»   » കമ്പിയുണ്ട് സൂക്ഷിക്കുക അഥവാ കമ്പിയല്ലാതെ ഒന്നുമില്ലിതിൽ... ശൈലന്റെ ചങ്ക്സ് റിവ്യൂ!!

കമ്പിയുണ്ട് സൂക്ഷിക്കുക അഥവാ കമ്പിയല്ലാതെ ഒന്നുമില്ലിതിൽ... ശൈലന്റെ ചങ്ക്സ് റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ഹാപ്പി വെഡ്ഡിങ്ങിന് ശേഷം ഒമര്‍ ലുലു ഒരുക്കിയ ചിത്രമാണ് ചങ്ക്സ്. ഗണപതി, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ. ഈ നാലു സുഹൃത്തുക്കളുടെ കഥയാണ് ചങ്ക്സ് പറയുന്നത്. മലയാളസിനിമ വീണ്ടും ക്യാംപസിലേക്ക് എന്ന വിശേഷണവുമായിട്ടാണ് ചങ്ക്സ് തീയറ്ററുകളിലേക്ക് എത്തിയത്. തീയറ്ററുകളിൽ നിറഞ്ഞോടിയ ഹാപ്പി വെഡ്ഡിങിന് ശേഷം ഒമർ ഒരുക്കിയ ചങ്ക്സ് പ്രതീക്ഷകൾ കാത്തോ.. ശൈലന്റെ റിവ്യൂ വായിക്കാം.

136 മിനിറ്റ് തല്ലിപ്പൊളി.. വർണ്യവും ആശങ്കയും ഇല്ലാത്ത തട്ടിക്കൂട്ടൽ അഥവാ ശുദ്ധപാഴ്.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!!

ഒമർ എന്ന കൗശലക്കാരൻ

തിയേറ്ററിൽ സ്ഥിരമായി കേറുകയും അതിന്റെ ഇരുട്ടിലെത്തിക്കഴിഞ്ഞാൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സെല്ലാം മറന്ന് ഉള്ളിലുള്ള അലവലാതിയെ പുറത്തേക്കഴിച്ചുവിട്ട് അതുവരെ അടക്കിവെച്ച തോന്ന്യാസങ്ങൾക്കെല്ലാം സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്ന കട്ടലോക്കൽ പ്രേക്ഷകരുടെ മാസ്-സൈക്കോളജി ഏറ്റവും നന്നായി മനസിലാക്കിയ കൗശലക്കാരനായ സംവിധായകനാണ് ഒമർ ലുലു.

സംവിധായകന്റെ ലക്ഷ്യം..

സ്വന്തമായി വരുമാനമൊന്നുമില്ലെങ്കിലും ഊച്ചാളിത്തരങ്ങൾക്കെല്ലാം ലാവിഷായി കാശുകയ്യിലുള്ള ഉള്ളിലുള്ള/ സകലമാനകാമനകളെയും അഴിച്ചുവിട്ട് വാതുറന്നാൽ അശ്ലീലവും അഡൾട്ട് ജോക്ക്സും പറയുന്ന ‌/കറക്റ്റ്നെസ്സുകളൊന്നും ബാധകമല്ലാത്ത, ഒരു 15-25 വയസ് ആൺകുട്ടിക്കാലം 90% പുരുഷന്മാരുടെയും ജീവിതത്തിൽ ഉണ്ട് എന്നോർക്കുക.. (ഇല്ലാത്തവർ ക്ഷമിക്കുക). ഒമർ ലക്ഷ്യം വെക്കുന്നത് അവരെ മാത്രമാണ്..

ഹാപ്പി വെഡ്ഡിങിനെക്കുറിച്ച്

2016 ൽ അയാളുടെ ആദ്യ സിനിമ ആയ റിലീസായത് കമ്മട്ടിപ്പാടം , ആടുപുലിയാട്ടം എന്നിങ്ങനെയൊക്കെയുള്ള വലിയ പടങ്ങൾ റിലീസ് ചെയ്ത അതേ ദിവസമായിരുന്നു.. ഹാപ്പി വെഡിംഗ് എന്ന ഊളപ്പേരും അത്രമേൽ പരിചിതരല്ലാത്ത സിജു വിൽസൺ, ഷറഫുദ്ദീൻ എന്നിവരുടെ മുഖമുള്ള പോസ്റ്ററും ഒക്കെയായി വന്ന ആ സിനിമയെ സീരിയസായി കാണുന്ന ആരും മൈൻഡ് ചെയ്തതേയില്ല.

മലയാളികളെ ഞെട്ടിച്ച പടം

പക്ഷെ, ഒപ്പം വന്ന പടങ്ങളും അതിനുപിന്നെ വന്ന പടങ്ങളും തിയേറ്റർ വിട്ടിട്ടും ഹാപ്പി വെഡ്ഡിംഗ് തിയേറ്ററിൽ തുടരുന്നത് കണ്ടപ്പോഴാണ് മലയാളികൾ ഞെട്ടിയത്.. 2016 ലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് തന്നെ ആയിരുന്നു ആ സിനിമ. കാരണം നേരത്തെ പറഞ്ഞ അൽക്കുലുത്ത് പ്രേക്ഷകനുവേണ്ട ചൈനീസ് കോണ്ടിനെന്റൽ അറേബ്യൻ വിഭവസമൃദ്ധി തന്നെ ഒമർ അതിൽ ഒരുക്കിവച്ചിരുന്നു

രണ്ടാം വരവിലെ മെഗാ ഓപ്പണിംഗ്

ചങ്ക്സ് എന്ന ടൈറ്റിലിലൂടെ തന്നെ തന്റെ ടാർഗറ്റ് പോപ്പുലേഷനെ ഒന്നടങ്കം കുപ്പിയിലാക്കിയ ഒമർ തന്റെ രണ്ടാം സിനിമയിലെ നായകനിരയിലേക്ക് കാസ്റ്റ് ചെയ്തത് ബാലു വർഗീസ്, ധർമജൻ, ഗണപതി, കുപ്പി വൈശാഖ് എന്നിവരെയാണ് എന്നതിൽ നിന്നുതന്നെ അയാളുടെ കോൺഫിഡൻസ് വ്യക്തമായിരുന്നു.. ടിവി ഇന്റർവ്യൂവിൽ ആ കോൺഫിഡൻസ് പ്രകടമാക്കിക്കൊണ്ട് തന്നെ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ ഒമർ പറഞ്ഞു, തന്റെ സിനിമയിൽ ആരഭിനയിക്കുന്നു എന്നത് വിഷയമേ അല്ല എന്ന്!! താരങ്ങൾക്ക് പിറകെ പോയി വർഷങ്ങൾ നഷ്ടപ്പെടുത്താൻ തനിക്ക് സമയമില്ലെന്നും..

ആരും കൊതിക്കുന്ന ഓപ്പണിംഗ് ഡേ

ഇങ്ങനെ പറയാൻ കെല്പുള്ള എത്ര സംവിധായകർ മലയാളത്തിൽ ഉണ്ട് എന്നറിയില്ല, പക്ഷെ ഒമറിന്റെ വാക്കുകളെ നൂറുശതമാനം ശരിവെക്കുന്ന ഒരു ഉൽസവാന്തരീക്ഷത്തെ ആണ് ഇന്നലെ ചങ്ക്സിന്റെ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ തിയേറ്ററുകളിൽ കണ്ടത്. റിസർവ് ചെയ്യാതെ പോയതിനാൽ മാറ്റിനിയും ഫസ്റ്റും കാണാനാവാതെ ഒടുവിൽ റിസർവ്വ് ചെയ്ത് സെക്കന്റ് ഷോ ആണ് കാണാനായത്.‌ ഏത് മെഗാസ്റ്റാറും കൊതിക്കുന്ന ഒരു ഓപ്പണിംഗ് ഡേ സ്വന്തമാക്കിയ ചങ്ക്സിന് പല തിയേറ്ററിലും സ്പെഷ്യൽ ഫാൻസ് ഷോയും നടന്നു..

ആളുകൾ ഇച്ഛിച്ചതും ഒമർ കൊടുത്തതും കമ്പി.

ഡബിൾ മീനിംഗ്, സ്ത്രീവിരുദ്ധത, പൊളിറ്റിക്കൽ ഇൻകറക്റ്റ്നെസ്സ് ഒക്കെ പണ്ടുമുതലേ ഏത് കൊമേഴ്സ്യൽ സിനിമയിലും ഏത് ശുദ്ധഗതിക്കാരനും ആരോപിക്കാവുന്ന എക്കാലത്തും ഉന്നയിക്കാവുന്ന ആരോപണമാണ്.. ഏയ് ഞങ്ങളങ്ങനെയൊന്നും ഉദ്ദേശ്ശിച്ചിട്ടില്ല, ആളുകൾക്ക് വേണ്ടത് ഇതാ.. എന്നൊക്കെ ന്യായീകരിക്കാൻ നിൽക്കുന്ന സിനിമാക്കാർക്കിടയിൽ ഏതായാലും നനഞ്ഞു ഇനി കഴുത്തറ്റം മുങ്ങി ഇനിയിപ്പൊ മുങ്ങി ഊളിയിടാം നിങ്ങളെന്താച്ചാലങ്ങട്ട് ആരോപിച്ച് മരിക്ക് എന്ന മട്ടിലാണ് ഒമർ ചങ്ക്സിൽ അഴിഞ്ഞാടുന്നത്..

