»   » ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ഡോണ്ട് മിസ്സിറ്റ്... ശൈലന്റെ റിവ്യൂ!!

ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ഡോണ്ട് മിസ്സിറ്റ്... ശൈലന്റെ റിവ്യൂ!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ആസിഫ് അലിയെ നായകനാക്കി നവാഗതനായ രോഹിത് സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രമാണ് 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'. സംവിധായകാനായ രോഹിത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭാവനയാണ് നായിക. ആസിഫ് അലി ടൈറ്റിൽ റോളിലെത്തുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശൈലൻ എഴതുന്ന റിവ്യൂ.

ഫീൽഗുഡിന്റെ ഗുസ്തിക്കളത്തിൽ കാണികളെ മലർത്തിയടിച്ച് നായികയും രഞ്ജി പണിക്കരും.. ശൈലന്റെ ഗോദ റിവ്യൂ!!!

ദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ്

ബാഹുബലി വന്നപ്പോൾ ബ്രഹ്മാണ്ഡ സിനിമകൾ കൊച്ചു മലയാളസിനിമകളുടെ കഴുത്തു ഞെരിച്ചുകൊല്ലുന്നേ എന്ന് നിലവിളിച്ച് ഓരിയിട്ടുനടന്ന ഒരുപാട് കപടസിനിമാസ്നേഹികൾ ഉണ്ട്.. അത്തരക്കാർക്ക് തങ്ങളിൽ എത്രമാത്രം ആത്മാർത്ഥത ഉണ്ടായിരുന്നു എന്ന് തെളിയിക്കാനുള്ള ഒരു അവസരം ഇതാ കൈ വന്നിരിക്കുന്നു.. ഈ ആഴ്ച കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുന്ന 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' നിങ്ങൾ ഉദ്ദേശിക്കുന്ന സിനിമയാണ്.. ബാഹുബലിയെ ചൊറിഞ്ഞും മാന്തിയും നിൽക്കാതെ ഓമനക്കുട്ടൻ കളിക്കുന്ന തിയേറ്ററുകളിലേയ്ക്ക് എത്രയും പെട്ടെന്ന് പൊയ്ക്കൊള്ളുക. നിങ്ങൾ ഉദ്ദേശിക്കുന്ന പുതുമ ഇതിൽ ഉറപ്പായും ഉണ്ട്.

മലയാളസിനിമ പൊതുവെ സഞ്ചരിക്കുന്ന വഴികളിലൂടെയല്ല രോഹിത് വി എസ്‌ എന്ന സംവിധായകൻ തന്റെ ആദ്യസിനിമയിൽ ഓമനക്കുട്ടന്റെ അഡ്വഞ്ചറുകളെ മുന്നോട്ട് കൊണ്ടുപോവുന്നത്.. തീമിനും സ്ക്രിപ്റ്റിനും സംഭവങ്ങൾക്കുമെല്ലാാം ഉപരി ഓമനക്കുട്ടൻ എന്ന ക്യാരക്റ്ററിലൂടെയാണ് സിനിമ വളരുന്നത്.. മലയാളത്തിൽ മുൻ മാതൃകകൾ (ഇല്ലാത്ത തമിഴിലും ഹിന്ദിയിലും വല്ലപ്പോഴുമൊക്കെ കണ്ടിട്ടുള്ള ഒരു മെയ്ക്കിംഗ് സ്റ്റൈൽ രോഹിത് പടത്തിലുടനീളം ഫോളോ ചെയ്യുന്നുണ്ട്.. ആദ്യസിനിമയിൽ തന്നെ തന്റേതായ ഒരു കയ്യൊപ്പിടാനാവുക എന്നത് ഒരു ചെറിയ കാര്യമല്ല. രോഹിതിന് അതിന് കഴിഞ്ഞിരിക്കുന്നു എന്നതാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ഫ്രെഷ്നെസും വിജയവും.

അപകർഷതാബോധവും മറ്റനേകം പേരറിയുന്നതുമറിയാത്തതുമായ കോമ്പ്ലക്സുകളും ഉള്ള ഒരു പാവം ചെറുപ്പക്കാരനാണ് ഓമനക്കുട്ടൻ. അയാളുടെ ശരീരഭാഷ തന്നെ വളരെ വിചിത്രമാണ്. (എന്നാൽ നിത്യജീവിതത്തിൽ വല്ലപ്പോഴുമൊക്കെ നമ്മൾ ഇത്തരം മനുഷ്യരെ കണ്ടുമുട്ടിയിട്ടുണ്ടാവും എന്നുറപ്പ്). പരിഭ്രമത്തോടെയും തപ്പിത്തടച്ചിലോടെയും ആണ് അയാൾ മറ്റുള്ളവരോട് എല്ലായ്പ്പോഴും ഇടപഴകുന്നത്. സംഭ്രമമാണ് അയാളുടെ ജീവിതത്തിന്റെ ആകെത്തുക...

ക്ലിന്റോണിക്ക എന്ന ഹെയർ ഓയിൽ കമ്പനിയിലെ എക്സിക്യൂട്ടീവായ ഓമനക്കുട്ടന്റെ ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളെ ഫോളോ ചെയ്യുകയാണ് ആദ്യപാതി മുഴുവൻ. ഒന്നരമണിക്കൂറോളമുള്ള ഈ ഓമനക്കുട്ടചരിതം സൗണ്ട് ഡിസൈനിങ്ങിന്റെയും ബീജിയെമ്മിന്റെയും കൊളാഷ് കട്ടിംഗിന്റെയും മാക്സിമം സാധ്യതകളിലൂടെ അനുഭവമാക്കി മാറ്റുന്നുണ്ട് സംവിധായകൻ.

ഇങ്ങനെ ഡീറ്റൈൽ ചെയ്യപ്പെട്ട ക്യാരക്റ്ററുകൾ മുൻപുണ്ടായിട്ടുണ്ടോ എന്നുപോലും ചിന്തിപ്പിക്കും വിധത്തിൽ ആണ് ആദ്യപാതിയിലെ ഓമനക്കുട്ടന്റെ സഞ്ചാരപഥങ്ങളും . ഫസ്റ്റ് ഹാഫ് അവസാനിക്കുമ്പോൾ ഇടവേള എന്നോ ഇന്റർവെൽ എന്നോ എഴുതിക്കാണിക്കുന്നതിനുപകരം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നെഴുതിക്കാണിച്ചുകൊണ്ടാണ് സംവിധായകൻ കാണികളെ ചായകുടിക്കാൻ പുറത്തേക്ക് വിടുന്നത്.. തുടക്കത്തിൽ പടത്തിന്റെ പേര് എഴുതിക്കാണിച്ചില്ലല്ലോ എന്ന് അപ്പോഴാവും മിക്കവരും ഓർക്കുക

അങ്ങനെയൊരു ശീർഷകമെഴുതിക്കാണിക്കൽ കേവലം പുതുമയ്ക്ക് വേണ്ടിയുള്ള ഒരു വെറും നമ്പർ മാത്രമായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് രണ്ടാം പകുതിയിൽ സിനിമ മാറി മറിയുന്നത്.. യഥാർത്ഥ അഡ്വഞ്ചറുകൾ ആരംഭിക്കുന്നത് അവിടെയാണ്.. ആദ്യപകുതിയിൽ ക്യാരക്റ്ററിന്റെ മൈന്യൂട്ട് ഡീറ്റയിലിംഗ് കണ്ട് പടം മൊത്തം ഈവിധമായിരിക്കുമെന്ന് കരുതി ഇന്റർവെലിന് ഇറങ്ങിപ്പോയവരെ നിഷ്കളങ്കരെന്നോ അപ്പാവികളെന്നോ വിളിക്കാം.. അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെയും സംഭവപരമ്പരകളിലൂടെയുമാണ് പിന്നീട് പടത്തിന്റെയും ഓമനക്കുട്ടന്റെയും മുന്നോട്ട് പോക്ക്.

ഒടുവിലൊടുവിൽ എത്തുമ്പോൾ പ്രേക്ഷകന് കൺഫ്യൂഷൻ ജനിപ്പിക്കും വിധം പുതുമയോടെയാണ് സംവിധായകൻ തുരുപ്പുകൾ പുറത്തേക്കെടുക്കുന്നത്. ട്വിസ്റ്റുകൾ അപ്രതീക്ഷിതമാവുമ്പോഴും അവ വിശ്വസനീയമായിരിക്കുന്നതുകൊണ്ട് തിയേറ്ററിൽ ഒട്ടും പ്രതീക്ഷിക്കാത്ത തരം പൊട്ടിച്ചിരി ഉല്പാദിപ്പിക്കാൻ അവയ്ക്ക് കഴിയുന്നത് കൊണ്ടുമാണ് പടം വേറെ ലെവലായി മാറുന്നത്.

