twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആത്മാവും ഉയിരുമില്ലാതെ ആമി.. (മരുന്നിന് പോലുമില്ല മാധവിക്കുട്ടി) ശൈലന്റെ റിവ്യൂ!!

    By Ambili
    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ആമി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായിക. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം കമലും മഞ്ജുവും ഒന്നിച്ച സിനിമ എന്ന വിശേഷണവും ആമി സ്വന്തമാക്കിയിരുന്നു. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറിലായിരുന്നു സിനിമ നിര്‍മ്മിച്ചത്.

    പോത്തേട്ടനെയും ബ്രില്യൻസിനെയും മഹേഷിനെയും പുറത്തിരുത്തിപ്പോയാൽ വൺ ടൈം വാച്ചബിൾ ആണ് നിമിർ..പോത്തേട്ടനെയും ബ്രില്യൻസിനെയും മഹേഷിനെയും പുറത്തിരുത്തിപ്പോയാൽ വൺ ടൈം വാച്ചബിൾ ആണ് നിമിർ..

    മുരളി ഗോപി, അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയപ്രസാദ്, രഞ്ജി പണിക്കര്‍, തുടങ്ങിയ താരങ്ങളാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.

     റോഡിലെ തീവണ്ടി

    റോഡിലെ തീവണ്ടി

    റെയിൽപ്പാതകളിൽ നിന്നും ട്രെയിനുകളിൽ നിന്നും ഒരുപാട് അകലമുള്ള ഒരു നാടാണ് എന്റേത്. ടിവിയൊന്നും അത്ര സാധാരണമായി തുടങ്ങിയിട്ടില്ലാത്ത എന്റെ ചെറുപ്പക്കാലത്ത്, ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികൾക്ക് തീവണ്ടിയും അതുമായി ബന്ധപ്പെട്ട സംഗതികളുമെല്ലാം താന്താങ്ങളുടെ ഭാവനയ്ക്കനുയോജ്യമായി മെനഞ്ഞെടുക്കാവുന്ന ഇമേജറികൾ മാത്രമായിരുന്നു. യുപി ക്ലാസിലൊക്കെ പഠിക്കുന്ന കാലത്ത് വീടിന് മുൻപിലുള്ള പറമ്പിൽ കളിച്ചുകൊണ്ടിരുന്ന തീരെ ചെറിയ കുട്ടികൾ പെട്ടെന്ന് "തീവണ്ടി... തീവണ്ടി.." എന്ന് ആർത്തുവിളിക്കുന്നത് കേട്ടു ഓടി വന്ന് നോക്കിയപ്പോൾ കണ്ടത്, നാലുചക്രങ്ങളുള്ള, റോഡുപണിക്കൊക്കെ ടാർ മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന തരം കരിയും പുകയും ടാറും കരിങ്കൽ ചീളുകളും പുരണ്ട് വികൃതമായ ഒരു വണ്ടി/ഉപകരണം ലോറിയിൽ കൊളുത്തിവലിക്കുന്ന നിലയിൽ നിരത്തിലൂടെ പോവുന്നതാണ്. കുട്ടികൾ ആർത്തുവിളിച്ച് ആഹ്ലാദത്തോടെ ഒരുപാട് നേരം അതിന് പിന്നാലെ ഓടുകയും ചെയ്തു. അവരെ പറഞ്ഞിട്ട് കാര്യമില്ല, ട്രെയിൻ എന്നൊരു സംഗതി ഉണ്ടെന്ന ഒരു ധാരണ അവരുടെ മനസിൽ ഉണ്ട്. ഇതുവരെ കാണാത്ത തരം ഒരു വണ്ടി പെട്ടെന്ന് നേരിൽ കണ്ടപ്പോൾ അവർ മനസിലുള്ള പരിമിതഭാവനയെ അതിലേക്ക് ആരോപിച്ചു സായൂജ്യമടയുകയായിരുന്നു. ആമി" എന്ന കമലിന്റെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മുഴുനേരവും എന്റെ മനസിൽ ഓർമ്മ വന്നത് ആ പഴയ ടാറു മിക്സിംഗ് വണ്ടിയെയും കുട്ടികളെയും ആയത് സ്വാഭാവികം തന്നെ ആവാതെ തരമില്ല.

     അന്ധൻ ആനയെ വരയ്ക്കുന്നു..

    അന്ധൻ ആനയെ വരയ്ക്കുന്നു..

    മാധവിക്കുട്ടി എന്ന ലോകപ്രശസ്തയായ എഴുത്തുകാരി നമ്മുടെ മുന്നിൽ ജീവിച്ചിരുന്ന അധികം പഴയതല്ലാത്ത ഒരു യാഥാർത്ഥ്യമാണ്. നേരിട്ടോ ടിവി അഭിമുഖങ്ങളിലോ എഴുത്തിലൂടെയോ അവരെ നന്നായി അറിയുന്നവർ തന്നെയാണ് മലയാളികളിൽ നല്ലൊരു ഭാഗവും. എഴുത്തിൽ മാത്രമല്ല ജീവിതത്തിലും സെൻസറിംഗ് ഇല്ലാത്ത വ്യക്തിത്വമായിരുന്ന അവർ ഒരു രാജകുമാരിയെ പോലെയോ മഹാറാണിയെ പോലെയോ ജീവിച്ചു. സദാചാര സങ്കല്പങ്ങളെ തൃണവദ്ഗണിച്ച് ലോകത്തെ നോക്കി നിഷ്കളങ്കമായി സംസാരിക്കുകയും പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ ജീവിതത്തിൽ നിന്നും നിറപ്പകിട്ടുള്ള പട്ടുസാരികളും ആഭരണങ്ങളും മാത്രം അടർത്തിയെടുത്ത് തന്റെ മനസിന്റെ പക്കാമലയാളിസദാചാര സങ്കല്പങ്ങൾക്കിണങ്ങും വിധം തയ്യാർ ചെയ്തെടുത്ത വിചിത്രയായ ആയ ഒരു മാധവിക്കുട്ടിയെ ആണ് 'ആമി' എന്ന പേരിൽ കമൽ മുന്നോട്ട് വെക്കുന്നത്. "അന്ധൻ ആനയെ വർണിക്കുമ്പോലെ " എന്ന പഴഞ്ചൊല്ലിന് മാത്രമേ പടത്തെ കൃത്യമായി ഡിഫൈൻ ചെയ്യാനാവൂ. അന്ധതയോ മറ്റേതെങ്കിലും ശാരീരിക പരിമിതികളോ ഒരു കുറ്റമല്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. അതിനാൽ തന്നെ അദ്ദേഹത്തിന് ടാറുമിക്സ് ചെയ്യുന്ന ഉപകരണത്തിന് മേൽ ട്രെയിൻ എന്നോ പി എസ് എൽ വി എന്നോ ഒക്കെ എഴുതി വെക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായും ഉണ്ട്.

     ഡൊക്യുമെന്ററി ആഖ്യാനം

    ഡൊക്യുമെന്ററി ആഖ്യാനം

    മരുന്നിന് പോലും മാധവിക്കുട്ടിയെ കണ്ടെത്താനില്ലാത്ത ആമി"യിൽ സിനിമയെവിടെ എന്ന് ചോദിച്ചാൽ അതിന്റെ കാര്യവും പരുങ്ങലിലാണ്. ഡോക്യുമെന്ററി സ്റ്റൈൽ എന്നു പറഞ്ഞാൽ ആ മേഖലയിലുള്ള കൃതഹസ്തർ ക്ഷമിക്കില്ല എന്നറിയാം. പ്രമുഖരൊക്കെ മരിക്കുമ്പോൾ ചാനലുകളിലെ വാർത്താവിഭാഗം തയ്യാറാക്കുന്ന അര മണിക്കൂർ വെട്ടിക്കൂട്ട് ഐറ്റത്തിനോടാണ് ആമിക്ക് സാമ്യം. മേല്പടി സ്മരണാഞ്ജലി ഐറ്റങ്ങൾ പ്രമുഖരുടെ ജീവിതത്തിൽ നിന്നുള്ള റിയൽ ഇൻസിഡന്റ് ക്ലിപ്പിങ്സുകൾ ടൈറ്റായി എഡിറ്റ് ചെയ്ത് ഉണ്ടാക്കുന്നതായതുകൊണ്ട് കാഴ്ചയിൽ നല്ല ഇമ്പാക്റ്റ് സൃഷ്ടിക്കാൻ കെൽപ്പുള്ളവയാവാറുണ്ട് പൊതുവെ. പക്ഷെ, ആമിയാവട്ടെ രണ്ടേമുക്കാൽ മണിക്കൂറോളം നേരം എന്തൊക്കെയോ കാണിച്ചുകൊണ്ട് പ്രേക്ഷകനെ വിരസതയാൽ കൊന്നു കൊലവിളിക്കുന്നു.

