»   » നിരൂപണം: ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, കാണുമ്പോള്‍ നിങ്ങളുടേയും

നിരൂപണം: ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, കാണുമ്പോള്‍ നിങ്ങളുടേയും

Posted By:
Subscribe to Filmibeat Malayalam
Rating:
3.5/5

സൗഹൃദത്തിന്റെ കഥയുമായിട്ടാണ് വിനീത് ശ്രീനിവാസന്‍ സംവിധാന രംഗത്തെത്തിയത്. പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മനോഹരമൊരു പ്രണയ കഥ പറഞ്ഞു. ഈ രണ്ട് ചിത്രങ്ങളിലൂടെയും വിനീത് മലയാള സിനിമയില്‍ ഒരു നടന് ജന്മം നല്‍കിയിരുന്നു. പിന്നീട് സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചും ഈ കൂട്ടുകെട്ട് പ്രേക്ഷക ശ്രദ്ധനേടി. വിനീത് ശ്രീനിവാസന്‍ - നിവിന്‍ പോളി കൂട്ടുകെട്ട് തന്നെയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിക്കുന്നത്.

സൗഹൃദത്തിനും പ്രണയത്തിനും ശേഷം മികച്ചൊരു കുടുംബചിത്രവുമായാണ് ഇത്തവണ വിനീതും നിവിനും എത്തിയിരിക്കുന്നത്. അതെ, ഇത് ജേക്കബിന്റെ സ്വര്‍ഗ്ഗ തുല്യമായ കുടുംബത്തിന്റെ കഥയാണ്. ദുബായില്‍ സെറ്റില്‍ഡായ ജേക്കബും ഭാര്യ ഷെര്‍ലിയും അവരുടെ നാല് മക്കളും അടങ്ങുന്നതാണ് ഈ സ്വര്‍ഗ്ഗരാജ്യം. ജെറി, അഭിന്‍, അമ്മു, ക്രിസ് എന്നീ നാല് മക്കള്‍ക്കും കര്‍ക്കശക്കാരനായ അച്ഛനല്ല ജേക്കബ്. മറിച്ചി, അവര്‍ക്ക് നല്ലൊരു സുഹൃത്ത് കൂടെയാണ്. അങ്ങനെ സ്വര്‍ഗ്ഗ തുല്യമായ കുടുംബത്തില്‍ അപ്രതീക്ഷിതമായി സംഭവിയ്ക്കുന്ന ഒരു കാര്യമാണ് ചിത്രത്തിന്റെ കഥയ മുന്നോട്ട് നയിക്കുന്നത്.


ജേക്കബ് എന്ന ടൈറ്റില്‍ റോളിലെത്തുന്നത് രണ്‍ജി പണിക്കറാണ്. ഇടിവെട്ട് തിരക്കഥകള്‍ എഴുതി ഒരുകാലത്ത് മലയാള പ്രേക്ഷകരെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തിയ രണ്‍ജി പണിക്കര്‍ ഇന്ന് ന്യൂ ജനറേഷന്‍ പിള്ളാരുടെ അച്ഛനായി വിലസുകയാണ്. ഓം ശാനി ഓശാനയിലെയും പ്രേമത്തിലെയും കൈയ്യടി നേടിയ അച്ഛന്‍ വേഷങ്ങള്‍ക്ക് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി എത്തിയിരിക്കുകയാണ് രണ്‍ജി പണിക്കര്‍. അഭിനയ സാധ്യത ഏറെയുള്ള ജേക്കബ് രണ്‍ജിയുടെ അഭിനയ ജീവിതത്തിലെ മാര്‍ക്ക് ചെയ്യപ്പെടുന്ന വേഷമായിരിക്കും എന്ന് പറയാതിരിക്കാന്‍ കഴിയില്ല.


