For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒറ്റയാൾ പട്ടാളമായി ടൈഗർ ഗർജ്ജിക്കുന്നു!!! ഭാഗി 2 മുവി റിവ്യൂ

  By Sandeep Santosh
  |

  ടൈഗർ ഷ്റോഫ് നായകനായ ഭാഗി 2 മാർച്ച് 30 വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തിയിരിക്കുന്നു. 2016ൽ റിലിസ് ചെയ്ത ഭാഗി എന്ന ചിത്രത്തിന്റെ സ്വീക്കലായാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെങ്കിലും ആക്ഷനും, പ്രണയവും പൊതുവായി എത്തുന്നതും, ഇരു സിനിമകളിലും നായകനായ ടൈഗർ ഷ്റോഫിന്റെ കഥാപാത്രത്തിന്റെ പേര് റോണി എന്നാണെന്നതിലും ഉപരിയായി കഥയ്ക്ക് ആദ്യ ഭാഗവുമായി ഒരു സാമ്യവുമില്ല.

  ഭാഗി എന്ന ചിത്രം സാബിർ ഖാനായിരുന്നു സംവിധാനം ചെയ്തിരുന്നതെങ്കിൽ ഭാഗി 2 സംവിധാനം ചെയ്തിരിക്കുന്നത് അഹമ്മദ് ഖാനാണ്. സാജിത് നടിയദ് വാലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  ചിത്രത്തിന്റെ കഥയിലേക്ക്:

  ചിത്രം തുടങ്ങുന്നത് നായികാ കഥാപാത്രമായ നേഹയെ (ദിഷ പട്ടാനി ) ഒരു സ്കൂളിനു മുന്നിൽ കാറിൽ ഇരിക്കുമ്പോൾ മുഖംമുടി ധരിച്ചെത്തുന്ന ചിലർ ആക്രമിക്കുന്നത് കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.ആ സംഭവത്തിനു രണ്ട് മാസങ്ങൾക്ക് ശേഷം. തന്നെ സഹായിക്കാൻ കഴിയുന്നത് ഒരാൾക്ക് മാത്രമാണെന്ന് ബോധ്യപ്പെടുന്ന ഘട്ടത്തിൽ നേഹ റോണിയുടെ മൊബൈലിലേക്ക് ഒരു വോയ്സ് അയക്കുന്നു.

  റോണി എന്നു വിളിക്കുന്ന ആർമ്മിയിലെ സ്പെഷ്യൽ കമാൻഡോയായ രൺവീർ പ്രതാപ് സിംഗായി ടൈഗർ ഷ്റോഫ് എത്തുന്നു. ആക്ഷനില്ലാതെ തന്നെ ഒരു മാസ്സ് എൻട്രി തന്നെയാണ് ടൈഗറിന്റേത്. നേഹയുടെ ശബ്ദം കേട്ട ശേഷം റോണിയുടെ ഓർമ്മയിലൂടെ റോണിയും നേഹയും കണ്ടുമുട്ടുന്നതും, പ്രണയത്തിലാകുന്നതും കാണിക്കുന്നുണ്ട്. അവർ തമ്മിൽ പിരിഞ്ഞതിന്റെ കാരണം പിന്നീടാണ് വ്യക്തമാക്കുന്നത്. നാല് വർഷങ്ങളായി അവധിയെടുക്കാതെ ജോലി ചെയ്തിരുന്ന റോണി അങ്ങനെ ഏഴു ദിവസത്തെ ലീവ് വാങ്ങി കശ്മീരിൽ നിന്നും ഗോവയിലേക്കെത്തുന്നു.

  ചിലർ തന്നെ ആക്രമിച്ച് തന്റെ മകൾ റിയയെ തട്ടിക്കൊണ്ട് പോയെന്നും, കുട്ടിയെ കണ്ടെത്താൻ പോലീസോ മറ്റുള്ളവരോ തന്നെ സഹായിക്കുന്നില്ലെന്നും നേഹ റോണിയോട് പറഞ്ഞ് സഹായമഭ്യർത്ഥിക്കുന്നു.നേഹയുടെ അവസ്ഥ മനസിലാക്കി റോണി റിയയെപ്പറ്റി അന്വേക്ഷണം ആരംഭിച്ചെങ്കിലും ഒരു വിവരവും ലഭിക്കുന്നില്ല. തുടർന്ന് ന്യൂസ് പേപ്പറിൽ കുട്ടിയെ കാണാനില്ല എന്ന് പരസ്യം കൊടുത്തപ്പോൾ കുട്ടിയുടെ അച്ഛനാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാൾ എത്തുന്നു. മുംബൈയിൽ നിന്നും മാസങ്ങൾക്കു മുൻപ് കാണാതെ പോയ തന്റെ മകളുടെ ഫോട്ടോയാണ് പരസ്യത്തിലുള്ളതെന്ന് അയാൾ പറയുന്നു.

  അതുപോലെ നേഹയുടെ ഭർത്താവ് ശേഖറും (ദർശൻ കുമാർ) തങ്ങൾക്കങ്ങനെയൊരു മകളില്ലെന്നും എല്ലാം ആക്സിഡന്റിനു ശേഷമുള്ള നേഹയുടെ തോന്നലുകളാണെന്നും റോണിയോട് പറയുന്നു.റിയ എന്നൊരു മകൾ നിനക്കില്ല എല്ലാം നിന്റെ തോന്നലാണെന്ന് നേഹയോട് റോണിയും ആവർത്തിക്കുന്നതോടുകൂടി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി നേഹ ആത്മഹത്യ ചെയ്യുകയാണ്.നേഹയുടെ മരണശേഷം നേഹ പറഞ്ഞതൊക്കെ സത്യമായിരുന്നു എന്ന് മനസിലാക്കുന്ന റോണി റിയയെ അന്വോക്ഷിച്ച് കണ്ടെത്തുന്നതും, റിയയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ആരൊക്കെയായിരുന്നു?, എന്തായിരുന്നു അവരുടെ ലക്ഷ്യം? - എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കെത്തുന്നതുമാണ് പിന്നീടുള്ള ചിത്രത്തിന്റെ കഥ.

  അഭിനേതാക്കൾ

  ടൈഗർ ഫ്റോഫ്, ദിഷ പട്ടാനി എന്നീ താരങ്ങൾക്ക് പുറമെ രൺദീപ് ഹൂഡ, മനോജ് ബാജ്പേയ്, ദർശൻ കുമാർ, പ്രതീക് ബബ്ബർ, ദീപക് ഡൊബ്രിയൽ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

  ടൈഗറിന്റെ പ്രകടനം:

  റോണി എന്ന കമാൻഡോയുടെ വേഷം ടൈഗർ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌. താരത്തിന്റെ മെയ് വഴക്കവും, ആക്ഷനിലെ മികവും ടൈഗറിന്റെ മുൻ ചിത്രങ്ങളിലൂടെ വ്യക്തമായിട്ടുള്ളതു തന്നെയാണ്.പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത പ്രകടനം തന്നെയാണ് ഈ ചിത്രത്തിലും ടൈഗറിന്റേത്. ക്ലൈമാക്സിലുള്ള സംഘടനം മാത്രം മതിയാകും ആരാധകരെ തൃപ്തിപ്പെടുത്താൻ. അതുപോലെ സിനിമ ആരംഭിച്ച് കുറെയേറെ മുന്നോട്ടു പോയി കഴിയുമ്പോൾ പ്രതീക്ഷിച്ച പോലെ ഒരു സംഘടന രംഗത്തിനായി ആരാധകർ ആഗ്രഹിക്കുമ്പോഴാണ് ആദ്യ ഫൈറ്റ് സീൻ വരുന്നത്. പോലീസ് സ്റ്റേഷനിൽ വച്ചുള്ള ആ ഫൈറ്റും വളരെ ത്രില്ലിംഗായിരുന്നു.

  ആക്ഷൻ മാറ്റി നിർത്തിയാൽ ക്രോധമൊഴികെയുള്ള കഥാപാത്രത്തിന്റെ വികാരങ്ങൾ പ്രതിഫലിപ്പിക്കുവാൻ ടൈഗറിനാകുന്നില്ല.

  മറ്റ് താരങ്ങളുടെ അഭിനയം:

  കഥ ആവശ്യപ്പെടുന്ന അഭിനയം തന്നെയായിരുന്നു ദിഷ പട്ടാനിയുടേത്, കഥാപാത്രത്തിന്റെ പ്രണയവും, മറ്റ് ഇമോഷൻസും ദിഷ നന്നായി തന്നെ അവതരിപ്പിച്ചു.

  ഡി.ഐ.ജിയായെത്തിയ മനോജ് വാജ്പെയിക്ക് തന്റെ പ്രകടനം പൂർണമായി പുറത്തെടുക്കുവാനുള്ള അവസരം സിനിമയിൽ കുറവായിരുന്നു.

  പഞ്ചാബ് പോലീസിൽ നിന്നും ഗോവ പോലിസിലേക്കെത്തുന്ന എ.സി.പിയായ രൺദീപ് ഹൂഡയുടെ കഥാപാത്രം സിനിമയോടുള്ള താൽപ്പര്യം കുറുച്ചുകൂടി വർദ്ധിപ്പിക്കുന്നു. പോലീസ് ആണെങ്കിലും ലുക്കിൽ വളരെ വ്യത്യസ്തമാണ് രൺദീപിന്റെ കഥാപാത്രം.

  ബാക്കിയുള്ള സഹതാരങ്ങളും ശരാശരിയിൽ താഴാത്ത പ്രകടനം തന്നെ കാഴ്ച്ചവെച്ചു.

  തിരക്കഥ

  2016-ലെ ‘ക്ഷണം' എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്ക്ക് കൂടിയാണ് ഭാഗി 2 എങ്കിലും,അവതരണത്തിലും കഥാ സന്ദർഭങ്ങളിലും കുറെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

  കഥയിൽ നിരവധി ട്വിസ്റ്റുകളും സസ്പെൻസും ഉണ്ടെങ്കിലും സാമാന്യബുദ്ധിയുള്ള പ്രേക്ഷകർക്ക് മുൻകൂട്ടി ഊഹിക്കാൻ കഴിയുന്നത് മാത്രമായത് ഒതുങ്ങുന്നു.

  അത് പോലെ റിയ എന്ന കുട്ടിയേക്കുറിച്ച് ശേഖർ തന്നോട് പറഞ്ഞത് കള്ളമായിരുന്നു എന്ന് മനസിലാക്കിയ ശേഷവും റോണി ശേഖറിനടുത്തേക്കല്ല ആദ്യം ചെല്ലുന്നത്. ഇത്തരത്തിലുള്ള ചില പാളിച്ചകള്‍ ചിത്രത്തിന്റെ തിരക്കഥയിലുണ്ട്.

  അഹമ്മദ് ഖാനിന്റെ സംവിധാനം:

  ടൈഗറിന്റെ ആക്ഷനിലുള്ള വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തുക എന്നതിലുപരി സംവിധായകൻ മനോജ് വാജ്പെയ്, രൺദീപ് ഹൂഡ എന്നിവരുടെ അഭിനയ മികവ് പുറത്തെടുക്കുന്നതിനുള്ള അവസരം വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. ഭാഗി എന്ന ചിത്രത്തിന്റെ സ്വീക്കൽ എന്നതിൽ പ്രേക്ഷകർ എന്താണോ പ്രതീക്ഷിച്ചത് അതിൽ കുറയാതെ നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

  മറ്റ് ഘടകങ്ങൾ

  കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

  ‘ഓ.. സാത്തി', ‘ലോ സഫർ' തുടങ്ങിയ ഗാനങ്ങൾ ചിത്രത്തിലെ പ്രണയരംഗത്തിന്റെ പ്രതീതി നഷ്ടപ്പെടാതെ രക്ഷിക്കുന്നതുപോലെ ഒരു ആക്ഷൻ രംഗത്തിനു മുന്നോടിയായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ‘ഏക് ദോ തീൻ' എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ജാക്വലിൽ ഫെർണാണ്ടസാണ് ആ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

  ജൂലിയസ് പാക്യമിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു, ആദ്യ ഭാഗത്തിനു സമാനമായ ഈണമായിരുന്നു ഇതിലും.

  വളരെ ശ്രദ്ധയോടെ തന്നെയാണ് ചിത്രത്തിലെ രംഗങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. വളരെ കൃത്യതയും, വ്യക്തതയുമുള്ള രംഗങ്ങളാണ് സ്ക്രീനിൽ കാണാൻ കഴിയുക. ദൃശ്യങ്ങളുടെ കളർ ടോണും ശ്രദ്ധേയമാണ്.

  ഭാഗി ആദ്യ ഭാഗത്തിൽ ഗുരുക്കളായെത്തിയ പ്രശസ്ത ആയോധനകലാ വിദഗ്ധനും, ആക്ഷൻ കൊറിയോഗ്രാഫറുമായ ഷിഭുജി ശൗര്യ ഭരദ്വാജ് റോണിയുടെ സീനിയർ ഓഫീസറായി രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. പക്ഷെ ആദ്യ ഭാഗത്തെ പോലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തിട്ടില്ല ചിത്രത്തിൽ.

  റേറ്റിംഗ് - 7.4/10

  ബ്രൂസ് ലി, ജാക്കിചാൻ, ടോണി ജാ തുടങ്ങിയവരുടെ ആക്ഷൻ സിനിമകൾ കാണുമ്പോൾ ഇത്തരത്തിലുള്ള സംഘടന രംഗങ്ങൾ ഇന്ത്യൻ ചിത്രങ്ങളിൽ സാധിക്കുന്നില്ലല്ലോ എന്നൊരു വിഷമം ഭൂരിഭാഗം സിനിമാ പ്രേക്ഷകർക്കും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നിരവധി ഇന്ത്യൻ താരങ്ങൾ ഇത്തരം രംഗങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്‌, അവരിൽ മുന്നിൽ തന്നെയാണിപ്പോൾ ടൈഗർ. ആക്ഷനിൽ തന്റെ സ്ഥാനം ടൈഗർ ഫ്റോഫ് പണ്ടെ ഉറപ്പിച്ചതാണെങ്കിലും ഭാഗിയുടെ സ്വീക്കലിലൂടെ വീണ്ടും അടിവരയിട്ട് ബോധ്യപ്പെടുത്തുന്നു.

  ഭാഗി 2 വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല. ഇതിൽ പ്രണയവും, നിരവധി ട്വിസ്റ്റുകളും എല്ലാം ഉൾപ്പെടുത്തിയ ചിത്രം കൂടിയാണ്. ഒരു ഇമോഷണൽ ടച്ചിലാണ് തുടക്കംതൊട്ടുള്ള കഥാവതരണം.

  ‘ഭാഗി’യുടെ ആരാധകർക്കൊരു സന്തോഷ വാർത്ത:

  2018 ഫെബ്രുവരിയിൽ തന്നെ ചിത്രത്തിന്റെ അടുത്ത ഭാഗമായി ടൈഗർ ഷ്റോഫ് തന്നെ നായകനാകുന്ന ‘ഭാഗി 3' നിർമ്മാതാവ് സാജിദ് നഡിയദ് വാലയും സംവിധായകൻ അഹമ്മദ് ഖാനും പ്രഖ്യാപിച്ചിട്ടുമുണ്ട്.ഈ വർഷാവസാനം തന്നെ ചിത്രീകരണം ആരംഭിച്ചേക്കും.

  English summary
  Bhaaghi 2 bollywood movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more