twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംയുക്ത, പാർവതി, ദർശന..!!! മൂന്നുപെണ്ണുങ്ങളും അവരുടെ ജീവിതത്തിലെ ആണുങ്ങളും.. ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5

    ആണും പെണ്ണും എന്നാണ് ഇന്നലെ ഇറങ്ങിയ പ്രൈം പ്രൊഡക്ഷന്‍സിന്റെ ആന്തോളജി മൂവിയുടെ ശീര്‍ഷകമെങ്കിലും അത് യഥാര്‍ത്ഥത്തില്‍ മൂന്നു പെണ്ണുങ്ങള്‍ എന്ന് ടൈറ്റില്‍ കൊടുക്കേണ്ട സിനിമ ആണ്..സാവിത്രി, രാച്ചിയമ്മ, റാണി എന്നിങ്ങനെ പേരുള്ള മൂന്ന് എപ്പിസോഡുകള്‍ ഉള്‍ക്കൊള്ളുന്ന സിനിമ യഥാക്രമം അതേ പേരുള്ള മൂന്ന് സ്ത്രീകളുടെ ജീവിതം ആണ് സ്‌ക്രീനില്‍ വരച്ചിടുന്നത്..

    1

    ഇസ്രാ സംവിധായകന്‍ ജയ് കെ സംവിധാനം ചെയ്തിരിക്കുന്ന 'സാവിത്രി' സന്തോഷ് ഏച്ചിക്കാനം എഴുതിയ കഥയാണ്. സ്‌ക്രിപ്റ്റും അദ്ദേഹം തന്നെ. സംയുക്ത മേനോന്‍ ആണ് സാവിത്രി. ഛായാഗ്രഹകന്‍ കെ വേണു തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന രാച്ചിയമ്മ ഉറൂബിന്റെ അതേ പേരിലുള്ള പ്രശസ്തരചനയെ അവലംബിക്കുന്നതാണ്. പാര്‍വതി തിരുവോത്ത് ആണ് രാച്ചിയമ്മ. ആഷിഖ് അബുവിന്റെ റാണി ആര്‍ ഉണ്ണിയുടെ കഥയാണ്. ദര്‍ശന രാജേന്ദ്രന്‍ ആണ് ടൈറ്റില്‍ റോളില്‍.

    2

    ആദ്യത്തെ എപ്പിസോഡ് ആയ സാവിത്രി കേരളപ്പിറവിക്കും മുന്‍പുള്ള സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആണ്.. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധിത കാലഘട്ടം. പോലീസ് പിന്തുടരുന്ന ഒരു വനിതാ സഖാവ് ഒരു ജന്മിഗൃഹത്തില്‍ കൊച്ചുപാറു എന്ന പേരില്‍ വേലക്കാരിയായി ഒളിവില്‍ താമസിക്കുന്നതും അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ഉള്ളടക്കം. മേയ്ക്കിംഗും സംയുക്ത മേനോന്റെ അഭിനയ മികവും ആണ് ഹൈലൈറ്റ്. തന്റെ രഹസ്യം കണ്ടുപിടിക്കുന്ന തറവാട്ടിലെ ഇളമുറക്കാരനെ സാവിത്രി മാനേജ് ചെയ്യുന്നത് ഒക്കെ കിടു ആണ്.. സ്ത്രീയുടെ ലൈംഗികതയ്ക്ക് ചില പുനര്‍നിര്‍വചനങ്ങള്‍ സാവിത്രി ഇവിടെ എഴുതുന്നു. തുടക്കത്തില്‍, പോലീസ് തുരത്തുന്ന സീന്‍ ഒഴിവാക്കി കൊച്ചുപാറുവിനെ കുറേനേരം അങ്ങനെ തന്നെ അവതരിപ്പിച്ചിരുന്നെങ്കില്‍ ഒരു സര്‍പ്രൈസ് എലമെന്റ് വളര്‍ത്തി ക്കൊണ്ടുവരാമായിരുന്നു. ജോജു, ഇന്ദ്രജിത് എന്നിവരും ഉണ്ടെങ്കിലും സംയുക്ത തന്നെയാണ് സാവിത്രി എന്ന എപ്പിസോഡിന്റെ നട്ടെല്ല്.

