ദേശീയതയുടെ ലേബലിൽ ഒരു ബിഗ് സല്യൂട്ട്! ശൈലന്റെ റിവ്യു
ശൈലൻ
ഏറെ കാത്തിരുന്ന സാഹോ"യുടെ കണ്ടന്റ് എത്താൻ വൈകി, മോർണിംഗ് ഷോ ക്യാൻസൽ ആയ കലിപ്പിൽ മേലോട്ട് നോക്കുമ്പോൾ ആണ് ബിഗ് സല്യൂട്ട് എന്ന സിനിമയുടെ പോസ്റ്റർ കണ്ടത്.. "ഇന്നുമുതൽ രാജ്യത്തിന് സമർപ്പിക്കുന്നു" എന്നായിരുന്നു പരസ്യവാചകം. കൊള്ളാല്ലോ.. അങ്ങനെ, നീട്ടിവലിച്ചൊരു സല്യൂട്ട് അടിച്ച് 150 രൂപ രാജ്യത്തിന് സമർപ്പിക്കാൻ ഞാനും തീരുമാനിച്ചു.

പേരും പരസ്യവാചകവും സൂചിപ്പിക്കുന്ന പോലെ രാജ്യസ്നേഹത്തിന്റെ കനത്ത സൂചനകൾ നൽകിക്കൊണ്ടാണ് സിനിമയുടെ ടൈറ്റിലുകൾ എഴുതി തുടങ്ങുന്നത്. പശ്ചാത്തലത്തിൽ മുരുകൻ കാട്ടാക്കട സ്റ്റൈലിൽ ഒരു വിജൃംഭിപ്പിക്കുന്ന സൈനികകവിതയുമുണ്ട്..

തുടർന്ന് കാണുന്നത് ക്യാപ്റ്റൻ ചന്ദ്രശേഖരൻ എന്ന കേന്ദ്രകഥാപാത്രവും ഭാര്യയായ ട്രീസ ടീച്ചറും കൂടി എങ്ങാണ്ട് നിന്നോ ജന്മനാടായ ആലപ്പുഴയിൽ തിരിച്ചുവരുന്നതാണ്. വണ്ടി വീട്ടിലെത്തുന്ന സമയം കൊണ്ട് ക്യാപ്റ്റനും ടീച്ചറും കൂടി അവരുടെ ഭൂതകാലചരിത്രം മുഴുവൻ കാർ ഡ്രൈവറോട് പറഞ്ഞ് കേൾപ്പിക്കുകയും സംവിധായകനും ക്യാമറാമാനും കൂടി ഹെലിക്യാം/ഏരിയൽ ഷോട്ടുകളിലൂടെ മല്ല്ക്കെട്ടി ആലപ്പുഴൻ വഴികളിലെ പ്രകൃതി രമണിക്കുട്ടിയായി കിടക്കുന്നത് നമ്മളെ കാട്ടി തരികയും ചെയ്യും..

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എ കെ ബി കുമാറും ഛായാഗ്രഹണം ബിജു സുവർണയുമാണ്. ദിലീപ് എസ് നാഥ് , നൗഷാദ് കമ്മു വടക്കൻ എന്നിവർ ചേർന്ന് ബിഗ് സല്യൂട്ട് നിർമ്മിച്ചിരിക്കുന്നു..

ടൈറ്റിൽ സോംഗും കേട്ട് ദേശസ്നേഹം വരുമെന്ന് പറഞ്ഞ് നോക്കിയിരിക്കുന്ന പ്രേക്ഷകനെ സംവിധായകൻ കൊണ്ടു പോകുന്നത് ഒരു ആസ്പത്രിയിലേക്കാണ്.. പശുവിനെ കുറിച്ച് ഉപന്യസിക്കാൻ പറഞ്ഞപ്പോൾ പശുവിനെ കെട്ടുന്ന തെങ്ങിനെ കുറിച്ച് വിവരിച്ച വിരുതന്റെ കളിയാണ് പിന്നെ. ക്യാപ്റ്റനെ തഞ്ചത്തിൽ ആസ്പത്രിയിൽ അഡ്മിറ്റാക്കിയ ശേഷം അവിടെയുള്ള മറ്റ് രോഗികളുടെയും സ്റ്റാഫിന്റെയും വിശേഷങ്ങൾ പറഞ്ഞ് സിനിമ ഇന്റർവെൽ തികയ്ക്കും..

ഇടവേളയ്ക്ക് വിടുമ്പോൾ ഗംഭീരൻ പഞ്ച് ആയി ക്യാപ്ടൻറെയും ടീച്ചറുടെയും മകൻ അഖിൽ രംഗപ്രവേശം ചെയ്യും. തുടർന്നങ്ങോട്ട് അരങ്ങേറുന്നത് സ്തോഭജനകരംഗങ്ങളാണ്.. ഫ്രഷ് ഫ്രഷ്ഷേയ്.. കാണാൻ കെൽപ്പുള്ളവർ തിയേറ്ററിൽ ചെന്നിരുന്നു ആസ്വദിക്കുക..

കിരീടം മുതൽ കുറെയേറെ സിനിമകൾ നിർമ്മിച്ചിട്ടുള്ള ദിനേശ് പണിക്കർ ആണ് ബിഗ് സല്യൂട്ടിലെ ക്യാപ്റ്റൻ ചന്ദ്രശേഖരൻ എന്ന സെൻട്രൽ ക്യാരക്റ്റർ. ഭാര്യ ട്രീസ ടീച്ചർ അംബിക മോഹൻ. മകൻ അഖിൽ ആവുന്നത് ഷാനവാസ്. സീരിയൽ സെറ്റപ്പിൽ തന്നെയാണ് സിനിമയുടെ മൊത്തത്തിലുള്ള നിലവാരം. അതിൽ പശ്ചാത്തലസംഗീതം ചെയ്ത വി ജി റുഡോൾഫ് എന്ന ആളുടെ പേര് എടുത്ത് പറയേണ്ടിയിരിക്കുന്നു. നല്ല കോമഡി ആണ് പലപ്പോഴും ബി ജി എം. പക്ഷെ പാട്ടുകൾ ചിട്ടപ്പെടുത്തിയ മറ്റ് രണ്ടു കമ്പോസർമാരെ വച്ച് നോക്കുമ്പോൾ പുള്ളി ഭയങ്കര പ്രൊഫഷണൽ ആണെന്ന് പറയേണ്ടി വരും.
ബിഗ് സല്യൂട്ട് - അങ്ങനെ ഒരു തല്ലിക്കൂട്ടിയ സീരിയൽ അനുഭവം.


Click it and Unblock the Notifications