For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലികപ്രസക്തം പ്രമേയം. കാലഹരണപ്പെട്ട അവതരണം.. ചിലപ്പോൾ (മാത്രം) സിനിമ.. ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5

  ഒരു മുൻവിധിയും കൂടാതെ ആണ് ചിലപ്പോൾ പെണ്കുട്ടി എന്ന സിനിമയ്ക്ക് കയറിയത്. സിനിമയെ സംബന്ധിച്ച മീഡിയാ ന്യൂസുകളും പ്രൊമോഷൻ പരിപാടികളും ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ടൈറ്റിൽ കണ്ടപ്പോൾ കൗതുകം തോന്നി. ചിലപ്പോൾ മാത്രം പെണ്കുട്ടി ആണെങ്കിൽ ബാക്കി സമയം ആണ്കുട്ടിയും സിനിമ കൈകാര്യം ചെയ്യുന്നത് ട്രാൻസ്ജൻഡർ പൊളിറ്റിക്സ് പോലുള്ള കനപ്പെട്ട പ്രമേയമാകും എന്നൊരു പ്രതീതി ജനിപ്പിച്ചു. ലയൺ കിംഗ് ന്റെ 5 മണി , 9.30 ഷോകൾക്കിടയിൽ 7.15 എന്നൊരു ഗ്യാപ്പ് ഉണ്ടാക്കി വിചിത്രമായൊരു ടൈം ഷെഡ്യുൾ ഉണ്ടാക്കിയാണ് തിയേറ്ററു മൊയ്ലാളി ചിലപ്പോൾ പെണ്കുട്ടിയെ പ്രദര്ശിപ്പിച്ചിരുന്നത് എന്നതും കൗതുകമായിരുന്നു.

  സിനിമ തുടങ്ങിയതും അക്ഷരാർത്ഥത്തിൽ ഷോക്കിംഗ് ആയി പോയി.. കശ്മീരിൽ അതിക്രൂരമായ ബലാല്സംഗത്തിനൊടുവിൽ കൊല
  ചെയ്യപ്പെട്ട കത്വയിലെ പെണ്കുട്ടി ആസിഫയുടെ ജീവിതമാണ് സ്‌ക്രീനിൽ തെളിയുന്നത്. കാശ്മീരിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരു വെള്ളക്കുതിരയുമായി ആ സുന്ദരിക്കുട്ടി പാട്ടുപാടി നടക്കുന്നത് കാണിച്ചു കൊണ്ടാണ് ടൈറ്റിലുകൾ തെളിയുന്നത്. മനസാക്ഷി ഉള്ളവരുടെ എല്ലാം ഉള്ളിൽ മുറിവായി നിൽക്കുന്ന ആസിഫ.. എനിക്കാകെ അസ്വസ്ഥത തോന്നി. ഇത് (ആ കുട്ടിയോട് സമൂഹം കാണിച്ച ക്രൂരത) കണ്ടിരിക്കാനുള്ള മനക്കട്ടി എനിക്കുണ്ടാവുമോ.. വേദനയുടെ കനലിലേക്കാണോ ദൈവമേ ഞാൻ കാലെടുത്ത് വെച്ചത് എന്നൊരു സ്റ്റാറ്റസ് വെറുതെയൊരു സമാധാനത്തിന്ന് തത്സമയം എഫ് ബി യിലേക്ക് വിക്ഷേപിച്ചു..

  നിത്യയുടെ വീട് കാണിക്കും , വീട്ടിലെ മറ്റംഗങ്ങളെ കാണിക്കും, സ്‌കൂൾ കാണിക്കും, സഹപാഠികളെ കാണിക്കും അധ്യാപകരെ കാണിക്കും ഉറ്റകൂട്ടുകാരിയായ വന്ദനയെ കാണിക്കും. വന്ദനയുടെ വീട് കാണിക്കും. അച്ഛനെ കാണിക്കും. തുടർന്നങ്ങോട്ട് സിനിമ പ്രധാനമായും വന്ദനയുടെ കഥയാണ്. സിനിമയിലെ ദുരന്തവും സിനിമയുടെ ദുരന്തവും ആരംഭിക്കുന്നതും അവിടെ വച്ചാണ്.

  കൃഷ്ണചന്ദ്രൻ എന്ന പഴയകാല രതി നിർവേദ നടനാണ് വന്ദനയുടെ അച്ഛൻ ഗംഗനായി അഭിനയിച്ചിരിക്കുന്നത്. മൂപ്പിലാൻ മുപ്പതു കൊല്ലമായി സിനിമ പോയിട്ട് സീരിയൽ പോലും കാണാറില്ല എന്ന് തോന്നിപിയ്ക്കും വിധം എണ്പതുകളിലെയോ എഴുപതുകളിലെയോ ഉത്സവപ്പറമ്പുകളിലെ നാടകത്തട്ടുകളിൽ എന്നവണ്ണം അമിതാഭിനയത്തിന്റെ പരകോടിക്കുമപ്പുറം ചെന്ന് കാറി വെരകുകയാണ് ആദ്യാവസാനം. സ്വതവേ ദുർബലമായ സ്ക്രിപ്റ്റിനും അതിനാടകീയത നിറഞ്ഞ ഊള സംഭാഷണങ്ങൾക്കും മേലെ ഇങ്ങേരുടെ ബാലെപ്രകടനം കൂടി ആവുമ്പോൾ സിനിമയെ പിന്നെ തമ്പുരാൻ കർത്താവിനുപോലും രക്ഷിക്കാൻ പറ്റാത്ത അവസ്ഥയാവുന്നു.

  സിനിമയ്ക്ക് മേലെ ആദ്യത്തെ ആണികൾ അടിക്കുന്നത് കൃഷ്ണചന്ദ്രനും തിരക്കഥാ സംഭാഷണമെഴുതിയ എം കമറുദ്ദീനുമാണ് എങ്കിൽ ആണികളുടെ കണ്ടെയ്‌നർ തന്നെ പ്രേക്ഷകരുടെ ചെവിയിലേക്കും അണ്ണാക്കിലേക്കും അടിച്ചു കയറ്റുന്നത് പാട്ടുകൾ ചിട്ടപ്പെടുത്തുകയും പശ്ചാത്തലസംഗീതം നിർവഹിക്കുകയും ചെയ്ത അജയ് സരിഗമ എന്ന മഹാനാണ്. പാട്ടുകളെ മാറ്റി നിർത്താം പക്ഷെ ബിജിയെം എന്റെ പൊന്നോ... ഉത്സവപ്പറമ്പിലെ നാടകക്കാർ ഉടുമുണ്ടഴിച്ചു നമസ്കരിച്ച് പോവും. കൃഷ്ണചന്ദ്രന്റെ കൂടെ കോംബോ പാക്കേജ് ആയി എഴുപതുകളിൽ നിന്ന് ശേഖരിച്ചതാണെന്നു തോന്നുന്നു ഈ ഐറ്റത്തെ..

  മേൽപറഞ്ഞ മൂന്നുപാതകങ്ങൾ മാത്രമേ പ്രസാദ് നൂറനാട് എന്ന സംവിധായകൻ ചിലപ്പോൾ പെണ്കുട്ടി എന്ന സിനിമയോട് പ്രധാനമായും ചെയ്തിട്ടുള്ളൂ.. കൃഷ്ണചന്ദ്രൻ, അജയ് സരിഗമ, സ്ക്രിപ്റ്റ് എന്നിവയുടെ തെരഞ്ഞെടുപ്പ്. ബാക്കി സ്വയം തന്നെയങ്ങ് സംഭവിച്ചോളുമല്ലോ. ഇത്രത്തോളം വളിച്ച ചേരുവകൾ തന്റെ പ്രൊഡക്ടിലേക്ക് നിക്ഷേപിച്ചാൽ അത് എത്ര കാലികയോരസക്തമെങ്കിലും വെയിസ്റ്റായി പോകും എന്നറിയാനുള്ള സാമാന്യ ബുദ്ധി അദ്ദേഹത്തിന് ഇല്ലാതെ പോയല്ലോ.. പിന്നെങ്ങനെ അദ്ദേഹത്തിന് ഒരു സിനിമാ സംവിധായകനാവാൻ കഴിയും..

  ശ്രീജിത് സി നായർ എന്ന ഛായാഗ്രാഹകന്റെ ഗംഭീരൻ ഫ്രയിമുകളാണ് മേൽപറഞ്ഞ ദുരന്തങ്ങൾക്കിടയിലും സിനിമയെ ദൃശ്യയോഗ്യമായി നിലനിർത്തുന്നത്. സിനിമയുടെ പൊതുനിലവാരത്തിൽ നിന്നും എത്രയോ പടി മേലെയാണ് ക്യാമറാവർക്ക്. നിത്യ ആയി അഭിനയിച്ച ആവണി എന്ന പെണ്കുട്ടിയുടെ അഭിനയമികവും എടുത്ത് പറയേണ്ടതാണ്. വന്ദനയാവുന്ന കാവ്യയും മോശമായിട്ടില്ല. നിർമാതാവ് ആയ സുനീഷ് സാമുവൽ തന്നെയാണ് പടത്തിൽ നിറഞ്ഞുനിൽക്കുന്ന ഉണ്ണിമാമ എന്ന വില്ലൻ പോലീസുകാരനെ ചെയ്തിരിക്കുന്നത്. ഒരു കാര്യത്തിൽ സുനീഷ് ഭാഗ്യവാനാണ്. സാധാരണ ഇത്തരത്തിൽ മുഴുനീളവേഷം ചെയ്യുന്ന നിർമാതാക്കളെ ഇച്ചിരി പരിഹാസ്യതയോടെയൊക്കെ പ്രേക്ഷകൻ കമന്റടിക്കും.. ഇവിടെ ആവട്ടെ ഓപ്പോസിറ്റ് നിൽക്കുന്നത് കൃഷ്ണചന്ദ്രനായതിനാൽ തരതമ്യത്തിൽ സുനീഷിന്റേത് ഓസ്കാർ പെർഫോമൻസ് തന്നെയായി പ്രശംസിക്കപ്പെടും.. കൊടു കൈ!!!

  സാമൂഹ്യപ്രതിബദ്ധതയും കാലികപ്രസക്തിയുമൊക്കെയുള്ള ഒരു അതിഗംഭീരൻ പ്ലോട്ടിനെ നിരുത്തരവാദപരമായി ദൃശ്യവൽക്കരിച്ചിരിക്കുന്ന ഒരു ബിലോ ആവറേജ് മൂവി എന്ന് ചിലപ്പോൾ പെണ്കുട്ടിയെ ഒറ്റ വാചകത്തിൽ ഉപസംഹരിക്കാം.

  English summary
  Chilappol Penkutty movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X