»   » നിരൂപണം: ആസ്വാദനത്തിന്റെ ആനന്ദത്തില്‍ ആറാടിച്ച് ആനന്ദം

നിരൂപണം: ആസ്വാദനത്തിന്റെ ആനന്ദത്തില്‍ ആറാടിച്ച് ആനന്ദം

Posted By: ശ്രീകാന്ത് കൊല്ലം
Subscribe to Filmibeat Malayalam
Rating:
3.5/5

സൗഹൃദം, പ്രണയം ഇവ നിഷ്‌കളങ്കമായ രീതിയില്‍ നമ്മുടെ അതേ വികാരങ്ങളോടെ നമുക്ക് സിനിമാ അനുഭവം ആക്കി തരുന്ന ഒരു യുവ സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. യുവതലമുറ വിനീതിന് നല്‍കിയിരിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയും വളരെ വലുതാണ്. ഈ ഒരു പേര് ചിത്രത്തിന്റെ ഒരു പ്രധാന മേഖലയില്‍ രംഗത്ത് ഉണ്ട് എന്നത് മാത്രം മതി ചിത്രത്തിനുള്ള പ്രതീക്ഷകള്‍ ആരിലും നല്‍കും. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ആനന്ദത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി തുടരുകയാണ്. ഒരു കൂട്ടം യുവാക്കളുടെ കഥയാണ് നവാഗത സംവിധായകനായ ഗണേഷ് രാജ് ആനന്ദത്തിലൂടെ പറയുന്നത്. സിനിമക്കുള്ളില്‍ മാത്രമല്ല ഈ സിനിമക്കു പിന്നിലും ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനമുണ്ട്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങള്‍ മലയാള സിനിമയിലേക്ക് ആദ്യ ചുവടു വെയ്പ്പു നടത്തുകയാണ്.

കഥയിലെ സാരം

ഒരു എഞ്ചിനീയറിംങ് കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്. കോളേജില്‍ നിന്ന് ഒരു നാല് ദിവസത്തെ ടൂറിന്(ഇന്‍ഡസ്ട്രിയല്‍ വിസിറ്റിംഗ്) പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ആനന്ദത്തിന്റെ പ്രമേയം.

തുടക്കത്തില്‍ ക്യാമ്പസ് കാഴ്ചകളും നര്‍മ്മങ്ങളും കര്‍ണാടകയിലെ ഹമ്പിയിലെ ടൂര്‍ ദിനങ്ങളും ആയി ആദ്യ പകുതി രസകരവും വേഗത്തിലും നീങ്ങി. രണ്ടാം പകുതി ആദ്യ പകുതിയേ വച്ച് നോക്കുമ്പോള്‍ അല്പം വേഗം കുറവായിരുന്നു, എങ്കിലും ആസ്വാദനത്തിന് മങ്ങല്‍ ഏല്‍ക്കാതെ ചില നല്ല നല്ല നര്‍മ്മങ്ങള്‍ വന്ന് പോയി സൗഹൃദത്തിലെ ഗൗരവപരമായ കാഴ്ചകളിലൂടെ നീങ്ങി പൂര്‍ണ്ണതൃപ്തി നല്‍കുന്ന ക്ലൈമാക്‌സില്‍ പര്യവസാനിക്കുമ്പോള്‍ പ്രേക്ഷകരില്‍ ഒരു നല്ല കുഞ്ഞ് ചിത്രം കണ്ട ആനന്ദം മനസ്സില്‍ ഉണര്‍ത്തുന്നു.

കഥാപാത്രങ്ങള്‍

ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. കുറച്ച് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ട് ചിത്രത്തില്‍. ഏഴ് പേരാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങള്‍, ഒരേ ക്ലാസിലെ അവര്‍ക്കിടയിലെ രസകരവും ഗൗരവവും ആയ സൗഹൃദ കാഴ്ചയാണ് നമുക്ക് മുന്നില്‍.

വൈശാഖ് നായര്‍: ചിത്രത്തില്‍ ഗ ഉണ്ണികൃഷ്ണന്‍ പിള്ള അഥവാ കുപ്പി, ആളൊരു എനെര്‍ജെറ്റിക് ടൈപ്പ് ആണ് എല്ലാരോടും ചിരിച്ചും കൊണ്ടുള്ള പ്രകൃതം, താമശക്കാരന്‍, ഫോട്ടോഗ്രാഫി ആണ് പ്രധാന വിനോദം. വൈശാഖ് അവതരിപ്പിച്ച കുപ്പിയാണ് ചിത്രത്തിന്റെ ആസ്വാദനം നര്‍മ്മം നിറഞ്ഞത് ആക്കുന്നത്. മലയാള സിനിമയ്ക്ക് വേറിട്ട രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യാന്‍ പുത്തന്‍ താരോദയം. ആദ്യാന്തം മികച്ച രീതിയില്‍ തന്റെ വേഷം നല്ല രീതിയില്‍ ചെയ്തു.

റോഷന്‍ മാത്യു ഗൗതം: റോക്ക് സ്റ്റാര്‍ ആണ് കക്ഷി. പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീള വേഷം. ഒരു ബോളിവുഡ് യൂത്ത് സ്റ്റാര്‍ ഫീല്‍ ഉണ്ട്.

അരുണ്‍ കുര്യന്‍ വരുണ്‍: എല്ലാത്തിനും തീരുമാനം എടുക്കാന്‍ ഇദ്ദേഹം വേണം, അല്പം മുന്‍കോപിയാണ് അധികം വാചാലനും അല്ല, പ്രകടനം തൃപ്തികരം. ഇടയ്ക്ക് ഒരു സീനില്‍(ബസ്സില്‍) ഡബ്ബിഗില്‍ ലിപ് സിങ്കിങ് ശരി ആകാത്തത് പോലെ തോന്നിച്ചു.

അനാര്‍ക്കലി മരിക്കാര്‍ ദര്‍ശന: മിണ്ടാപ്പൂച്ചയാണ് പുള്ളി, ചിത്രരചനയില്‍ ഇടവേള സമയം ചിലവഴിക്കുന്നു. മഡോണ സെബാസ്റ്റിനോട് അല്പം രൂപ സാദൃശ്യമുള്ള ഈ പുതുമുഖത്തിന് പ്രാധാന്യം വേണ്ട രീതിയിയില്‍ വിദഗ്ദമായി ഉപയോഗിച്ചതിട്ടുണ്ട്.

അന്നു ആന്റണിദേവിക (ദേവൂട്ടി): ഒരല്‍പം പിടിവാശി ഉള്ള കൂട്ടത്തില്‍ നല്ല ബോള്‍ഡ് ആയ വേഷം. ഒരു കറുത്ത മൂക്കുത്തിയും ഒക്കെ ഇട്ടൊരു സുന്ദരികുട്ടി.

തോമസ് മാത്യു അക്ഷയ്: വെറും പാവത്താന്‍, അധികം ആരോടും വലിയ വര്‍ത്തമാനവും ഒന്നും ഇല്ല ഒരു നല്ല കാസ്റ്റിംഗ്.

സിദ്ദി മഹാജന്‍ ദിയ: ക്യാമ്പസിലെ സുന്ദരി, പ്രാധാന്യം അര്‍ഹിക്കുന്ന വേഷം നല്ല അതേ രീതിയില്‍ തന്നെ നീതി പുലര്‍ത്തി ചെയ്തു.

ഈ ഏഴ് പുതുമുഖങ്ങളെ കേന്ദ്രീകരിച്ച് നീങ്ങിയ ചിത്രത്തില്‍ ഇവരെല്ലാം പുതുമുഖങ്ങള്‍ക്ക് ഉള്ള വിഷമതകളോ പോരായ്മകളോ ഒന്നും ഇല്ലാതെ തന്നെ അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി.

ഇവരെ കൂടാതെ ഡോ. റോണി ഡേവിഡ് ചാക്കോ മാഷ് ആയും വിനിത കോശി ലൗലി മിസ് ആയും എത്തുന്നു. ഇവര്‍ ഒന്നിച്ചുള്ള സീനുകള്‍ രസകരമായിരുന്നു. പ്രേമത്തിലെ ഡ്രില്‍ സാറും ജാവ സാറും പോലെ ഇവര്‍ വരുന്ന സീനുകള്‍ എല്ലാ പൊട്ടിചിരി ഉണര്‍ത്തി.

ഇവരെ കൂടാതെ പ്രദീപ് കോട്ടയം, രഞ്ജി പണിക്കര്‍ എന്നിവരും ഒരു ഗസ്റ്റ് റോളില്‍ ഒരു പ്രിയ താരവും എത്തുന്നുണ്ട്. പതഞ്ഞ് തൂവും രതി വിലാസം ...............എന്ന ഗാനവും ഗാനരംഗവും അപ്രതീക്ഷിതം

സാങ്കേതികം

അല്‍ഫോന്‍സ് പുത്രന്റെ നേരം, പ്രേമം എന്നീ ചിത്രങ്ങളില്‍ ക്യാമറാ നിര്‍വഹണം ചെയ്ത ആനന്ദ് സി ചന്ദ്രന്‍ ആണ് ആനന്ദത്തിലെ കാഴ്ചകള്‍ ഒപ്പിയിരിക്കുന്നത്. കാഴ്ചയ്ക്ക് കുളിര്‍മ്മയും കൗതുകവും ഉണര്‍ത്തുന്നതും ആയിരുന്നു യാത്രയിലെ കാഴ്ചകള്‍, ഓരോ സ്ഥലത്തിനും അതിന്റെതായ കളര്‍ടോണും എല്ലാം നീതി പുലര്‍ത്തി. ഹംപിയിലെ ഏരിയല്‍ ഷോട്ടുകളും ക്ലെയ്മാക്‌സിലെ ഷോട്ടുകളും പ്രശംസനീയമാണ്. ആനന്ദിന്റെ ക്യാമറയ്ക്ക് അതേ വേഗം നിലനിര്‍ത്താന്‍ അഭിനവ് സുന്ദന്റെ ചിത്രസംയോജനത്തിനും ആയി.

സംഗീതം

ഗായകന്‍ ആയ സച്ചിന്‍ വാര്യര്‍ ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ചേരുന്ന തരത്തില്‍ മെലോഡിയസ് ആയ ഗാനങ്ങള്‍ ആയിരുന്നു എല്ലാം. തിയേറ്റര്‍ ഫീല്‍ ഗാനങ്ങള്‍ക്ക് ആയി എങ്കിലും ഓര്‍ത്തിരിക്കാന്‍ പാകത്തിന് സംഗീതാത്മകം അല്ലായിരുന്നു എന്ന് പറയാം. നിലാവില്‍ എല്ലാം അലിഞ്ഞുവോ...... എന്ന ഗാനം ഒന്ന് രണ്ട് പ്രണയസീനുകളില്‍ എത്തിയിരുന്നത് സിനിമയ്ക്ക് ഒരു ഫ്‌ളോ നല്‍കാന്‍ ആയി. പശ്ചാത്തല സംഗീതവും തൃപ്തികരമായിരുന്നു.

സംവിധാനം

ചിത്രത്തിന്റെ വേറിട്ട ആകര്‍ഷകമായ പോസ്റ്റര്‍ ചെയ്തിരിക്കുന്നത് ഗണേഷ് രാജിന്റെ തന്നെ സുഹൃത്തായ പാര്‍വതി മേനോന്‍ ആണ്. ' ഒരു കുട്ടി ചോദ്യം' അടക്കം മൂന്ന് ഷോര്‍ട്ട് ഫിലിമുകളും ചെയ്തിട്ടുള്ള ഗണേഷ് രാജ് തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളില്‍ വിനീത് ശ്രീനീവാസന്റെയും ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഞ്ജലി മേനോന്റെയും സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഒരു ഗുണവും ഇമ്പാക്റ്റും ചിത്രത്തില്‍ കാണാന്‍ ഉണ്ട്. ഒരു നന്മയും പ്രണയത്തിന്റെ കുളിര്‍മ്മയും വിശ്വാസ്യതയും നിസ്സഹായതയും പച്ചയായ രീതിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

സൗഹൃദം, പ്രണയം, യാത്ര ഇവയുടെ ആകെത്തുകയാണ് ആനന്ദമെന്ന സിനിമ. ഇതില്‍ അവര്‍ക്കിടയിലെ സൗഹൃദമുണ്ട്, പ്രണയമുണ്ട്, കൊച്ചു കൊച്ചു തമാശകളുണ്ട്, പിണക്കങ്ങളുണ്ട്. ഇത് യുവാക്കളായ പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള സിനിമ ആണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. സ്‌കൂള്‍ തലവും അവിടുത്തെ സഹൃദങ്ങളും അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളം അല്ലെ? അതുകൊണ്ട് എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ ഉള്ള ഒരു എലമെന്റ് ചിത്രത്തിനുണ്ട്.

പ്രധാന കഥാപാത്രങ്ങള്‍ എല്ലാം കലാലയ ജീവിതത്തിലോ അതും അല്ലേല്‍ നമുക്കിടയിലെ സൗഹൃദങ്ങളില്‍ എപ്പോഴൊക്കെയോ കണ്ട് മുട്ടിയവര്‍ ആണ്. ചിത്രം തുടങ്ങി ആദ്യ ഇരുപത് മിനിറ്റ് കഴിയുമ്പോള്‍ തന്നെ ഈ ഏഴ് പേരിലെ ഓരോരുത്തര്‍ക്കും ഒപ്പം നമ്മുടെ മനസ്സും നീങ്ങുന്നു. നമ്മളും ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കും. കുപ്പിയെ പോലെ ഒരാളെ അടുത്തറിയാത്ത ഒരാളും കാണില്ല. അങ്ങനെ ഒരു കൂട്ടുകാരന്‍ നമുക്കിടയില്‍ എല്ലാവര്‍ക്കും കാണും. അതേ പടിയാണ് ഓരോ കഥാപാത്രങ്ങളും അവരുടെ കാസ്റ്റിംഗും. യുവത്വത്തിന്റെ പള്‍സ് അറിഞ്ഞ് അതിനൊത്ത പ്രമേയം ഒരുക്കി ഗണേഷ് രാജ് വിജയിച്ചു എന്ന് നിസംശയം പറയാം.

വലിയ കാമ്പുള്ള ഒരു കഥയല്ല ആനന്ദം എന്ന സിനിമ ആയിരിക്കുന്നത്. നല്ല ഒരു കഥയുടെ പോരായ്മയില്‍ നിന്നുകൊണ്ട് ഒരു കോച്ച് പ്രമേയത്തെ മികച്ച രീതിയില്‍ പ്രേക്ഷകപ്രീതിയില്‍ ആവിഷ്‌കരിക്കുകയാണ് ഇവിടെ.

സ്ഥിരം ക്യാമ്പസ് സിനിമകളില്‍ നിന്നും എന്ത് കൊണ്ടും മാറി നില്‍ക്കുന്നു ആനന്ദം. കലാലയ രാഷ്ട്രീയമോ, കൂട്ട തല്ലൊ, ഒരു ആനുവല്‍ ഡേ സെലെബ്രെഷന്‍ സൊങ്ങോ, ഡാന്‍സോ, വെറും അര്‍ത്ഥമില്ലാത്ത പൈങ്കിളി പ്രണയമോ ഒന്നും ഇവിടെ ആനന്ദം സമ്മാനിക്കുന്നില്ല. ക്യാമ്പസ് ചേരി തിരിവും ഇവിടെ ആവര്‍ത്തിക്കപ്പെടുന്നില്ല എന്നതും സ്വാഗതാര്‍ഹം ആണ്. ഒന്ന് രണ്ട് സീനുകളില്‍ ഹോസ്റ്റല്‍ കാണിച്ച് ഒതുക്കിയതും നല്ലതായേ തോന്നിയുള്ളൂ. അടിവസ്ത്രം കഴുകി ഇസ്തിരി ഇട്ട് ഉണ്ടാക്കിയതും കൂട്ടുകാരന്റെ ഷര്‍ട്ട് അടിച്ച് മാറ്റി ഇടുന്നതുമൊക്കെ രസകരമായി തന്നെ എന്നാല്‍ സിംപിള്‍ ആയി തന്നെ കാണിച്ചു.

മോഹന്‍ലാല്‍ എന്ന നടന്റെ ഒരു ഡയലോഗ് അല്ലേല്‍ ഒരു നടത്തം അതും അല്ലേല്‍ ഒരു സോങ്ങ് അത് തിയേറ്ററില്‍ ഒരു ഓളം ഉണ്ടാകാറുണ്ട്. അടുത്തിടെ നിരവധി ചിത്രങ്ങളില്‍ കൈയടി കിട്ടാന്‍ വേണ്ടി അത്തരം സീന്‍ കുത്തിക്കേറ്റാറുണ്ട്. ഇവിടെ അത് ആറാം തമ്പുരാനായി വന്നു.

ചിത്രത്തിന്റെ രണ്ടാം പകുതിയ്ക്ക് ഇടയ്ക്കുള്ള ക്യാമ്പ് ഫയര്‍ പോര്‍ഷന്‍ വളരെ മനോഹരമായി ചിത്രീകരിച്ച ഒന്നാണ്. അല്പം റാപ് കലര്‍ന്ന പാശ്ചാത്യ സംഗീതവും എല്ലാം പിന്നണിയില്‍ ഉള്ളതും ആ സീനിനെ ഭംഗിയാക്കി.

വിനീതിന്റെ റോള്‍

വിനീത് ശ്രീനിവാസന്‍ നിര്‍മ്മാണ രംഗത്ത് മാത്രം അല്ല ഇതിന്റെ സമസ്ത മേഖലകയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കാണുമ്പോള്‍ മനസ്സിലാകും. വിനീത്തിന്റെ ഒരു ടച്ച് ഉടനീളം നമ്മുക്ക് അനുഭവപ്പെടാം. നിഷ്‌കളങ്കമായ സൗഹൃദത്തിന്റെ മുഖങ്ങള്‍ കാണിക്കുമ്പോളും ഒരു നന്മ അത് നിലനിര്‍ത്തുന്നുണ്ട്. തട്ടത്തില്‍ മറയത്തിലെ ഒരു ഗാന രംഗ ചിത്രീകരണത്തോട് സാമ്യം ഉള്ള രീതിയില്‍ ഇതിലും ഒരു പ്രണയ ഗാനം ചിത്രീകരിക്കപ്പെടുന്നുണ്ട്. പ്രണയ ഗാന സീന്‍ വരുമ്പോള്‍ നായകന്റെ മുടി ഇളം കാറ്റില്‍ പറക്കുന്നതും നായികയുടെ ചെറു ചിരിയും ഇരുവരും മാത്രം ഉള്ള മഞ്ഞോ മഴയോ വന്ന് പോകുന്നു. പെട്ടെന്ന് കാശ് ഉണ്ടാക്കി ഒരു പര്‍ദ്ദ ഷോപ്പ് തുടങ്ങാന്‍ വിനോദ് കൂട്ടരും കാണിക്കുന്ന ശ്രമം മറ്റൊരു രീതിയില്‍ ഇവിടെയും പിന്തുടരുണ്ട്. ഇതൊന്നും എടുത്ത് പറയാന്‍ പാകത്തിന് നെഗറ്റീവോ ചിത്രത്തിന് മങ്ങല്‍ ഏല്‍പ്പിക്കുന്ന സംഗതിയോ അല്ല.

ഒറ്റവാക്കില്‍

ഇവിടെ മാസ്സ്, മാനറിസ്സം എന്നിവ ഇല്ല. സ്ലോമോഷനില്‍ കാര്യത്തെ പറഞ്ഞ് തിരിഞ്ഞ് നടന്ന് പോകുന്നവരും ഇല്ല. സിംപിള്‍ ആയി ഒരു പരിധി വരെ റിയലിസ്റ്റിക് അവതരണത്തോടെ പോരായ്മകള്‍ മാറ്റിയ ഒരു കോച്ച് ചിത്രം. സൗഹൃദം, പ്രണയം, യാത്ര ഇവയുടെ ആകെത്തുകയായ ആനന്ദം ആനന്ദത്തോടെ തന്നെ കണ്ടിറങ്ങാവുന്ന ഒരു നല്ല സിനിമ തന്നെയാണ്. എന്തായാലും മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ച് രണ്ട് മണിക്കൂര്‍ ചിലവിട്ട് നിരാശനാകാതെ തിയേറ്റര്‍ വിടാം, അതിനുള്ള വക ആനന്ദം ഡെലിവര്‍ ചെയ്യുന്നുണ്ട്.

English summary
Aanandam, directed by Ganesh Raj and produced by Vineeth Sreenivasan, is a movie for the youth.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam