»   » കണ്ടീഷൻഡ് പ്രേക്ഷകരെ "നായിന്റെ മോനേ.." ന്ന് വിളിക്കുന്ന പരീക്ഷണങ്ങൾ.. ശൈലന്റെ റിവ്യൂ..!

കണ്ടീഷൻഡ് പ്രേക്ഷകരെ "നായിന്റെ മോനേ.." ന്ന് വിളിക്കുന്ന പരീക്ഷണങ്ങൾ.. ശൈലന്റെ റിവ്യൂ..!

By Desk
Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.0/5

  മിഖായേല്‍ ബുര്‍ഗക്കോവിന്റെ നായയുടെ ഹൃദയം എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് 'ഹാര്‍ട്ട് ഓഫ് എ ഡോഗ്' (Heart of a dog). സമകാലിക കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ ആകുലതകളും ആശങ്കകളെയുമെല്ലാം നോക്കി കാണുവാനുള്ള ശ്രമമാണ് കെപി ശ്രീകൃഷ്ണന്റെ നായയുടെ ഹൃദയം എന്ന സിനിമയിലൂടെ പറയുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  നായിന്റെ ഹൃദയം..

  മലയാളികൾക്ക് ആവശ്യമുള്ളത് വ്യത്യസ്തതയൊന്നുമല്ല, വ്യത്യസ്തത എന്ന തോന്നിപ്പിക്കൽ മാത്രമാണ്, എന്നൊരു സിനിമാച്ചൊല്ലുണ്ട്. വ്യത്യസ്തം എന്ന് മലയാളസിനിമ ഇതുവരെ വാഴ്ത്തി ആഘോഷിച്ച ഐറ്റങ്ങളെയൊക്കെ ഒന്ന് പെറുക്കിയെടുത്ത് ഉള്ളി തൊലി കളയുമ്പോലെ പൊളിച്ചുപരിശോധിച്ചു നോക്കിയാൽ ആ ചൊല്ല് കറക്റ്റാണെന്ന് ബോധ്യപ്പെടും, വ്യത്യസ്തത എന്നത് പതിവ് പാറ്റേണുകൾക്ക് മേലെയിട്ട നൈസായ ഒരു മേൽവസ്ത്രം മാത്രമാണ് എന്ന്. എന്നാൽ ശരിയ്ക്കും വ്യത്യസ്തമെന്ന് നൂറുശതമാനമെന്ന് പറയാവുന്ന അസ്സൽ പരീക്ഷണ ചിത്രങ്ങളും മലയാളത്തിൽ വല്ലപ്പോഴും ഇറങ്ങുന്നുണ്ട്. അത്തരത്തിൽ പെട്ട ഒന്നാണ് ശ്രീകൃഷ്ണൻ കെപി സംവിധാനം ചെയ്ത നായിന്റെ ഹൃദയം/ heart of a dog. അക്ഷരാർത്ഥത്തിൽ അന്തം വിട്ട പരീക്ഷണ ചിത്രം.

  പ്രേക്ഷകന്റെ ചിറിക്ക് തോണ്ടുന്നത്..

  Heart of dog എന്നതിന്‌ സാധാരണ ഗതിയിൽ മാനകഭാഷ പ്രകാരം "നായയുടെ ഹൃദയം" എന്നാണ് തർജമ വരേണ്ടത്. എന്നാൽ സംവിധായകൻ തന്റെ സിനിമയുടെ ശീർഷകമായി ഉപയോഗിച്ചിരിക്കുന്നത് നായിന്റെ ഹൃദയം എന്നാണ്. ഒരേയൊരു അവസരത്തിലേ മലയാളി നായയുടെ എന്നത് വിട്ട് നായിന്റെ എന്ന് ഉപയോഗിക്കാറുള്ളൂ. അത് "നായിന്റെ മോനേ.." ന്ന് തെറിയായ് വിളിക്കുന്ന സന്ദർഭങ്ങളിൽ ആണ് എന്ന് എല്ലാർക്കും അറിയാം. ഈയൊരു പ്രൊവോക്കിംഗ് മൂഡ് തന്നെയാണ് പടത്തിലുടനീളം. കണ്ടീഷൻ ചെയ്യപ്പെട്ട പ്രേക്ഷകരെ ചിറിക്ക് തോണ്ടി "നായിന്റെ മോനേ.." ന്ന് വിളിക്കുന്ന തരം പരീക്ഷണം എന്നു തന്നെ പറയേണ്ടി വരും.

  നോവലിൽ നിന്ന് സ്ക്രീനിലേക്ക്

  മിഖായേൽ ബൾഗക്കോവിന്റെ " ഹാർട്ട് ഓഫ് ദ ഡോഗ്" എന്നു തന്നെ പേരായ നോവലിനെ അധികരിച്ചാണ് ശ്രീകൃഷ്ണൻ കെപി തന്റെ നായിന്റെ ഹൃദയം ഒരുക്കിയിരിക്കുന്നത്. 1925ൽ രചിക്കപ്പെട്ട നോവൽ രാഷ്ട്രീയമാനങ്ങൾ കാരണം അന്നേ ശ്രദ്ധേയമായതാണ്. സോവിയറ്റ് യൂണിയനിൽ സ്റ്റാലിനിസ്റ്റ് ഭരണകാലമായിരുന്നു അന്ന് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യൻ സംജ്ഞയെ ആണ് ബൾഗക്കോവ് നോവലിലൂടെ ചോദ്യം ചെയ്യാനും പുനർനിർവചിക്കാനും ശ്രമിച്ചത്. ലോകത്തിലെ പലഭാഷകളിലും ഇതിനെ പ്രമേയമാക്കി സിനിമകളും നാടകങ്ങളും മറ്റ് തിയേറ്റർ പരീക്ഷണങ്ങളും ഉണ്ടായി കഴിഞ്ഞതാണ്. ഏകദേശം ഒരു നൂറ്റാണ്ട് കാലത്തോളം നോവലിന് പ്രായമെങ്കിലും നോവലിന്റെ പൊളിറ്റിക്സ് ഇപ്പോഴും പ്രസക്തമെന്ന് കരുതുന്ന ശ്രീകൃഷ്ണൻ കെപി തന്റെ സിനിമയെ ഒരു ഡിസ്റ്റോപിയൽ സയൻസ് ഫിക്ഷൻ ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.

  നായ മനുഷ്യൻ..

  പാതയിൽ നിന്ന് പരിക്കു പറ്റിയ നിലയിൽ കിട്ടിയ നായയിൽ ഒരു സർജൻ നടത്തുന്ന പരീക്ഷണങ്ങളും അതെ തുടർന്നുള്ള പരിണതഫലങ്ങളും ആണ് ഒറ്റവാചകത്തിൽ പറഞ്ഞാൽ സിനിമയുടെ ത്രെഡ്. ആദ്യഘട്ടത്തിൽ റ്റു ഡയമൻഷനൽ ആനിമേഷൻ രൂപത്തിൽ വരുന്ന നായ പിന്നെ കുറെ കഴിയുമ്പോൾ സിനിമയെ കൊണ്ടു പോവുന്നത് തന്റെ കാഴ്ചയും കേൾവിയുമായിട്ടാണ്. നായയുടെ വിഷ്വൽ ആംഗിളുകളുടെയും ശ്രവണ വൈവിധ്യങ്ങളുടെയും ഫ്രെഷ്നെസ്സ് ഓരോ ഫ്രെയ്മുകളും മുന്നോട്ട് വെക്കുന്നുണ്ട്. കണ്ടും കേട്ടും പരിചയിച്ച സിനിമാനുഭവങ്ങളെ വെട്ടിക്കീറി അടുപ്പിൽ വെക്കുന്ന തരം പുതുമ. നല്ലൊരു ശതമാനം ഭാഗം ബ്ലാക്ക് ആൻഡ് വൈറ്റിലുമാണ്. നായക്കെന്ത് കളർ..

  സംവിധായകന്റെ ഹൃദയം

  2010ൽ മറുപാതൈ എന്ന തമിഴ് സിനിമയിലൂടെ ഫീച്ചർ ഫിലിം രംഗത്ത് കടന്നുവന്ന ആളാണ് ശ്രീകൃഷ്ണൻ കെപി‌. ഐഎഫെഫ്കെ പാക്കേജിൽ 'മലയാളം സിനിമ റ്റുഡേ' വിഭാഗത്തിൽ സെലക്ഷൻ കിട്ടിയതിലൂടെ ആണ് രണ്ടാം സിനിമയായ 'നായിന്റെ ഹൃദയം' പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമ കണ്ടുകഴിഞ്ഞ ഒരു പ്രേക്ഷകൻ മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ വച്ച് ശ്രീകൃഷ്ണനോട് ചോദിച്ചു, " നിങ്ങളുടെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തിയേറ്ററിലെ നല്ലൊരു ശതമാനം പ്രേക്ഷകരും അസ്വസ്ഥരാകുകയും എഴുന്നേറ്റ് പോകുകയും ചെയ്തു. എന്താണ് നിങ്ങൾ ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത്!!?" സംവിധായകന്റെ കൂളായുള്ള മറുപടി ഇപ്രകാരമായിരുന്നു, "നിങ്ങളുടെ ഈ ചോദ്യം തന്നെയാണ് എന്റെ ഉദ്ദേശം. ഞാൻ പ്രതീക്ഷിച്ച അത്ര ആളുകൾ എഴുന്നേറ്റ് പോയിട്ടില്ല.. മുപ്പത് ശതമാനം പേരെങ്കിലും സിനിമ തീരുമ്പോൾ ബാക്കിയുണ്ടായിരുന്നു..!" പ്വൊളിച്ചില്ലേ ആ ഉത്തരം.. സംവിധായകന്റെ ഈയൊരു ആറ്റിറ്റ്യൂഡും നിശ്ചയദാർഢ്യവും തന്നെയാണ് ഈ സിനിമ.

  #സ്പെക്ടർ സ്പെസിഫിക് മൂവി

  കണ്ടിരിക്കുമ്പോൾ എന്നതിലുപരി എഴുന്നേറ്റ് പോയ ശേഷമാണ് ഈ സിനിമ പ്രേക്ഷകരെ അസ്വസ്ഥതപ്പെടുത്തുക.. ഉള്ളിലുള്ള സിനിമാസങ്കല്പങ്ങളെ തെല്ലൊന്ന് അഴിച്ചുകെട്ടാൻ പ്രേരിപ്പിക്കുകയും ചെയ്യും. കാരണം ഇതൊരു സ്പ്ക്ടർ സ്പെസിഫിക് മൂവി ആണ്. കണ്ടിരിക്കുന്ന ഓരോരുത്തർക്കും സ്വന്തം കപ്പാസിറ്റിക്കനുസരിച്ച് സ്വന്തം സിനിമകൾ ഉല്പാദിപ്പിക്കാൻ പര്യാപ്തമായ ഉള്ളടക്കത്തോടുകൂടിയുള്ളത്. വറൈറ്റി വേണമെന്ന് പറഞ്ഞ് നിലവിളിക്കുന്നവർ കാണാതെ പോവരുതാത്ത ഒന്ന്. നാലും മൂന്നും സമം ഏഴ് എന്ന് കണക്കുകൂട്ടി ശിഷ്ടം വരാതെ സ്വാസ്ഥ്യപ്പെടേണ്ടവർക്കുള്ളതല്ലെന്ന് സാരം.

  ക്രെഡിറ്റ്സ്

  നായിന്റെ ഹൃദയം/ heart of the dog
  സംവിധാനം : ശ്രീകൃഷ്ണൻ കെ പി
  നിർമ്മാണം: സതീഷ് സി എം
  ഛായാഗ്രഹണം : ശാക്യദേബ് ചൗധരി
  എഡിറ്റിംഗ്: മിഥുൻ മോഹൻ
  കാസ്റ്റ് : രാമചന്ദ്രൻ മൊകേരി, കണ്ണൻ ഉണ്ണി, ദിവ്യ സുർജിത്ത്, മുരുകൻ, ധന്യ നായർ, വിനയ etc..

  മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!

  English summary
  Heart of dog movie review by Schzylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more