ചെകുത്താന്‍ ഓടിപ്പോയ ഐ എഫ് എഫ് കെ രാവ്... സാത്താന്‍ സ്ലേവ് റിവ്യൂ കാണാം
മുഹമ്മദ് സദീം
തിരുവനന്തപുരം- ഈയടുത്ത് ഇറങ്ങിയ ഏറ്റവും ഭീതിയുണ്ടാക്കുന്ന പ്രേത സിനിമകളിലൊന്ന് അര്‍ധരാത്രി ഇതാ നിങ്ങളെ പേടിപ്പിക്കുവാന്‍ എത്തുന്നുവെന്ന് സംഘാടകര്‍ പെരുമ്പറ കൊട്ടിയപ്പോള്‍, അര്‍ധരാത്രി സിനിമ കാണുവാന്‍ എത്തിയ ആയിരങ്ങളുടെ കുക്കിവിളികളും ബഹളത്തിലുമുങ്ങി സിനിമയിലെ പ്രേതം സ്വയം ഒളിച്ചോടുന്ന കാഴ്ചയായിരുന്നു.

സാത്താന്‍ സ്ലേവ്
തിങ്കളാഴ്ച പാതിരാത്രിയില്‍ ഐ എഫ് എഫ് കെയുടെ പ്രദര്‍ശന വേദികളിലൊന്നായ തിരുവനന്തപുരം നിശാഗന്ധി സാക്ഷ്യംവഹിച്ചത്. എല്ലാ പ്രദര്‍ശന വേദികളിലും സിനിമകള്‍ കഴിഞ്ഞ ശേഷം രാത്രി പത്തരമണിക്കുശേഷമാണ് ചെകുത്താന്‍ സിനിമയായ ഇന്ത്യോനേഷ്യന്‍ സിനിമയായ പെങ്കബിടി ശെയ്ത്താന്‍ അഥവ സാത്താന്‍ സ്‌ളേവ് എന്ന ചലച്ചിത്രം പ്രദര്‍ശനം.
അങ്ങനെ പേടിപ്പിക്കുവാനാണെങ്കില്‍ നമ്മളെത്ര കണ്ടതാ, അതൊന്നു കാണട്ടെ എന്ന രീതിയില്‍ വാശിയോടുകൂടി തന്നെയായിരുന്നു പ്രതിനിധികളില്‍ ഭൂരിഭാഗവും എത്തിയത്. സിനിമ തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രേതം മണികിലുക്കി പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ തുടങ്ങി ആദ്യ കൂക്കിവിളിയും ചിരിയും.

മലയാളി അങ്ങനങ്ങ് പേടിക്കുമോ
പിന്നീട് സ്ഥിരം പ്രേതസിനിമകളിലെ മെയ്ക്കപ്പുമായി എത്തി പ്രേതം തന്നെ കൂക്കി വിളിച്ചുപേടിപ്പിക്കുവാന്‍ നോക്കിയപ്പോള്‍ അതിനെക്കാള്‍ ബഹളത്തിലായിരുന്നു പ്രതിനിധികളുടെ തിരിച്ചുള്ള കൂക്കിവിളി. ഇതോടെ ഇത് കേരളത്തിന്റെ നാട് തന്നെ എന്നു സമ്മതിച്ചു. ഇനി നമ്മളില്ലേ മലയാളിയെ പേടിപ്പിക്കാന്‍ എന്നു പറഞ്ഞ് പ്രേതം പ്രേതത്തിന്റെ വഴിയില്‍പോകുകയായിരുന്നു. സിനിമ തുടങ്ങിയ ആദ്യസമയത്ത് പ്രേതത്തിനെ പേടിപ്പിക്കുവാന്‍ എത്തിയവരെല്ലാം കുറേ നേരം കുക്കിവിളിച്ചു മടുത്തപ്പോള്‍, പതുക്കെ എണീറ്റു സ്ഥലം വിടുവാന്‍ തുടങ്ങി. ഇതോടുകൂടിയാണ് പിന്നീടുള്ള അല്പം രംഗമെങ്കിലും പ്രതിനിധികളില്‍ ചിലരെയെങ്കിലും അല്പമെങ്കിലും ഞെട്ടിച്ചത്.

ഇത് സാധാരണ സിനിമയല്ല
ഒരു സാധാരണ പ്രേത സിനിമയുടെ അപ്പുറത്തേക്ക് പോകാത്ത ചലച്ചിത്രങ്ങളിലൊന്നു തന്നെയായിരുന്നു ജോക്കോ അന്‍വറിന്റെ പെങ്കബിടി ശെയ്ത്താന്‍ എന്ന അഥവ സാത്താന്‍ സ്‌ളേവ്. ദൈവ നിഷേധികളായ ഒരു കുടുംബം ആ വീട്ടിലെ ഗൃഹനാഥയായ പാട്ടുകാരി മരണപ്പെടുന്നതോടെ പ്രേതത്തിന്റെ ശല്യം നേരിടുന്നതാണ് സിനിമയുടെ ആകെ പ്രമേയം. പ്രേതശല്യം കാരണം മതത്തിന്റെ ആചാരങ്ങളൊന്നും നിര്‍വഹിക്കാത്ത കുടുംബത്തില്‍പ്പെട്ടവര്‍ നിസ്‌ക്കാരമടക്കമുള്ള ആചാരങ്ങളിലേക്ക് തിരിയുന്നുവെന്നതുകൂടി കാണിക്കുന്നുണ്ട് ഈ ചലച്ചിത്രം. എന്തായാലും നിശാഗന്ധിയിലെത്തിയ പകുതിയിലധികമുള്ള പ്രതിനിധികള്‍ക്കെല്ലാം ഒരു കാര്യം മനസ്സിലായി. ഏതു പേടിപ്പെടുത്തുന്ന സിനിമകളാണെങ്കിലും സാത്താന്‍ സിനിമയാണെങ്കിലും അടച്ചിട്ട തീയേറ്ററിലെ ഡോള്‍ബി സൗണ്ട് സിസ്റ്റത്തിലൂടെ മാത്രമെ മനുഷ്യന്റെ പേടിയെ തൊട്ടുണര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന്.

ധൈര്യം സംഭരിച്ച് കാണാം
വാല്‍ക്കഷ്ണം: സിനിമ കാണാനെത്തിയ ഒരു മനഃശാസ്ത്രജ്ഞന്‍ സിനിമാ പ്രദര്‍ശനത്തെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. പേടിയുള്ളവര്‍ രാത്രിയിലും മറ്റും വിജനമായ സ്ഥലത്തുകൂടെ ഒറ്റക്ക് നടക്കരുത്. ഇനി ഒറ്റക്ക് നടക്കുകയാണെങ്കില്‍ പാട്ടുപാടുകയോ മറ്റോ ചെയ്ത് ബഹളമുണ്ടാക്കണമെന്നാണ് ഞങ്ങള്‍ ആളുകളെ ഉപദേശിക്കാറുള്ളത്. അതുപോലെ പെങ്കബിടി ശെയ്ത്താന്‍ കാണാനെത്തിയ പേടിയുള്ള പ്രതിനിധികളെനിധികളെല്ലാം ഒന്നിച്ച് ബഹളമുണ്ടാക്കിയതോടെ, അല്പമൊക്കെ ധൈര്യമുണ്ടായിരുന്ന സിനിമ കാണാനെത്തിയവര്‍ക്കും അധികം ഞെട്ടലില്ലാതെ സിനിമകാണുവാന്‍ കഴിഞ്ഞു!.


Click it and Unblock the Notifications











