മാഫിയ ചാപ്റ്റർ 1: സ്റ്റൈലിഷ് കാർത്തിക് നരേൻ, സ്റ്റൈലൻ അരുൺ വിജയ് — ശൈലന്റെ റിവ്യൂ
ശൈലൻ
സിനിമാ ആസ്വാദനത്തിൽ സംവിധായകന്റെ ജനന സർട്ടിഫിക്കറ്റ് നിർണായകമായ ഘടകമല്ല. പക്ഷെ 2016 -ൽ ധ്രുവങ്ങൾ 16 എന്ന സിനിമ ശ്രദ്ധേയമായപ്പോൾ അതിന് കൂടുതൽ കൗതുകം പകർന്നത് സംവിധായകനായ കാർത്തിക് നരേൻ ഇരുപത്തൊന്ന് വയസുകാരനാണെന്ന കാരണം കൊണ്ടായിരുന്നു. അതിന് ശേഷം നരകാസൂരൻ എന്ന പേരിൽ കാർത്തിക് സിനിമ ചെയ്തു. എന്നാൽ നിർമാതാവായ ഗൗതം മേനോന്റെ സാമ്പത്തിക പ്രതിസന്ധികൾ മൂലം ചിത്രം ഇതുവരെ പുറത്തെത്തിയിട്ടില്ല. അതിനിടെ പൂർത്തിയാക്കിയ മൂന്നാം സിനിമയായ 'മാഫിയ ചാപ്റ്റർ ഒന്നു'മായി ഈയാഴ്ച കാർത്തിക് നരേൻ വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുന്നു.

അരുൺ വിജയ്, പ്രസന്ന, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മാഫിയ ഒന്നാം ചാപ്റ്ററിലെ പ്രധാന താരങ്ങൾ. ഇവരെ വെല്ലുന്ന ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് പ്രകടനവുമായി നമ്മടെ ജേക്ക്സ് ബിജോയുമുണ്ട്. ക്യാമറ ഗോകുൽ ബിനോയ്, എഡിറ്റർ ശ്രീജിത് സാരംഗ് എന്നിവർക്കുമുണ്ട് പടത്തിന്റെ മേക്കിംഗിൽ നിർണായക പങ്ക്. മാഫിയ എന്നും ചാപ്റ്റർ ഒന്ന് എന്നുമൊക്കെ കേൾക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ഐറ്റം തന്നെയാണ് കാർത്തിക് നരേൻ സ്‌ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്.

നാളിതുവരെയുള്ള എല്ലാ ഭാഷകളിലെയും ഗ്യാങ്സ്റ്റർ സിനിമകളുടെ സ്വാധീനം ഇതിലുണ്ട്. ഒരു ഇരുപത്തഞ്ചുകാരന്റെ മേക്കിംഗിന്റെ സ്മാർട്ട്നെസും ബാലിശതകളും ചിത്രത്തിൽ കാണാം. ഇതേസമയം, ഫ്രഷ്നസ് അധികമൊന്നും ഇല്ല താനും.
രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള മാഫിയ ഒന്നാം ചാപ്റ്റർ തീർത്തും പതിയെയാണ് മുന്നോട്ട് പോവുന്നത്. പ്രധാന ക്യാരക്ടറുകളുടെ സ്റ്റൈലിഷ് ഇൻട്രോയാണ് ഈ സമയത്ത് നടക്കുന്നത്. തമിഴ് നാട്ടിൽ കൗമാരക്കാർക്കിടയിൽ ചെലവായി പോവുന്ന നാർക്കോട്ടിക് ഡ്രഗ്‌സിന്റെ സ്റ്റാറ്റിസ്റ്റിക്‌സും അതിന്റെ ഭയാനകതയുമൊക്കെ അതിനിടയിൽ വന്നുപോകും.

തമിഴ്നാട് സ്‌റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തലവൻ ആര്യനാണ് ഇവിടെ സംസ്ഥാനത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ഇറങ്ങിയിരിക്കുന്നത്. സത്യ, വരുൺ എന്നിങ്ങനെ രണ്ട് സഹപ്രവർത്തകരും ആര്യനുണ്ട്. ഒരു പ്രത്യേകഘട്ടത്തിൽ ഇവർക്ക് മനസിലാവുകയാണ്, ഡികെ എന്ന് വിളിക്കപ്പെടുന്ന ബിസിനസ് മാഗ്നറ്റായ ദാമോദർ കുമരനാണ് സംസ്ഥാനത്തെ ഡ്രഗ് ഗോഡ് എന്ന്. അറിഞ്ഞത് പാതി അറിയാത്തത് പാതി വച്ച് ദാമോദരനെ പൊളിക്കാൻ ഇറങ്ങുന്നു മൂവരും.

