twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവരകൊണ്ടയിലെ വിജയ് വീണ്ടും! എക്സലൻറ് മൂവി, 'കോമ്രേഡ്' എന്നതിന്റെ നിർവചനം — ശൈലന്റെ റിവ്യു

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    4.5/5
    Star Cast: Vijay Deverakonda, Rashmika Mandanna, Shruti Ramachandran
    Director: Bharat Kamma

    തെലങ്കാന സംസ്ഥാനത്തിലാണ് നൽഗൊണ്ട ജില്ല.. നൽഗൊണ്ടയിലാണ് ദേവരകൊണ്ട മുനിസിപ്പാലിറ്റി. അവിടെ ജനിച്ചുവളർന്ന വിജയ് എന്ന മുപ്പതുകാരൻ പയ്യൻ എങ്ങനെയാണ് മലയാളി യുവാക്കളുടെ പ്രിയപ്പെട്ടവനായി മനം കീഴടക്കുന്നത് എന്നതിന് ഒരിക്കൽ കൂടി ഇന്ന് കേരളത്തിലെ സ്ക്രീനുകൾ സാക്ഷിയായി... 'ഡിയർ കോമ്രേഡ്' എന്ന പുതിയ വിജയ് ദേവരകൊണ്ട സിനിമ കാണുമ്പോൾ ഇങ്ങ് കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള മഞ്ചേരിയിലെ തിയേറ്റർ ഏറെക്കുറെ നിറഞ്ഞിരുന്നു. പല റൊമാന്റിക്, ആക്ഷൻ, സെന്റിമെന്റ്‌സ് തുടങ്ങി പല രംഗങ്ങളിലും ഈ നടനെ നിറഞ്ഞ ആർപ്പുവിളികളോടെ തന്നെ സ്നേഹിക്കുന്നതും കാണാമായിരുന്നു.

    അർജുൻ റെഡ്ഢി

    ഇതുവരെ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിട്ടില്ലാത്ത 'അർജുൻ റെഡ്ഢി' ഓൺലൈനിലൂടെ സൃഷ്ടിച്ച നിശ്ശബ്‌ദവിപ്ലവത്തിന്റെ ഫലമാണിത്. പിന്നീട്‌ വന്ന ഗീതഗോവിന്ദം ഒട്ടും പബ്ലിസിറ്റിയില്ലാതെ മൊഴിമാറ്റം പോലും കൂടാതെ വന്ന് കേരളത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നത് കണ്ടു. ഇപ്പോൾ മലയാളം പറഞ്ഞുകൊണ്ട് വന്നിരിക്കുന്ന ഡിയർ കോമ്രേഡ് ദേവരകൊണ്ടയുടെ കേരളത്തിലെ പൂർണാർത്ഥത്തിലുള്ള കൊയ്ത്താണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ ഡിയർ കോമ്രേഡ് പ്രദർശനത്തിനെത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ട എന്ന നടന്റെ ജനപ്രീതി ഒറ്റപ്പെട്ട സംഗതിയല്ലെന്നതിനുള്ള ഉത്തമ ഉദ്ദാഹരണമാണിത്.

    ഐറ്റം തട്ടിക്കൂട്ടി വിളമ്പാതെ

    നടനോടുള്ള ഇഷ്ടവുമായി തിയേറ്ററിലെത്തുന്നവർക്ക് ഒരു 'ഫാൻമെയ്ഡ് ഐറ്റം' തട്ടിക്കൂട്ടി വിളമ്പാതെ ഒരൊന്നൊന്നര സിനിമാനുഭവമാണ് ഭരത് കമ്മ എന്ന സംവിധായകൻ ഡിയർ കോമ്രേഡിലൂടെ സമ്മാനിച്ചിരിക്കുന്നത്. ഈയടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും സമ്പൂർണമായ സിനിമാനുഭവമെന്ന് ഡിയർ കോമ്രേഡിനെ വിശേഷിപ്പിക്കാം. വിജയ് ദേവരകൊണ്ട എന്ന നടനില്ലാതെതന്നെ നിവർന്ന് നിൽക്കാൻ കെൽപ്പുള്ള അതിഗംഭീരൻ സ്ക്രിപ്റ്റാണ് എഴുത്തുകാരൻ കൂടിയായ സംവിധായകൻ സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

    ക്യാമ്പസ്, പൊളിറ്റിക്സ്, മാർക്സിസം, പ്രണയം, ആക്ഷൻ, സെന്റിമെന്റ്‌സ്, വയലൻസ്, ട്രാവലിംഗ്, ഹിമാലയം, ക്രിക്കറ്റ്, സ്ത്രീപീഡനം, കോടതി, മീഡിയ, സസ്പെൻസ് തുടങ്ങി എല്ലാവിധ വാണിജ്യ ഘടകങ്ങളും സിനിമയിൽ കൃത്യമായ അനുപാതത്തിൽ സമന്വയിക്കുന്നത് കാണാം. ഒപ്പം ഡിയർ കോമ്രേഡിനെ ഒരു സ്ത്രീപക്ഷരചനയാക്കാനും എഴുത്തുകാരൻ മനപൂർവം ശ്രദ്ധിക്കുന്നു.

    കോമ്രേഡ്

    ബോബി എന്ന് വിളിപ്പേരുള്ള കോമ്രേഡ് ചൈതന്യയും ലില്ലി എന്ന് വിളിപ്പേരുള്ള അപർണദേവിയും തമ്മിലുള്ള ഒരു സാധാരണ തെലുങ്ക് കൊമേഴ്‌സ്യൽ പ്രണയകഥയായിട്ടാണ് ഡിയർ കോമ്രേഡ് ആരംഭിക്കുന്നത്. അഴിമതി എവിടെ കണ്ടാലും തട്ടിക്കേൾക്കുന്ന, ചെങ്കൊടിയേന്തിയ വിദ്യാർത്ഥി നേതാവാണ് ബോബി. എടുത്തുചാട്ടക്കാരൻ. വയലൻസ് രക്തത്തിൽ ഉണ്ട്. ലില്ലിയെ ബോബി പരിചയപ്പെടുന്നതും അവൾ അയൽ വീട്ടിൽ വിരുന്ന് വരുന്നതുമൊക്കെ ക്ളീഷേയാണ്.

    ചേച്ചിയെ പ്രൊപ്പോസ് ചെയ്തവനായ ബോബിയെ ലില്ലി കുസൃതിയോടെ ഫോളോ ചെയ്യുന്നതോടെ രസമാവുന്നു. അവൾ സ്റ്റേറ്റ് ക്രിക്കറ്റ് ടീമിൽ അംഗമാണെന്നറിയുന്നതോടെ കൗതുകമാവുന്നു. രണ്ടുപേരും അടുക്കുന്നു. രണ്ടുപേരുടെയും സ്വഭാവങ്ങളിൽ ഉള്ള വിരുദ്ധധ്രുവവ്യത്യാസമാണ് പിന്നീടുള്ള വഴികളിൽ മുഴുവൻ.

    ബോബിയുടെയും ലില്ലിയുടെയും

    ബോബിയുടെയും ലില്ലിയുടെയും ബന്ധത്തിലെ അടുപ്പത്തിന്റെയും അകൽച്ചയുടെയും വീണ്ടും അടുപ്പത്തിന്റെയും അകൽച്ചയുടെയും 'സൈക്ലിക്ക്' പ്രവാഹമെന്നൊക്കെ ഒഴുക്കൻ മട്ടിൽ പറയാമെങ്കിലും സിനിമയുടെ പ്രമേയവും ആസ്വാദ്യതയും അതൊന്നുമല്ല. ഗംഭീരമായി മെനഞ്ഞെടുത്ത സ്ക്രിപ്റ്റ് ഒളിപ്പിച്ച് വെക്കുന്ന പല വിസ്മയങ്ങളെയും ഇവിടെ പകർത്തി വെച്ചാൽ അത് സിനിമയുടെ സ്പോയിലറാവും.

    സെക്കന്റ് ഹാഫ്

    മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ഒന്നാരമണിക്കൂറിലധികമുള്ള ഒന്നാം പാതിയിൽ നിന്നും പാടെ വ്യത്യസ്തമായൊരു 'ഴോനറിലും' മൂഡിലുമുള്ള രണ്ടാം പകുതിയാണ് ഇന്റർവെലിന്ന് ശേഷം കാണാനാവുക. ഇത്രയേറെ ദൈർഘ്യമുണ്ടായിട്ടും ഒരു മിനിറ്റുപോലും സിനിമ മുഷിയില്ല. രണ്ട് പാതിയും ഒന്നിനൊന്ന് മികച്ചത്. തൊട്ടുമുന്നിലുള്ള നിമിഷങ്ങളിൽ കൊമേഴ്‌സ്യൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചലനങ്ങളിൽ നിന്നും അസാമാന്യ മെയ് വഴക്കത്തോടെ തെന്നിമാറാൻ സംവിധായകൻ പ്രകടിപ്പിക്കുന്ന ജാഗ്രത സിനിമയെ ക്ളീഷേ മുക്തമാക്കുന്നതിൽ വളരെ അധികം സഹായിക്കുന്നുണ്ട്.

    സഖാവ് എന്ന വാക്കിന്റെ മൂല്യം

    മലയാളത്തിൽ തുടരെ ഇറങ്ങുന്ന സഖാവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സഖാവ് എന്ന വാക്കിന്റെ മൂല്യവും നിർവചനവും അനുഭവപ്പെടുത്തുന്നതിൽ ഡിയർ കോമ്രേഡ് നൂറു ശതമാനം വിജയിക്കുന്നു. മുതിർന്ന സഖാവായ മുത്തച്ഛൻ ബോബിയ്ക്ക് നൽകുന്ന ഉപദേശങ്ങളും അവൻ അത് ജീവിതത്തിൽ പ്രയോഗവത്കരിക്കുന്നതുമൊക്കെ ക്ലാസ്സെന്ന് വിശേഷിപ്പിക്കാം.

    പീഡനത്തിൽ അകപ്പെട്ട നായികയെ നായകനും സിനിമയും ചേർത്ത് പിടിക്കുന്നത് എങ്ങനെ എന്നതിന് മാതൃകയാവുന്നിടത്ത് സംവിധായകനെ കെട്ടിപ്പിടിച്ചൊന്ന് അഭിനന്ദിക്കാൻ ഏത് മികച്ച പ്രേക്ഷകനും തോന്നിപ്പോവും. അതേസമയം പീഡനത്തിന്ന് വിധേയയായ ഇരയുടെ പേര് പരസ്യമായി പറയാനും അവരെ മാധ്യമങ്ങളിൽ കാണിക്കാൻ പടില്ലെന്നുമുള്ള അടിസ്ഥാന നിയമജ്ഞാനം സംവിധായകന് ഇല്ലെന്നത് ചെറിയ കല്ലുകടിയാണെന്ന് പറയാതെ വയ്യ.

    നായിക..

    പ്രണയത്തിനെക്കാളും നായകനേക്കാളും ജീവിതത്തിൽ പ്രാധാന്യം സ്വന്തം പ്രൊഫഷനായ ക്രിക്കറ്റാണെന്നു പറയുന്ന നായിക. നായികയെ വിജയിച്ചവളാക്കാൻ വേണ്ടി തോറ്റ് കൊടുക്കുന്ന നായകൻ എന്നിവയൊക്കെ തെലുങ്ക് സിനിമയിലാണ് കാണുന്നതെന്ന കാര്യം ആരെയും ഞെട്ടിക്കും. വിജയ് ദേവരകൊണ്ടയും രശ്മിത മന്താനയും ഉജ്വലമാക്കി പ്രസ്തുത വേഷങ്ങൾ. ദേവരകൊണ്ടയ്ക്ക് ഇനിയും ആരാധകർ കൂടിയില്ലെങ്കിലേ ആദ്‌ഭുതമുള്ളൂ.

    മധു പോലെ പെയ്ത മഴയെ..

    സാങ്കേതിക വശം നോക്കിയാലും സിനിമ മികച്ച അനുഭവമാണ് സമർപ്പിക്കുന്നത്. സുജിത് സാരംഗിന്റെ ക്യാമറാ വർക്ക് കണ്ണ് കഴുകി കാണേണ്ടത്ര മനോഹരം. ജസ്റ്റിൻ പ്രഭാകരന്റെ കമ്പോസിംഗും ഗാനങ്ങളും കാത് കഴുകി കേൾക്കേണ്ടത്രയും ചേതോഹരം. ഇതിനകം സൂപ്പർഹിറ്റായ ഗാനങ്ങൾ തിയേറ്ററിൽ സൃഷ്ടിക്കുന്ന ഓളങ്ങൾ ചെറുതൊന്നുമല്ല. സിദ് സിദാനും ഐശ്വര്യ രവി ചന്ദ്രനും പാടിയ 'മധു പോലെ പെയ്ത മഴയെ...' ഒക്കെ ഒറ്റ കേൾവിയിൽ ആത്മാവിൽ പതിഞ്ഞ് കൂടെ പോരും.

    ഡിയർ കോമ്രേഡ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കുറ്റങ്ങളധികം പറയാനില്ലാത്ത ഒരു ഗംഭീരൻ സിനിമ.

    Read more about: review റിവ്യൂ
    English summary
    Dear Comrade Movie Review In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X