»   » നിരൂപണം: പെണ്‍ഗുസ്തിയുടെ പോര്‍ക്കളത്തില്‍ ചിന്തിയ വിയര്‍പ്പിന്റെ വിലയാണ് ദംഗല്‍

നിരൂപണം: പെണ്‍ഗുസ്തിയുടെ പോര്‍ക്കളത്തില്‍ ചിന്തിയ വിയര്‍പ്പിന്റെ വിലയാണ് ദംഗല്‍

Posted By: ശ്രീകാന്ത് കൊല്ലം
Subscribe to Filmibeat Malayalam
Rating:
4.5/5

ഗീതാ ഫോഗാട്ടും ബബിത ഫോഗട്ടും ഇവര്‍ ആയിരുന്നു മഹാവീര്‍ സിംഗ് ഫോഗാട്ടിന്റെ പെണ്‍ മുത്തുകള്‍. ആണ്‍കുട്ടികളെ പോലും മലര്‍ത്തിയടിച്ച ഗ്രാമഗോദകളില്‍ നിന്ന് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ ഗോദകളില്‍ വരെ വെന്നിക്കൊടി പാറിച്ചു ഈ പെണ്‍ സിംഹങ്ങള്‍. ഗീത ഫോഗട്ട് 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ (55Kg) സ്വര്‍ണ്ണം നേടി. ഈ ഇനത്തില്‍ ഒരു ഇന്ത്യന്‍ വനിത നേടുന്ന ആദ്യ സ്വര്‍ണ്ണം ആയിരുന്നു. ഒപ്പം അടുത്ത ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ സ്ഥാനം നേടുന്ന ഇന്ത്യന്‍ വനിതയുമായി.

2014 ല്‍ വീണ്ടും മഹാവീറിന്റെ ബബിത ഫോഗട്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (55Kg) ഇതേപടി സ്വര്‍ണ്ണം നേടി. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ മഹാവീറിന്റെ സഹോദരപുത്രിയായ വിനേഷ് ഫോഗട്ട് ക്വര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. പുരുഷ മേധാവിത്വം മാത്രം നിലനിന്നിരുന്ന ഗുസ്തി മേഖലയിലേക്ക് തന്റെ പെണ്‍ മക്കള്‍ക്ക് പരിശീനലനം നല്‍കി വിജയസോപാനത്തില്‍ എത്തിച്ച മഹാവീറിന് ദ്രോണാചാര്യ അവാര്‍ഡിന് നാമനിര്‍ദ്ദേശവും ലഭിച്ചിരുന്നു. പെണ്‍ഗുസ്തിയില്‍ ഫോഗട്ട് സോദരികള്‍ പടയോട്ടം നടത്തിയെങ്കിലും ഇന്ത്യക്ക് കിട്ടിയത് സാക്ഷി മാലിക്ക് എന്ന ലോകചാമ്പ്യനെയാണ്.

ദംഗല്‍ (ഗുസ്തി മത്സരം)

ബോളിവുഡില്‍ നിന്നും വീണ്ടും ഒരു സ്‌പോര്‍ട്‌സ് സിനിമ. ചക്‌ദേ ഇന്ത്യ, മേരി കോം, ഭാഗ് മില്‍ഖാ ഭാഗ്, ലഗാന്‍, ഇക്ബാല്‍, എംഎസ് ധോണി, സുല്‍ത്താന്‍ ഇത്തരത്തില്‍ ആവേശം ജനിപ്പിക്കുന്ന ഒരു കൂട്ടം സ്‌പോര്‍ട്‌സ് സിനിമകള്‍ കണ്ട ഇന്ത്യന്‍ ജനതയുടെ മുന്നിലേയ്ക്കുള്ള പുത്തന്‍ ചിത്രമാണ് ദംഗല്‍. പെണ്‍ഗുസ്തിയുടെ പോര്‍ക്കളത്തില്‍ ചിന്തിയ വിയര്‍പ്പിന്റെ വിലയാണ് ദംഗല്‍. സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് തന്റെ പെണ്‍മക്കള്‍ക്ക് ഗുസ്തിപരിശീലനം നല്‍കി അവരെ കായികരംഗത്തെ അന്തര്‍ദേശീയ വേദികളിലേക്ക് ഉയര്‍ത്തിയ മഹാവീര്‍ സിംഗ് ഫോഗട്ട്എന്ന ഹരിയാനക്കാരനായ ഗുസ്തിക്കാന്റെ യഥാര്‍ത്ഥ കഥ. ചെറുപ്പകാലത്ത് ഗോദയില്‍ ഏറെ തിളങ്ങിയ ആളായിരുന്നു മഹാവീര്‍. പുരുഷ കായികതാരങ്ങള്‍ ഭൂരിപക്ഷമായ ഗുസ്തിരംഗത്തേക്ക് തന്റെ മൂത്ത പെണ്‍മക്കളെ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളായ ഗീതയേയും, ബബിതയേയും ചാമ്പ്യന്മാരാക്കിയതിന് പിന്നിലെ വിയര്‍പ്പിന്റെ കഥയാണ് ദംഗലില്‍ പുനരാവിഷ്‌കരിക്കപ്പെടുന്നത്. ചെമ്മണ്ണ് നിറഞ്ഞ നാട്ടിലെ ഗോദകളില്‍ പെണ്‍മക്കളുടെ മുടി ആണ്‍ കുട്ടികളെ പോലെ മുറിച്ച്, ഷോര്‍ട്ട്‌സും ഇട്ട് ഗ്രാമ പ്രദേശങ്ങളില്‍ പരിശീലനം നടത്തിയത് പലരിലും അസ്വാരസ്യങ്ങള്‍ ഉളവാക്കിയിരുന്നു. ഒരു സ്ത്രീയ്ക്ക് പ്രധാനമന്ത്രി ആകാന്‍ ആകുമെങ്കില്‍ എന്തുകൊണ്ട് ഗുസ്തിക്കാരി ആയിക്കൂടാ എന്ന മറുചോദ്യം ഉയര്‍ത്തി മഹാവീര്‍ മുന്നോട്ട് നീങ്ങി.

അമീര്‍ ഖാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ഡിസ്‌നി അവതരിപ്പിക്കുന്ന ദംഗലില്‍ അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും നിര്‍മ്മാണ പങ്കാളികളാണ്. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന കേന്ദ്ര കഥാപാത്രത്തെ അമീര്‍ഖാന്‍ അവതരിപ്പിക്കുമ്പോള്‍, പുതുമുഖങ്ങളായ ഫാത്തിമാ സനാ ഷെയ്ക്കും (ഗീത), സാനിയ മല്‍ഹോത്ര (ബബിത)യുമാണ് ചിത്രത്തില്‍ ഫോഗട്ട് സോദരികളായി വേഷമിടുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ ഭാര്യയായ ദയയെ അവതരിപ്പിക്കുന്നത് ടെലിവിഷന്‍ താരമായ സാക്ഷി തന്‍വര്‍ ആണ്. ഇവരെ കൂടാതെ മാറാത്ത താരം ഗിരീഷ് കുല്‍ക്കര്‍ണി നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ പരിശീലകനായ പ്രമോദ് ഖദമിനെ അവതരിപ്പിക്കുന്നു.

പ്രമേയം

പെണ്‍ സമൂഹത്തിന് അന്യം എന്ന് കരുതിയിരുന്ന ഗുസ്തിയിലേക്ക് തന്റെ മക്കള്‍ക്ക് പരിശീലനം നല്‍കി അവരെ ലോകരുടെ മുന്നില്‍ എത്തിക്കുക. ഇതായിരുന്നു മഹാവീറിന്റെ ലക്ഷ്യം. ഇതില്‍ ഊന്നിയാണ് ചിത്രം നീങ്ങുന്നത്.

