»   » രോമമുള്ളവർക്കൊന്നും രോമാഞ്ചപ്പെടാതിരിക്കാനാവില്ല ബാഹുബലിയുടെ ഈ കൺക്ലൂഷനിൽ!! ശൈലന്റെ ലൈവ് റിവ്യൂ!!!

രോമമുള്ളവർക്കൊന്നും രോമാഞ്ചപ്പെടാതിരിക്കാനാവില്ല ബാഹുബലിയുടെ ഈ കൺക്ലൂഷനിൽ!! ശൈലന്റെ ലൈവ് റിവ്യൂ!!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

വന്പൻ പ്രതീക്ഷകളോടെ തീയറ്ററിൽ എത്തിയിരിക്കുകയാണ് ബാഹുബലി 2. ഇന്ത്യൻ സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത വിസ്മയമായിരുന്നു ബാഹുബലി 1ലൂടെ എസ് എസ് രാജമൗലി കാണിച്ചത്. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയുടെ അവസാനഭാഗം തീയറ്ററിൽ എത്തുന്പോൾ ഒന്നിൽ കണ്ടതിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. എങ്കിൽ എങ്ങനെയുണ്ട് ബാഹുബലി 2 എന്ന ദൃശ്യാനുഭവം. - ശൈലൻറെ ലൈവ് റിവ്യൂ.

രണ്ടുവർഷത്തെ കാത്തിരിപ്പ് വെറുതെയല്ല

അങ്ങനെ, കട്ടപ്പ എന്തിന് അമരേന്ദ്ര ബാഹുബലിയെ കൊന്നുവെന്ന രണ്ടുകൊല്ലത്തോളം നീണ്ട ദുരൂഹതയ്ക്ക് ഇന്ന് ഉത്തരമായി..ഞെട്ടിക്കുന്ന ദൃശ്യ-ശബ്ദവിന്യാസങ്ങളുമായി വന്ന് സീരിയൽ മട്ടിൽ സസ്പെൻസിട്ട് 2015 ജൂലൈയിൽ ബാഹുബലി- ദി ബിഗിനിങ് നിർത്തിയേടത്തുനിന്ന് രാജ്മൗലി പൂരിപ്പിച്ചുതുടങ്ങുന്ന ബാഹുബലി ദി കണ്‌ക്ലൂഷൻ‌ എല്ലാ അർത്ഥത്തിലും രണ്ടുവർഷത്തെ ആ കാത്തിരിപ്പിന് പൂർണാർത്ഥത്തിൽ ഉത്തരമേകുന്നതാണ്

ആദ്യഭാഗത്തെ കടത്തിവെട്ടുന്ന സ്ക്രിപ്റ്റും മെയ്ക്കിങും

ഷൂട്ട് ചെയ്തുതുടങ്ങിയ സ്ക്രിപ്റ്റ് ഒരു സിനിമയുടെ സമയത്ത് തീരാഞ്ഞപ്പോൾ മുറിച്ച് വച്ച് അനാവശ്യ സസ്പെൻസുമിട്ട് സൃഷ്ടിച്ചെടുക്കുന്ന രണ്ടാംഭാഗം ഒരു തല്ലിക്കൂട്ടലാകുമോ എന്ന് ചിലരെങ്കിലും ഉറക്കെ സംശയം പ്രകടിപ്പിക്കുന്നത് കേട്ടിരിക്കുന്നു. അത്തരക്കാരുടെ കരണത്തടിക്കുന്ന സ്ക്രിപ്റ്റും മെയ്ക്കിംഗും ആണ് ബാഹുബലി-2 വിന്റെത്.. എല്ലാ അർത്ഥത്തിലും ആദ്യഭാഗത്തെ കടത്തിവെട്ടുന്നത്..

മൂന്ന് മണിക്കൂർ കൊണ്ടൊരു അത്ഭുതം

158 മിനിറ്റുണ്ടായിരുന്ന ബിഗിനിങിന് രാജ്മൗലി കൊടുത്തിരിക്കുന്ന കൺക്ലൂഷൻ മൂന്നുമണിക്കൂർ തികച്ചുണ്ട്.. (സർട്ടിഫിക്കറ്റിൽ 168 മിനിറ്റ് എന്നാണ് കാണിച്ചതെങ്കിലും 8മണിക്ക് തുടങ്ങിയ പടം അവസാനിച്ചപ്പോൾ പതിനൊന്നുമണിയായി) ഒരു മുത്തശ്ശിക്കഥ പറച്ചിലുകാരന്റെ സകലവിധചാതുരിയും ഈ മൂന്നുമണിക്കൂറിൽ രാജ്മൗലി പുറത്തിറക്കുന്നു..

വാ പിളർന്നു ഉള്ളുവിങ്ങിയും മാത്രമേ കാണാനാകൂ

മുത്തശ്ശിക്കഥകൾ ഒരുപാട് കേട്ടുവളർന്നതിലൂടെ സമ്പന്നമായ ഒരുബാല്യമായിരുന്നിരിക്കണം രാജ്മൗലിയുടെത് എന്ന് ആദ്യഭാഗം കണ്ടപ്പോൾ എഴുതിയിരുന്നു.. സ്വയം സൃഷ്ടിക്കുന്ന പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം ഈ വരണ്ടകാലത്തും അമ്പരപ്പിക്കും വിധം സ്ക്രീനിൽ വരഞ്ഞിടാൻ അയാൾക്കാകുന്നു.. ഒരു സാദാ തെലുങ്ക് പടം പോൽ പതിഞ്ഞമട്ടിൽ തുടങ്ങുന്ന കൺക്ലൂഷന്റെ സ്ക്രിപ്റ്റ് വലിഞ്ഞ് മുറുകിമുറുകി ത്രസിപ്പിക്കും മട്ടിൽ ഇന്റർവല്ലാകുന്നതും പിന്നീട് രോമാഞ്ചപ്പെടുത്തും വണ്ണം രണ്ടാം പകുതി പൊട്ടിത്തെറിക്കുന്നതും ഒക്കെ വിസ്മയത്തോടെയും വായ് പിളർന്നും ഉള്ളുവിങ്ങിയും ഒക്കെയേ കണ്ടിരിക്കാനാവൂ

എന്താണ് രാജമൗലിയുടെ വിജയം

ടെക്നിഷ്യൻ എന്ന നിലയിൽ അമ്പരപ്പിക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങൾ ഒരുക്കുമ്പോഴും അവയ്ക്ക് ഒരു ആത്മാവ് കൂടി കൊടുക്കാനാവുമെന്നതാണ് ബാഹുബലി എന്ന സംവിധായകന്റെ വിജയം എന്ന് കൺക്ലൂഷനും അടിവരയിടുന്നു.. അതുകൊണ്ടാണ് മിക്ക രംഗങ്ങളിലും തിയേറ്റർ ഇളകി മറിയുന്നതും കട്ടപ്പ ബാഹുബലിയെ കൊല്ലുമ്പോൾ രക്തം തണുത്തുറഞ്ഞ് പിൻ പോയിന്റ് സൈലൻസിൽ തിയേറ്റർ മരവിച്ചുനിൽക്കുന്നതും ചിലർ കണ്ണുതുടയ്ക്കുന്നതുമൊക്കെ..

കൺക്ലൂഷൻ അമരേന്ദ്ര ബാഹുബലിയുടേത്

ആദ്യപാതിയിൽ മഹേന്ദ്ര ബാഹുബലി യായിരുന്നു നായകനെങ്കിൽ രണ്ടാം ഭാഗത്തിന്റെ 80% സമയത്തും അച്ഛൻ അമരേന്ദ്ര ബാഹുബലിയാണ് നായകൻ.. രണ്ടുപേർക്കും സംവിധായകൻ കൊടുത്തിരിക്കുന്ന ശരീരഭാഷയിലെ വൻ വ്യത്യാസവും പ്രഭാസ് എന്ന നടൻ തന്റെ ഫിസിക്കിൽ അത് പ്രാവർത്തികമാക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്..

റാണാ ദഗ്ഗുബട്ടിയുടെ ബെല്ലാലദേവൻ

അച്ഛനും മകനും എതിരാളിയായ് വരുന്നത് ബെല്ലാലദേവൻ തന്നെ. ആ കരുത്തിന്റെ ധാർഷ്ട്യം മുഴുവൻ റാണാ ദഗ്ഗുബട്ടിയിൽ ഉണ്ട്.. ബെല്ലാലദേവന്റെ കാര്യത്തിൽ പ്രായമായ ആദ്യഭാഗത്തിലെ ഗെറ്റപ്പ് ആണ് മാസ് എങ്കിൽ ബാഹുബലിയുടെ കാര്യത്തിൽ രണ്ടാം ഭാഗത്തിൽ വരുന്ന അമരേന്ദ്രനാണ് മാസ് എന്ന് പറയേണ്ടിവരും. രണ്ടും കൺക്ലൂഷന് ഗുണകരം തന്നെ.

രമ്യാകൃഷ്ണനില്ലാതെ ശിവകാമിയും ബാഹുബലിയും ഇല്ല

കഥാപാത്രമെന്ന നിലയിൽ ആദ്യബാഹുബലിയിൽ എന്ന പോലെത്തന്നെ രണ്ടാംഭാഗത്തിലും ഹെവി ആയി നിൽക്കുന്നത് രാജമാതാ ശിവകാമീറാണി തന്നെ.. രമ്യകൃഷ്ണൻ ഒരു നടി എന്ന നിലയിൽ ആകാശം മുട്ടുന്ന കാഴ്ച ഒരിക്കൽ കൂടി കാണാനാവുന്നു.. അവർക്കൊരു പകരക്കാരിയെ വച്ച് ശിവകാമി എന്ന ക്യാരക്റ്ററിനെയും ബാഹുബലി എന്ന സിനിമയെയും ചിന്തിക്കുക അസാധ്യം..

അനുഷ്ക ഷെട്ടി രാജകീയമായി, തമന്ന ശോഷിച്ചു

രണ്ടാം ഭാഗത്തിന്റെത് മാത്രമായ മാസ് കഥാപാത്രം അനുഷ്കഷെട്ടിയുടെ ആണ്.. ആദ്യഭാഗത്തിൽ വന്നുനോക്കിപ്പോയ ദേവസേനാറാണി രണ്ടാം ഭാഗത്തിൽ രാജകീയമായി.. അതുകാരണം തമന്നയുടെ അവന്തിക പാടെ ശോഷിച്ചതിൽ ആർക്കും പരാതിയും കാണില്ല

സാങ്കേതിക മികവും ഗ്രാഫിക്സ് പെർഫെക്ഷനും

ഒരു ഇന്ത്യൻ സിനിമക്ക് എത്തിപ്പിടിക്കാവുന്നതിന്റെ മാക്സിമം സാങ്കേതികമികവും കംപ്യൂട്ടർ ഗ്രാഫിക്സ് പെർഫെക്ഷനുമാണ് ബാഹുബലി ദി കൺക്ലൂഷന് രാജമൗലി നൽകിയിരിക്കുന്നത്.. പൗരാണികമായ ഹെവിമാസോടെ ഒന്നാംഭാഗത്തിൽ സൃഷ്ടിച്ച ഗ്രാഫിക്സ് കാട്ടുപോത്തിനെക്കണ്ട് രാജ്മൗലിക്ക് വിഎഫെക്സ് പാളി എന്ന് വിലപിച്ച സാധുക്കളെ കണ്ടിട്ടുണ്ട്. അത്തരക്കാർ ഈ വഴിക്ക് പോവാത്തതാവും നല്ലത്.. നിങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത ധാരാളം ആനകളും കാളകളുമൊക്കെയുണ്ട് ഇതിൽ..

മ്യൂസിക് ഡിപ്പാർട്ട്മെൻറ് പൊളിച്ചു

150 രൂപ ടിക്കറ്റ് മാത്രം പോര ബാഹുബലി പോലൊരു പടം കാണാൻ പോവുമ്പോൾ വേണ്ടത് അല്പമെങ്കിലും ഇമാജിനേറ്റീവ് ആയ ഒരു മനസും അത്യാവശ്യമാണ്. കീരവാണി നയിക്കുന്ന മ്യൂസിക്ക് ഡിപ്പാർട്ട്മെന്റ് ആണ് പടത്തിന്റെ മറ്റൊരു മുതൽക്കൂട്ട്.. പാട്ടുകളെക്കാളൊക്കെ ത്രസിപ്പിക്കുന്ന ബീജിയെമ്മിൽ പടം കൊലമാസാകുന്നത്. മോശം തിയേറ്ററിലോ മൊബൈൽ സ്ക്രീനിലോ സിനിമ കാണുന്നവർ വിലപിക്കാതിരുക്കുക.

ബാഹുബലി - രാജമൗലി എന്ന സ്രഷ്ടാവിന്റെ വിജയം

പടത്തിന്റെ കഥ രാജ്മൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദിന്റെയാണ് എന്നത് അമർത്തി ശ്രദ്ധിക്കേണ്ട കാര്യം.. വീരേന്ദ്രന് പറ്റിയ അമരേന്ദ്രൻ തന്നെ.. സൃഷ്ടിയിലെ ബാഹുബലിമാർ. കേരളത്തിലെ ബോക്സോഫീസിൽ മോഹൻലാൽ, വിജയ്, രജനികാന്ത്, നിവിൻ പോളി എന്നിവരെയൊക്കെ വെല്ലുന്ന സൂപ്പർസ്റ്റാർ എസ്‌ എസ്‌ രാജമൗലി എന്ന തെലുങ്ക് ഡയറക്റ്റർ ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ് തിയേറ്ററിലെ ഓളം.. ഇത് കുറെകാലം നീണ്ടു നിൽക്കും..

സ്രഷ്ടാവിന്റെ വിജയമാണത്..

He's not a director..
He's a creator..

NB:- റിസർവേഷൻ കിട്ടിയത് മലയാളം വേർഷന് ആയിരുന്നു.. ഏക കല്ലുകടി എന്ന് പറയാവുന്നത് അത് മാത്രമായിരുന്നു.. തമിഴ് / തെലുങ്ക് ഡയലോഗുകളുടെ കാവ്യാത്മകമായ ഗാംഭീര്യം അനുഭവിച്ചറിയാൻ എത്രയും പെട്ടെന്ന് വീണ്ടും പോവേണ്ടിയിരിക്കുന്നു..

English summary
Baahubali 2: The Conclusion movie review Schzylan Sailendrakumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam