»   » അയാൾ ജീവിച്ചിരിപ്പുണ്ട് നിരൂപണം: ജീവിച്ചിരിക്കുന്നു എന്ന് അടയാളപ്പെടുത്തലാണ്‌ ഓരോരുത്തരുടെയും ജീവിതം

അയാൾ ജീവിച്ചിരിപ്പുണ്ട് നിരൂപണം: ജീവിച്ചിരിക്കുന്നു എന്ന് അടയാളപ്പെടുത്തലാണ്‌ ഓരോരുത്തരുടെയും ജീവിതം

Posted By: ശൈലൻ
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

ഭാഷയുണ്ടായിട്ടും കഥയില്ലാതലയുന്ന ഒരു എഴുത്തുകാരനും കഥയുണ്ടായിട്ടും ഭാഷയറിയാതെ വട്ടം കറങ്ങുന്ന ഒരു മീൻപിടുത്തക്കാരനും തമ്മിൽ ഗോവയിൽ വച്ച് യാദൃച്ഛികമായി ഉരുവാകുന്ന ബന്ധവും അവർ ജീവിതത്തെ പരസ്പരം പൂരിപ്പിക്കുന്നതുമാണ് "അയാൾ ജീവിച്ചിരിപ്പുണ്ട്" എന്ന സിനിമയുടെ പ്രമേയം..

ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!

കൊമേഴ്സ്യൽ സിനിമയിൽ നിന്നും വരുന്ന ആളായിട്ടും‌ ഡ്രമാറ്റിക് എലമെന്റുകളും വാണിജ്യമസാലകളും പരമാവധി ഒഴിച്ചുനിർത്തിയാണ് വ്യാസൻ കെ പി തന്റെ ആദ്യസംവിധാനസംരംഭം ഒരുക്കിയിരിക്കുന്നത്.

ayal-jeevichirippund

മറ്റാരായിരുന്നാലും സുന്ദരിയായ ഹൈക്ലാസ് എഴുത്തുകാരിയും ഇരുണ്ടകളറുള്ള ലോക്ലാസ് യുവാവുമായുള്ള കണ്ടുമുട്ടലും റിലേഷനും പിന്നെ പതിയെ പുരോഗമിച്ചുണ്ടാകുന്ന പ്രണയവും സ്വപ്നവും വിരഹവും പുന:സമാഗമവുമൊക്കെയായി കൊഴുപ്പിക്കുമായിരുന്ന ഒരു ത്രെഡിനെ വ്യാസൻ രണ്ടു പുരുഷന്മാർ തമ്മിലുള്ള സൗഹൃദമായി ഒതുക്കിപ്പറഞ്ഞിരിക്കുന്നു...

'അപരിചിതർ ആയി ആരുമില്ല.. കണ്ടുമുട്ടാൻ വൈകിപ്പോവുന്ന സുഹൃത്തുക്കൾ മാത്രമേ ഈ ലോകത്തിലുള്ളൂ' - എന്ന വാചകം എഴുതിക്കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ സൗഹൃദത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നതും...

ayal-jeevichirippund

വിജയ്ബാബു എന്ന നടന് ഇതുവരെ കിട്ടിയിരിക്കുന്നതിൽ തെളിച്ചമുള്ള ഒരു ക്യാരക്റ്റർ ആണ് ജോൺ മാത്യൂ മാത്തൻ എന്ന എഴുത്തുകാരന്റെത്. അയാൾ അത് ഒതുക്കത്തോടെ കൈകാര്യം ചെയ്യുന്നു.. അനൂപ് മേനോനെങ്ങാനുമായിരുന്നു ഈ റോളിൽ എങ്കിൽ എന്തൊക്കെ ഗീർവാണമടികൾ സഹിക്കേണ്ടിവരുമായിരുന്നു എന്ന് വെറുതെ തിയേറ്ററിൽ ഇരുന്നപ്പോൾ ഓർത്തപ്പോൾ തന്നെ പുളകം കൊണ്ടു..

കമ്മട്ടിപ്പാടത്തിലൂടെ സംസ്ഥാന‌ അവാർഡ് തിളക്കവുമായി നിൽക്കുന്നതിനിടെ, കിട്ടിയ ആദ്യത്തെ മുഴുനീളവേഷം സ്വാഭാവികമായും മണികണ്ഠനും മിന്നിച്ചു.. ഏച്ചുകെട്ടിയ നായികയോ കോമഡിക്കായി ഫിറ്റ് ചെയ്ത അഡീഷണൽ ക്യാരക്റ്ററുകളോ സിനിമയിൽ ഇല്ല. നാളിതുവരെ സീരിയസ് റോളുകൾ മാത്രം ചെയ്ത ഹരീഷ് പേരടി കോമഡി ട്രാക്കിലേക്ക് മാറുന്നുണ്ട്..

ayal-jeevichirippund

ഗോവയുടെ കണ്ടുപരിചിതമല്ലാത്ത ലൊക്കേഷനുകളിലൂടെയും ഫ്രെയ്മുകളിലൂടെയും ആണ് കഥ പുരോഗമിക്കുന്നത്.. സിനിമ ഇറങ്ങുന്നതിന് 3ദിവസം മുൻപ് എന്ന മട്ടിൽ, 2017 മാർച്ച് 7ന് എന്നമട്ടിൽ സിനിമ തുടങ്ങുന്നതും ക്ലൈമാക്സിലേക്ക് കട്ട് ചെയ്യുന്നതും പുതുമയായിത്തോന്നി...ഒരിടവേളക്ക് ശേഷം തിരിച്ചുവരുന്ന ഔസേപ്പച്ചന്റെ പാട്ടുകളും ബീജിയെമ്മും എടുത്തുപറയേണ്ടതാണ്...

ജീവിച്ചിരിക്കുന്നു എന്ന് അടയാളപ്പെടുത്തൽ തന്നെയാണ്‌ ഓരോരുത്തരുടെയും ജീവിതം നേരിടുന്ന വെല്ലുവിളി.. വാസ്കോ ഡ ഗാമ കേരളത്തിൽ വന്നപ്പോൾ ഏതുഭാഷയിലാവും സംസാരിച്ചിട്ടുണ്ടാവുക എന്നൊരു ചോദ്യവുമായി വന്ന ഈ സിനിമയുടെ ടീസർ ശ്രദ്ധേയമായി തോന്നിയിരുന്നു.. മരിച്ചുകഴിഞ്ഞാൽ നമ്മളൊക്കെ ഏതു ഭാഷയാവും സംസാരിക്കുക എന്നൊരു സംശയം ഇപ്പോൾ വെറുതെ വന്ന് ചങ്കിൽ മുട്ടുന്നുണ്ട്.

English summary
Ayal Jeevichirippund Movie Review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam