For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസ് നിറച്ച് കൊണ്ട് ദൃശ്യം വീണ്ടും; 'ജോർജ്കുട്ടി നമ്മൾ ഉദ്ദേശിക്കുന്ന ലെവൽ അല്ല സേർ!' — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Mohanlal, Meena, Esther Anil
  Director: Jeethu Joseph

  ഇന്ത്യയൊട്ടുക്കും ഇന്ത്യയ്ക്ക് പുറത്ത് ചൈനയിലും ശ്രീലങ്കയിലും വരെ മലയാള സിനിമയെ അടയാളപ്പെടുത്തികൊണ്ട് റീമേക്ക് പതിപ്പുകൾ സൃഷ്ടിക്കപ്പെട്ടു. കൾട്ട് സ്റ്റാറ്റസ് ലെവൽ മൂവി ദൃശ്യം.. മലയാളി സിനിമാസ്വാദകന്റെ അഭിമാനം. ഏഴ് വർഷത്തിന് ശേഷം ജീത്തുവും ലാലേട്ടനും അതിനൊരു സീക്വലുമായി വരുമ്പോൾ, അതും കോവിഡ് പ്രോട്ടോക്കോൾ പരിമിതികൾ വച്ച് തയ്യാറാക്കിയ ഒരു സ്മോൾ സ്കെയിൽ സീക്വലുമായി വരുമ്പോൾ അതിനെ അത്ര പ്രതീക്ഷയോടെ ഒന്നുമല്ല നോക്കി കണ്ടിരുന്നത്. തിയേറ്റർ റിലീസിന് മെനക്കെടാതെ, ആന്റണി പെരുമ്പാവൂർ നേരിട്ട് ആമസോൺ പ്രൈമിന് ദൃശ്യം2വിനെ കച്ചവടമാക്കുക കൂടി ചെയ്തതോടെ ഉള്ള പ്രതീക്ഷയും പോയി..

  മരക്കാർ അറബിക്കടലിന്റെ സിംഹം പോലൊരു 100കോടി ബഡ്ജറ്റുള്ള പടം ഒരു കൊല്ലമായി പെട്ടിയിൽ കിടക്കുമ്പോൾ അതിനെ മറികടക്കാൻ നിർമ്മാതാവ് എന്ന നിലയിൽ ആന്റണിയുടെ ഉള്ള ചെറിയ ഒരു കൈക്രിയ എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ദൃശ്യം എന്ന ബ്രാൻഡ് നെയിമിന്റെ വിപണി മൂല്യത്തെ പരമാവധി ഉപയോഗപ്പെടുത്തി ഒരു രണ്ടാം ഭാഗം തട്ടിക്കൂട്ടി കൈ നനയാതെ ഉള്ളൊരു മീൻപിടിക്കൽ എന്നൊക്കെയായിരുന്നു മുൻവിധി.

  ആ തോന്നലുകളെയും ആശങ്കകളെയും പ്രതീക്ഷയില്ലായ്മകളെയും എല്ലാം തകർത്ത് തരിപ്പണമാക്കി ദോഷൈകദൃക്കുകളായി സിനിമ കണ്ടു തുടങ്ങുന്നവരെ ചെവിക്കല്ലിനിട്ടൊന്ന് പൊട്ടിച്ച്, ആവേശക്കോടുമുടിയേറ്റുന്ന അനുഭവമാണ് ദൃശ്യം2. വേറെ ലെവൽ മക്കളേ.. ഒന്നാം ഭാഗത്തിന് കട്ടയ്ക്ക് കട്ട... ദൃശ്യം എന്ന ബ്രാൻഡിന്റെ മൂല്യവും ഖ്യാതിയും വീണ്ടും ഉയരങ്ങളിലേക്ക് കുതിപ്പിക്കുന്ന ഗൂസ്ബമ്പ് ഐറ്റം..

  പതിഞ്ഞ മട്ടിൽ ആണ് തുടക്കം.. ഒരുമാതിരി സീരിയൽ ലെവൽ മെയ്ക്കിംഗ്.. സംഭാഷണങ്ങൾ ക്ളീഷേ, അച്ചടി വടിവിൽ.. ക്യാരക്റ്ററുകൾ എല്ലാവരും നിന്ന നിൽപ്പിൽ നിന്ന്, പോയ ആറുകൊല്ലത്തെ സംഭവ വികാസങ്ങൾ നമ്മൾ കേൾക്കാനങ്ങ് പറഞ്ഞ് തിമിർക്കുകയാണ്.. അഭിനേതാക്കൾ ആണെങ്കിൽ പലരും പക്കാ അമേച്വർ.. ഓട്ടോക്കാരന്മാർ ആണെങ്കിൽ അസഹനീയം. ഇതൊരു ത്രില്ലർ സിനിമയല്ല ഫാമിലി മെലോഡ്രാമ എന്ന് ജിത്തു ജോസഫ് മുൻകൂർ ജാമ്യമെടുത്തത് നമ്മളങ്ങ് വിശ്വസിച്ച് പോവും.

  അതിനിടയിൽ ആറാമത്തെ മിനിറ്റിൽ തന്നെ ജോർജ് കുട്ടി വളരെ കൂളായി ഉറക്കപ്പായിൽ നിന്ന് എഴുന്നേറ്റ് വരുന്നതായുള്ള ഇൻട്രോ നടത്തുന്നതും പ്രഭാത കർമങ്ങൾ കൂളായി തന്നെ നടത്തുന്നതും റാണി വീട്ടുജോലികൾ പരാതികളോടെ ചെയ്തു തീർക്കുന്നതും മകളുടെ മെന്റൽ ട്രോമ സ്വാഭാവികമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതും ഒക്കെയാണ് മുകളിൽ പറഞ്ഞ പരിമിതികൾക്കിടയിലും പടത്തെ ദൃശ്യ യോഗ്യമാക്കി മുന്നോട്ട് കൊണ്ടുപോവുന്നത്. തിയേറ്റർ മുതലാളിയായി മാറിക്കഴിഞ്ഞ ജോർജ്കുട്ടിയ്ക്ക് , ആ ആഴ്ച്ച ചാർട്ട് ചെയ്തിരുന്ന മമ്മുട്ടി സിനിമയുടെ റിലീസിംഗ് മാറ്റിവെച്ചതായുള്ള ഫോൺ വരുമ്പോഴാണ് ഉറക്കമുണരുന്നത്.. പ്രീസ്റ്റിന്റെ റിലീസ് മാറ്റത്തെ കുറിച്ചുള്ള ഒരു പ്രവചനാത്മക ഡയലോഗ് ആണല്ലോ ജിത്തു എഴുതിവച്ചത് എന്നൊക്കെ ഇത്തരുണത്തിൽ ഓർത്ത് വേണമെങ്കിൽ കുസൃതിപ്പെടാം..

  അത് കഴിഞ്ഞ്, വല്യ ഡെക്കറേഷൻ ഒന്നുമില്ലാതെ ജോർജ് കുട്ടിക്ക് പുതുതായി വന്ന അയൽക്കാരെ കാണിക്കുന്നുണ്ട്.. അനുമോൾ പഠിക്കുന്ന സ്‌കൂൾ കാണിക്കുന്നുണ്ട്.. അവളുടെ സഹപാഠികളെ കാണിക്കുന്നുണ്ട്.. സുലൈമാനിക്കയുടെ കട കാണിക്കുന്നുണ്ട്.. ജോർജ് കുട്ടിയുടെ തിയേറ്റർ കാണിക്കുന്നുണ്ട്.. അയാളുടെ പുതിയ വെള്ളമടി കമ്പനി കാണിക്കുന്നുണ്ട്.. അയാൾ നിർമ്മിക്കാൻ പോവുന്ന സിനിമയുടെ തിരക്കഥാകൃത്തിനെ കാണിക്കുന്നുണ്ട്.. അമേരിക്കയിൽ നിന്നു തിരിച്ചുവന്ന പ്രഭാകരൻ സാറിനെ കാണിക്കുന്നുണ്ട്.. പോലീസ് സ്റ്റേഷൻ കാണിക്കുന്നുണ്ട്.. പുതിയതായി ചാർജെടുത്ത സി ഐ ഫിലിപ്പിനെ കാണിക്കുന്നുണ്ട്. ഐജി തോമസ് ബാസ്റ്റിനെയും കാണിക്കുന്നുണ്ട്. ഒന്നിനും വലിയ ഊന്നൽ കൊടുക്കുന്നില്ല.. പരസ്പരം വലുതായി കണക്ഷനും കിട്ടില്ല.. എന്തോന്നെഡേയ് യിത് എന്ന് ചുമ്മാ തോന്നിപ്പോകും..

  പക്ഷെ ഇതൊക്കെ ഒരു നമ്പർ ആയിരുന്നു എന്ന് പിന്നീടല്ലേ മനസ്സിലാവുന്നത്. ഇന്റർവെൽ ആവുമ്പോ ആദ്യത്തെ പഞ്ച് വരും മുഖത്തിന് നേരെ.. അപ്പോഴും ആദ്യം നേരിയൊരു പുച്ഛം ആയിരിക്കും, ഇതെന്ത് തെലുങ്ക് പടമോ എന്ന്.. പക്ഷെ പിന്നീടങ്ങോട്ട് ഗിയർ തട്ടിയിട്ട് കുതിക്കുന്ന ജീത്തു ജോസഫിനെ ആണ് കാണാൻ കഴിയുക. പടം മുറുകാൻ തുടങ്ങും.. ഒപ്പം ജോർജ് കുട്ടിക്കുള്ള കുരുക്കും.. ഇനിയങ്ങോട്ട് എന്ത് പറഞ്ഞാലും സ്പോയിലർ ആവും..

  മുറുകി മുറുകി അവസാനത്തെ അര മണിക്കൂർ ഒക്കെ വലിഞ്ഞുമുറുകി പൊട്ടിത്തെറിക്കാൻ വെമ്പുന്ന പരുവമാണ്.. ഇതിൽ നിന്ന് എങ്ങനെ ജീത്തുവും ജോർജ് കുട്ടിയും പ്രേക്ഷകനും ഊരിപ്പോരുമെന്ന് ഒരു ഊഹവും കിട്ടാത്ത കുരുക്ക്.. ആ അവസ്ഥയിൽ നിന്ന് ചെറിയ സമയം കൊണ്ട് ഗംഭീരമായൊരു ക്ലൈമാക്സിലേക്ക് ജീത്തു ദൃശ്യം 2 വിനെ ലാൻഡ് ചെയ്യിക്കുന്നത് സീറ്റിന്റെ തെമ്പത്ത് ഇരുന്നോ എഴുന്നേറ്റ് നിന്നോ വാ പൊളിച്ച് മാത്രമേ കണ്ടു തീർക്കാനാവൂ.. ഒറ്റയ്ക്കാണെങ്കിൽ പോലും നട്ടപ്പാതിര ആണെങ്കിലും സ്വയം മറന്ന് കയ്യടിച്ച് പോവും..

  ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പഴുതുകൾ കണ്ടെത്താനും ലോജിക്ക് ഇല്ലായ്മ ചൂണ്ടിക്കാണിക്കാനും ഒക്കെ കഴിഞ്ഞേക്കാമെങ്കിലും, എക്സലന്റ് എന്നുപറയാവുന്ന സ്ക്രിപ്റ്റിംഗ്‌ തന്നെയാണ് ദൃശ്യം 2വിന്റെ നട്ടെല്ല്. പടത്തിന്റെ അവസാനത്തിൽ ജോർജ്കുട്ടിയെ കുറിച്ച് പറയുന്ന പല വിശേഷണങ്ങളും ജിത്തുവിന് നന്നായി ഇണങ്ങും.. ഹീ ഈസ് ടെറർ.. മേക്കിംഗിൽ വല്യ പുതുമകളില്ലാത്ത ഒരു സിനിമയെ തന്റെ രചനാവൈഭവം കൊണ്ടുമാത്രം വാനോളം ഉയർത്തുകയാണ്..

  പടത്തിന്റെ അടുത്ത ഹൈലൈറ്റ് ജോർജ്കുട്ടി എന്ന ക്യാരക്റ്ററും മോഹൻലാൽ എന്ന നടനുമാണ്.. പ്രതീക്ഷിക്കാത്ത ലെവലിലേക്കാണ് രണ്ടും ഉയർന്നു പോവുന്നത്. ഇട്ടിമാണിയും ബിഗ്ബ്രദറും ഒടിയനും നീരാളിയും ഒക്കെ കണ്ടപ്പോൾ "ഇയാളിതെന്തോന്ന്.." എന്നും പിറുപിറുത്ത് പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടവർക്ക് ഉള്ളുതുറന്ന് ആനന്ദിക്കാനുള്ള വിരുന്നാണ് ജോർജ്കുട്ടി..; വിന്റേജ് ലാലേട്ടനെ ഒന്നും ഇനി തിരികെ കിട്ടില്ല എന്ന് വ്യസനിച്ചവർക്കും!!! കൂൾ മാജിക്ക്.. മാത്രവുമല്ല ജോർജ്കുട്ടി ഏഴ് കൊല്ലം കൊണ്ട് ഒരുപാട് ക്യൂട്ട് ആയിരിക്കുന്നു.. സുന്ദരനും!! തന്റെ കരിയറിൽ ഒരിക്കലും ശരീരത്തിനെ കുറിച്ച് വ്യാകുലനാവാതെ മുപ്പതുകളുടെ ആദ്യപാതിയിൽ പോലും തടിച്ച് ചീർത്ത് കുടവയറും ഇരട്ടത്താടിയുമായി നടന്ന ലാലേട്ടൻ 60കളിൽ എത്തുമ്പോൾ ശരീരത്തിൽ വരുത്തിയിരിക്കുന്ന ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഫിറ്റ്നസ് ആഹ്ലാദമുണ്ടാക്കുന്നു..

  സിദ്ദിഖ്, മീന, അൻസിബ, എസ്തർ എല്ലാം ദൃശ്യത്തിലെ അതേ കൺസിസ്റ്റൻസി നിലനിർത്തുന്നുണ്ട്. ആശാ ശരത്തിന്റെ കഥകളി ഭാവങ്ങൾ കുറച്ച് കൂടി രൂക്ഷമായിട്ടുണ്ട്.. മകൻ നഷ്ടപ്പെട്ട ഐജിയുടെ രോദനം എന്ന കാറ്റഗറിയിൽ പെടുത്തി അന്നത്തെ പോലെ ഇന്നും ക്ഷമിക്കാം.. സായ്കുമാർ, ഗണേഷ്കുമാർ, അഞ്ജലി, പോളി വിൽസൻ, കൃഷ്ണപ്രഭ, ദിനേഷ് പ്രഭാകർ നന്നായിരിക്കുന്നു.. എന്തിന് ആന്റണി പെരുമ്പാവൂർ പോലും പുരോഗതി പെട്ടിരിക്കുന്നു. പടത്തിൽ നിർണായക പ്രാധാന്യമുള്ള രണ്ട് ത്രൂ ഔട്ട് റോളുകൾ ചെയ്ത സുമേഷ് ചന്ദ്രൻ, അജിത് കൂത്താട്ടുകുളം എന്നിവരെയും പറയാതെ പറ്റില്ല.

  പക്ഷെ, ഇവരൊന്നുമല്ല പുലി.. അത് ഐജി തോമസ് ബാസ്റ്റിൻ ആണ്. മുരളിഗോപി.. അഭിനയത്തിലും സംഭാഷണത്തിലും ഉള്ള അനാവശ്യമായ മുഴപ്പിക്കലുകൾ കാരണം എനിക്കിത്രയും കാലം മുരളീഗോപിയിലെ നടനിൽ ഒരു കല്ലുകടി ഫീൽ ചെയ്തിരുന്നു. അതിനെയെല്ലാം മറികടന്ന് , അസാധ്യമായി വളർന്ന് നിൽക്കുന്ന മുരളി ഗോപിയെ ആണ് ദൃശ്യം 2 വിൽ കാണുക. തോമസ് ബാസ്റ്റിനിലൂടെ മുരളീ ഗോപി മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള നടന്മാരുടെ പട്ടികയിലേക്ക് ഇരിപ്പിടം വലിച്ചിട്ട് ഇരിക്കുകയാണ് .

  സ്ക്രിപ്റ്റിലുള്ള അമിത വിശ്വാസം കാരണവും കോവിഡ് പരിമിതികൾ കാരണവും ആവും മേക്കിംഗിനും സാങ്കേതികത്തികവിനും ദൃശ്യം2 വിൽ അത്ര പരിഗണന കൊടുത്തിട്ടില്ല . സതീഷ് കുറുപ്പിന്റെ ക്യാമറ കൊള്ളാം. വി എസ് വിനായക് ആണ്. ഒന്നാംഭാഗത്തിന്റെ മാജിക് എഡിറ്ററിംഗിൽ ഇല്ല. എഡിറ്റർ. ശബ്ദലേഖനം ചിലയിടത്തു പാളിയതായി തോന്നി..

  ക്രൈമിനെ ഗ്ലോറിഫൈ ചെയ്യുന്നു എന്നൊരു ആരോപണം ദൃശ്യത്തിന്റെ ക്ളൈമാക്‌സ് സംബന്ധിച്ച് ഉണ്ടായിരുന്നു. ചൈനീസ് പതിപ്പ് അതിനെ നൈസായി മറികടക്കുകയും ചെയ്തിരുന്നു. ദൃശ്യം2വിൽ എത്തുമ്പോൾ അന്ത്യഭാഗത്തിനെ എല്ലാവരുടെ ആംഗിൾ വച്ച് നോക്കിയാലും കുറേക്കൂടി തൃപ്തിപ്പെടുത്തുന്ന രൂപത്തിൽ ആണ് ജിത്തു ഒരുക്കിയിരിക്കുന്നത്. ജോർജ് കുട്ടിയുടെ ആ നടത്തമൊക്കെ ക്‌ളാസിക് ആണ്. കൂടുതൽ പറയുന്നില്ല. അനുഭവിച്ച് അറിയാണുള്ളതാണ്..

  തിയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ ആഘോഷാരവങ്ങളോടെ ഒരു ബ്ലോക്ക് ബസ്റ്റർ ആവുമായിരുന്ന ഒരു സിനിമയാണ് ദൃശ്യം2 എന്ന് നിസ്സംശയം പറയാം.അഡ്രിനാലിൻ പമ്പിങ്ങിനാൽ ആവേശത്തിമിർപ്പ് സമ്മാനിക്കുമായിരുന്ന ഒരു തിയേറ്റർ എക്സ്പീരിയൻസ് ആണ് നഷ്ടമായത്. തിയേറ്ററുകാരുടെ നഷ്ടം ആമസോൺ പ്രൈമിന്റെ നേട്ടം..

  Drishyam 2 Exclusive Interview | Mohanlal | Jeethu Joseph | FilmiBeat Malayalam

  തിയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ ആഘോഷാരവങ്ങളോടെ ഒരു ബ്ലോക്ക് ബസ്റ്റർ ആവുമായിരുന്ന ഒരു സിനിമയാണ് ദൃശ്യം2 എന്ന് നിസ്സംശയം പറയാം

  Read more about: റിവ്യൂ review
  English summary
  Drishyam 2 Movie Review: Mohanlal And Meena Starrer Is A Complete Winner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X