മാസ് അവതാരമെടുത്ത് എന്‍ടിആര്‍...; പക്ഷെ ചെങ്കടലില്‍ മുങ്ങി താഴ്ന്ന് 'ദേവര'
ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ഇറക്കി ഹിറ്റടിക്കുന്ന ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് തെലുങ്ക്. ബാഹുബലിയും ആര്‍ആര്‍ആറും കല്‍കിയുമെല്ലാം ടോളിവുഡില്‍ നിന്നും ബഹുഭാഷകളിലും വമ്പന്‍ ഹിറ്റടിച്ച സിനിമകളാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്നും വരുന്ന അടുത്ത ചിത്രമാണ് ദേവര: പാര്‍ട്ട് 1. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രണ്ട് ഭാഗങ്ങളായി വരുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.
ആര്‍ആര്‍ആറിന് ശേഷം വരുന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രം, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ടിആറിന്റെ സോളോ റിലീസ്, ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പര്‍ താരങ്ങളുടെ ഗംഭീര കാസ്റ്റ്, അനിരുഥിന്റെ മ്യൂസിക്, കൊരട്ടല ശിവയുടെ സംവിധാനം... ഇതെല്ലാം തന്നെയാണ് ദേവരയ്ക്ക് ആദ്യ ദിനം ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കംപ്ലീറ്റ് എന്‍ടിആര്‍ ചിത്രം എന്ന നിലയിലാണ് ദേവര തിയ്യേറ്ററിലേക്ക് എത്തുന്നതും.

1980കളിലാണ് ചിത്രം തുടങ്ങുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ കടലും നാടും സംരക്ഷിച്ച കരുത്തരായ യോദ്ധാക്കളുടെ ഒരു കൂട്ടം ഗ്രാമം, സ്വാതന്ത്ര്യാനന്തരം ചെങ്കടലിലെ കുപ്രസിദ്ധ കടല്‍ കൊള്ളക്കാരാവുന്നു. ശത്രുക്കളുടെ രക്തംകൊണ്ട് ചുവന്ന കടല്‍, അതാണ് ചെങ്കടല്‍. ഈ കടല്‍ കൊള്ളക്കാരുടെ വേട്ടയും അവരുടെ ജീവതത്തിലൂടെയും തുടങ്ങുന്ന ദേവര പതിയെ ഇവര്‍ക്കിടയിലെ തന്നെ ശക്തമായ പകയിലേക്കും പ്രതികാരത്തിലേക്കും വഴി തിരിച്ചുവിടുകയാണ് സംവിധായകന്‍ കൊരട്ടല ശിവ.
ആചാര്യ എന്ന വലിയ ഫ്‌ലോപ്പിന് ശേഷം കൊരട്ടല ശിവ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ദേവര. മിര്‍ച്ചി, ശ്രീമന്ദുഡു, ജനതാ ഗ്യാരേജ്, ഭരത് അനെ നേനു തുടങ്ങി വമ്പന്‍ ഹിറ്റുകള്‍ ടേളിവുഡില്‍ തന്ന സംവിധായകന്‍ കൂടെയാണ് ശിവ. മാസ്-ആക്ഷന്‍-ഡ്രാമ ജോണറില്‍ വളരെ വ്യത്യസ്തമായി കഥ പറയുന്നതില്‍ പ്രഗദ്ഭനാണ് ഇദ്ദേഹം. അത്തരം പതിവ് രീതിയില്‍ തന്നെയാണ് കൊരട്ടല ശിവ ദേവരയും ഒരുക്കിയത്. എന്നാല്‍ ഇത്തവണ അത് വേണ്ട രീതിയില്‍ വിജയം കണ്ടില്ല എന്നു തന്നെ പറയാം.
അതിഗംഭീര വിഷ്വല്‍ ക്വാളിറ്റിയും തകര്‍പ്പന്‍ പ്രകടനങ്ങളും മനേഹര ആക്ഷന്‍ സീനുകളാലും സമ്പന്നമാണ് ദേവരയെങ്കിലും കാണികളെ സിനിമയുമായി കണക്ട് ചെയ്യുന്നതില്‍ സംവിധായകന് തുടക്കം തന്നെ പാളിപോകുന്നുണ്ട്. അതിനാല്‍ തന്നെ പല ആക്ഷന്‍ സീനുകളും ഇമോഷണല്‍ രംഗങ്ങളും കാഴ്ചക്കാരന് വിരസത ഉണ്ടാക്കുന്നുണ്ട്. ഹൈ ആക്ഷന്‍ സീനുകള്‍ കൊണ്ട് ആവറേജ് നിലയിലേക്ക് ഉയരുന്ന ആദ്യ പകുതിക്ക് ശേഷം കണ്ടും കേട്ടും തഴമ്പിച്ച ഡ്രാമയുടെ ഇഴച്ചിലാണ് രണ്ടാം പകുതി നല്‍കുന്നത്.

ദേവര, വരദ എന്നിങ്ങനെ രണ്ട് റോളിലാണ് എന്‍ടിആര്‍ എത്തുന്നത്. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ആക്ഷന്‍ സീനുകളള്‍ കൊണ്ടും ഡാന്‍സ് കൊണ്ടും ആരാധകരുടെ പ്രീതി നേടാന്‍ എന്‍ടിആറിന് സാധിക്കുന്നുണ്ട്. ചിത്രത്തിലുടനീളം വില്ലന്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് സെയ്ഫ് അലി ഖാന്‍ ചെയ്തിരിക്കുന്നത്. പലയിടത്തും എന്‍ടിആറിന്റെ ലുക്ക് കഥാപാത്രത്തിനോട് നീതി പുലര്‍ത്താത്ത അനുഭവം തരുമ്പോള്‍ സെയ്ഫ് അലിഖാന്‍ ലുക്കിലും നടപ്പിലും ആകെമൊത്തം ഭൈര എന്ന കടല്‍ കൊള്ളക്കാരനാവുകയായിരുന്നു. ജാന്‍വി കപൂര്‍ ചിത്രത്തിലൂടെ നായികയായി തെന്നിന്ത്യയില്‍ തുടക്കം കുറിക്കുകയാണ്. പുഷ്പയില്‍ രഷ്മിക മന്ദാന എങ്ങനെയാണോ അതിന്റെ മിനി വേര്‍ഷനാണ് ദേവരയില്‍ ജാന്‍വി. സിനിമയില്‍ ഒന്നും തന്നെ ചെയ്യാനില്ലാത്ത് അപ്രസക്തമായി മാറുന്നു നായിക.
ഇവര്‍ക്ക് പുറമെ പ്രകാശ് രാജ്, കലൈയരസന്‍, മുരളി ശര്‍മ, ശ്രീകാന്ത് എന്നിവരും ഉണ്ട്. ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍ എന്നിങ്ങനെ മലയാളി സാന്നിധ്യവും ചിത്രത്തിലുണ്ട്. ആര്‍ രത്‌നവേലുവിന്റെ വിഷ്വല്‍സ് വലിയ സ്‌ക്രീനില്‍ കണ്ണ് നിറയെ കാണാനുണ്ട്. അതൊടൊപ്പം തന്നെ ശ്രീകര്‍ പ്രസാദിന്റെ മികച്ച എഡിറ്റിങ്ങും എടുത്തു പറയേണ്ടതുണ്ട്. അനിരുഥിന്റെ മികച്ച പശ്ചാത്തല സംഗീതം വലിയ രീതിയില്‍ സിനിമയ്ക്ക് പോസിറ്റീവ് ആകുന്നുണ്ട്. അതേസമയം ഫിയര്‍ സോങ്ങ് ഒഴികെ മറ്റ് മൂന്ന് ഗാനങ്ങളും ചിത്രത്തില്‍ പ്ലേസ് ചെയ്തിരിക്കുന്നത് അസ്ഥാനത്താണെന്ന് എടുത്ത് പറയേണ്ടതുണ്ട്.
മുന്‍കാല സൂപ്പര്‍ഹിറ്റ് ഹൈ-ആക്ഷന്‍ സിനിമകളിലെ പല സീനുകളുടേയും റഫറന്‍സുകള്‍ ചിത്രത്തില്‍ അവിടെയും ഇവിടെയുമായി ചെറിയ രീതിയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. നായികയുടെ ശരീര സൗന്ദര്യ പ്രദര്‍ശനം കുത്തി നിറച്ച ഗാനങ്ങള്‍ തെലുങ്ക് സിനിമയില്‍ ഒരു കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. ഇടക്കാലത്ത് അത് കുറഞ്ഞു വന്നിരുന്നു. എന്നാല്‍ ദേവരയിലൂടെ ആ ട്രെന്റ് വീണ്ടും കൊണ്ടുവന്നിരിക്കുകയാണ് കൊരട്ടല ശിവ. ബാഹുബലിക്ക് ശേഷം ഏത് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും രണ്ട് ഭാഗങ്ങളാക്കുന്നത് ഇപ്പോള്‍ സ്ഥിരമായി കാണുന്ന ഒന്നാണ്. ആദ്യ ഭാഗത്തിന്റെ സാമ്പത്തിക വിജയം അടിസ്ഥാനമാക്കിയാണ് പലപ്പോഴും തുടര്‍ ഭാഗങ്ങളുടെ ഭാവി. പല ചിത്രങ്ങളും എന്തിന് ഇങ്ങനെ രണ്ട് ഭാഗങ്ങളാക്കി എന്ന് തോന്നിപ്പിക്കാറുമുണ്ട്. എന്നാല്‍ ദേവര ഒന്നാം ഭാഗം, അടുത്ത പാര്‍ട്ട് കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് അവസാനിപ്പിച്ചതെന്ന് പറയാം.
തെലുങ്കില്‍ കാലങ്ങളായി കേള്‍ക്കുന്ന ഒന്നാണ് രാജമൌലി ശാപം. സംവിധായകന്‍ രാജമൌലിക്കൊപ്പം ഒരു ഹിറ്റ് സിനിമ ചെയ്ത നായകന്റെ അടുത്ത് ചിത്രം ഫ്‌ലോപ്പ് ആയിരിക്കും എന്നതാണ് ടോളിവുഡിലെ ഒരു വിശ്വാസം. അത് പ്രഭാസ്, മഹേഷ് ബാബു, നാനി, റാം ചരണ്‍ തുടങ്ങിയവരുടെ ഫിലിമോഗ്രാഫി നോക്കിയാല്‍ ശരിയാണെന്ന് പറയേണ്ടി വരും. ദേവരയിലൂടെ ഈ ശാപം ഉള്ളതാണെന്ന് ഉറപ്പിക്കാന്‍ കഴിയുന്നുണ്ട്. വെറുതെ കണ്ട് മറക്കാം എന്നല്ലാതെ മറ്റൊന്നും തന്നെ ദേവര: പാര്‍ട്ട് 1 നല്‍കുന്നില്ല. ഇനി പാര്‍ട്ട് 2 കണ്ട് തന്നെ അറിയാം....


Click it and Unblock the Notifications











