For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അരണയുടെ ഓർമ്മയുമായൊരു രജനികാന്ത്.. ചിരിക്കാൻ വകയുണ്ട്! ശൈലന്റെ റിവ്യൂ

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

  Rating:
  2.5/5
  Star Cast: Arya, Sayyeshaa
  Director: Santhosh P Jayakumar

  തമിഴ് നടന്‍ ആര്യ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് ഗജനികാന്ത്. സന്തോഷ് പി ജയകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയത് ചിത്രം ആഗസ്റ്റ് 3 ന് റിലീസിനെത്തിയിരിക്കുകയാണ്. സയേഷയാണ് ചിത്രത്തിലെ നായിക. സതീഷ്, മൊട്ട രാജേന്ദ്രന്‍, കരുണാകരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  രാമനാഥനും ഭാര്യയും 1988ൽ ധർമ്മത്തിൻ തലൈവൻ എന്ന രജനി സിനിമ കണ്ടുകൊണ്ടിരിക്കെ ആണ് ഭാര്യയ്ക്ക് പ്രസവവേദന ഉണ്ടാവുന്നത്. അങ്ങനെ ജനിക്കുന്ന കഥാനായകന് കടുത്ത രജനി ആരാധകനായ അച്ഛൻ ആരാധന മൂത്ത് രജനികാന്ത് എന്ന് തന്നെ പേര് വെക്കുന്നു. ധർമ്മത്തിൻ തലൈവനിലെ രജനി ക്യാരക്റ്ററിനെപ്പോൽ ആബ്സന്റ് മൈൻഡഡ് ആയ നായകൻ വളർന്ന് യുവാവായി മാറുമ്പോഴേക്ക് മറവിയും മൈൻഡ് ഡീവിയേഷനും സൂര്യയുടെ ഗജനി ലെവലിൽ എത്തുന്നത് കാരണം നിരന്തരം കുഴപ്പങ്ങളിൽ ചെന്നു ചാടുമ്പോൾ ഗജനികാന്ത് എന്ന് വിളിപ്പേര് വീഴുകയാണ്. ആര്യ നായകനായി വന്നിരിക്കുന്ന ഗജിനികാന്ത് എന്ന സിനിമയുടെ കഥാസാഹചര്യങ്ങൾ ഇമ്മട്ടിലാണ്..

  മറവിയുടെയും ഓർമ്മപ്പിഴവിന്റെയും ഭയാനകവായ വേർഷനുകൾ തുടർന്നു കൊണ്ടേയിരിക്കുന്നത് കാരണം പ്രണയവും കല്യാണവുമൊന്നും ശരിയാവാത്ത ഗജനികാന്തിനെ അച്ഛനും അമ്മയും വരെ കയ്യൊഴിഞ്ഞ മട്ടാണ് . സ്വാഭാവികമായും സിനിമ നടക്കുന്ന രണ്ടേകാൽ മണിക്കൂർ നേരത്തിൽ അവന്റെ ലൈഫിലേക്ക് സുന്ദരിയായ ഒരു നായിക വരുമെന്ന് നമ്മൾക്കറിയാം. അതിലൂടെയുള്ള പ്രശ്നങ്ങളുമായി സിനിമ മുന്നോട്ടു പോവുന്നു..

  ക്ലീഷെകളാൽ സമ്പന്നമാണ് ഗജനികാന്തിന്റെ നായികയും പ്രണയവും നായികന്റെ അപ്പനുമായുള്ള പ്രശ്നവും വില്ലനും ക്ലൈമാക്സും എല്ലാമെങ്കിലും ഒരു എന്റർടൈനർ എന്ന നിലയിൽ അത്രയൊന്നും മുഷിച്ചിൽ കൂടാതെ എടുത്തിട്ടുണ്ട്. കോമഡികൾ പലതും ചളി, വളിപ്പ് നിലവാരത്തിലേക്ക് പോവുന്നുണ്ടെങ്കിലും തിയേറ്ററിൽ അത്യാവശ്യം ഓളമുണ്ടാക്കുന്നുണ്ട് സംഭാഷണങ്ങളും സന്ദർഭങ്ങളും.

  ഇരുട്ടു അറൈയിൽ മുരട്ടുക്കുത്ത് എന്ന ഒരു ഗുഡ് ഫോർ നത്തിംഗ് അഡൾട്ട് കോമഡി വന്നിട്ട് രണ്ടു മൂന്നു മാസമേ ആയിട്ടുള്ളൂ.. അതിന്റെ ഡയറക്ടർ ആയ സന്തോഷ് പി ജയകുമാർ തന്നെയാണ് ഗജനികാന്തും തയാർ ചെയ്തിരിക്കുന്നത്. വിക്കിപേജ് പോലുമില്ലാത്ത മച്ചാൻ പുട്ടുചുട്ടെടുക്കുമ്പോലെയാണ് പടങ്ങൾ സംവിധാനം ചെയ്യുന്നത് എന്നു തോന്നുന്നു. ദോഷം പറയരുതല്ലോ മുരട്ടുക്കുത്തിനെ വച്ചുനോക്കുമ്പോൾ ഗജനികാന്ത് ലോക ക്ലാസിക് തന്നെയാണ്.

  കളർഫുളായ ഫ്രെയിമുകൾ , അതിൽ കളർഫുള്ളായി വിന്യസിച്ചിരിക്കുന്ന വസ്തുക്കൾ, ക്യാരക്റ്ററുകൾ. കളർഫുള്ളായ നായികയുടെ കളർഫുള്ളായ കോസ്റ്റ്യൂമുകളും ഫിറ്റിംഗ്സുകളും സോംഗ് സീക്വൻസുകളും ഒക്കെ ചേർന്ന് ആകെ മൊത്തം കണ്ണിനും കാഴ്ചകൾക്കുമൊരുൽസവം തന്നെയായിട്ടാണ് സന്തോഷ് പി ജയകുമാർ പടം ഒരുക്കിയിരിക്കുന്നത്. കമ്പിക്കോമഡി ഡയലോഗുകളൊന്നും എവിടെയും കടന്നുവരാതിരിക്കാൻ ശ്രദ്ധിച്ച് തന്റെ ഇമേജ് അഴിച്ചു പണിയാനും സന്തോഷ് ശ്രമിക്കുന്നുണ്ട്..

  നാനി നായകനായി തെലുങ്കിൽ ഹിറ്റായ "ഭല്ലെ ഭല്ലേ മഗാദിവോയ്" എന്ന സിനിമയുടെ റീമേക്ക് ആണ് ഇത് എന്നതിനോടൊപ്പം ആര്യ നാനിയുടെ പത്തിലൊന്ന് പോലും നന്നായിട്ടില്ല എന്നൊരാരോപണവും കേട്ടിരുന്നു.. ഒറിജിനൽ കാണാത്തതോണ്ട് ആര്യയിൽ അത്ര കുഴപ്പമൊന്നും തോന്നിയില്ല. നമ്മടെയൊരു കോമൺസെൻസ് വച്ച്, തിയേറ്ററിൽ കേറുമ്പോൾ , ഈ പടത്തിൽ നിന്നെന്നപോൽ ആര്യയിൽ നിന്നും പ്രതീക്ഷിക്കുന്നതിന് ഒരു പരിധിയൊക്കെ ഉണ്ടാവുമല്ലോ..

  സയേഷാ സൈഗാളിന്റെതായി മൂന്നാഴ്ചക്കുള്ളിൽ മൂന്നാമത്തെ സിനിമയാണ് കാണുന്നത്. കടൈക്കുട്ടി സിങ്കത്തിൽ സ്ക്രീനിലെ ആൾക്കൂട്ടത്തിനിടയിൽ ആ ഫെയ്സ് രജിസ്റ്റർ ചെയ്തതേയില്ല. ജുങ്കയും കഴിഞ്ഞ് ഗജനികാന്തിൽ എത്തിയപ്പോഴേക്ക് സയേഷ തമിഴ് മസാലകൾക്ക് വേണ്ട ടിപ്പിക്കൽ "ലൂസുപ്പൊണ്ണ്" ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടിരിക്കുന്നു. തമിഴ്പടത്തിൽ അമുദൻ എണ്ണിയെണ്ണിപ്പറഞ്ഞ ലൂസുപ്പൊണ്ണിന് വേണ്ട ടിപ്പിക്കൽ ഫീച്ചേഴ്സ് എല്ലാം സയേഷയുടെ വന്ദനയ്ക്ക് ഉണ്ട്.

  അത് കാണാൻ ചെല്ലുമ്പോൾ അതും രസമാണ് ; ആര്യയുടെ ഗജനികാന്തായാലും സയേഷയുടെ ലൂസുപ്പൊണ്ണായാലും..
  ദാറ്റ്സ് ഓൾ!!!!

  English summary
  Arya's Ghajinikanth movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X