twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രസമുള്ള കളിയാണ് അബ്രഹാമിന്റെ സന്തതികളുടേത്.. (ട്രോളല്ല) ഇക്കയ്ക്കൊരു ക്ലീൻ ഹിറ്റ് ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    3.0/5
    Star Cast: Mammootty, Anson Paul, Kaniha
    Director: Shaji Padoor

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍.ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന സിനിമയെ കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ വായിക്കാം..

    മമ്മൂട്ടി

    മമ്മൂട്ടി തന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ആരാധകർക്കുമുന്നിൽ സർപ്രൈസ് ഗിഫ്റ്റ് ആയി പ്രഖ്യാപിച്ച പ്രൊജക്റ്റ് ആയിരുന്നു ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തതികൾ. ഷാജി പാടൂർ എന്ന പേര് കേട്ട് ചില ഇക്കാ ഹെയിറ്റർമാരൊക്കെ ചോദിച്ചു, "ഇതാണോ ഇപ്പ ഇത്രവല്യ സർപ്രൈസും ഗിഫ്റ്റും..". അവർക്ക് ഷാജി പാടൂരിന്റെ ശരിക്കുള്ള മൂല്യം അറിയാഞ്ഞിട്ടാവാം.. ഇരുപതു കൊല്ലത്തിലേറെയായി മലയാളത്തിലെ മുന്നണി സംവിധായകർക്കൊപ്പം അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവർത്തിക്കുന്ന ഷാജി സിനിമാവൃത്തങ്ങളിൽ ഒരു ചെറിയ പേരല്ല ഷാനീ.. അതുകൊണ്ടു തന്നെ ഒരു പഴയകാല ഇക്കാഫാൻ ആയ എന്നെ സംബന്ധിച്ച് ഈയടുത്ത് കേട്ടതിൽ വച്ച് ഏറ്റവും പ്രതീക്ഷയുള്ള ഒരു പ്രൊജക്റ്റ് തന്നെയായിരുന്നു അബ്രഹാമിന്റെ സന്തതികൾ.. ആ പ്രതീക്ഷയും കൊണ്ടു തന്നെയാണ് ഇന്ന് തിയേറ്ററിൽ ആദ്യ ഷോയ്ക്കായി എത്തിയതും..

    അബ്രഹാമിന്റെ സന്തതികള്‍

    ഈ വർഷം ഇതിനു മുൻപ് വന്ന ഇക്കാ ചിത്രങ്ങളായ സ്ട്രീറ്റ് ലൈറ്റ്, പരോൾ , അങ്കിൾ എന്നിവയെ പോലെ "ശശ്മാന"മൂകതയായിരുന്നില്ല തിയേറ്ററിലും പരിസരത്തും.. ആരാധകർ എന്നെപ്പോലെ തന്നെ നല്ല ആരവത്തിൽ ആയിരുന്നു. ടിക്കറ്റ് റിസർവൊന്നും ചെയ്യാതെ ലാഘവബുദ്ധിയോടെ വന്ന എനിക്ക് തിയേറ്റർ മൊയലാളിയെ പേഴ്സണലി അറിയാമെന്നതു കൊണ്ടാണ് സീറ്റ് കിട്ടിയത് തന്നെ.. കേറിയതും ശടപടേ..ന്ന് ഹാള് ഫുള്ളാവുകയും " വിശുദ്ധ തോമാശ്ലീഹായേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥ്യം പറയണമേ.." എന്ന പ്രാർത്ഥനാ വാചകത്തോടെ പടം ആരംഭിക്കുകയും ചെയ്തു.. ഞാനും മനസുരുകി പ്രാർത്ഥിച്ചു, ഇതെങ്കിലും ഒന്ന് എഫ്ബിയിലും തള്ളലിലും അല്ലാതെ ക്ലച്ചുപിടിക്കണേ.. എന്ന്!!

    ഡെറിക്ക് അബ്രഹാം

    അധികം കാടും പടലുമൊന്നും തല്ലാൻ നിൽക്കാതെ സംവിധായകൻ നേരെയങ്ങോട്ട് സീരിയൽ കില്ലിംഗുകളിലൂടെ സിനിമയിലേക്ക് വിളിച്ചു കേറ്റുകയാണ് നമ്മളെ.. ഓപ്പണിംഗ് ഷോട്ടിൽ തന്നെ പോലീസ് ഓഫീസറായ ജയകൃഷ്ണനും ഭാര്യ ജിലു ജോസഫും മകളും മഴപെയ്യുന്ന രാത്രിയിൽ ഹാമറുകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെടും.. കൊലയാളി ചുമരിൽ രക്തം കൊണ്ട് 10-6=4 എന്നെഴുതിയിട്ട് പോകും. മുൻപും മൂന്നുപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സാരം. നമ്മളും പോലീസും കണ്ണടച്ച് തുറക്കും മുൻപ് അടുത്ത ബാച്ചിലെ മൂന്നുപേരെക്കൂടി കൊലയാളി കാച്ചും.. ചുമരിലെഴുതും 10-9= 1 !!! സ്വാഭാവികമായും അപ്പോൾ അവിടെയുള്ള പോലീസുകാരായ രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ഷാജോൺ, സോഹൻ സീനുലാൽ എന്നിവരുടെ ഒന്നും കയ്യിലൊതുങ്ങാത്ത സംഗതി ആയതോണ്ട് ഡെറിക്ക് അബ്രഹാം എന്ന ഇക്ക കേസന്വേഷണത്തിനായി വരും..

    ഷാജി പാടൂർ

    മെമ്മറീസ്, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ, മാസ്റ്റേഴ്സ് തുടങ്ങിയ പടങ്ങളിലൊക്കെ കണ്ട ടൈപ്പ് സീരിയൽ കില്ലിംഗിൽ ഇനി എന്ത് ഡെറിക് അബ്രഹാം, എന്ത് ഷാജി പാടൂർ എന്ന് ആരെങ്കിലുമൊക്കെ ദോഷൈകദൃക്കുകളാകാൻ തുടങ്ങുമ്പോഴേക്കും സംവിധായകൻ അര മണിക്കൂറിനുള്ളിൽ തന്നെ ആ എപ്പിസോഡിന് തീരുമാനമാക്കും.. കൂൾ!! അതിനിടയിൽ പത്താമതൊരു കൊലപാതകം കൂടി നടക്കില്ലെന്ന് നിങ്ങൾക്കെന്താണ് ഉറപ്പ് എന്ന് ചോദിക്കുമ്പോൾ എന്റെ അപ്പന്റെ പേര് അബ്രഹാം എന്നായതുകൊണ്ട് എന്നതു പോലുള്ള മാസ് മറുപടികൾ നൽകി ഇക്ക നൈസായി ഫാൻസിന്റെ കയ്യടി വാങ്ങുന്നുമുണ്ട്..

    അണ്ണൻതമ്പി പാസം


    ട്രെയിലർ കണ്ട് ഒരുപാട് പേർ 'മെമ്മറീസ്' ആകുമെന്ന് പ്രവചിച്ച ഐറ്റത്തെ വെറും ഇൻട്രോ എപ്പിസോഡ് മാത്രമാക്കി അരമണിക്കൂറിന് ശേഷം അബ്രഹാമിന്റെ സന്തതികളുടെ മെയിൻ പ്ലോട്ട് തുടങ്ങുന്നു.. അത് ഡെറിക് അബ്രഹാം എന്ന ചേട്ടന്റെയും ഫിലിപ്പ് അബ്രഹാം എന്ന അനിയന്റെയും കഥയാണ്. വാൽസല്യം മുതൽക്കിങ്ങോട്ട് ഓർമ്മ വെച്ച നാൾ മുതൽ ഒരു പാട് പടങ്ങളിൽ കണ്ടതാണ് ഇക്കയും അനിയനും തമ്മിലുള്ള അരുമയാന അണ്ണൻതമ്പി പാസവും പിന്നെ വരുന്ന തെറ്റിദ്ധാരണയും കോൺഫ്ലിക്റ്റുമൊക്കെ.. ഇവിടെ അത് വേറൊരു ഡയമെൻഷനിൽ അവതരിപ്പിച്ചിരിക്കുന്നു.. ആൻസൻ പോളിനാണ് ഇത്തവണ ഇക്കയുടെ അനുജനാകാനുള്ള സൗഭാഗ്യം ലഭിച്ചിരിക്കുന്നത്..

    സംവിധാനം

    സംവിധാനം ഷാജി പാടൂർ ആണെന്ന പ്രതീക്ഷയ്ക്ക് മുകളിലും ആശങ്കയായി നിന്നിരുന്നത് സ്ക്രിപ്റ്റ് ഗ്രേറ്റ് ഫാദർ ഫെയിം ഹനീഫ് അദേനിയുടേതാണ് എന്നതായിരുന്നു.. ഏകമകൾ ബ്രൂട്ട്വലായി പീഡനത്തിന് വിധേയമായപ്പോഴും ഇക്കയെക്കൊണ്ട് കോട്ടും ജാക്കറ്റും പാപ്പാസും ഷൂസും കൂളിംഗ് ഗ്ലാസും മാറി മാറി അണിയിപ്പിച്ച് അന്വേഷണോദ്യോഗസ്ഥനെ വെല്ലുവിളിപ്പിച്ച്ഗ്രേറ്റ് ഫാദറാക്കി പടം മുഴുവൻ നടത്തിച്ച ആളാണ് അദേനി.. പക്ഷെ, രണ്ടാമത്തെ സ്ക്രിപ്റ്റ് ആയപ്പോഴേക്കും അദ്ദേഹം ആശങ്കകളെ പൊളിച്ചടുക്കിക്കൊണ്ട് നൈസായി ലാൻഡ് ചെയ്തു. കഥാഗതികളും ട്വിസ്റ്റുകളും എല്ലാം പ്രെഡിക്റ്റബിൾ ആയിട്ടും വെറുപ്പിക്കാതെ മുഷിയിപ്പിക്കാതെ ലാഗ് ചെയ്യിപ്പിക്കാതെ അദേനി പടത്തെ രസമുള്ള കളിയാക്കി ക്ലൈമാക്സിലേക്കെത്തിച്ചു . അതിന് ശേഷം വന്ന ടെയിൽ എൻഡ് ആകട്ടെ ശരിക്കും പഞ്ചിംഗ് ആക്കി മാറ്റാനും അദേനിയ്ക്കും പാടൂരിനും കഴിഞ്ഞു..

     തൃപ്തരാകും

    തിയേറ്ററിൽ എന്റടുത്ത് ഒരു 15വയസുകാരനായിരുന്നു.. അവൻ കൗതുകത്തോടെ എന്നോട് ചോദിച്ചു, നിങ്ങൾ ഇക്കാ ഫാനാണോ? ഞാൻ പറഞ്ഞു, അതെ.. അമരവും ഇൻസ്പെക്ടർ ബലറാമും വാൽസല്യവും കോട്ടയം കുഞ്ഞച്ചനും സാമ്രാജ്യവും വീരഗാഥയും രാജമാണിക്യവും കൗരവരും എന്തിന് തസ്കരവീരനും തുറുപ്പുഗുലാനും വരെ പലവട്ടം തിയേറ്ററിൽ പോയി കാണാൻ ഭാഗ്യം കിട്ടിയ ഒരു പഴയകാല ഫാൻ ആണ് ഞാൻ. പക്ഷെ, ഇപ്പൊ ഉള്ളത് പറയുന്നതുകൊണ്ട് നിന്നെപ്പോലുള്ള ഫേനുകളുടെ തെറി കേക്കാനാണ് യോഗം..!! പിന്നീട് ഇക്കാന്റെ മാസ് എൻട്രിയിലും മാസ് ഡയലോഗുകളിലും പിന്നെ ഒടുവിലുമൊക്കെ അവൻ ചോദിച്ചുകൊണ്ടിരുന്നു.. ഉഷാറല്ലേ ഏട്ടാാ..?? പോരുമ്പോൾ ഞാൻ പറഞ്ഞു, യെസ് ഡിയർ,, ഇത്രയെങ്കിലുമൊക്കെ ഉണ്ടെങ്കിൽ എന്നെപ്പോലുള്ളവർ തൃപ്തരാകും..

     ഇക്ക

    സത്യമാണ് പറഞ്ഞത്.. കോസ്മെറ്റിക്സ് കൊണ്ടും കോസ്റ്റ്യൂംസ് കൊണ്ടും എക്സ്ട്രാ ഫിറ്റിംഗ്സ് കൊണ്ടും കൺകെട്ട് കാണിക്കാൻ ശ്രമിക്കാത്ത ഒരു കൂൾ ക്യാരക്റ്ററായിട്ടാണ് ഡെറിക് അബ്രഹാമിനെ പാടൂരും അദേനിയും ഒരുക്കിയിരിക്കുന്നത്.. അയാളുടെ പ്രായത്തിന് ചേർന്ന നിസ്സഹായതകൾ ഡെറിക്കിനുണ്ട്.. ചിലയിടത്തൊക്കെ അടികൊണ്ട് വീഴുമ്പോൾ തിരിച്ചടിക്കാനാവാതെ കിടന്നു പോവുന്നുണ്ട്.. ഇക്ക അത് പൂ പറിക്കണത് പോലെ അനായാസമായി മനോഹരമാക്കുകയും ചെയ്തു..

    ഹൈലൈറ്റ്

    ഇക്കയുടെ ഗ്ലാമറിനെ വാഴ്ത്തിത്തള്ളാനായി പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന സഹനടീനടന്മാരോ കഥാപാത്രങ്ങളോ ഇല്ലെന്നതാണ് പടത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇക്കാപടങ്ങളിലെ ഇപ്പോഴത്തെ സ്ഥിരം എർത്തായ സോഹൻ സീനുലാൽ തകർപ്പനൊരു ഡയലോഗ് ഇക്ക അതിവൈകാരികതയോടെ പറഞ്ഞുനിർത്തുമ്പോൾ "എന്താല്ലേ ഭാഷാശുദ്ധി" എന്നു പറഞ്ഞ് ട്രോളുകയാണ് ചെയ്യുന്നത്.. ക്ലൈമാക്സ് അടുക്കുമ്പോൾ ഷാജോൺ ഡെറിക്കിന്റെ ബുദ്ധി രാക്ഷസീയതയെ കുറിച്ച് ചെറുതായൊന്ന് തള്ളുന്നുണ്ട്. അതൊക്കെ അനുവദിച്ചുകൊടുക്കാൻ പാകത്തിലേ ഉള്ളൂ.. സിദ്ദിഖ്, രൺജി പണിക്കർ എന്നിവർ ലബ്ധപ്രതിഷ്ഠരായ പോലീസ് വേഷങ്ങളിൽ ഉണ്ട്.; കനിഹ എക്സ്-കാമുകിയായ പബ്ലിക് പ്രോസിക്യൂട്ടറായും.. ഇവർക്കൊപ്പം, അബ്രഹാമിന്റെ ബിജിയെം ചെയ്ത ഗോപി സുന്ദർ, സിനിമാറ്റോഗ്രാഫറായ ആൽബി, ചിത്രസം‌യോജകനായ മഹേഷ് നാരായണൻ പടത്തെ മനോഹരമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു..

    (ട്രോളല്ല)

    അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ അബ്രഹാമിന്റെ സന്തതികൾ വളരെക്കാലങ്ങൾക്കുശേഷമുള്ള ഇക്കയുടെ ക്ലീൻ ഹിറ്റാവും എന്ന് മനസ്സുപറയുന്നു.. കാരണം, കണ്ടിറങ്ങുന്നവരുടെ മുഖത്ത് അങ്ങനെ ഒരു സംതൃപ്തി ഉണ്ട്. (ട്രോളല്ല)

    ചുരുക്കം: മികവുറ്റ ആക്ഷന്‍ ചിത്രമാണിത്. പ്രേക്ഷകരെ വെറുപ്പിക്കാതെ മുഴുനീളം ചിത്രം കാണുന്നതിന് കഥാഗതികളിലുള്ള ട്വിസ്റ്റുകള്‍ അവസരമൊരുക്കുന്നു.

    English summary
    Abrahaminte Santhathikal movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X