മീനയുടെ സ്വപ്നവേഷം - ഡ്രീംസ്
മീനയുടെ സ്വപ്നവേഷം - ഡ്രീംസ്
സംവിധാനം: ഷാജൂണ്‍ കാര്യാല്‍
രംഗത്ത്: സുരേഷ് ഗോപി, മീന, അബാസ്, റഹ്മാന്‍, ജഗദീഷ്, ജഗതി തുടങ്ങിയവര്‍
സംഗീതം: വിദ്യാസാഗര്‍
മലയാള ചലച്ചിത്രത്തില്‍ നായികമാര്‍ക്ക് പ്രാധാന്യം ഇല്ലാതാകുന്നു എന്ന പല്ലവി തുടങ്ങിയിട്ട് കുറെ നാളായി. എന്തായാലും ഇപ്പോള്‍ കേരളത്തില്‍ കളിച്ചു കൊണ്ടിരിക്കുന്ന മഴയിലും ഡ്രീംസിലും നായികമാര്‍ക്ക് തന്നെയാണ് പ്രധാനം. മഴയില്‍ സംയുക്താവര്‍മ്മയും ഡ്രീംസില്‍ മീനയും തങ്ങളുടെ കരിയറിലെത്തന്നെ മികച്ച അഭിനയമാണ് പുറത്തെടുത്തിരിക്കുന്നത്.
എപ്പോഴും കരയുകയും നായകനു മുന്നില്‍ പഞ്ചപുച്ഛമടക്കിനില്‍ക്കുകയും ചെയ്യുന്ന മലയാളനായികാസങ്കല്പത്തെ ചെറിയ തോതിലെങ്കിലും ഇളക്കി പ്രതിഷ്ഠിക്കുകയാണ് ഡ്രീംസ്. തന്റെ കാമുകനെ (അബാസ്) കൊന്നവനോട് പ്രതികാരം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന നിമ്മി (മീന)യാണ് ഡ്രീംസിലെ പ്രധാന കഥാപാത്രം.
കാമുകന്‍ സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ നിമ്മിയുടെ സംശയം സ്വാഭവികമായും അബാസിന്റെ രണ്ടു സ്നേഹിതന്മാര്‍ക്കു നേര്‍ക്കായി. അവര്‍ക്ക് തന്നോട് സ്നേഹമുണ്ടായിരുന്ന കാര്യം അവളുടെ സംശയത്തെ ദൃഢമാക്കി. പ്രതികാരം ചെയ്യാനായി നിമ്മി അവരുമായി കൂട്ടുകൂടി. എന്നാല്‍ പിന്നീടാണ് സത്യം തനിക്ക് കണ്ടെത്താന്‍ കഴിയുന്നതിനും എത്രയോ അപ്പുറത്താണെന്ന് അവള്‍ മനസ്സിലാക്കുന്നത്.
ഡ്രീംസിലെ നിമ്മി മീനയുടെ കരിയറിലെ മികച്ച കഥാപാത്രമാണ്. മാദകത്വ പ്രകടനമല്ലാതെ, നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മികച്ച അഭിനയം പുറത്തെടുക്കാന്‍ തനിക്കും സാധിക്കുമെന്ന് മീന ഈ ചിത്രത്തിലൂടെ തെളിയിച്ചു. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥ ഷാജൂണ്‍ കാര്യാലിനെ വേണ്ടവിധം സഹായിക്കുകയും ചെയ്തു.
എന്നാല്‍ സുരേഷ് ഗോപിക്ക് ചിത്രത്തില്‍ മുഴുനീള വേഷമില്ലാത്തതിനാല്‍ ബോക്സോഫീസില്‍ തിരിച്ചടി തീര്‍ച്ചയാണ്. തകര്‍പ്പന്‍ ഡയലോഗുകളും മുഷ്ടിയുയര്‍ത്തിയുള്ള അടിയും കാണാന്‍ വേണ്ടി വെമ്പല്‍ കൊള്ളുന്ന സുരേഷ്ഗോപി ആരാധാകരെ ഡ്രീംസ് തീര്‍ച്ചയായും നിരാശപ്പെടുത്തും. ക്ലൈമാക്സില്‍ വരുത്തിയ മാറ്റം കുറച്ചു പേരെയെങ്കിലും തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചേക്കും.
പി. സുകുമാറിന്റെ ഛായാഗ്രഹണം ചിത്രത്തെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നു. ചിത്രത്തിന്റെ ടെമ്പോക്കനുസരിച്ച് വിദ്യാസാഗറിന്റെ സംഗീതവും യേശുദാസ്, ചിത്ര എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ സ്വരമാധുരിയും ഒത്തുചേരുമ്പോള്‍ സാമാന്യം നല്ല സിനിമ കണ്ട അനുഭവം പ്രേക്ഷകര്‍ക്കുണ്ടാവും.


Click it and Unblock the Notifications