സ്റ്റൈലിഷ്നെസ്നെസ് കൊണ്ടും സ്‌ക്രീൻ പ്രസൻസ് കൊണ്ടും അരുൺ വിജയും പ്രസന്നയും പൊളിച്ചു പോർ വിളിക്കുന്ന കാഴ്ചയാണ് മാഫിയയുടെ ഒരു ഹൈലൈറ്റ്. എന്നാൽ ലുക്കും സ്ലോ മോഷനിൽ നടപ്പും മാത്രമേ ഉള്ളൂ രണ്ടിനും. നീക്കങ്ങളുടെ കാര്യത്തിൽ രണ്ടും ഒന്നിനൊന്ന് മണ്ടന്മാരാണ്. ഒരു തനി ഒരുവൻ ലെവൽ ബ്രെയിൻ ഗെയിമെങ്കിലും പ്രതീക്ഷിക്കുന്ന പ്രേക്ഷകരെയും രണ്ട് പേരും കൂടെ വിഡ്ഡികളാക്കി കളയും.

തുറസായ സ്ഥലത്തെ പഴയ ഗോഡൗണിൽ തീർത്തും അലസമായി മില്യൺ കോടിയുടെ മയക്ക് മരുന്ന് പുഴമണൽ പോലെ സൂക്ഷിച്ച് മൂന്ന് മണ്ടൻ ഗുണ്ടകളെ കാവൽ നിർത്തിയിരിക്കുന്ന ഗ്യാങ്സ്റ്റർ ഗോഡും അച്ഛന്റെ ബൈക്കുമായി നമ്പർ പോലും മറയ്ക്കാതെ വില്ലന്റെ താവളത്തിൽ നിരീക്ഷണത്തിന് പോകുന്ന സ്റ്റേറ്റ് ആന്റി - നാർക്കോട്ടിക് ചീഫും ഒക്കെ നല്ല കോമഡി ആവുന്നുണ്ട്. ശൂ.. ന്നങ്ങോട്ട് പടം തീർന്നുപോയെങ്കിലും ക്ളൈമാക്സിലെ വെൽ എക്സിക്യൂട്ടഡ് ആക്ഷനും അതിനുശേഷം വരുന്ന ഒരു മ്യാരകട്വിസ്റ്റും പടത്തെ ചെറുതായിട്ട് രക്ഷിച്ചെടുക്കുന്നു.

ട്വിസ്റ്റിൽ അവതരിക്കപ്പെടുന്ന പുതിയ വില്ലൻ ഡെക്സ്റ്റർ (കോബ്രാ) രണ്ടാം ചാപ്റ്ററിൽ പൂണ്ട് വിളയാടാനായി അർമാദിച്ച് നിൽക്കവേ ഒന്നാം ചാപ്റ്ററിന് പതുക്കെ കർട്ടൻ വീഴുന്നു. രണ്ടാം ചാപ്റ്ററിന്റെ ഒരു ട്രെയിലർ പോലെയാണ് കാർത്തിക് നരേൻ ഒന്നാം ചാപ്റ്ററിനെ ഒരുക്കിയിരിക്കുന്നത് എന്നർത്ഥം.
എന്നാൽ കെജിഎഫിലോ ബാഹുബലിയിലോ എന്തിന് അയ്യപ്പനും കോശിയിലുമോ സൃഷ്ടിക്കപ്പെടുന്ന ഒരു ഉത്സുകത പ്രേക്ഷകനിൽ അവശേഷിപ്പിക്കാൻ ഒന്നാം ചാപ്റ്ററിന് കഴിഞ്ഞുമില്ല. കണ്ടുകൊണ്ടിരിക്കുമ്പോൾ കൊള്ളാം. നല്ല കളറാണ്. സ്മാർട്ടാണ്. ബിജിഎം ആണെങ്കിൽ പൊളിയുടെ വല്യാപ്പയാണ്. പക്ഷെ കണ്ടിറങ്ങി കഴിഞ്ഞാലോ നിറയെ കല്ലുകടിയുമാണ്.
സ്റ്റൈലിഷ് (സ്റ്റൈൽ മാത്രേ ഉള്ളൂ) എന്ന് അടിവര


Click it and Unblock the Notifications











