തിയേറ്ററുകളെ പൂരപ്പറമ്പാക്കിയോ, മമ്മൂട്ടിയുടെ മാസും ആക്ഷനുമായി ബസൂക്ക! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ
മോഹന്‍ലാല്‍ നായകനായ എമ്പുരാന്റെ റിലീസിന് ശേഷം മമ്മൂട്ടി ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക തിയേറ്ററുകളില്‍ റിലീസിനെത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷകളുള്ള സിനിമ നവാഗതനായ ഡിനോ ഡെന്നീസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മമ്മൂട്ടി നായകനാവുന്ന മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ബസൂക്ക. ആന്റണി ജോണ്‍ എന്ന എത്തിക്കല്‍ ഹാക്കറും ബിസിനസുകാരനുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ ഗൗതം വാസുദേവ മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ പത്തിന് ലോകമെമ്പാടും ഒരുമിച്ചാണ് ബസൂക്കയുടെ റിലീസ്. മാത്രമല്ല ഷോ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള ഓഡിയന്‍സ് റിവ്യൂ പുറത്ത് വന്നിരിക്കുകയാണ്.

വലിയ പ്രതീക്ഷയോടെ മമ്മൂട്ടി ചിത്രം കാണാനെത്തിയത് ആയിരക്കണക്കിന് ആളുകളാണ്. ചെണ്ടമേളവും ആരവവുമൊക്കെയായിട്ടാണ് ആരാധകര്‍ സിനിമയെ സ്വീകരിച്ചത്. രാവിലെ 9 മണിയ്ക്കായിരുന്നു ആദ്യ ഷോ. അവധിക്കാലമായത് കൊണ്ട് കുടുംബസമേതമാണ് പലരും സിനിമ കാണാനെത്തിയത്.
ബസൂക്കയുടെ ആദ്യ പകുതി ത്രില്ലടിപ്പിക്കുന്ന എക്‌സ്പീരിയന്‍സ് നല്‍കിയെന്നാണ് പ്രേക്ഷക പ്രതികരണം. ആദ്യ ഷോ ഫുള്‍ ആയിരുന്നു. ചിത്രം കാണാന്‍ തിരക്ക് കൂടുന്നുവെന്നാണ് തിയേറ്ററുകളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. നരേഷനായി കഥ പറഞ്ഞാണ് സിനിമ പോകുന്നത്. മലയാളത്തില്‍ പുതുമയുള്ള രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നത്.
അത്യുഗ്രന്‍ മേക്കിങ് ആണ്. ക്യാമറയും ബിജിഎമ്മും ബൈക്കിലുള്ള സംഘട്ടനവുമൊക്കെ കിടിലനാണ്. ഇന്റര്‍വെല്‍ പഞ്ച് ആണ് എടുത്ത് പറയേണ്ടത്. വലിയ ക്രൈമോ മറ്റ് കാര്യങ്ങളോ ഇല്ലെങ്കിലും എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇരുന്ന് കാണാന്‍ സാധിക്കും. മലയാളത്തില്‍ ഇതുവരെ ഇറങ്ങാത്ത തരം സിനിമയാണ്. നേരത്തെ മമ്മൂട്ടിയും ഇക്കാര്യം പറഞ്ഞിരുന്നു.
പതിവ് തെറ്റിയില്ല. ആളും ആരവും കാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങളും ഇല്ലാതെ എത്തിയ ബസുക്ക എന്ന ഒറ്റക്കുതിര തേരോട്ടം തുടങ്ങിയിരിക്കുന്നു; ഇത് മമ്മൂട്ടി യുഗം തന്നെ എന്ന് ഉറപ്പിച്ചു. സംശയലേശംമന്യേ പറയാം ബസൂക്ക ഒരു ബമ്പർ ഹിറ്റടിച്ചിരിക്കും...

മമ്മൂട്ടിയുടെ വമ്പന്‍ ആക്ഷന്‍ പടം. അദ്ദേഹം അത്യാവശ്യം നല്ല രീതിയില്‍ തന്നെ ആക്ഷന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഹൈഡ് ആന്‍ഡ് സീക്ക് ഗെയിം പോലൊരു സിനിമയാണിത്. ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ എടുത്ത് പറയേണ്ടതാണ്. തുടക്കം മുതല്‍ അവസാനം വരെയുള്ള ബിജിഎം പടത്തിന് നല്ലോണം ചേരും. മമ്മൂട്ടിയുടെ ഫൈറ്റും സൂപ്പറായി.
ഇത് മമ്മൂട്ടി ശരിക്കും കത്തിക്കും, സ്റ്റൈലിഷ് ലുക്കിലൊക്കെ വന്ന് പോകുന്നത് കാണാന്‍ ഒരു രക്ഷയുമില്ല. യുവാക്കള്‍ക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിലാണ് കഥ പോകുന്നത്. മേക്കിംഗ് ആണ് പടത്തിന്റെ ഹൈലൈറ്റ്. മമ്മൂക്കയെ എങ്ങനെ കാണമെന്ന് ആഗ്രഹിച്ചോ അതിന്റെ അങ്ങേയറ്റം ലെവലിലാണ് പടം പോയിരിക്കുന്നത്. തിയേറ്ററില്‍ പോയി തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്. വൗ ഫാക്ടറില്‍ ഇന്‍ട്രോ കൊണ്ട് നിര്‍ത്തി.
മമ്മൂക്കയുടെ എന്‍ട്രി, ക്ലോസ് ഷോട്ടുകള്‍, തുടങ്ങി പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ട വൗ ഫാക്ടറിലുള്ള നിരവധി സീനുകളുണ്ട്... എമ്പുരാന്‍ പോലെ തിയേറ്ററുകളില്‍ ബസൂക്ക കൊടുങ്കാറ്റ് വീശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുറ്റം പറയാന്‍ മാത്രം ഇതില്‍ ഒന്നുമില്ലെന്നും തുടങ്ങി ആദ്യ ഷോ കഴിഞ്ഞ ശേഷം സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











