ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്ക്, ഈ ഫിലിം ഫെസ്റ്റിവലിന്റെ മുതൽക്കൂട്ട്... ശൈലന്റെ റിവ്യു!!
ശൈലൻ
ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച വിദേശ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായ ചിത്രമാണ് ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്ക്. അള്‍ജീരിയൻ ചിത്രമായ ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്ക് ആ രാജ്യത്തെ സ്ത്രീകളുടെ വർത്തമാന കാല ജീവിതമാണ് അടയാളപ്പെടുത്തുന്നത്. റെയ്ഹാന ഒബർമെയറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും അവരുടേത് തന്നെ. ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്കിന് ശൈലൻ എഴുതിയ റിവ്യൂ വായിക്കാം.

ഏറ്റവും കിടിലൻ സിനിമ
ഗോവയിൽ നടന്നതും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതുമായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലെ ഈവർഷം കണ്ട സിനിമകളിൽ ഏറ്റവും കിടിലനെന്ന് നിസ്സംശയം പറയാവുന്നത്, അൾജീറിയൻ സംവിധായികയായ റെയ്ഹാനയുടെ 'ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്ക്' തന്നെയാണ്. അൾജീറിയ പോലുള്ള ഒരു യാഥാസ്ഥിതിക ഇസ്ലാമിക് രാജ്യത്ത് നിന്ന് കൊണ്ട് ലോകമെമ്പാടുമുള്ള ഏത് രാജ്യത്തിലെയും ഏത് മതത്തിലെയും സ്ത്രീകളെ എടുത്താലും പ്രസക്തമായ മട്ടിൽ സാർവലൗകീകമായ വിമർശനങ്ങളാണ് സിനിമ തൊടുത്തുവിടുന്നത്.

ചില്ലറ പണിയൊന്നുമല്ല പിന്നിൽ
മതത്തിന്നും മൗലികവാദത്തിന്നും പൗരോഹിത്യത്തിന്നും ആണധികാരങ്ങൾക്കുമെതിരായുള്ള ചില സാധാരണ സ്ത്രീകളുടെ ഞെട്ടിക്കുന്ന ആംഗിളിലുള്ള കാഴ്ചപ്പാടുകൾ അത്രയും സിമ്പിളായും എന്നാൽ തീർത്തും പ്രകോപനപരമായും തിരക്കഥാകൃത്തുകൂടിയായ സംവിധായിക ആരെയും കീഴടക്കും വിധം പകർത്തിയിട്ടിരിക്കുന്നു. 2010 ൽ ആദ്യം നാടകരൂപത്തിൽ അവതരിപ്പിച്ചപ്പോൾ ഫണ്ടമെന്റലിസ്റ്റുകൾ അവരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു എന്നതിൽ നിന്നുതന്നെ അവരുയർത്തുന്ന വിമർശനങ്ങളുടെ രൂക്ഷത മനസിലാക്കാവുന്നതേ ഉള്ളൂ..

സിനിമയ്ക്ക് പ്രദർശനവിലക്ക്
തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട് ഫ്രാൻസിൽ താമസമാക്കിയ അവർ ഗ്രീസിൽ വച്ചാണ് അൽജിയേഴ്സിന്റെ സെറ്റിട്ട് സിനിമ ചിത്രീകരിച്ചത്.. അൾജീരിയയിൽ ഈ സിനിമയ്ക്ക് പ്രദർശനവിലക്ക് ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഒന്നര മണിക്കൂർ ഉള്ള സിനിമയിൽ ആദ്യവും അവസാനവുമുള്ള അഞ്ചുമിനിറ്റിൽ താഴെ സമയം ഒഴിച്ച് നിർത്തിയാൽ, ബാക്കി നേരം മുഴുവൻ സ്ത്രീകൾക്കായുള്ള ഒരു നാടൻ ഹമ്മാമിൽ (ബാത്തിംഗ് ആൻഡ് മസാജിംഗ് സെന്റർ) വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്..

ക്രൂരമായ പ്രതികാരം
അവിടെ കുളിക്കുകയും കുളിപ്പിക്കുകയും കഴുകുകയും മസാജ് ചെയ്യുകയുമൊക്കെ ചെയ്യുന്ന പല പ്രായത്തിലും വലിപ്പത്തിലും രൂപത്തിലും ഉള്ള അൻപതോളം മധ്യവർഗസ്ത്രീകളുടെ സ്വാഭാവിക സംഭാഷണങ്ങൾ ആയിട്ടാണ് പടത്തിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്.. അത് അവരുടെ മാത്രം സ്വതന്ത്ര്യരാജ്യമാണ്.. ഉപരിവസ്ത്രത്തിന്റെ കാര്യത്തിലും ശിരോവസ്ത്രത്തിന്റെ കാര്യത്തിലുമെല്ലാം കണിശമായ നിർദ്ദേശങ്ങളും ഇടപെടലുകളുമുള്ള ലിംഗ/മതാധികാര മേധാവിത്തങ്ങളെ നഗ്നരായും അർധനഗ്നരായും നിന്നുകൊണ്ടാണ് ഈ സ്ത്രീകൾ ചാട്ടുളിയിൽ നിർത്തുന്നത് എന്നതും റെയ്ഹാനയുടെ ഒരു ക്രൂരമായ പ്രതികാരമാണ്.

ചൂളിപ്പോകാതെ തരമില്ല
നഗ്നരാണെങ്കിലും അവരുടെ ഉടലുകളിൽ ആർക്കും ആക്രാന്തത്തോടെ ഫോക്കസ് ചെയ്യാനാവാത്ത മട്ടിലുള്ളതാണ് അവയുടെ സ്വാഭാവിക സംഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രശ്നഭരിതമായ പെൺജീവിതം. അതൊരു വലിയ പ്രശ്നമായിട്ടൊന്നുമല്ല അവർ പരസ്പരം പങ്കുവെക്കുന്നത് എങ്കിൽ കൂടി കേട്ടുനിൽക്കുന്ന നമ്മൾക്ക് പൗരുഷാഹങ്കാരമോ മതഭക്തിയോ ഉണ്ടെങ്കിൽ ചൂളി ചൂളി ഭൂമിയോളം ചെറുതായിപ്പോവാനുള്ള എല്ലാ വെടിക്കോപ്പുകളും അവരുടെ വാക്കുകളിൽ ഉണ്ട്.. നഗ്നത ഇവിടെ കാഴ്ചയ്ക്കുള്ളതല്ല, പൗരോഹിത്യമേ മതമേ ആണധുകാരമേ നിങ്ങൾ എല്ലാകാലവും നഗ്നരാണ് എന്ന നഗ്നമായ തിരിച്ചറിവ് നൽകാനുള്ള ഒരു ടൂൾ ആണ്.

ഏതെങ്കിലും ഒരു മതത്തെയല്ല
1995 ൽ അൾജിയേഴ്സിൽ നടന്ന ആഭ്യന്തരയുദ്ധം പശ്ചാത്തലത്തിൽ ബോംബ് സ്ഫോടനങ്ങളായും മറ്റും മുഴങ്ങുന്നുണ്ട് ഇടക്കിടെ. തോട്ടടുത്ത ബോംബൊച്ച കേട്ട് മറ്റെല്ലാവരും പേടിച്ചോടിയൊളിക്കുമ്പോൾ പോലും അതൊന്നുമറിയാതെ നിസ്സംഗയായി കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ പിന്നീട് വിശ്വാസിയായ സ്ത്രീയോട് തന്റെ മുലക്കച്ചയാഴിച്ച് മൗലികവാദികൾ ആസിഡൊഴിച്ച് കരിച്ച മുലകൾ കാണിച്ച് "യുവർ ഇസ്ലാം ഈസ് നോട്ട് മൈ ഇസ്ലാം" എന്ന് പലവട്ടം അലറുമ്പോൾ അത് ബോംബുവീഴ്ചയേക്കാൾ മാരകമാവുന്നുണ്ട്.. അപ്പോൾ തിയേറ്ററിൽ പടർന്ന പിൻ പോയിന്റ് സൈലൻസ് ഏതെങ്കിലും ഒരു മതത്തെ മാത്രമാണ് സൂചിമുനയിൽ നിർത്തുന്നത് എന്ന് ഞാൻ കരുതുന്നില്ല.

ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്ക് കാഴ്ചകൾ
ഞാൻ സാമിയ.. ലക്കീലുർ മുജാഹിദിന്റെ മകൾ.. ഇരുപത്തൊൻപതര വയസ്.. ടെറസിൽ ഇരുന്ന് കടൽ കാണാൻ ഇഷ്ടം .. അങ്ങനെ ഇരുന്നാൽ ഉമ്മച്ചി വഴക്കുപറയും.. എന്നിങ്ങനെയുള്ള ഒരു ആത്മഭാഷണത്തിലൂടെ അൾജിയേഴ്സിലെ ഒരു ജനവാസ കടലോരമേഖലയുടെ പിന്നാമ്പുറം കാണിച്ചു കൊണ്ടാണ്.. പിന്നീട് ബാങ്ക് മുഴങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തിരി തുറന്ന വാതിലിലൂടെ ഒരു വൃദ്ധൻ മധ്യവയസ്കയായ ഫാത്തിമയെ വലിച്ചിട്ട് സ്ക്രൂ ചെയ്യുന്നത് കാണിക്കുന്നു.. ബാങ്ക് വിളി തീരുന്നതിനുമുൻപ് ഉള്ള ഇത്തിരി നേരം കൊണ്ട് തന്നെ അയാൾ പരിപാടി തീർന്ന് എണീറ്റ് പോകുന്നുമുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ
പിന്നീടാണ് ഹമ്മാമിന്റെ നടത്തിപ്പുകാരിയായ് ഫാത്തിമ്മയെയും അവിടുത്തെ അസിസ്റ്റന്റ് ആയി സാമിയയെയും കാണിക്കുന്നത്.. ഫാത്തിമ ജീവിതം പകർന്നു കൊടുത്ത സകലമാന കലിപ്പും ചലനങ്ങളിൽ പ്രകടമാക്കുന്ന കർക്കശക്കാരിയാണെങ്കിൽ സാമിയ ഇനിയും വന്നുചേർന്നിട്ടില്ലാത്ത വൈവാഹികജീവിതത്തെ കുറിച്ച് സകലമാന ഭ്രമാത്മകതകളും ചുമന്നുകൊണ്ട് അതിന്റെ എക്സൻട്രിസിറ്റിയിൽ അഭിരമിക്കുന്നവളാണ്.. അവർക്കടുത്തേക്കാണ് പട്ടണത്തിൽ നാലുനാളായി ജലസേചനം തകരാറിലായിരുന്നെന്ന പരാതിയുമായി സ്ത്രീകൾ സംഘമായി എത്തിച്ചേരുന്നത്..

സംവിധായികയുടെ കയ്യടക്കം
പുരുഷന്മാർക്ക് ഗേറ്റിനപ്പുറം മാത്രം പ്രവേശനമുള്ള അവിടേയ്ക്ക് ഒരു പ്ലംബർ വരുമ്പോൾ സ്ത്രീകൾ അയാളെ വിശേഷിപ്പിക്കുന്നത് "ഹി ഈസ് നോട്ട് എ മാൻ, ഹി ഈസ് പ്ലംബർ" എന്നാണ്.. ക്രുവൽ വിറ്റ്സ്.. അയാളുടെ ശരീരത്തെ ഒളിഞ്ഞിരുന്ന് കമന്റടിച്ച് സുഖിക്കുന്നുമുണ്ട് അവരുടെ വിചിത്ര കാമനകൾ..
നവാഗത സംവിധായികയായിരിക്കുമ്പോഴും തന്റെ ക്രൂവിന്മേലുള്ള റെയ്ഹാനയുടെ കയ്യടക്കം അപാരമാണ്.. പരിമിതമായ ചതുരത്തിൽ വച്ച് ഏറെക്കുറെ നഗ്നരായ സ്ത്രീകളെ വച്ച് കഥ പറയുമ്പോഴും ഇടയിൽ ഒരു ക്യാമറയൂണ്ടെന്ന തോന്നൽ പോലും ഉളവാക്കാതെ അവരെക്കൊണ്ട് ബിഹേവ് ചെയ്യിപ്പിക്കാൻ സാധിച്ച റെയ്ഹാനയെ കണ്ടമ്പററി മാസ്റ്റർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.

സ്വാഭാവികതയും വിഷയവൈവിധ്യവും
സ്ത്രീകൾക്കിടയിലെ സംഭാഷണങ്ങളുടെ സ്വാഭാവികതയും വിഷയവൈവിധ്യവും തിയേറ്ററിൽ അക്ഷരാർത്ഥത്തിൽ കനത്ത കയ്യടികൾ സൃഷ്ടിക്കുന്നു.. ഓർഗസത്തിന് എന്താണ് അറബിയിൽ പറയുക എന്ന് ഒരുവൾ ചോദിക്കുമ്പോൾ അറബിയിൽ അങ്ങനെ ഒന്നില്ലല്ലോ എന്നാണ് കേട്ട് നിൽക്കുന്നവളുടെ ഉത്തരം.. ഉല്ലാസത്തിന്റെ അന്തരീക്ഷമെന്ന് പുറമെ മുഴങ്ങുന്ന സീനുകളിൽ പോലും അന്തർലീനമായ ഒരു വിഷാദത്തിന്റെ ബീജിയെം തുന്നിപ്പിടിപ്പിച്ചിരിക്കുന്നത് അസാമാന്യകരവിരുതോടെ ആണ്.

പേഴ്സണല്‍ ആഹ്ലാദം വേറെ
എണ്ണിയെണ്ണിപ്പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ആണ് "ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്കി"ൽ.. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ സിനിമയും സംവിധായകയും മൂല്യമേറിയ പുരസ്കാരങ്ങളുമായിട്ടാവും തിരിച്ച് ഫ്ലൈറ്റ് കേറുക.. റെയ്ഹാനയെ പരിചയപ്പെടാനും സംസാരിക്കാനും അഭിനന്ദനം നേരിട്ടറിയിക്കാനും കഴിഞ്ഞത് എന്റെ പേഴ്സണൽ ആഹ്ലാദം.


Click it and Unblock the Notifications