മഹാവീറിന്റെ പുഷ്‌കര സമയവും തുടര്‍ന്ന് ഉത്തരവാദിത്തങ്ങള്‍ പേറിയ ജീവിതത്തില്‍ കൂടികടന്ന് തുടങ്ങുന്നു ചിത്രം. പെണ്മക്കളുടെ ജനനവും, അവരുടെ ബാല്യകാല പരിശീലനങ്ങളുടെ വിവിധ തലങ്ങളിലൂടെ നീങ്ങുന്ന ആദ്യപകുതി ആവേശകരവും രസകരവുമാണ്. ചിത്രത്തിന്റെ നട്ടെല്ല് എന്നത് ശരിക്കും ആദ്യപകുതി തന്നെയാണ്. മെല്ലെ ഏതൊരു പ്രേക്ഷക പ്രതീക്ഷയും ഗീതയ്ക്കും ബബിതയ്ക്കും ഒപ്പം വളര്‍ത്തുന്നു.

ദേശീയ അന്തര്‍ദേശീയ മത്സര വേദികളിലും കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ ചിന്തിയ വിയര്‍പ്പിന്റെയും തന്ത്രങ്ങളുടെയും ഭാഗമാണ് രണ്ടാം പകുതി. കോമ്മണ്‍വെല്‍ത്ത് മത്സരങ്ങളില്‍ ഊന്നിയ രണ്ടാം പകുതി ആവേശജനകമാണ്. പറഞ്ഞും കണ്ടും കേട്ടും അറിഞ്ഞ കഥയെ സിനിമാറ്റിക് തലത്തില്‍ അധികം വധിക്കാതെ മാന്യമായ രീതിയില്‍ തന്നെ പര്യവസാനിപ്പിക്കാന്‍ നിതേഷ് തീവാരിയ്ക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം. മക്കളോടും ഗുസ്തിയോടും അതിനെ അന്തര്‍ദേശീയ തലത്തില്‍ ദേശത്തിന്റെ പേര് എത്തിക്കാനും നടത്തുന്ന ഒരച്ഛന്റെ കഷ്ടപ്പാടിന്റേയും പ്രയത്‌നത്തിന്റേയും കഥയാണ് ദംഗല്‍.

ആമീര്‍ഖാനും മറ്റ് കഥാപാത്രങ്ങളും

മഹാവീര്‍ ഫോഗട്ടിന്റെ പൂര്‍ണ്ണതയ്ക്കായ് അമീര്‍ ഖാന്‍ തന്റെ ശരീരഭാരം 2530 കിലോയോളം വര്‍ധിപ്പിക്കുകയും പിന്നീട സാധാരണ നിലയിലേക്ക് ആക്കുകയും ചെയ്തിരുന്നു. തികഞ്ഞ അര്‍പ്പണ്ണ മനോഭാവത്തോടെ ചെയ്ത ഈ വേഷം നൂറുമേനി നീതി പുലര്‍ത്താന്‍ ആമിറിന് ആയി. 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം ലഭിച്ച വളരെ നല്ല പ്രകടനം. മഹാവീര്‍ എന്ന അച്ഛന്റെ ശാഠ്യവും ആജ്ഞാപനവും ആവേശം ജനിപ്പിക്കാന്‍ പാകത്തിന് ഉതകുന്നതായിരുന്നു. NSA ല്‍ നിന്ന് മകളുടെ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സീന്‍ പ്രേക്ഷരുടെയും കരളലിയിപ്പിക്കും വിധത്തിലായിരുന്നു. മസ്സില്‍മാനായും തടിച്ച് വീര്‍ത്തരൂപത്തിലും സ്‌ക്രീനില്‍ എത്തുന്ന ആമീര്‍ ഖാന്റെ ഗുസ്തി രംഗങ്ങളില്‍ അസാധ്യമായ മെയ്‌വഴക്കവും നമ്മുക്ക് കാണാവുന്നതാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു വേഷം തന്നെയാണ് മഹാവീര്‍ സിംഗ്.

ഗീതയും ബബിതയും
ആദ്യപകുതിയുടെ ഏതാണ്ട് അന്ത്യം വരെ ഗീതയായും ബബിതയായും വേഷമിട്ട ബാല താരങ്ങള്‍ മിന്നുന്ന പ്രകടനം ആണ് കാഴ്ചവച്ചത്. ഗുസ്തി സീനുകളില്‍ എല്ലാം വളരെ പ്രയാസമേറിയ ആക്ഷന്‍ രംഗങ്ങളും വളരെ സൂക്ഷമമായി ഇവര്‍ വൃത്തിയാക്കി. ബാല്യത്തില്‍ നിന്ന് മാറിയ ഇവരെ ഫാത്തിമാ സനാ ഷെയ്ക്കും (ഗീത), സാനിയ മല്‍ഹോത്ര (ബബിത) യുമാണ് ശേഷം അവതരിപ്പിക്കുന്നത്. ഇരുവരും മത്സരിച്ചത് ഗുസ്തിയില്‍ മാത്രമല്ല അഭിനയത്തിലും ആണെന്ന് പറയുന്നതില്‍ തെറ്റില്ല. സനാ ഷെയ്ക്കിന്റെ ഗീതയുടെ വേഷം വളരെ മികച്ചതതായിരുന്നു, പ്രത്യേകിച്ചും ഇമോഷണല്‍ രംഗങ്ങള്‍ വളരെ മിതത്വമായി അവതരിപ്പിക്കാനും ആയി.

സാക്ഷി തന്‍വര്‍
മഹാവീര്‍ സിംഗിന്റെ ഭാര്യയുടെ വേഷത്തിന് മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു സാക്ഷി. ടെലിവിഷന്‍ അവതാരകയായും ഹിന്ദി സീരിയല്‍ രംഗത്തും നിറസാന്നിധ്യമായ സാക്ഷിയുടെ ചിത്രത്തിലെ അമ്മ വേഷം പരിപൂര്‍ണ്ണ വിജയമാക്കാനും സാക്ഷിയ്ക്ക് ആയി.

ഗിരീഷ് കുക്കര്‍ണ്ണി
മറാത്ത താരമായ ഇദ്ദേഹത്തിന്റെ മികച്ച ഒരു പ്രകടനം ചിത്രത്തിന്റെ മറ്റൊരു മുതല്‍ക്കൂട്ട് ആണ്. കര്‍ക്കശക്കാരനും സ്വന്തം താല്പര്യത്തിനും നിലപാടിലും ന്യായീകരണങ്ങള്‍ കണ്ടെത്തുന്ന പരിശീലകന്റെ വേഷം ഭംഗിയാക്കി. എങ്കിലും അത്തരം റോള്‍ ഒരു പക്ഷെ നവാസുദ്ദീന്‍ സിദ്ദിഖി ചെയ്തിരുന്നെങ്കില്‍ എന്ന് അറിയാതെ നാം ചിന്തിച്ച് പോകും.

സംഗീതം

പ്രീതം ചക്രവര്‍ത്തിയാണ് ചിത്രത്തിലെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ദലേര്‍ മെഹന്ദി ആലപിച്ച ദംഗല്‍ ദംഗല്‍ എന്ന ടൈറ്റില്‍ സോങ്ങ് വളരെ ആവേശം നിറയ്ക്കുന്ന തരത്തില്‍ വളരെ മോനോഹരമായി തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. 'ഹാനികാരക്ക് ബാപ്പു .....'എന്ന ഗാനം വേറിട്ട ശബ്ദത്തിലൂടെ ഉള്ള ആലാപനത്തിലും ഗ്രാമീണത നിറഞ്ഞ പുതുസംഗീതത്തിലും മികച്ചു നിന്നു. അര്‍ജീത് സിംഗ് ആലപിച്ച 'നൈനാ കഭി ജോ...' എന്ന ഗാനം വളരെ വൈകാരികത നിറഞ്ഞതായിരുന്നു. ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് ചിത്രത്തിനും പശ്ചാത്തലവും ആയി യോജിക്കും വിധത്തില്‍ ആയിരുന്നു. നായകനോ കുടുംബമോ വരികള്‍ ആലപിക്കുന്ന ഗാനങ്ങള്‍ അല്ല ചിത്രത്തിലേത്. കൃത്യമായ സമയത്ത് യഥാ സ്ഥാനങ്ങളില്‍ അടുക്കും ചിട്ടയോടെയാണ് ഓരോന്നും എത്തിയത്.

