twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുൾ: കണ്ടുമടുത്ത ഡാർക്ക് ത്രില്ലറുകളുടെ ഒരു കൊളാഷ്, തീ പാറുന്ന അഭിനയപ്പോരാട്ടം — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5

    സീരിയൽകില്ലിംഗ് പ്രമേയമായി വരുന്ന ഡാർക്ക് മൂവികൾക്ക് നിയതമായ ഒരു ഫോർമുലയുണ്ട്. പുതുമ അന്വേഷിക്കുന്ന സംവിധായകൻ ആണെങ്കിൽ അവതരണത്തിലും പരിചരണത്തിലും ഫോർമുലയെ മറികടക്കാൻ ശ്രമിക്കും. അല്ലാത്തവർ ഇതുവരെ സകലഭാഷയിലും ഇറങ്ങിയ ഇതേ ഴോണറിലുള്ള സിനിമകളിൽ നിന്നുമായി കൊളാഷ് തുന്നിക്കെട്ടും.

    ഇരുൾ

    രണ്ടാമത് പറഞ്ഞതിന് മികച്ച ഉദാഹരണമാണ് ഇന്നുമുതൽ നെറ്റ്ഫ്ലിക്‌സ് സ്‌ട്രീം ചെയ്ത് തുടങ്ങിയ ഇരുൾ എന്ന ഫഹദ് ഫാസിൽ മൂവി. ഫഹദ്ഫാസിൽ, സൗബിൻ സാഹിർ, ദർശന രാജേന്ദ്രൻ തുടങ്ങിയ ബ്രാൻഡ് നെയിമുകൾ വച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്, അതും നെറ്റ്ഫ്ളിക്സിന് തന്നെ കച്ചവടമാക്കി, കൈ നനയാതെ മീൻപിടിക്കാൻ ഇറങ്ങുമ്പോൾ ലവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ ഒട്ടും തെറ്റ് പറയാൻ പറ്റില്ല. ഇതൊരു പ്രോജക്റ്റാണ്. പ്രോജക്റ്റ് മാത്രമാണ്.

    ഇരുൾ

    ചെലവായ തുകയുടെ ഇരട്ടി ലാഭത്തിൽ ഓടിടിയ്ക്ക് വിൽക്കാൻ തയ്യാർ ചെയ്യുന്ന ഒരു പ്രോജക്റ്റിനായി ആവശ്യത്തിലധികം ക്രിയേറ്റിവിറ്റി കൂടി ചിലവാക്കുന്നത് ബുദ്ധിയല്ല. അതൊക്കെ ഒരുക്കൂട്ടി അടുത്തതായി തിയേറ്ററിൽ ഇറക്കാനുള്ള പടം ചെയ്യുമ്പോൾ പുറത്തെടുക്കാനായി കരുതൽ ശേഖരത്തിൽ വെക്കുന്നതാണ് തന്ത്രം. ആയതിനാൽ ഈ 'ഇരുൾ' എന്നത്, കുടിച്ച് മടുത്ത വൈനിനെ, കണ്ടു മടുത്ത അതേ കുപ്പിയിൽ നിന്നും എടുത്ത്, ഉപയോഗിച്ച് പഴകിയ ചഷകത്തിൽ വിളമ്പുന്ന ഒരു പ്രോസസ് ആണ്.

    ഇരുൾ

    ബിസിനസ് മുതലാളി കൂടിയായ സൈക്കോ ത്രില്ലർ നോവലിസ്റ്റ് അലക്‌സ് പാറയിൽ. അയാളുടെ കൂട്ടുകാരിയായ ഹൈക്കോടതി വക്കീൽ അർച്ചനാപിള്ള. അവരുടെ ബന്ധം തുടങ്ങിയിട്ട് മൂന്നുമാസമേ ആയുള്ളൂ. ഇമോഷണലി വീക്ക് എന്ന് തോന്നിപ്പിക്കുന്ന അലക്‌സ് എപ്പോഴും ഫ്രസ്ട്രേറ്റഡ് ആണ്. അർച്ചനയുടെ പ്രൊഫഷണൽ തിരക്കുകൾ തന്നെ കാരണം. അതിനൊരു പരിഹാരം എന്ന നിലയിൽ രണ്ടുപേരും ഒരു വീക്കെൻഡ് ട്രിപ്പ് പോവുന്നു. ഫോണും ഇന്റർനെറ്റുമൊക്കെ ഒഴിവാക്കികൊണ്ട്.

    ഇരുൾ

    ഫോൺ ഒഴിവാക്കുക എന്ന ആദ്യനിർദേശം കേൾക്കുമ്പോൾ തന്നെ നമ്മൾക്ക് മനസിലാവും വണ്ടി ഇരുട്ടത്ത് കാട്ടിൽ വിജനതയിൽ പെരുമഴയിൽ ശക്തമായ ഇടിവെട്ടും മിന്നലുമൊക്കെ ഉള്ള ഒരിടത്ത് കേടുവരും എന്നും കുടുങ്ങി പോവുന്ന അവർ തൊട്ടടുത്തുള്ള ദുരൂഹവും പ്രാചീനവുമായ ബംഗ്ലാവിൽ എത്തിപ്പെടുമെന്നും അവിടെ മുട്ടിയാൽ ആദ്യമൊന്നും വാതിൽ തുറക്കില്ലെന്നും പിന്നീട് അതീവനിഗൂഢനായ ഒരു മനുഷ്യൻ വാതിൽ തുറക്കുമെന്നും അയാൾക്ക് എങ്ങനെയൊക്കെ സംവിധായകൻ നിഗൂഢതയുടെ മേലങ്കി ഇട്ടുകൊടുത്താലും അയാൾ ആപാദചൂഡം ഫഹദ് ഫാസിൽ തന്നെ ആയിരിക്കും എന്നും! അങ്ങനെയൊക്കെ തന്നെ സംഭവിക്കുന്നു.

    ഇരുൾ

    അവിടെവരെ മാത്രമല്ല അവിടന്നങ്ങോട്ടും പ്രേക്ഷകർ കണ്ടുമടുത്ത വഴിയിലൂടെ മാത്രം പോവുന്നു എന്നിടത്താണ് ഇരുൾ സമ്പൂർണ പരാജയം ആയി മാറുന്നത്. എന്തിന് പറയുന്നു, സീരിയൽ കില്ലർ വെളിവാകുന്ന ആ എൻഡ് ഫ്രെയിം പോലും, പടം പാതിയെത്തും മുൻപ് മനസിൽ പ്രതീക്ഷിച്ചിട്ടില്ലാത്ത നിഷ്കളങ്കർ ഇന്നത്തെ കാലത്തെ പ്രേക്ഷകർക്കിടയിൽ ഉണ്ടാവുമോ എന്നത് സംശയമാണ്.

    ഇരുൾ

    കള്ളനായാലും പോലീസ് ആയാലും കൊള്ളക്കാരൻ ആയാലും കോടീശ്വരൻ ആയാലും പിച്ചക്കാരനായാലും മനോനില തെറ്റിയവനായാലും ഒരേ പോലെ തങ്ങളെ തന്നെ ആംഗികത്തിലും ആഹാര്യത്തിലും വാചികത്തിലും മറ്റെല്ലാ ഔട്ട് പുട്ടുകളിലും കൊണ്ടുവരുന്ന രണ്ടു നടന്മാരാണ് ഫഹദും സൗബിനും. കൺസിസ്റ്റൻസി എന്നൊക്കെ പറഞ്ഞാൽ ഇതാണ്. പക്ഷെ, ഒരു പ്രശ്നം എന്താണ് എന്നുവച്ചാൽ ഫഹദ് ഒരേ ഐറ്റം തന്നെ കണ്ണ് തിളക്കി കൊണ്ട് വീണ്ടും വീണ്ടും പുറത്തെടുത്താലും ആളുകൾ വീണുപോവും. പക്ഷെ, പാവം സൗബിനെയാവട്ടെ തെറിവിളിക്കും.

    ഇരുൾ

    ട്രാൻസിൽ ചാനൽ അവതാരകനായി വന്നപ്പോൾ സൗബിൻ കേട്ട തെറിക്ക് കണക്കില്ല. ഭാഷയിലെയും ഉച്ചാരണത്തിലെയും പോസ്റ്റേഴ്‌സിലെയും ഒക്കെ ചില സ്പെല്ലിംഗ് മിസ്ടേക്കുകളായിരുന്നു കാരണം. പ്രേക്ഷകന്റെ പൊതുബോധത്തിന്റെ ഒരു പ്രശ്നം കൂടി ആയിരുന്നു അത്. ഇവിടെ സൗബിൻ കോടീശ്വരനും ബിസിനസ് മാഗ്നറ്റും എഴുത്തുകാരനും പ്രതിഭയും ആയിട്ടാണ് വരവ്. ഒരർത്ഥത്തിൽ ഇരുളിൽ ക്ളീഷേയെ പൊളിക്കുന്ന ഒരേയൊരു സംഗതി സൗബിന്റെ അലക്‌സ് പാറയിൽ ആണ്. നോവലിസ്റ്റ്, എസ്റ്റേറ്റ് ഉടമ എന്നിങ്ങനെയുള്ളതിനെ കുറിച്ച് പൊതുബോധം മനസ്സിലിട്ടു സൂക്ഷിക്കുന്ന ബിംബങ്ങൾ തകർത്തു തരിപ്പണമാക്കുകയാണ് ഇവിടെ. പക്ഷെ പ്രേക്ഷകർ തെറിവിളി തുടങ്ങിയിട്ടുണ്ട്.

    ഇരുൾ

    പക്ഷെ, ഫഹദിന്റെ സൈഡ് സെയ്ഫ് ആണ്. ഇൻട്രോ സീൻ മുതൽ എൻഡ്ഷോട്ട് വരെ ക്യാരക്റ്റർ ആയാലും പെർഫോമൻസ് ആയാലും ടിപ്പിക്കൽ ഫഹദ്. ക്ളീഷേയുടെ പരകോടി. പ്രേക്ഷകർ ഹാപ്പി. ഹാ... എന്നാ ഒരു നാച്ചുറൽ ആക്റ്റിങ്ങാ... യേത്... നാച്ചുറൽ! ദർശന രാജേന്ദ്രൻ രണ്ടുപേരുടെയും കൂടെ ചേരുമ്പോൾ അതേ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആവാനാണ് ശ്രമം.

    ഇരുൾ

    അവസാനഘട്ടം എത്തുമ്പോൾ ഫഹദും സൗബിനും ദർശനയും അക്രമോൽസുകമായ അഭിനയപ്പോരാട്ടത്തിലാണ്. ആരാണ് കൂടുതൽ കൂടുതൽ ബോറാക്കുക എന്നതിലാണ് മത്സരം എന്നുമാത്രം. അഭിനയിച്ച് (സിനിമ) തകർക്കുക എന്നതൊക്കെ പറഞ്ഞാൽ എന്തെന്ന് അറിയണമെങ്കിൽ ഇരുൾ കാണുക തന്നെ വേണം. കൊലയാളി ആരെന്ന് അറിയുന്നതിനെക്കാൾ അപ്പോൾ സസ്പെൻസ് കയറുക, വെറുപ്പിക്കൽ മത്സരത്തിൽ ആര് ജേതാവാകും എന്നതിനെ ചൊല്ലിയാണ്. കില്ലറുടെ കാര്യത്തിൽ എന്ന പോലെ തന്നെ ഇക്കാര്യത്തിലും പ്രിജുഡീസിന്‌ തെല്ലും കോട്ടം പറ്റുന്നില്ല.

    Recommended Video

    Irul | Official Trailer Reaction | Fahadh Faasil, Soubin Shahir, Darshana Rajendran
    ഇരുൾ

    ഹിന്ദിയിൽ ഒരുപാട് ശ്രദ്ധേയമായ സിനിമകളിൽ അസിസ്റ്റന്റ് ആയിട്ടുള്ള നസീഫ് യൂസുഫ് ഇസുദ്ദീൻ ആണ് ഇരുളിന്റെ സംവിധായകൻ. ആൾക്ക് പണിയൊക്കെ അറിയാം , ഓടിടിയും ഫഹദും ഉള്ളപ്പോൾ പിന്നെ സ്ക്രിപ്റ്റിൽ എന്തുകാര്യം എന്ന് ചിന്തിച്ചതാവണം. ജോമോൻ ടി ജോൺ ഡി ഓ പി യും അതിലൂടെ നിർമ്മാണപങ്കാളിയും ആണ് ഇരുളിൽ. അതിന്റെ ഒരു ഗ്രെയ്‌സ് പടത്തിന് ഉണ്ട്.. മഴ, ഇരുട്ട്, നിഗൂഢത, പ്രാചീനത എന്നിവയുടെ എല്ലാം വന്യത ഫ്രെയിമുകളിൽ ആവോളം.

    131 മിനിറ്റിൽ സംഗതി ക്രോപ്പ് ചെയ്ത് എടുത്തു എന്നതും സിനിമ തിയേറ്ററിൽ റിലീസ് ചെയ്തില്ല എന്നതും ഇരുളിനെ സംബന്ധിച്ച രണ്ടു ഹൈലൈറ്റുകൾ ആയി എടുത്ത് പറയാം. പത്ത് സെക്കന്റ്, പത്തുസെക്കന്റ് വച്ച് ഫോർവേഡ് അടിച്ച് വിടാനുള്ള ഓപ്‌ഷൻ ഉണ്ട് എന്നത് netflix ന്റെ സൗഭാഗ്യം.

    Read more about: review റിവ്യൂ
    English summary
    Irul Malayalam Movie review: Fahadh Faasil, Soubin Shahir Starrer Is An One Time Watchable
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X