For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രേക്ഷകന് കൊടുക്കണം ഒരു പരമവീരചക്ര, എടക്കാട് ബറ്റാലിയൻ സഹനത്തിന്റെ പരകോടി — ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Tovino Thomas, Samyuktha Menon, Shalu Rahim
Director: Swapnesh K. Nair

നൂറ്റിപ്പത്ത് മിനിറ്റ് നേരത്തിന്റെ ദൈർഘ്യമേ ഉള്ളൂ ടൊവിനോയുടെ പുതിയ സിനിമയായ എടക്കാട് ബറ്റാലിയൻ 06 ന്. ഒരു ആവറേജ് ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമയ്ക്ക് ഉണ്ടാവാറുള്ള സ്‌ക്രീനിംഗ് ടൈമിനേക്കാൾ വളരെ കുറവ്. പക്ഷെ, ആ 110 മിനിറ്റ് പോലും തിയേറ്ററിൽ സമ്മാനിച്ചത് സഹനത്തിന്റെയും ബോറടിയുടെയും പരകോടിയിൽ, ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്നവന്റേത് പോലുള്ള ഒരു പീഡാനുഭവമാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പട്ടാളക്കാരന്റെ കഥയാണ് നവാഗത സംവിധായകൻ സ്വപ്നേഷ്കുമാറിന്റെ എടക്കാട് ബറ്റാലിയൻ 06. സംവിധാനം ചെയ്തിരിക്കുന്നു എന്നൊക്കെ പറഞ്ഞാൽ അമിതപ്രശംസയാവും. തട്ടിയൊപ്പിച്ചിരിക്കുന്നു എന്നതാണ് കറക്റ്റ്. കാരണം, ഒരു സംവിധായകന്റെ സാന്നിധ്യം സിനിമയിൽ എവിടെയുംതന്നെ ഫീൽ ചെയ്യിപ്പിക്കാൻ സ്വപ്‌നേഷ് കുമാറിന് സാധിച്ചിട്ടില്ല.

എല്ലാ നായകനടന്മാരും പട്ടാളവേഷത്തിൽ അഭിനയിക്കുന്നു, ആയതിനാൽ തനിക്കും അങ്ങനെയൊന്ന് എന്ത് കൊണ്ട് ആയിക്കൂടായെന്ന ടൊവിനോയുടെ തോന്നലിനെ ആയിരിക്കണം സംവിധായകൻ നൈസായി മുതലെടുത്തിരിക്കുന്നത്. എടക്കാടിന്റെ കഥ പോലും മര്യാദക്ക് പറയാനറിയാതെ അതിലേക്ക് കശ്മീരിനെയും അതിർത്തിയെയും പട്ടാളത്തിനെയുമൊക്കെ വലിച്ച് കെട്ടുമ്പോൾ അതെന്തായി മാറുമെന്നറിയാൻ എടക്കാട് ബറ്റാലിയൻ കണ്ടാൽ മതി.

ടൈറ്റിൽ കാര്ഡുകൾക്കൊപ്പം വരുന്ന വോയിസ് ഓവറിൽ എടക്കാടെന്ന ഗ്രാമത്തിന്റെയും ഷഫീക് മുഹമ്മദ് എന്ന നായകന്റെയും പശ്ചാത്തലവർണനയും കുടുംബചരിത്രവും ആവശ്യത്തിൽ കൂടുതൽ വിശദീകരിച്ചാണ് സിനിമ തുടങ്ങുന്നത്. നാട്ടിലെ ഉത്സവം പ്രമാണിച്ച് ലീവിനെത്തിയ ഷഫീക് മുഹമ്മദ് പട്ടാളത്തിൽ ക്യാപ്റ്റൻ റാങ്കിലുള്ള ആളാണ്. ഷഫീക്കിന്റെ എടക്കാട്ടിലെ അവധിദിനങ്ങളിലൂടെ സിനിമ മുന്നോട്ട് പോവുന്നു.

പിൻഗാമി (1994), തുപ്പാക്കി (2012) പോലുള്ള സിനിമകളിലൊക്കെ അവധിയിൽ വന്ന ആർമി ഓഫീസറുടെ പട്ടാളതന്ത്രജ്ഞതയോടെയുള്ള ഇടപെടലുകൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ എടക്കാട് ബറ്റാലിയനിൽ സംവിധായകനും സ്‌ക്രിപ്റ്റും ഉദ്ദേശിച്ചത് എന്താണെന്ന് അവസാനം വരെയും മനസിലാവില്ല. പടം തീർന്നാലും മനസിലാവില്ല എന്നതാണ് വൻവറൈറ്റി. സ്ക്രിപ്റ്റ് എന്നൊക്കെ പറയാമോ എന്നറിയില്ല, എങ്കിലും ആ സംഗതി എഴുതിയത് പി ബാലചന്ദ്രൻ, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവർ ചേർന്നാണെന്നു ക്രെഡിറ്റ്‌സിൽ കാണിച്ചിരുന്നു.

കമ്മട്ടിപ്പാടം, ഉള്ളടക്കം, പവിത്രം പോലുള്ള പടങ്ങൾക്ക് രചന നടത്തുകയും ഇവൻ മേഘരൂപൻ സംവിധാനം ചെയ്യുകയും ചെയ്ത ആളാണ് പി ബാലചന്ദ്രൻ. സംവിധായകൻ ആവശ്യപ്പെട്ടിട്ടാണോ എന്തോ ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥി പോലും കാണിക്കാത്തത്ര അവധാനതയോടെയാണ് അദ്ദേഹം എടക്കാട് ബറ്റാലിയൻ എഴുതിയിരിക്കുന്നത്.

രാജ്യസ്നേഹം, തീവ്രവാദം, രക്തസാക്ഷിത്വം, കുടുംബബന്ധങ്ങൾ, പ്രണയം, മതസൗഹാർദം, സൗഹൃദം, ധീരോദാത്തത, ദീനാനുകമ്പ, മയക്കുമരുന്നിനടിമപ്പെടുന്ന കൗമാരം, അതിനെതിരെയുള്ള പോരാട്ടം തുടങ്ങി പരാമർശിച്ച് പോവുന്ന വിഷയങ്ങൾ പലതാണെങ്കിലും ഒന്നിലും തന്നെ ഫോക്കസ് ചെയ്യാൻ സ്ക്രിപ്റ്റ് ശ്രമിക്കുന്നില്ല. ഒന്നും തന്നെ മരുന്നിനുപോലും കലങ്ങുന്നുമില്ല.

ഡ്രഗ്‌സ് ഡീൽ ചെയ്യുന്ന ചെക്കന്മാരോടൊക്കെ നായകനും പൊലീസും പുലർത്തുന്ന സമീപനം കണ്ടാൽ ചിരിച്ച് മറിയും. ഷെഫീക്കിന്റെ വീട്ടുകാരും നാട്ടുകാരുമായുള്ള ബന്ധങ്ങളും എല്ലാംതന്നെ മെക്കാനിക്കലായും നാടകീയതയിൽ കുളിപ്പിച്ചുമാണ് വന്നുപോവുന്നത്.

പൊതുവെ പല പടങ്ങളിലും വെറുപ്പിച്ച് പണ്ടാരടങ്ങാറുള്ള നിർമ്മൽ പാലാഴിയാണ് എടക്കാട് ബറ്റാലിയനിൽ നാച്ചുറൽ ആയി ബിഹേവ് ചെയ്തുകൊണ്ട് സാന്നിധ്യം തെളിയിച്ച ഒരേയൊരാൾ. പലചരക്ക് കടക്കാരൻ ശങ്കരനായ നിർമ്മലിന്റെ ഒരു നിർണായക സന്ദര്ഭത്തിലുള്ള ഒരു സല്യൂട്ട് എടക്കാട് ബറ്റാലിയനിലെ ടച്ചിംഗായ ഏക മുഹൂർത്തമാണ്.

സിനിമയിൽ പരാമർശിക്കുന്ന എടക്കാട് എന്ന സ്ഥലരാശിയോട് നൂറു ശതമാനം നീതിപുലർത്താനും നിർമ്മലിന് (മാത്രം) സാധിച്ചു. സന്തോഷ് കീഴാരൂറിന്റെ ക്യാരക്റ്ററിന് പടമായി ചുമരിൽ തൂങ്ങേണ്ട ദുർവിധി ഉണ്ടായില്ല എന്നതും വേണമെങ്കിൽ എടുത്ത് പറയാം.

നിർമ്മലിനെ ഒഴികെ മറ്റുള്ളവരെ കാസ്റ്റ് ചെയ്യുമ്പോഴും ഡബ്ബ് ചെയ്യിപ്പിക്കുമ്പോഴും അങ്ങനെ പ്രാദേശികഭാഷാപരമായ പ്രാഥമിക ധാരണകളൊന്നും സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഉദാഹരണത്തിന്, ഷെഫീക്കിന്റെ ഉപ്പ എടക്കാട്ട് സ്വദേശിയായുള്ള ബിരിയാണിവെപ്പുകാരനാണെങ്കിലും അസ്സൽ ശാസ്താംകോട്ട ഭാഷയാണ് സംസാരിക്കുന്നത്. സ്‌ക്രിപ്റ്റിൽ എന്ന പോലെ ക്യാരക്റ്ററിലേക്ക് പരാകായപ്രവേശം നടത്തുന്നതിലും ബാലേട്ടൻ ചീറി എന്ന് സാരം.

ഒടുവിൽ എത്തുമ്പോഴോക്കെ സംവിധായകൻ പലവിധ സെന്റിമെന്റസ് ഒന്നിന് പിറകെ ഒന്നായി വലിച്ച് പുറത്തിട്ടു വാരി മെഴുകുകയാണ്. തിയേറ്ററിൽ ആകെ ഉണ്ടായിരുന്ന കുറച്ചാളുകളാണെങ്കിൽ പ്രായഭേദമന്യേ കമന്റുകൾ തുരുതുരാ വിക്ഷേപിച്ച് കൊണ്ട് ചിരിച്ച് മറിയുന്നു. ദുരന്തമെന്നല്ലാതെ എന്ത് പറയാൻ. യഥാർത്ഥ സൈനികജീവിതത്തിൽ രക്തസാക്ഷിയാകേണ്ടി വന്ന ഏതോ ധീരജവാൻറെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയുടെ ക്ലിപ്പിംഗ്‌സ് സിനിമക്കൊടുവിൽ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കളോ ഇൻഡ്യൻ ആർമിയോ മാനനഷ്ടത്തിന് എടക്കാട് ബറ്റാലിയൻകാർക്കെതിരെ കേസ് വല്ലതും ഫയൽ ചെയ്താൽ ആദ്‌ഭുതപ്പെടേണ്ടതില്ല.

ഉള്ളടക്കപരമായ മികവുള്ള വിജയചിത്രങ്ങൾ തുടർച്ചയായി ചെയ്ത് യുവതാരങ്ങളിൽ നല്ല പേര് കേൾപ്പിച്ചിരുന്ന ടൊവിനോ ഈയിടെയായി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന അശ്രദ്ധ അങ്ങേരുടെ കരിയർ ഗ്രാഫിനെ താഴേക്ക് നയിക്കുന്നത് തിരിച്ചറിയുന്നത് നന്നാവും. കൽക്കി ഒരു ഭേദപ്പെട്ട സിനിമയായിരുന്നെന്നു എടക്കാട് ബറ്റാലിയൻ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകൻ ആത്മഗതപ്പെടുന്നത് കേട്ടു. എടക്കാട് ബറ്റാലിയൻ ഒരു ഭേദപ്പെട്ട പടമായിരുന്നെന്നു പ്രേക്ഷകരെക്കൊണ്ടു പറയിപ്പിക്കുന്ന വിധമാവാതിരിക്കട്ടെ അടുത്ത ടൊവിനോസിനിമ.

സ്‌കൂൾ സബ്ജില്ലാ കലോത്സവം യു പി വിഭാഗം നാടകമത്സരത്തിന് അവസാനസ്ഥാനം അർഹിക്കുന്ന ഒരു ഊജ്ജ്വലകലാസൃഷ്ടി എന്ന് അടിവര.

Read more about: review റിവൃൂ
English summary
Edakkad Battalion 06 Movie Review in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more