മനസ്സിനെ വേദനിപ്പിക്കുന്ന സംഭാഷണങ്ങള്‍ നിറഞ്ഞ സീനുകള്‍ക്ക് തീവ്രത പകരാന്‍ പാകത്തിന് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ഇത്ര മൂര്‍ച്ചയേറിയ പശ്ചാത്തലം അടുത്തിടെ ഒന്നും കിട്ടിയിട്ടില്ല. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരം ഒരു രംഗത്തും ഇല്ല എന്നതും സ്വാഗതാര്‍ഹമാണ്.

സാങ്കേതിക വശം

മലയാളത്തിലടക്കം നിരവധി ഭാഷകളില്‍ ഛായാഗ്രഹണം നിര്‍വഹിച്ച സേതു റാം ആണ് ഇവിടെ ദംഗലിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗോദയിലെ ഗുസ്തി കാഴ്ചകള്‍ എല്ലാം നാം ഒരു സ്‌ക്രീനില്‍ കാണുന്ന ഫീല്‍ ജനിപ്പിക്കാതെ വിവിധ ആംഗിളുകളില്‍ നിന്ന് മനോഹരമായ ഫ്രെയിമില്‍ സമ്മാനിച്ചിട്ടുണ്ട്. ഹരിയാനയിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ പരിശീലന രംഗത്തെ ഷോട്ടുകള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. ഒരു കൂട്ടം ചെറിയ ചെറിയ സീനുകള്‍ ആണ് ആദ്യപകുതിയിലേറെ. ഗ്രാമവാസികളുടെ എതിര്‍പ്പ്, മഹാവീറും ഭാര്യയുമായുള്ള സീനുകള്‍ ഇവ എല്ലാം തുടക്കത്തില്‍ അരമിനിറ്റ് പോലും ദൈര്‍ഘ്യം ഇല്ലാത്തവ ആയിരുന്നു. യാതൊരു കോട്ടവും കാഴ്ചയ്ക്ക് തോന്നാത്ത വിധത്തില്‍ ചിത്രസംയോജനവും അഭിനന്ദാര്‍ഹമാണ്. ബല്ലു സലൂജയാണ് ഇവിടെ എഡിറ്റിംഗ് കടമ നിര്‍വഹിച്ചിരിക്കുന്നത്.

സംഭാഷണങ്ങള്‍

ചിത്രത്തിന്റെ കലാസംവിധാനവും എടുത്ത് പറയേണ്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഹരിയാനയിലെ ഗ്രാമങ്ങളും കച്ചവടസ്ഥാപനങ്ങളും വേഷവിധാനങ്ങളും എല്ലാം ഭംഗിയാക്കി. ഹരിയാന ഭാഷയിലെ ചില വാക്കുകളും സംഭാഷണങ്ങളും ഇടയ്ക്ക് നെറ്റി ചുളിക്കേണ്ടി വരുന്നുണ്ട് എങ്കിലും ചിത്രത്തിന്റെ ആസ്വാദനത്തെ അവ ബാധിക്കുന്നില്ല.

വളരെ അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ ചിത്രത്തില്‍ ഉടനീളം ഉണ്ട്. മെഡല്‍ എന്നത് മരത്തില്‍ പിടിക്കുന്ന ഒന്നല്ല അതിന് കഷ്ടപ്പാടും, ത്യാഗവും, ആത്മാര്‍ത്ഥതയും, ആഗ്രഹവും എല്ലാം വേണം എന്ന മഹാവീറിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഭയം മാറ്റുക അതാണ് ഗുസ്തിയിലെ ആദ്യ വിജയം. ഗുസ്തിക്ക് മുന്‍പ് ഉള്ളിലെ ഭയത്തെയാണ് ആദ്യം തോല്‍പ്പിക്കേണ്ടത് ഇത്തരത്തില്‍ ആവേശം ജനിപ്പിക്കുമാറ് നിരവധി ഡയലോഗുകള്‍ കൊണ്ട് സമ്പന്നമാണ് ദംഗല്‍.

