ലാലിന്റെ വേറിട്ട മുഖം
മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം നല്ല കാലമായിരുന്നില്ല. ജോഷിയുടെ ലോക്പാല്‍എന്ന ചിത്രത്തില്‍ തുടങ്ങിയ പരാജയം പിന്നീട് തുടര്‍ന്നുകൊണ്ടേയിരുന്നു. അഴിമതിക്കെതിരായ പോരാട്ടമായിരുന്നു ലോക്പാല്‍. എന്നാല്‍ എസ്.എന്‍. സ്വാമിയുടെ ദുര്‍ബലമായ തിരക്കഥ സിനിമയെ പൊളിച്ചു കളഞ്ഞു. ജോഷിയെന്ന ക്രാഫ്റ്റ്‌സ്മാന്െ ആ ചിത്രത്തില്‍ കാണാനും സാധിച്ചില്ല.
തുടര്‍ന്നു വന്ന സലാം ബാപ്പുവിന്റെ റെഡ് വൈനും നനഞ്ഞപടക്കമായിരുന്നു. യുവതാരങ്ങളായ ഫഹദ് ഫാസിലും ആസിഫ് അലിയും കൂടെ അഭിനയിച്ചിട്ടും ചിത്രം വിജയിച്ചില്ല. ചിത്രത്തിന്റെ കഥാന്ത്യം സിനിമ തീരന്നതിനു മുന്‍പേ പറഞ്ഞപ്പോള്‍ പ്രേക്ഷകന്‍കാണാന്‍ മടിച്ചു. റെഡ് വൈനും ലാലിനു ഗുണം ചെയ്തില്ല.
ഏറെ പ്രതീക്ഷയോടെയാണ് പിന്നീട് സിദ്ദീഖിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ റിലീസ്‌ചെയ്തത്. ലാലിന്റെ തന്നെ ആശിര്‍വാദ് ഫിലിംസ് ആയിരുന്നു നിര്‍മാണവും. പക്ഷേ ഇതുപോല വഷളന്‍ കഥയില്‍ ലാല്‍ അടുത്തെങ്ങും അഭിനയിച്ചു കാണില്ല. വിയറ്റ്‌നാം കോളനിക്കു ശേഷം ലാലും സിദ്ദീഖും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ഹിന്ദിയിലും തമിഴിലുമൊക്കെ സിദ്ദീഖ് വന്‍ വിജയം നേടി തിരിച്ചെത്തി ചെയ്ത ചിത്രം കൂടിയായിരുന്നു അത്. പറഞ്ഞിട്ടെന്തു കാര്യം. കാണാന്‍ കൊള്ളാത്തചിത്രമാണെങ്കില്‍ പരാജയപ്പെട്ടേ മതിയാകൂ എന്നല്ലേ.
പ്രിയനും ലാലും ഒന്നിക്കുന്നു എന്ന പ്രതീക്ഷയിലാണ് പിന്നീട് ഗീതാഞ്ജലി കാണാന്‍ പോയത്. അതും പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു. മോഹന്‍ലാല്‍ മുന്‍പ് അഭിനയിച്ച മണിച്ചിത്രത്താഴിന്റെ മറ്റൊരു വഷളന്‍ അനുകരണമായിരുന്നു ചിത്രം. മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ തന്നെയാണ് ലാല്‍ ഇതിലും അവതരിപ്പിച്ചത്. പക്ഷേ അസഹനീയമായിരുന്നു ചിത്രം. ലാലിന്റെ പ്രകടനവും.
ജോഷി, സിദ്ദീഖ്, പ്രിയദര്‍ശന്‍ എന്നിവര്‍ പരാജയപ്പെട്ടിടത്താണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് വിജയിച്ചത്. ഒരു നടനെ എങ്ങനെ നന്നായി ഉപയോഗിക്കാമെന്ന് ജിത്തു അവരെ പഠിപ്പിക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാറിനു വേണ്ടി മറ്റു സംവിധായകര്‍ തിരക്കഥയെഴുതിയപ്പോള്‍ ജിത്തു ജോസഫ് മോഹന്‍ലാല്‍ എന്ന നടനു വേണ്ടിയാണ് സിനിമയൊരുക്കിയത്. അതുകൊണ്ടാണല്ലോ പ്‌ളസ് ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനായി ലാല്‍ അഭിനയിച്ചതും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ലാലാകാന്‍ ജോര്‍ജുകുട്ടിയിലൂടെ സാധിച്ചു എന്നതും എടുത്തുപറയേണ്ട പ്രത്യേകത തന്നെ. പ്രത്യേകിച്ച് കുടുംബത്തിനകത്തെ സീനുകളില്‍. ഭാര്യയ്‌ക്കൊപ്പവും കുട്ടികള്‍ക്കൊപ്പമുള്ള സീനുകളില്‍ ലാല്‍ മലയാളിയുടെ സ്വന്തം ലാല്‍ ആകുകയായിരുന്നു.


Click it and Unblock the Notifications