     കൽക്കട്ട, പുന്നയൂർക്കുളം, മുംബൈ

    കൽക്കട്ട, പുന്നയൂർക്കുളം, മുംബൈ

    കമലയുടെ കൊൽക്കത്തയിലും പുന്നയൂർക്കുളത്തും മുംബൈയിലും മറ്റുമായുള്ള ബാല്യകൗമാര യൗവനങ്ങളിലൂടെ ആണ് ആമിയുടെ ഒന്നാം പകുതി പുരോഗമിക്കുന്നത്. വിഷ്വലുകൾ കൊണ്ട് സംവദിക്കാനായി ഒട്ടും ശ്രമിക്കാതെ ഡയലോഗുകളിലൂടെയും വോയ്സ് ഓവറുകളിലൂടെയും ആണ് സ്പൂൺ ഫീഡ് ചെയ്ത് പ്രേക്ഷകരെയങ്ങാട്ട് ശ്വാസം മുട്ടിക്കുകയാണ്. അർധരാത്രിയിൽ സ്വാതന്ത്ര്യം കിട്ടുന്നതും ബംഗാൾ വിഭജനവും ഒക്കെ അതിൽ വന്നുപോവുന്നുണ്ട്. ഭഗവാൻ കൃഷ്ണൻ ആയിരുന്നു കമലയുടെ എല്ലാ കാലത്തെയും എല്ലാ പ്രശ്നങ്ങൾക്കും ബാധ്യതകൾക്കും കാരണം എന്നൊരു കണ്ടെത്തലും സിനിമ നടത്തുന്നുണ്ട്. ബാല്യകൗമാരങ്ങളിലെ ആമിയെ അവതരിപ്പിച്ച കുട്ടികൾ നന്നായി ചെയ്തിട്ടുണ്ട് എന്നതാണ് ഫസ്റ്റ് ഹാഫിന്റെ ഒരേയോരാശ്വാസം. കൗമാരക്കാരിയായ കമലയായി വന്ന നീലാഞ്ജനയ്ക്ക് ക്യാരക്റ്റർ ആവശ്യപ്പെടുന്ന കൃത്യമായൊരു ഫീൽ ഉണ്ടാക്കാനും കഴിയുന്നുണ്ട്..

     കൊച്ചി മതംമാറ്റം സുരയ്യ

    കൊച്ചി മതംമാറ്റം സുരയ്യ

    പ്രശസ്തയായി പ്രായമെത്തി മാധവിക്കുട്ടിയായ ശേഷമുള്ള ആമിയുടെ കൊച്ചിയിലെ ജീവിതം ആണ് സെക്കന്റ് ഹാഫിന്റെ ഫോക്കസ്. രാഷ്ട്രീയപാർട്ടി രൂപീകരണവും തെരഞ്ഞെടുപ്പിൽ മൽസരിച്ച് തോൽക്കലും നോബൽ നാമനിർദേശവും ഭർത്താവായ മാധവദാസിന്റെ മരണവും വിവാദമായ മതം മാറ്റവും അതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും മരണവും എല്ലാം ഉൾക്കൊള്ളുന്ന ഈ പോർഷൻ ആദ്യപാതിയേക്കാൾ ലീനിയർ ആണ്. വൈകാരികമായ് കാഴ്ചക്കാരനോട് സംവദിക്കാനാവുന്നില്ല എന്നേ ഉള്ളൂ. സിനിമയിൽ മറ്റു കഥാപാത്രങ്ങൾക്കൊക്കെ യഥാർത്ഥ ജീവിതത്തിലെ പേരുതന്നെ നൽകിയിരിക്കെ മതം മാറ്റത്തിന് കാരണക്കാരനായ വ്യക്തിയെ മാത്രം ഏതോ ഒരു അക്ബറലി ആയി അവതരിപ്പിക്കാനുള്ള അസാമാന്യ ധീരത/തൊലിക്കട്ടി കാട്ടിയും കമൽ മാതൃകയാവുന്നുണ്ട്. അക്ബറലിയ്ക്ക് പക്ഷെ ഒരു പാവം മുസ്ലീംലീഗ് നേതാവിന്റെ മുഖച്ഛായയും മേയ്ക്കപ്പും നൽകി അദ്ദേഹത്തെ താറടിക്കാൻ ശ്രമിക്കുന്നത് എന്തിനാണോ എന്തോ.

    മഞ്ജുവാര്യർ എന്ന മിസ്കാസ്റ്റിംഗ്

    മഞ്ജുവാര്യർ എന്ന മിസ്കാസ്റ്റിംഗ്

    അനൗൺസ്മെന്റ് വേളയിൽ തന്നെ മഞ്ജുവാര്യർ എന്ന കാസ്റ്റിംഗ് കാരണം ഏറെ ട്രോളുകൾക്ക് വിധേയമായതാണ്. ട്രെയിലറും വിദ്യാ ബാലനെ കുറിച്ചുള്ള കമലിന്റെ അനാവശ്യ പരാമർശവും ആയപ്പോൾ അത് പാരമ്യത്തിലെത്തുകയും ചെയ്തു. കരുതിയ പോലൊക്കെ തന്നെയാണ്‌ കാര്യങ്ങൾ. യൗവനത്തിലെ മാധവിക്കുട്ടിയെ സാമാന്യം നന്നായി ബോറാക്കി മഞ്ജു. മലയാളിയുടെ മനസിലുള്ള മാധവിക്കുട്ടിയാവാൻ ഒരു ഘട്ടത്തിലും അവർക്ക് കഴിഞ്ഞില്ല എങ്കിലും വാർധക്യത്തിലെത്തിയ സുരയ്യയെ ഒരു സാങ്കല്പിക കഥാപാത്രമായി മാത്രമെടുത്താൽ കയ്യടക്കത്തോടെ ചെയ്തു എന്ന് സമ്മതിക്കേണ്ടി വരും. പക്ഷെ, അവിടെയും ഡയലോഗ് ഡെലിവറിയും പൊട്ടിച്ചിരിയും അവരെ ചതിക്കുന്നു. മാധവിക്കുട്ടിയുടെ ട്രേഡ്മാർക്കായിരുന്ന നീണ്ടുനിൽക്കുന്ന ചിരിയിലും പൊട്ടിച്ചിരിയിലും മഞ്ജു പ്രൊഫഷണൽ നാടകവേദിയോടാണ് താദാത്മ്യം പ്രാപിക്കുന്നത്.

    ടൊവിനോ, മുരളിഗോപി, അനൂപ് മേനോൻ

    ടൊവിനോ, മുരളിഗോപി, അനൂപ് മേനോൻ

    പടത്തിലുടനീളം ആമിയുടെ ജീവിതത്തിൽ പ്രായഭേദനന്യെ വന്ന് ഇടപെട്ടുപോവുന്ന കൃഷ്ണനായി ടൊവിനോ തോമസാണ്. എക്സ്ട്രാ ഫിറ്റിംഗും ഡെക്കറേഷനുമൊന്നുമില്ലാതെ തനി ടൊവിനോ സ്ലാംഗിൽ കൃഷ്ണനെ അവതരിപ്പിച്ചത് ഒരു വലിയ ആശ്വാസം. (നന്ദനവും രഞ്ജിത്തും പ്രചോദനമായിട്ടുണ്ടാവാം). കമലാദാസിന്റെ ഭർത്താവ് ആയ മാധവദാസ് ആയി മുരളി ഗോപിയും ഗംഭീരമായി. ഉടലിൽ നിന്ന് മോഹൻലാലിനെയും സുരേഷ്ഗോപിയെയും ഇക്കെ ഇറക്കിവിട്ട് അനൂപ് മേനോനും അക്ബറലി ആയി. രണ്ടു മൂന്നു മിനിറ്റിൽ വന്നുപോയ ജാനുവമ്മയായി കെപിഎസി ലളിതയുമുണ്ട്. മുൻപ് പറഞ്ഞ പോലെ കൗമാരത്തിലെ ആമി ആയ നീലാഞ്ജന ഇനിയും സിനിമകളിൽ തിളങ്ങാൻ സാധ്യത ഉണ്ട്.

    നിർവികാരപൂർണമായ അന്ത്യം..

    നിർവികാരപൂർണമായ അന്ത്യം..

    മുൻപ് ജെസി ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി സെല്ലുലോയ്ഡ് എന്ന ബയോപിക് എടുത്തപ്പോൾ അതിൽ ഡാനിയലിന്റെ അന്ത്യം എന്നും ഓർക്കുന്ന ഒരനുഭവമാക്കി മാറ്റാൻ കമലിന് കഴിഞ്ഞിരുന്നു. താൻ കിടക്കുന്നിടത്തെ ചുമരിൽ നിലാവിന്റെ നിഴലുകളായി ഇലകൾ അനങ്ങുന്നത് കാണുമ്പോൾ അത് തന്റെ വിഗതകുമാരനിലെ സീനുകളായി തോന്നി ജെസി ഡാനിയേൽ കണ്ണടക്കുന്ന സീൻ ഇപ്പോൾ ഓർക്കുമ്പോഴും ടച്ചിംഗ് ആണ്. പക്ഷെ ജെസി ഡാനിയേലിനേക്കാളുമൊക്കെ എത്രെയെത്രയോ മലയാളികളെ ബാധിച്ചിരുന്ന മാധവിക്കുട്ടിയെ പോലൊരു ജീനിയസിന്റെ അന്ത്യം സ്ക്രീനിൽ കാണുമ്പോൾ സിനിമ തീർന്നതിന്റെ ആശ്വാസം മാത്രം ബാക്കിയായി സീറ്റിൽ നിന്ന് എഴുന്നേൽക്കേണ്ടി വരുന്നു.. പുറകിലെ ചെക്കന്മാരുടെ അത്തരത്തിലുള്ള കമന്റുകൾ കേൾക്കേണ്ടിറ്റും വരുന്നു..

    അത്രതന്നെ

    English summary
    Aami movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X