For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൊട്ടാൽ പൊള്ളുന്ന ബിരിയാണി! സാമൂഹ്യ/മതവിമർശനം, സ്ത്രീപക്ഷ ലൈംഗികത, 22 സെൻസർ കട്ടുകൾ — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5

  ലോകമെങ്ങുമുള്ള രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ കുറച്ച് നാളായി മലയാളം സിനിമകൾക്ക് നല്ല സ്വീകാര്യത കിട്ടുന്നുണ്ട്. ജല്ലിക്കെട്ട്, മൂത്തോൻ, ചോല വെയില്മരങ്ങൾ പോലുള്ള സിനിമകളുടെയൊക്കെ പ്രീമിയർ ലോകോത്തര ഫെസ്റ്റിവലുകളിൽ ആയിരുന്നു. ഇവയിൽ നിന്നെല്ലാം സജിൻ ബാബുവിന്റെ ബിരിയാണി വേറിട്ടു നിന്നത് റോമിൽ നടന്ന രാജ്യാന്തര ഫെസ്റ്റിവലിൽ പ്രീമിയർ നടത്തുകയും ഒപ്പം അവിടെ നിന്നുള്ള ഏഷ്യാറ്റിക്ക നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്തു എന്നതിനാലാണ്.

  റോമിൽ അവാർഡ് നേടുകയും ഇന്ത്യയിലെ ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ ഫെസ്റ്റിവലുകളിൽ സെലക്ഷൻ നിഷേധിക്കപ്പെടുകയും ചെയ്ത ബിരിയാണിയുടെ ഇവിടത്തെ പ്രീമിയർ ഇന്ന് ഫിലിം ഫെസ്റ്റിവലിന് സമാന്തരമായി തിരുവനന്തപുരത്ത് നടന്നു.

  പ്രേക്ഷകരുടെ ഉള്ള് പൊള്ളിക്കുന്ന പ്രമേയവും അവതരണവുമാണ് ബിരിയാണിയുടേത്. ഒരു സാധാരണ പിന്നാക്ക മുസ്ലിം സ്ത്രീയുടെ ജീവിതത്തെ ഫോക്കസിൽ നിർത്തി മതം എങ്ങനെയാണ് ഒരു സ്ത്രീയുടെ ഗാർഹിക ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ലൈംഗിക ജീവിതത്തെയും 'കോർണറടിച്ചു കളയുന്നത്' എന്ന് ബിരിയാണി കാണിച്ചു തരുന്നു. ഒപ്പം പൗരോഹിത്യം, മുത്തലാഖ്, ഭീകരവാദം എന്നിങ്ങനെ ഇസ്ലാമുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളെയും സിനിമ സധൈര്യം അഭിമുഖീകരിക്കുന്നുണ്ട്; ഏകപക്ഷീയമായല്ല, ബഹുതല രാഷ്ട്രീയവായനാ സാധ്യതയോടെ തന്നെ.

  ഫോക്കസിൽ മുസ്ലീം സ്ത്രീ ആണെങ്കിലും ഇസ്ലാം വിമർശനവും നവീകരണവും മാത്രമല്ല ബിരിയാണി ലക്ഷ്യം വെക്കുന്നത്. മലയാളസിനിമ ഒരിക്കലും കാണിക്കാത്ത ധീരതയോടെയാണ് സജിൻ ബാബു ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

  സിനിമയിലെ നായികയായ കദീജയെ ഭർത്താവ് ഒരു പുലർകാലത്ത് മിഷണറി പോസിൽ ഭോഗിക്കുന്ന സീനോടെയാണ് ബിരിയാണി ആരംഭിക്കുന്നത്. മരംപോലെ നിശ്ചേതനമായി മലർന്ന് കിടക്കുന്ന അവൾ അയാളുടെ വൺസൈഡഡ് കലാപരിപാടിക്ക് ശേഷം ആസ്വദിച്ചുകൊണ്ട് സ്വയംഭോഗം ചെയ്യുകയാണ്.

  പശ്ചാത്തലത്തിൽ സുബഹി ബാങ്ക് ഉയർന്നു കേൾക്കുക കൂടി ചെയ്യുന്നതോടെ അസഹിഷ്ണുതയുടെ പാരമ്യത്തിൽ ഭർത്താവ് പറയുന്നു, "നിന്നെ സുന്നത്ത് ചെയ്ത ഒസ്സാച്ചി ക*** നേരാം വണ്ണം മുറിച്ചു കളയത്തോണ്ടാണ് നിനക്ക് ഈ കഴപ്പ്". ഒസ്സാച്ചിയെ വിളിച്ചു കൊണ്ട് വാ ബാക്കി കൂടി മുറിച്ചു കളയാമെന്നാണ് അവളുടെ കൂളായ പ്രതികരണം.

  മലയാള സിനിമ ഒരുപക്ഷെ ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സന്ദർഭവും സംഭാഷണവും ആണെന്നതിനാൽ യാഥാസ്ഥിതിക പ്രേക്ഷകന്റെ ഇരിപ്പിടത്തിൽ ആദ്യത്തെ പത്ത് മിനിറ്റ് കൊണ്ടുതന്നെ കനൽ കൂമ്പാരം എരിയാൻ തുടങ്ങും. പടത്തിൽ ഉടനീളം അത് നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

  94 മിനിട്ടുള്ള ബിരിയാണി അവസാനിക്കുന്നത് സംഭവബഹുലമായ തന്റെ ജീവിതത്തിനൊടുവിൽ, അതേ ഭർത്താവിന്റെ മേലെ കയറിയിരുന്നു നഗ്നയായി ഉപരിസുരതം നടത്തുന്ന കദീജയുടെ ആനന്ദനിർവൃതിയോടെയാണ്. യഥാതഥമായ ഒരു സംഗതിയല്ലിത്. തീർത്തും വിഭ്രാമകം.

  അവളുടെ പ്രതിഷേധമാണിത്. പാട്രിയാർക്കിയൽ സൊസൈറ്റിയോടും പൗരോഹിത്യത്തിന്റെ ഇരട്ടവരയിലൂടെ നടക്കുന്ന മതസംവിധാനത്തോടും മറ്റെല്ലാ സാമൂഹ്യസംവിധാനങ്ങളോടും സ്വന്തം ജീവിതത്തോടുമുള്ള അവളുടെ പ്രതിഷേധം.

  പങ്ക കറങ്ങുന്നതും പക്കി പറക്കുന്നതുമല്ലാതെ നഗ്നതയെയും വയലന്സിനെയും മലയാളസിനിമ കാണാത്ത സ്വാഭാവികതയോടെയാണ് സജിൻ ബാബു ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കനി എന്ന നടിയുടെ ധീരത സംവിധായകന് ശക്തമായ പിന്തുണയാവുന്നു.

  പക്ഷെ സെൻസർ ബോർഡിന് അത്രത്തോളം ധൈര്യമില്ലാത്തതിനാൽ 22 കട്ടുകൾ നിർദേശിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. കട്ടുകളില്ലാതെ ഇന്നുകണ്ട വേർഷനിൽ നിന്നും എത്രമാത്രം 'blurred' ആവും തിയേറ്ററിൽ റിലീസ് ചെയ്യുകയെന്ന് കണ്ടറിയാം.

  എന്നിരുന്നാലും തിയേറ്റർ കാഴ്ച്ചയിൽ മിസ്സ്‌ ചെയ്യാനാവാത്തതാണ് ഈ പൊള്ളുന്ന ബിരിയാണി എന്ന് ഞാൻ അടിവരയിടും

  Read more about: review റിവ്യൂ
  English summary
  Biriyani Movie Review In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X