ട്രിവാൻഡ്രം ലോഡ്ജ് ഒക്കെ എന്ത്

അശ്ലീലവും സദാചാര/സംസ്ക്കാരവിരുദ്ധതയും അളക്കാനുള്ള മീറ്ററും കൊണ്ടു പോയാൽ അതും പൊട്ടിത്തെറിച്ച് നിങ്ങൾ ചത്തുപോവുകയേ ഉള്ളൂ.. ദ്വയാർത്ഥം എന്നൊന്നും പറഞ്ഞ് താഴ്ത്തിക്കെട്ടാൻ പറ്റില്ല, ഏകാർഥത്തിൽ തന്നെ സുവ്യക്തമായിത്തന്നെ ആണ് അശ്ലീലത്തിന്റെ പോക്ക്.. ട്രിവാൻഡ്രം ലോഡ്ജ് ഒക്കെ എഴുതിയ മഹാൻ വന്ന് ഒമറിന് ശിഷ്യപ്പെടട്ടെ..

റോയൽ മെക്കും മെക്ക് റാണിയും..

റൊമാരിയോ, ആത്മാറാം, യൂദാ എന്നീ മെക്കാനിക്കൽ സ്റ്റുഡന്റുകളും അവരുടെ ടീമിൽ പെട്ട റിയാസ് എന്ന സി എസ് കാരനും പൂണ്ടുവിളയാടുന്ന എൻജീനിയറിംഗ് ക്യാമ്പസ് ആണ് ചങ്ക്സിന്റെ പശ്ചാത്തലം. വൈവ നടത്തുന്ന ടീച്ചറുടെ വടയെക്കുറിച്ച് അവരോട് തന്നെ കമന്റടിച്ചും ക്ലാസ് എടുക്കുന്ന മിസ്സിന്റെ ശരീരവർണന നടത്തിയും ഒക്കെയാണ് കാര്യങ്ങളുടെ പോക്ക്..

റിയയായി ഹണി റോസ്

അതിനിടയിലേക്കാണ് ആൺകുട്ടികൾ മാത്രമുള്ള മെക്കിലേക്ക് റിയയായി ഹണി റോസ് വരുന്നത്.. നിലവിൽ ഹണിറോസിനുള്ള ഹോട്ട് ഇമേജിനെ നൂറായി പൊലിപ്പിക്കും മട്ടിലാണ് പിന്നെ ചെക്കന്മാരും സംവിധായകനും ക്യാമറയും ചേർന്ന് ആക്രാന്തബുദ്ധ്യാ കാര്യങ്ങൾ നീക്കുന്നത്. തെറ്റുപറയരുതല്ലോ, സംഭാഷണങ്ങൾ പലതും കേൾക്കുക പോലും ചെയ്യാനാവാത്ത വിധം ആരവവും ബഹളവും കയ്യടിയും കമന്റടിയും ആണ് തിയേറ്ററിൽ..

രണ്ടുമണിക്കൂർ ആഹ്ലാദാരവം

ഇൻഫീരിയർ കോമഡിയാലും ഇക്കിളിസംഭാഷണങ്ങളാലും മാത്രമല്ല, നായികയുടെ മേനിയഴകിനാലും മൊത്തത്തിലുള്ള വർണപ്പൊലിമയാലും പ്രേക്ഷകനെ ആനന്ദലഹരിയിൽ ആറാടിക്കുകയാണ് ഒമർ.‌ കൂതറകളുടെ സ്വപ്നലോകം എന്നുപറയാം . എന്റെയൊരു തോന്നൽ ശരിയാണെങ്കിൽ റിപ്പീറ്റ് ഓഡിയൻസ് ചങ്ക്സിനെ ഹാപ്പു വെഡിംഗിനെയൊക്കെ കടത്തിവെട്ടുന്ന ഭയാനകമായൊരു വിജയമാക്കിയേക്കും

ശൂന്യതയിലെ സ്വപ്നലോകം

കഥ- ഒമർ തിരക്കഥ- ജോസ്ഫ് വിജീഷ്, അനീഷ് ഹമീദ്, സനൂപ് തൈക്കുടം എന്നൊക്കെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും അത്തരം പരിപാടികൾക്കൊന്നും വല്യ ഇമ്പോർട്ടൻസ് കൊടുക്കാതെ സംഭാഷണങ്ങളിലും സന്ദർഭങ്ങളിലും വർണപ്പൊലിമയിലും മാത്രമൂന്നി സങ്കൽപ്പലോകത്തിലേക്കാണ് കഥാപാത്രങ്ങളെ അഴിച്ചുവിട്ടിരിക്കുന്നത്.. കോളേജ്, വീട്, കുടുംബം, സമൂഹം, സൗഹൃദം എന്നീ പ്രസ്ഥാനങ്ങളെയെല്ലാം കാണികളുടെ ഉള്ളിലുള്ള അരാജകകാമനകൾക്കനുസരിച്ച് പൊളിച്ചടുക്കുന്നുണ്ട്..

തെലുങ്ക് പ്രേക്ഷകരെക്കൂടി

ബാലു വർഗീസിനെപ്പോലൊരു നായകനെ ഹണീ റോസിന്റെ ശരീരസമൃദ്ധിക്കൊപ്പം ഇഴുകിക്കാണുമ്പോളുള്ള രോമാഞ്ചം ചില്ലറയാവില്ല.. ഒറ്റ ഗോവൻ ട്രിപ്പിന്റെ ഗ്യാപ്പിൽ 4 പാട്ടുസീനുകളിലാണ് മിനുറ്റുകൾക്കിടയിൽ അവർ വ്യാപൃതരാവുന്നത്.. കണ്ണടിച്ചുപോകുന്ന മായികസ്വപ്നലോകം എന്നൊക്കെപ്പറഞ്ഞാൽ ഇതല്ലാതെ മറ്റെന്താണ് ലോക്കലുകൾക്ക്.. ചെറിയ ബഡ്ജറ്റുള്ള മലയാളത്തിൽ ഒതുങ്ങാതെ തെലുങ്ക് പ്രേക്ഷകരെക്കൂടി ഒമർ ഇടക്കൊക്കെ വൻബഡ്ജറ്റിൽ കനിഞ്ഞനുഗ്രഹിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്..

പൊളിച്ചടുക്കലുകൾ..

കണ്ണും പൂട്ടി സ്ത്രീ വിരുദ്ധത ആരോപിക്കാവുന്ന പടത്തിൽ നായകനെക്കാളും ഒപ്പമുള്ളവരെക്കാളും സിദ്ധിക്ക്, ലാൽ തുടങ്ങിയ കില്ലാഡി അപ്പന്മാരെക്കാളുമൊക്കെ എല്ലാ തരത്തിലും കരുത്തേറിയ കഥാപാത്രങ്ങൾ ഹണിറോസിന്റെ റിയയും മെറീന മിഖായേലിന്റെ ഷെറിനും ആണെന്നത് ഒരു കൗതുകമാണ്.. ലെസ്ബിയനിസമൊക്കെ സ്വാഭാവികമായിട്ട് തന്നെ സിനിമ കൈകാര്യം ചെയ്യുന്നു.. മെറീനയുടെ കഥാപാത്രം റൊമാരിയോയെയും കൂട്ടുകാരെയും മാത്രമല്ല സ്കൗണ്ട്രലായ ലാലിനെയും കായികമായിത്തന്നെ അടിച്ചൊതുക്കുകയും മാനസികമായി ആധിപത്യം പുലർത്തുന്നുമുണ്ട്.. ഇതൊന്നും കൊമേഴ്സ്യൽ സിനിമയിൽ പൊതുവെ കാണാത്ത കാഴ്ചകൾ ആണ്..

ഇരകളുടെ ആനന്ദം

മറ്റൊരു കാര്യം ശ്രദ്ധിച്ചത്, തിയേറ്ററിൽ എന്റെ റോയിലും മുന്നിലും സിനിമ കാണാനിരുന്നത് ഫാമിലി കപ്പിൾസ് ആയിരുന്നു.. പെണ്ണുങ്ങളൊക്കെ കമ്പിസംഭാഷണങ്ങൾ കേട്ട് തലകുത്തിമറിഞ്ഞ് ചിരിക്കുന്നതുകണ്ടു.. തിയേറ്ററിലെ ലൈറ്റണഞ്ഞുകഴിഞ്ഞാൽ സ്ത്രീകളിൽ പോലും തെമ്മാടിയായ ഒരു പുരുഷനെ ഉല്പാദിപ്പിക്കുന്ന വിധത്തിൽ വാണിജ്യസിനിമ അതിന്റെ ഇരകളെ പരുവപ്പെടുത്തി എടുത്തിരിക്കുന്നു എന്നുതന്നെ അർത്ഥം... ഒമറിന് സന്തോഷിക്കാം..

പിൻ-പോയിന്റ്

ചങ്ക്സ് എന്ന ക്യാപ്ഷനിലെ ങ്ക എന്ന അക്ഷരം രൂപകൽപന ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചാൽ അതിൽ ഒരു ഉദ്ദരിച്ചുവരുന്ന പുരുഷലിംഗം വ്യക്തമായി കാണാൻ കഴിയും.. തന്റെ സിനിമയുടെ രാഷ്ട്രീയം ഇത്രമേൽ സുതാര്യമായും വിദഗ്ധമായും ഒരു സംവിധായകന് പോസ്റ്ററിലും ക്യാപ്ഷനിലും പ്രതിഫലിപ്പിക്കാൻ കഴിയുന്നത് നല്ല കാര്യം തന്നെ

English summary
Chunkzz movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam