For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  ചതുർമുഖം: മൊബൈൽഫോണും ലിസയും മഞ്ജുവാര്യരെ വേട്ടയാടുമ്പോൾ.. - ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Manju Warrier, Sunny Wayne, Srikant Murali
  Director: Ranjeet Kamala Sankar, Salil V.

  മനുഷ്യൻ അവന്റെ ഉപകരണങ്ങളുടെ ഉപകരണമായി മാറുന്നതിനെ കുറിച്ചുള്ള തോറോയുടെ വചനം എഴുതി കാണിച്ച് കൊണ്ടാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ ആയ ചതുർമുഖം ആരംഭിക്കുന്നത്. (“Men Have Become the Tools of Their Tools.” – Henry David Thoreau) . സിനിമയുടെ കേന്ദ്ര പ്രമേയവും മറ്റൊന്നല്ല. മൊബൈൽ ഫോണിനാൽ വേട്ടയാടപ്പെടുന്ന തേജസ്വിനി എന്ന നായികയെ ആണ് സിനിമയിൽ ഉടനീളം കാണുന്നത്.

  ആഴ്ചകൾക്ക് മുൻപ് ഇറങ്ങിയ , ദി പ്രീസ്റ്റിൽ മഞ്ജു വാര്യർ കൊച്ചു പെൺകുട്ടിയിൽ ആവേശിച്ച ബാധയുടെ രൂപത്തിൽ ആയിരുന്നു എങ്കിൽ ഇവിടെ മൊബൈൽ ഫോണിനെ ആവേശിച്ച മറ്റൊരു ബാധയാൽ വേട്ടയാടപ്പെടുന്ന നിസ്സഹായരൂപത്തിൽ ആണ്. വളരെ ചെറിയ സ്‌ക്രീൻ സ്പെയ്സിൽ പടത്തെ ഒന്നടങ്കം ഹൈജാക്ക് ചെയ്യാൻ കെൽപ്പുള്ള റോളായിരുന്നു, പ്രീസ്റ്റിൽ അവരുടേത് എങ്കിൽ ഇവിടെ ചതുർമുഖത്തിൽ സിനിമ ഉടനീളം മഞ്ജുവിന്റെ തേജസ്വിനിക്ക് ചുറ്റുമാണ് പ്രദക്ഷിണം വെക്കുന്നത്.

  പ്രീസ്റ്റിൽ നിന്നും ബാക്കി ഇതുവരെ മലയാളത്തിൽ ഇറങ്ങിയ ഹൊറർ ഴോണർ പടങ്ങളിൽ നിന്നും ചതുർമുഖം വ്യത്യസ്തമാവുന്നത്, അതൊരു ടെക്‌നോഹൊറർ മൂവി ആയത് കൊണ്ടാണ്. ബാധിക്കപ്പെട്ട മനുഷ്യർ, മരങ്ങൾ, വീടുകൾ എന്നിവയൊക്കെ മലയാളത്തിൽ കണ്ടിട്ടുണ്ട് എങ്കിലും മൊബൈൽഫോൺ പോലെ ഒരു അവശ്യ ഉപകരണം ബാധിക്കപ്പെട്ടതായി കാണുന്നത് ആദ്യമായാണ്. എന്നാൽ മറ്റുഭാഷാ സിനിമകളിൽ , നമ്മുടെ തൊട്ടടുത്ത തമിഴിൽ പോലും ഇത് ഒരു പുതുമ അല്ല താനും.

  ഡോറ എന്ന സിനിമയിൽ നായികയായ നയൻതാര , താൻ വാങ്ങിച്ച സെക്കന്റ്ഹാൻഡ് കാറിൽ അടങ്ങിയിരിക്കുന്ന ബാധ കാരണം ക്ളൈമാക്‌സ് വരെ ഗതികെട്ട് ചക്രശ്വാസം വലിക്കുന്നത് നമ്മൾ കണ്ടിട്ട് കാലം അധികമായിട്ടില്ല. നയൻതാരയ്ക്ക് സൗത്തിൻഡ്യയിൽ എന്ന പോലെ ഇവിടെ മഞ്ജുവാര്യർക്കും വിശേഷണം ലേഡിസൂപ്പർസ്റ്റാർ എന്നത് തന്നെയാണ് എന്ന് ഓർക്കാം. അക്കൂട്ടത്തിൽ പറയാവുന്ന മറ്റൊരു കാര്യം ഡോറയേക്കാൾ ഭേദപ്പെട്ട സിനിമ ആണ് ചതുർമുഖം എന്നതാണ്. അത് making വൈസ് ആയാലും സ്ക്രിപ്റ്റ് വൈസ് ആയാലും..

  പടത്തിന്റെ ഫസ്റ്റ്ഹാഫ് ഒന്നാംതരം ആണ്. സെൽഫി-സോഷ്യൽമീഡിയ-മൊബൈൽ അഡിക്റ്റായ അവിവാഹിത നവയുവതി കം തിരുവനന്തപുരത്ത് തൊഴിൽസംരംഭക ആയ തേജസ്വനി കൊല്ലത്ത് തന്റെ വീട്ടിൽ അമ്പലത്തിൽ കളംപാട്ട് പോലെ ഒരു നാട്ടുത്സവത്തിൽ പങ്കെടുത്തു മൊബൈലിൽ അത് പകർത്തിക്കൊണ്ടിരിക്കെ ഉറച്ചിൽ കിട്ടിയ ഒരു സ്ത്രീ അമ്പലകുളത്തിലേക്ക് ഫോൺ തട്ടി തെറിപ്പിക്കുകയാണ്. താൽക്കാലിക ആവശ്യത്തിനായി ഓണലൈനിൽ ഓർഡർ ചെയ്ത് വില കുറഞ്ഞ ഒരു മൊബൈൽസെറ്റ് അവൾ വാങ്ങിക്കുന്നു. തുടർന്നുടനീളം ആ മൊബൈൽ തേജസ്വിനിയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആണ് സിനിമ. മൊബൈലിന്റെ കമ്പനിയുടെ പേര് ലിസ എന്നാണ് എന്നതാണ് ഇത്തരുണത്തിൽ എടുത്ത് പറയേണ്ട ഒരു കാര്യം. 40 കൊല്ലം കഴിഞ്ഞിട്ടും ആ പഴേ ലിസയുടെ ബാധയിൽ നിന്നും മലയാളസിനിമയ്ക്ക് രക്ഷയില്ലെന്ന് സാരം..

  സയൻസ് വച്ച് ആണ് ആദ്യ പകുതി പറയാൻ ശ്രമിക്കുന്നത് എങ്കിൽ, അതേ സയൻസ് വച്ച് അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ആണ് സെക്കന്റ് ഹാഫ്. ക്ളൈമാക്‌സ് എന്താവുമെന്നു സ്വാഭാവികമായും ഊഹിക്കാം.. അതിനിടയിൽ വേറൊരു സംഗതി ഉണ്ട് മൊബൈലിൽ കേറികൂടിയ ബാധ. അതിന് എന്ത് സയൻസ് എന്ന് ചോദിക്കരുത്. ഹൊറർ സിനിമകളിൽ ലോജിക് തിരയുന്നവൻ വിഡ്ഢി എന്നാണ് ഉത്തരം. മേക്ക് ബിലീഫ് എന്നതിലാണ് കാര്യം. അതിൽ ഒരു പരിധിവരെ സിനിമ വിജയമാണ്.

  രഞ്ജിത് കമല ശങ്കർ, വി സലിൽ എന്നിങ്ങനെ രണ്ടുപേർ ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതും രണ്ടുപേർ ചേർന്നു തന്നെ. അഭയകുമാർ, അനിൽ കുമാർ.. അതിന്റെയൊക്കെ ഒരു കണ്ഫ്യൂഷൻ സെക്കൻഡ് ഹാഫിൽ പലഭാഗത്തും ഉണ്ട്. ഏതോ ദുർബലനിമിഷത്തിൽ ഈ ബാധ തേജസ്വിനിയെ അങ്ങാട്ട് തട്ടിയിരുന്നുവെങ്കിൽ സിനിമ തീർന്ന് വീട്ടിൽ പോകാമായിരുന്നു എന്ന് ചിന്തിക്കുക പോലും ചെയ്തു ഞാൻ.. (ക്ഷമിക്കണം) . സിനിമ മോശമെന്നു അതിന് അർത്ഥമില്ല. ബാധ സമ്മാനിക്കുന്ന അലമ്പും ഇറിറ്റേഷനും അജ്ജാതി.

  മഞ്ജുവാര്യർ ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ സണ്ണി വെയിന്റെ ക്‌ളാസ്മേറ്റ് എന്നൊരു ഗെറ്റപ്പ് കീപ് ചെയ്യുന്നതിലും അവർ വിജയിച്ചു. ചെറിയകാര്യമല്ല. (മലയാളി സ്ത്രീകൾക്ക് വീണ്ടും മോട്ടിവേഷൻ..) സണ്ണി ഒരു പാർട്ണർ ഇൻ ക്രൈം ആയി, ബിസിനസ് പാർട്ണർ ആയി പടത്തിൽ ഉടനീളം ഉണ്ട്. അലൻസിയർ ലേ ലോപ്പസിന്റെ ക്ലെമന്റ് കുറച്ച് കൂടി ശക്തനായ കഥാപാത്രവും നടനുമായിരുന്നെങ്കിൽ പടം കുറെ കൂടി എറിച്ചേനെ. നവാസ് വള്ളിക്കുന്ന് പൊതുവെ വെറുപ്പിക്കാത്ത നടനാണ് പക്ഷെ ഇവിടെ വെറുപ്പിക്കൽ അഭ്യസിക്കുന്നുണ്ട്. ടെക്നിക്കൽ സൈഡ് പക്കാ. അഭിനന്ദ് രാമനുജനും ഡോൺ വിന്സെന്റിനും സ്പെഷ്യൽ മെൻഷൻ

  ബ്രഹ്‌മാവ് ആണ് ചതുർമുഖൻ. പടത്തിന്റെ ടൈറ്റിലിൽ സൂചിപ്പിക്കുന്നത് മറ്റൊരു സ്രഷ്ടാവിനെ ആണ്. കേന്ദ്ര കഥാപാത്രം തേജസ്വിനി ആണെങ്കിലും ,സിനിമയുടെ ആത്മാവ് ഈ പറഞ്ഞ സൃഷ്ടാവ് ആണ്. പ്രവചനീയമായ ഒരു എപ്പിസോഡ് ആണെങ്കിലും ലാൽജോസിന്റെ നാല്പത്തിയൊന്നിന് ശേഷം ശരൺജിത് (വാവാച്ചിക്കണ്ണൻ) തൂത്തുവാരുന്നതിലൂടെ അവിസ്മരണീയമാകുന്നു ഈ റോൾ. അത് പറയാതെ പോണത് അനീതി ആയിരിക്കും.

  മമ്മൂക്ക എടുത്ത മഞ്ജു വാര്യരുടെ മാസ്മരിക ഫോട്ടോ | FilmiBeat Malayalam

  മൊത്തത്തിൽ പറയുമ്പോൾ ഹൊറർ ജനുസിൽപ്പെട്ട സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വാദനീയ ഒരു എന്റർടൈനർ ആണ് ചതുർമുഖം. സംവിധായകർക്ക് പണി തുടരാം..

  English summary
  Chathur Mukham Movie review: Manju Warrier, Sunny Wayne Starrer Is A Must watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X