സിനിമയെ കുറിച്ച്

കായിക രംഗത്തെ പ്രതിഭകള്‍ എന്നും രാജ്യത്തിന്റെ അഭിമാനമാണ്. അര്‍ഹനായ ഒരു കായിക താരത്തിന്റെ വിജയത്തിന് ആവിശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ ഒരു പക്ഷെ സാമ്പത്തികമായി ആ കുടുംബത്തിന് കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യത്തില്‍ ഒരു ഫണ്ടിനായി അച്ഛന്‍ സര്‍ക്കാര്‍ ഓഫീസില്‍ ചെന്ന് കയറുന്നതും അവിടുത്തെ ഉദ്യോഗസ്ഥന്റെ പരിഹാസകരമായ ഇടപെടലുകളും ചിത്രം വരച്ച് കാണിക്കുന്നുണ്ട്.

കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ കേന്ദ്രീകരിച്ച അവസാന ഭാഗങ്ങളും മത്സരങ്ങളും ഏതൊരാളും ആവേശം നിറയ്ക്കുന്ന ഒന്നാണ്. സെമി ഫൈനലും, ഫൈനലും എല്ലാം ആസ്വാദനത്തെ പിടിച്ച് ഇരുത്താന്‍ പാകത്തിന് കൃത്യമായി ഒരുക്കിയതായിരുന്നു. ഒടുവില്‍ ദേശീയ ഗാന പശ്ചാത്തലത്തില്‍ ത്രിവര്‍ണ്ണ പതാക ഒന്നാമതായി പറക്കുന്നത് ഏതൊരു ഇന്ത്യാക്കാരനിലും അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്നു.

രണ്ടാം പകുതിയിലെ ആരംഭത്തിലെ ഒരു മെല്ലെ പോക്ക് ഒഴിച്ചാല്‍ ചിത്രത്തില്‍ എടുത്ത് പറയാന്‍ പാകത്തിന് പോരായ്മകള്‍ ഇല്ല എന്നതും വാസ്തവമാണ്. സിനിമാറ്റിക് ചേരുവകളോ അനാവശ്യമായ സീനുകളോ കുത്തിത്തിരുകാതെ കാര്യങ്ങളെ ഭംഗിയാക്കി അവതരിപ്പിക്കാന്‍ നിതേഷ് തിവാരിയ്ക്ക് ആയി. ഒരു ക്ലാസ് ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍പ്പെടുന്നു.

ദംഗല്‍ എന്നത് ഇവിടെ ഒരു സിനിമ മാത്രമല്ല. രാജ്യത്തിന് വേണ്ടി ഒരു മെഡല്‍ നേടുന്നത്, അത് ആരായാലും ഒരു ജനതയുടെ അഭിമാനവും പൊതുവികാരമാണ്. ചിത്രം കായിക പ്രേമികള്‍ക്ക് മാത്രമല്ല നമ്മുക്ക് എത്തിപ്പിടിക്കാനോ എത്തിച്ചേരാനോ ആകാത്തത് ആയി ഒന്നും ഇല്ല. അതിനായി ആദ്യാന്തം ശ്രമിക്കുക പ്രയത്‌നിക്കുക. ഏതൊരു വ്യക്തിക്കും ഊര്‍ജ്ജം പകരുന്ന ഒരു ഫിലിം ആണ് ദംഗല്‍. ഒരു മോട്ടിവേഷന്‍ അല്ലെങ്കില്‍ ഒരു ഉണര്‍വ്വ് അത് പ്രേക്ഷകര്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. ദംഗല്‍ എല്ലാവരും കണ്ടിരിക്കേണ്ട ഒരു ത്യാഗത്തിന്റെ കഥയാണ്.

English summary
Dangal movie review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam