twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏക് മിനി കഥ: ഫ്രഷ് ആണ്. ആരും പറയാത്തത്, എല്ലാവരും അറിയേണ്ടത് — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5
    Star Cast: Santhosh Shoban, Kavya Thapar, Shraddha Das,
    Director: Karthik Rapolu

    ആമസോൺ പ്രൈമിൽ ഈയാഴ്ച റിലീസ് ചെയ്തിരിക്കുന്ന "ഏക് മിനി കഥ" എന്ന തെലുങ്ക് സിനിമ ഞെട്ടിപ്പിക്കുന്ന വിധത്തിൽ പുതുമയുള്ള വിഷയസ്വീകരണം കൊണ്ട് ശ്രദ്ധ ആകർഷിക്കുന്നു. ഒരു സിനിമക്കാരനും ഇതുവരെ പറയാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത ഒരു വിഷയത്തെ അടിമുടി ഹാസ്യത്തിൽ പൊതിഞ്ഞ് സരസമായി അവതരിപ്പിക്കുകയാണ് സിനിമ.

    ഏക് മിനി കഥ

    ഔപചാരികമായി ഒരു കൗമാരലൈംഗിക വിദ്യാഭ്യാസവും ലഭിക്കാതെ പ്രായപൂർത്തിയാവുന്ന ഒരു സമൂഹത്തെ സംബന്ധിച്ച് സെക്‌സ് എന്ന ഏരിയ ജീവിതകാലം മുഴുവൻ തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒന്നാണ്. മനുഷ്യന്റെ ലൈംഗികകാര്യങ്ങളിലുള്ള അജ്ഞാനവും മുറിവിജ്ഞാനവും മുതലെടുക്കാനായി വാ പിളർത്തി നിൽക്കുന്ന വ്യാജമരുന്നുകളുടെയും ഫ്രോഡ്‌ വൈദ്യന്മാരുടെയും ഒരു പാരലൽവേൾഡ് ഇൻഡ്യയിൽ എന്നല്ല , ഇന്റർനാഷണൽ ലെവലിൽ തന്നെ സജീവമാണ് . അവിടേക്കാണ് കാർത്തിക് റപോലു എന്ന പുതുസംവിധായകൻ ലൈംഗികാവയവ(penis)ത്തിന്റെ വലുപ്പം ചെറുതാണെന്നതിന്റെ കോംപ്ലക്സിൽ ജീവിതം നരകതുല്യമാക്കുന്ന ഒരു യുവാവിന്റെ കഥയുമായി വരുന്നത്.

    ഏക് മിനി കഥ

    സന്തോഷ് 27 വയസുള്ള സുന്ദരനും സുമുഖനും ആയൊരു സിവിൽ എഞ്ചിനിയർ ആണ്. അച്ഛൻ, അമ്മ, വീട്, ജീവിതസാഹചര്യങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനം തുടങ്ങി എല്ലാ കാര്യങ്ങളും ഭേദപ്പെട്ടത് ആയിട്ടും സന്തോഷിന് ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നേയില്ല. കാരണം നേരത്തെ പറഞ്ഞ വലുപ്പപ്രശ്നം തന്നെ. പൗരുഷവും ലൈംഗികതയും വലുപ്പവുമായി ഡയറക്റ്റലി ബന്ധപ്പെട്ട ഒന്നാണ് എന്ന് തെറ്റിദ്ധരിച്ച് വശായ ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധി ആണ് അയാൾ.

    ഏക് മിനി കഥ

    ഏഴാംക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ ടോയ്‌ലറ്റിൽ വച്ച് മൂത്രമൊഴിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കൂട്ടുകാരൻ ആണ് ആദ്യമായി "നിന്റെ പീപ്പി ചെറുതാണല്ലോ" എന്നുപറഞ്ഞ് കുട്ടിസന്തോഷിനെ കളിയാക്കുന്നത്. വീട്ടിലെത്തിയ കുട്ടിസന്തോഷ് അത് സംബന്ധിച്ച സംശയവുമായി യൂണിവേഴ്‌സിറ്റി അധ്യാപകൻ ആയ അച്ഛന്റെ അടുത്തെത്തുമ്പോൾ അയാൾ അതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവാതെ മകനെ ആട്ടിയോടിക്കുകയാണ്. തുടർന്നങ്ങോട്ട് സന്തോഷ് ജീവിതത്തിലെ എല്ലാ കാര്യങ്ങളും അതുമായി കണക്ട് ചെയ്ത് മാത്രമാണ് കാണുന്നത്. വലുപ്പക്കുറവിന് പരിഹാരം കണ്ടെത്തുക എന്നതാണ് അയാളുടെ ഏക അജണ്ട. 'ചെറുത്', ഇഞ്ച് തുടങ്ങിയ വാക്കുകൾ കേൾക്കുന്നത് പോലും അയാൾക്ക് പ്രാന്താവുന്നു.

    ഏക് മിനി കഥ

    വിഷയം ഗൗരവതരവും അഡൾട്ട് ഒൺലിയും ആണ് എങ്കിലും സിനിമ അതിനെ മുന്നോട്ട് വെക്കുന്നത് ഫീൽഗുഡ് കോമഡി ആയിട്ടാണ്. സംഭാഷണങ്ങളോ സഹചര്യങ്ങളോ ഒരിക്കലും പരിധി ലംഘിച്ച് അശ്ലീലത്തിലേക്കോ വൾഗാരിറ്റിയിലേക്കോ വഴുതി വീഴുന്നില്ല. സംവിധായകനും സ്ക്രിപ്റ്റും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നുണ്ട്. Merlapaka ഗാന്ധി ആണ് കഥ തിരക്കഥ സംഭാഷണക്കാരൻ.

    ഏക് മിനി കഥ

    ഓരോ ഡയലോഗും നിറഞ്ഞ് ചിരിക്കാൻ വകയുള്ളതും പഴക്കം ഫീൽ ചെയ്യാത്തതുമാണ് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഫോർത്ത് വാൾ ബ്രെയ്ക്കിംഗും സോഷ്യൽ സറ്റയറും ആവോളമുണ്ട്. നായികയോട് തന്റെ നീറുന്ന പ്രശ്നങ്ങൾ തുറന്നു പെയ്യാൻ പാർക്കിലേക്ക് വിളിച്ച് വരുത്തി, അവർ സംസാരം തുടങ്ങും മുൻപ് "ജബരംഗ്ദൾ" എന്ന പേരിൽ ഒരു സംഘം കവിയണിഞ്ഞ കലിപ്പന്മാർ വന്ന് ഫെബ്രുവരി 14 ആണ് എന്നും പറഞ്ഞ് താലിയെടുത്ത് കൊടുത്ത് കല്യാണം കഴിപ്പിക്കുന്നതൊക്കെ വെറും കോമഡിയ്ക്കപ്പുറം സമകാലികരാഷ്ട്രീയത്തിന്റെ കറുത്ത ഹാസ്യമാണ്. ഇന്റർനെറ്റ് തട്ടിപ്പ് സൈറ്റുകൾ , വ്യാജമരുന്നുകൾ , ഉപകരണങ്ങൾ, മുറിവൈദ്യന്മാർ , ആശുപത്രികൾ ആരെയും വെറുതെ വിടുന്നില്ല.

    ഏക് മിനി കഥ

    മകനെ ഒരുകാലത്തും മനസിലാക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞിട്ടില്ലാത്ത അച്ഛൻ, സന്തോഷിനെ ഒരു സെക്‌സ് അഡിക്റ്റ് ആയി തെറ്റിദ്ധരിച്ച് സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതായിട്ടാണ് ഏക് മിനി കഥ തുടങ്ങുന്നത്. അച്ഛന്റെയും മകന്റെയും പറച്ചിലുകളും ഫ്ലാഷ്ബാക്കുകളും ആയി സിനിമ മുന്നോട്ട് പോവുന്നു. സന്തോഷ് ശോഭൻ ആണ് കോംപ്ലക്സുകളും കണ്ഫ്യൂഷനുകളും നിറഞ്ഞ നായകറോളിൽ. ചെങ്ങായിയെ അഭിനന്ദിച്ചേ മതിയാവൂ , ഇത്തരം ഒരു റോൾ സ്വീകരിച്ചതിനും അത് മികച്ചതാക്കിയതിനും.. കാവ്യ ഥാപ്പർ നായിക റോളിൽ എത്തുന്നു. ലവബിൾ ആണ് ക്യാരക്റ്ററും അവരുടെ പെർഫോമൻസും.. ഏറക്കുറെ എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെ. പക്ഷെ കുറച്ച് നേരത്തേയ്ക്ക് ഒരു അൾട്രാമോഡേൺസ്വാമിനി ആയി വരുന്ന ശ്രദ്ധാദാസിന്റെ സ്‌ക്രീൻപ്രസൻസിന് മുന്നിൽ നായികയും ബാക്കിയുള്ളവരുമെല്ലാം നിഷ്പ്രഭരായി പോവുന്നുണ്ട്.

    Recommended Video

    ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
    1

    ഒരുപാട് സാധാരണ മനുഷ്യരുടെ തെറ്റിദ്ധാരണകളും കോംപ്ലക്സുകളും മാറ്റിയെടുക്കാൻ സഹായകമാവും എന്ന നിലയിൽ ഈ സിനിമ ചെയ്യുന്നത് വളരെ വലിയ സാമൂഹ്യസേവനമാണ്. പൊതുജനതാത്പര്യാർത്ഥം സൗജന്യമായി കുടുംബക്ഷേമമന്ത്രാലയം ഏറ്റെടുത്തു സൗജന്യമായി പ്രദർശനങ്ങൾ നടത്തിയാലും അധികമാവില്ല. ത്രൂഔട്ട് കോമഡി ട്രീറ്റ് ആയതുകൊണ്ട് ആളുകൾക്ക് മുഷിയുകയുമില്ല. രണ്ടേകാൽ മണിക്കൂറിലധികം ലെങ്ത് ഉണ്ടെന്നതും സബ്നറേഷൻസ് കാടുകേറി പോവുന്നുണ്ട് എന്നതുമാണ് നെഗറ്റീവ് ആയി പറയാനുള്ളത്..

    Read more about: review റിവ്യൂ ott
    English summary
    Ek Mini Katha Telugu Movie review in Malayalm: Karthik Rapolu Starrer Is a Feel Good Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X