jacobinte-swargarajyam-movie-review

ജേക്കബിന്റെ മൂത്തമകന്‍ ജെറി ആയിട്ടാണ് നിവിന്‍ പോളി എത്തുന്നത്. ദുബായി പോലൊരു ദേശത്ത് ജീവിയ്ക്കുന്ന ജെറി നാട്ടിലെ സംസ്‌കാരവും രീതികളും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. പക്വതയുള്ള കഥാപാത്രം. അച്ഛനൊപ്പം കുടുംബത്തെ രക്ഷിക്കുന്ന വേഷം നിവിന്‍ വളരെ പെര്‍ഫക്ഷനോടെ തന്നെ കൈകാര്യം ചെയ്തു. നിവിന്‍ പോളിയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന വേഷമല്ല ജെറി. എന്നാല്‍ തന്റേതായ രീതിയില്‍, തന്മയത്വത്തോടെ നിവിന്‍ ജെറിയെ ഏറ്റെടുക്കുമ്പോള്‍, അതാണ് ആ കഥാപാത്രത്തിന്റെ വിജയം.


പിന്നെ എടുത്ത് പറയേണ്ട അഭിനയം ഷെര്‍ലി എന്ന അമ്മ വേഷത്തിലെത്തിയ ലക്ഷ്മി രാമകൃഷ്ണന്റെ അഭിനയമാണ്. റീബ ജോണ്‍, സായി കുമാര്‍, ടി ജി രവി, ദിനേഷ് പ്രഭാകര്‍, ശ്രീനാഥ് ഭാസി, അയ്മ സെബാസ്റ്റിന്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും അവരവരുടെ വേഷത്തോട് നീതി പുലര്‍ത്തി.


ഈ തലമുറയിലെ ഏറ്റവും മികച്ച സംവിധായകനാണ് താനാണെന്ന് വിനീത് ഒരിക്കല്‍ കൂടെ തെളിയിച്ചിരിയ്ക്കുന്നു. ശ്രീനിവാസന്‍ താന്‍ ജീവിച്ച കാലഘട്ടത്തിലെ പ്രതിനിധിയായി തിരക്കഥ എഴുതിയപ്പോഴാണ് ജനങ്ങള്‍ക്ക് അത് പ്രിയപ്പെട്ട സിനിമകളായത്. ഇപ്പോള്‍ വിനീത് ചെയ്തുകൊണ്ടിരിയ്ക്കുന്നതും അതാണ്. തന്റെ ചുറ്റുപാടുകളില്‍ നിന്നാണ് വിനീത് സിനിമയുണ്ടാക്കുന്നത്. ഒരു സുഹൃത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നാണ് താന്‍ ഈ സിനിമ ഉണ്ടാക്കിയത് എന്ന് വിനീത് പറഞ്ഞിരുന്നു. ലൈറ്റായിട്ടുള്ള ഹാസ്യവും, കൂടുതല്‍ യാഥാര്‍ത്ഥത്തോട് അടുത്തു നില്‍ക്കുന്ന ഇമോഷന്‍ രംഗങ്ങളും സിനിമയുടെ നിലവാരം ഉയര്‍ത്തുന്നു.


ജോമോന്‍ ടി ജോണിന്റെ ഛായാഗ്രാഹണ മികവിനെ കുറിച്ച് ഇനിയെന്ത് പറയാന്‍. രഞ്ജന്‍ എബ്രഹാമും ക്രിത്യമായി കത്രിക വച്ചു. ആദ്യ പകുതിയിലെ ലൈറ്റ്‌നസ്സും, രണ്ടാം പകുതിയോടെ സിനിമ അതിന്റെ സീരിയസ്സ്‌നസ്സിലേക്കും കടക്കുമ്പോള്‍ അതിനെ ബാലന്‍സ് ചെയ്യാന്‍ രഞ്ജന്റെ എഡിറ്റിങിന് സാധിച്ചു. ഷാന്‍ റഹ്മാന്റെ പാട്ടും പശ്ചാത്തല സംഗീതവും പ്രത്യേക പരമാര്‍ശം അര്‍ഹിയ്ക്കുന്നു. പാട്ടുകളെല്ലാം സന്ദര്‍ഭോജിതമായിരുന്നു. അവതരണത്തിന് പശ്ചാത്തല സംഗീതം ഏറെ സഹായിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ വിഷുവിന് കുടുംബവുമൊത്ത് കാണാവുന്ന മികച്ചൊരു കുടുംബ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം.


English summary
Jacobinte Swargarajyam is undoubtedly the best movie released in 2016 so far. Don't miss this one.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam