ഇമ്മാനുവല്‍ അഥവാ ഓള്‍ഡ് ഈസ് ഗോള്‍ഡ്
കേരള പബ്ലിഷിങ് എന്ന അടച്ചുപൂട്ടാറായ കമ്പനിയിലെ ജോലിക്കാരനാണ് ഇമ്മാനുവല്‍ (മമ്മൂട്ടി). മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ട്. ശമ്പളം ഒന്നിച്ചു കിട്ടിയിട്ട് കുറേ സാധനങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുകയാണ് ഭാര്യ ആനി (റിനു മാത്യൂസ്). എന്നാല്‍ കടം പെരുകിയതോടെ പ്രസ് ഉടമ ജോസഫ് (സുനില്‍ സുഗത) മുങ്ങുകയാണ്.
അതോടെ പ്രസ് അടച്ചുപൂട്ടി. ബിഎ മലയാളം ബിരുദം മാത്രമുള്ള ഇമ്മാനുവല്‍ അതിജീവിക്കാനുള്ള തത്രപ്പാടില്‍ എത്തിച്ചേരുന്നത് ന്യൂജനറേഷന്‍ ഇന്‍ഷുറന്‍സ് കമ്പനിയിലാണ്. അവിടുത്തെ സെയില്‍സ് ഓഫിസറായിട്ട്. കമ്പനിയുടെ റീജ്യനല്‍ മാനേജര്‍ ജീവന്‍രാജ് (ഫഹദ്)ന് ഇമ്മാനുവലിനെ അത്രയ്ക്കു പിടിയില്ല. കാരണം ഇന്റര്‍വ്യു ബോര്‍ഡില്‍ അദ്ദേഹത്തെ കൊച്ചാക്കിയാണ് ഇമ്മാനുവല്‍ ജയിച്ചുകയറിയത്. പത്തുരൂപയുടെ മൊബൈല്‍ കവര്‍ നൂറുരൂപയ്ക്കു വിറ്റുകാണിച്ചുകൊടുത്തു കമ്പനി മേധാവികള്‍ക്ക്. നൂറു രൂപകൈാടുത്ത് വാങ്ങേണ്ടി വന്നത് ജീവന്‍രാജും.

മാനുഷിക മൂല്യങ്ങള്‍ക്കൊന്നും വിലയില്ലാത്ത സ്ഥലത്താണ് ഇമ്മാനുവല്‍ എത്തിച്ചേര്‍ന്നത്. അയാള്‍ക്കു മുന്‍പില്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്യല്‍ മാത്രമേയുള്ളൂ. പണത്തോടുള്ള കമ്പനിയുടെ ആര്‍ത്തിയുടെ പ്രതീകമാണ് ജീവന്‍. എന്നാല്‍ അവരുടെ കാരുണ്യമില്ലായ്മയുമായി പൊരുത്തപ്പെട്ടുപോകാന്‍ ഇമ്മാനുവലിനു സാധിക്കുന്നില്ല. കമ്പനിയിലെ പ്യൂണ്‍ (സലിംകുമാര്‍), ചീഫ് എക്കൗണ്ടന്റ്(ബാലചന്ദ്രന്‍) എന്നിവര്‍ക്കു മാത്രമേ അല്‍പമെങ്കിലും മനുഷ്യത്വുമുള്ളൂ.
ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ കയറിയിറങ്ങുന്ന ഉമ്മ (സുകുമാരി), ആരോഗ്യ ഇന്‍ഷുറന്‍സ് പണം ലഭിക്കാനെത്തുന്ന ജെന്നിഫര്‍ (മുക്ത) എന്നിവരോടെല്ലാം ക്രൂരമായാണ് കമ്പനി പെരുമാറുന്നത്. പണം മാത്രമെന്ന ന്യൂജനറേഷന്‍ സ്ഥാപനങ്ങളുടെ കൊള്ളയെ ശരിക്കും തുറന്നുകാണിക്കുകയാണ് ചിത്രത്തിലൂടെ. അവിടെ അല്‍പമെങ്കിലും മനുഷ്യത്വത്തോടെ പെരുമാറുന്നു പഴയ ജനറേഷന്‍ പ്രതിനിധിയായ ഇമ്മാനുവല്‍. എന്നാല്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ പറ്റാതെ അയാളും കമ്പനിയില്‍ നിന്നു പുറത്തേക്കുള്ള വഴിയിലാണ്. 50 ലക്ഷം ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ ഒരുമാസം കൊണ്ട് അയാളുടെ ജോലി പോകും. പക്ഷേ ആ സമയത്തിനുള്ളില്‍ അയാള്‍ ജെന്നിഫറിനും ഉമ്മയ്ക്കും പണം വാങ്ങിച്ചുകൊടുക്കുന്നു. ഇവര്‍ക്കു മുന്‍പില്‍ ദൈവത്തിന്റെ മനസ്സോടെയാണ് ഇമ്മാനുവല്‍ എത്തുന്നത്.
എന്നാല്‍ ജീവന്‍രാജിന് ഒടുവില്‍ ഇമ്മാനുവലിനെ അംഗീകരിക്കേണ്ടി വന്നു. അതെങ്ങനെയെന്നാണ് ചിത്രം പറയുന്നത്. പഴയ തലമുറയാണ് ശരിയെന്ന് ന്യൂജനറേഷന് സമ്മതിക്കേണ്ടി വരുന്നു.അതെങ്ങനെയെന്നറിയാന്‍ ചിത്രം കാണണം.


Click it and Unblock the Notifications