    3

    ഉറൂബ് അറുപതുകളില്‍ എഴുതിയ രാച്ചിയമ്മ പണ്ട് വായിച്ചതാണ്. വിഖ്യാതമാണെങ്കിലും വായിച്ചപ്പോള്‍ അത് എന്റെയൊരു ഓപ്ഷന്‍ ആയി തോന്നിയിരുന്നില്ല. പക്ഷെ വേണു ഒരുക്കിയിരിക്കുന്ന സിനിമാരൂപം ശരിയ്ക്കും ഉള്ളില്‍ തൊട്ടു.. എന്‍ഡ് ഷോട്ട് ഒക്കെ വല്ലാത്ത വിങ്ങല്‍ ഉണ്ടാക്കി ആ വിങ്ങല്‍ ഏറെക്കാലം മനസില്‍ നില്‍ക്കുകയും ചെയ്യും. ഇതില്‍ പാര്‍വതിയുടെ പങ്ക് ചെറുതല്ല.. പ്രകടനമികവ് മാത്രമല്ല, രൂപലാവണ്യത്തിലും പാര്‍വ്വതി കരിയറിലെ ഏറ്റവും ബെസ്റ്റ് എന്ന് പറയാവുന്ന ലുക്കില്‍ കാണപ്പെടുന്നു.. ഡയലോഗ് ഡെലിവറി ഉള്ളിലേക്ക് കുത്തിക്കയരുന്ന മൂര്‍ച്ചയോടെ ആയത് മാത്രം ചിലയിടങ്ങളില്‍ അരോചകമായി തോന്നുന്നു.. ആസിഫും നന്നായി.. ഛായാഗ്രഹണം സംവിധാനം എന്നീ മേഖലകളില്‍ തുടര്‍ന്ന് കൊണ്ട് സ്‌ക്രിപ്‌റ്റെഴുത്തിലേക്ക് കൂടി വേണു വിജയകരമായി പടരുന്ന സന്തോഷം വേറെയും..

    4

    'റാണി' വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്ന ഉണ്ണി ആറിന്റെ കഥ ആണ്. കഥയ്ക്ക് ആസ്പദമായ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണെന്നും കേട്ടിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ ആയ റോഷനും ദര്‍ശനയും.. കൂട്ടുകാരന്റെ അനുഭവ സാഹിത്യങ്ങള്‍ കൊളുത്തി വിട്ട ശരീരതൃഷ്ണകളുടെ തീ അവന്റെ ഉള്ളില്‍ ഉണ്ട്. അവളിലേക്ക് അതൊന്ന് ആളിപ്പടര്‍ത്താന്‍ തക്കം നോക്കി നില്‍ക്കുകയാണ് അവന്‍. അവള്‍ക്കാണെങ്കില്‍ അവന്റെ റൂട്ട് എങ്ങോട്ടാണ് എന്നതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു ദിവസം, ട്രിപ്പിങ്ങിനായ് ഇറങ്ങി വിജനമായ, വനപ്രദേശത്തെ ഒരു വള്ളിക്കുടിലില്‍ അവര്‍ ഇതിനായുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കി എടുക്കുന്നു. പിന്നീട് സംഭവിക്കുന്നതാണ് സിനിമ. റാണി എന്ന ക്യാരക്റ്ററിന്റെയും ദര്‍ശന രാജേന്ദ്രന്‍ എന്ന നടിയുടെയും ബോള്‍ഡ്‌നെസ് ആണ് എപ്പിസോഡിന്റെ ഹൈലൈറ്റ്. റോഷന്‍ മാത്യുവും പൊളി.

    Recommended Video

    മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു
    5

    മൂന്ന് എപ്പിസോഡുകളും ഒന്നിച്ച് നോക്കുമ്പോള്‍ നഷ്ടം പറ്റുന്ന ഒരു സിനിമാനുഭവം അല്ല ആണും പെണ്ണും.. ശക്തരായ മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ അത് മലയാളസിനിമയ്ക്ക് സംഭാവന ചെയ്യുന്നു. അതിലപ്പുറം ഞെട്ടിക്കുന്ന അനുഭവ സാക്ഷ്യങ്ങള്‍ ഒന്നുമില്ല. അഞ്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ തിയേറ്ററില്‍. അതില്‍ രണ്ടുപയ്യന്മാര്‍ കളയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ ഇതിന് കയറിയവര്‍ ആയിരുന്നു. അവര്‍ വളരെ അസഹിഷ്ണുക്കളായി കാണപ്പെട്ടു. ഞാന്‍ ഈ പടത്തിനായി തന്നെ വന്നതാണ് എന്ന് ചോദിച്ചറിഞ്ഞ് അവര്‍ കനത്ത സഹതാപം രേഖപ്പെടുത്തി. അടുത്തത് ഒരു ജോഡി യുവമിഥുനങ്ങള്‍ ആയിരുന്നു.. അവരുടേതായ 'ആണും പെണ്ണും' ലോകത്തില്‍ സ്വകാര്യത കണ്ടെത്തി അവര്‍ ആസ്വദിച്ച് ഇരുന്നു..

    Read more about: review റിവ്യൂ
    English summary
    Aanum Pennum Malayalam Movie review: Parvathy Thiruvothu Starrer is An anthology movie one shouldn't miss
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X