത് സംഭവിച്ചു. സര്‍ക്കിള്‍ ഇന്‍‍സ്പെക്ടറും സബ് ഇന്‍‍സ്പെക്ടറും തമ്മില്‍ തെറ്റി. സബ് ഇന്‍‍സ്പെക്ടര്‍ സസ്‍പെന്‍ഷനിലായി. വീട്ടിലിരുപ്പുമായി.

  ബാല്യകാല സഖി ഒരുവഴിക്കായെന്ന് മുരുകനും ബോധ്യമായപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കണ്ണാരം പൊത്തിക്കളിച്ചതും പുഴവെളളത്തില്‍ കടലാസു തോണിയുണ്ടാക്കി കളിച്ചതും വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴി വക്കില്‍ വേലിക്കല്‍ നിന്നതുമൊക്കെ സഖി ഓര്‍ത്തു. സഖാവ് മോഷ്ടാവായ കഥയുമറിഞ്ഞു. പരമേശ്വര പണിക്കരോടും മകന്‍ സദാശിവനോടുമുളള പക ബാല്യകാല സഖിയുടെ മനസിലും കത്തിയെരിഞ്ഞു.

  തുടര്‍ന്ന് നായകന് രണ്ടുവിധ ലക്ഷ്യങ്ങള്‍. പടം തീരും മുമ്പ് വില്ലനോട് പ്രതികാരം ചെയ്യണം. സഖിയെ തിരികെ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിക്കണം. അതിനു വേണ്ടിയുളള നടപടികള്‍ യഥാവിധി പുരോഗമിച്ചു.

  ഒടുവില്‍ അടിയായി. പ്രതികാരമായി. വല്ല വിധേനെയും പടം തീരുകയും ചെയ്തു.

  പരമേശ്വര പണിക്കരെന്ന വില്ലനായി ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെടുന്നു എന്നതു മാത്രമാണ് ഒരു പുതുമ. ഒരു വ്യത്യസ്തനായ വില്ലനെ അവതരിപ്പിക്കാന്‍ ജഗതിയ്ക്കും കഴി‍ഞ്ഞിട്ടില്ല. സര്‍ക്കിള്‍ സദാശിവനാകുന്നത് ആനന്ദാണ്.

  ചുരുക്കിപ്പറഞ്ഞാല്‍ സംവിധായകന്‍ അക്‍ബര്‍ ജോസിനോ നായകന്‍ കലാഭവന്‍ മണിക്കോ ഈ ചിത്രം ക്രെഡിറ്റില്‍ മറ്റൊരു ചിത്രമെന്നതിനപ്പുറം എന്തെങ്കിലും പ്രയോജനം ചെയ്യുമെന്ന് തോന്നുന്നില്ല.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X