ആസിഫ് അലി എന്ന നടന് തന്റെ ഇതുവരെയുള്ള കരിയറിൽ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഓമനക്കുട്ടൻ.. സ്ക്രീനിൽ ജീവിക്കുന്നു എന്ന ക്ലീഷെ പ്രയോഗത്തെ അക്ഷരം പ്രതി ശരിവെക്കും മട്ടിലാണ് ഓമനക്കുട്ടന്റെ മൈന്യൂട്ടുകളെ ആസിഫ് ഫോളോ ചെയ്യുന്നത്.. ജയസൂര്യയെപ്പോലുള്ള നടന്മാർ ഇത്തരം ചില ക്യാരക്റ്ററുകളെ മുൻപ് ചെയ്തപ്പോൾ കാണിച്ച പരാക്രമവുമൊക്കെയായി കമ്പയർ ചെയ്യുമ്പോൾ ആസിഫ് അലിയുടെ തിളക്കം ഒന്നുകൂടി വർധിക്കുന്നുണ്ട്.. ആദ്യപാതിയിലെ സ്ഥായീഭാവത്തിൽ നിന്ന് പിന്നീട് ഓമനക്കുട്ടന്റെ ക്യാരക്റ്ററിന് വന്നും പോയുംകൊണ്ടിരിക്കുന്ന ഡീവിയേഷൻസ് എത്ര സമർത്ഥമായിട്ടാണ് ആസിഫ് ചെയ്തു ഫലിപ്പിച്ചിരിക്കുന്നത് എന്ന് കണ്ട് തന്നെ അനുഭവിക്കേണ്ടതാണ്..

ഭാവന, സിദ്ദിഖ്, ഷാജോൺ..

ഓമനക്കുട്ടന്റെ ജീവിതത്തിലേക്ക് ഇടപെടുന്നവരായിട്ടാണ് മറ്റു ക്യാരക്റ്ററുകളെ സ്പെയ്സ് ചെയ്തിരിക്കുന്നത്.. രണ്ടാം പകുതിയുടെ ഗ്രെയ്സിൽ ഭാവനയ്ക്കും പല്ലവി എന്ന കഥാപാത്രത്തിനും നിർണായക പങ്കുണ്ട്.. ഷാജോൺ വിനായക ഹെഗ്ഡെ എന്ന എസ്പിയായി കിടുക്കി. സിദ്ദിഖ് എന്ന നടൻ നന്നായി എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.. സൈജു,അജു വർഗീസ്, ശിവജി, വികെപി എന്നിവരും ഉണ്ട്..

സംവിധായകൻ രോഹിത് വി എസ്‌ ഉൾപ്പടെ പടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ് എന്നതാണ് എടുത്തുപറയേണ്ട ഒരുകാര്യം.. സ്ക്രിപ്റ്റ്- സമീർ അബ്ദുൽ, ക്യാമറ- അഖിൽ ജോർജ്, എഡിറ്റിംഗ്- ലിവിംഗ്സ്റ്റൺ, മ്യൂസിക്- അരുൺ മുരളീധരൻ.,ബാക്ഗ്രൗണ്ട് സ്കോർ- ഡോൺ വിൻസന്റ് തുടങ്ങി എല്ലാരും പുതുക്കക്കാരെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത മട്ടിൽ പ്വൊളിച്ചു.. പടത്തിന് കൈവന്ന ഫ്രെഷ്നസ് സ്വാഭാവികം.. ഇത്തിരി ലെങ്ത് കൂടിപ്പോയി (രണ്ടേമുക്കാൽ മണിക്കൂർ) എന്നൊരു കുറവ് മാത്രമേ എടുത്ത് പറയാണുള്ളൂ..

പുതുമയുള്ള കൊച്ചുമലയാളസിനിമകൾ ഉണ്ടാവുന്നില്ല.. പരീക്ഷണങ്ങൾക്കായി ആരും മെനക്കെടുന്നില്ല എന്നിക്കെയുള്ള രോദനങ്ങളിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ബാഹുബലിയെ തെറി പറഞ്ഞ് നിൽക്കാതെ തിയേറ്ററിലേക്ക് പോയി ഇത്തരം സിനിമകളെ പ്രോൽസാഹിപ്പിക്കുക.. ടോറന്റിൽ പ്രിന്റ് വരുമ്പോഴുള്ള സ്യൂഡോ നെടുവീർപ്പിടലുകൾ ആർക്കും ഗുണം ചെയ്യുന്നതല്ല.. ബാഹുബലിയും കബാലിയുമൊന്നുമല്ല കൊച്ചുസിനിമകളുടെ ശാപം.. ഇത്തരം സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ മുഖംതിരിഞ്ഞ് നിൽക്കുന്ന മലയാളിപ്രേക്ഷകർ തന്നെയാണ്.. ഇന്നലെ രോഹിത് ഇട്ട എഫ്ബി പോസ്റ്റ് സാക്ഷ്യം.

English summary
Adventures Of Omanakuttan movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam