JAILER REVIEW: തലൈവർ നിരന്തരം...! ഇതാണ് സൂപ്പർസ്റ്റാർ, ഇതാണ് തിരിച്ചുവരവ്; തിയ്യറ്റർ ഇളക്കി മറിച്ച് ജയിലര്‍
സൂപ്പർ താരത്തിന്റെ ഗംഭീര തിരിച്ചുവരവ്... ഇങ്ങനെയാണ് ജയിലർ എന്ന ചിത്രത്തെക്കുറിച്ച് വളരെ ലളിതമായി പറയാൻ കഴിയുന്നത്. ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ജയിലർ. കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യനായി തലൈവരുടെ വിളയാട്ടം തന്നെയാണ് കാണാൻ സാധിക്കുന്നത്.
റിട്ടയേർഡ് ജയ്ലറുടെയും മകന്റേയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സാഹചര്യങ്ങളെ തന്റെ തനതായ ശൈലിയിൽ നെൽസൺ മനോഹരമായാണ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻകാല നെൽസൺ ചിത്രങ്ങളെപ്പോലെ ബ്ലാക്ക് ഹ്യൂമറും വയലൻസ് രംഗങ്ങളും ജയ്ലറിലും അനവധിയാണ്. ബീസ്റ്റിന്റെ ക്ഷീണം നെൽസൺ പുതിയ ചിത്രത്തീലൂടെ തീർത്തിരിക്കുകയാണ്.

ചിത്രം പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുയായിരുന്നു ജയിലർ. രജനികാന്തിന്റെ ലുക്ക് മുതൽ റിലീസ് ദിവസം തമിഴ്നാട്ടിൽ ഓഫീസുകൾക്ക് ലീവ് പ്രഖ്യാപിച്ചത് വരെ എല്ലാം ട്രെന്റിങ്ങ് വാർത്തകളായിരുന്നു. ആരാധകരുടെ പ്രതീക്ഷകളെ നെൽസൺ വാനോളം ഉയർത്തുന്ന കാഴ്ചയാണ് തിയ്യറ്ററിൽ കാണാൻ കഴിയുന്നത്.
രജനികാന്ത് എന്ന സൂപ്പർ താരത്തിന്റെ സ്വാഗും സ്റ്റൈലും തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ഒരു കംപ്ലീറ്റ് തലൈവർ ഷോ. പേട്ട എന്ന ചിത്രത്തിന് ശേഷം രജനികാന്തിന്റെ മികച്ച വേഷമാണ് ടൈഗർ മുത്തുവേൽ പാണ്ഡ്യൻ. സൂപ്പർ താരത്തെ വളരെ മികച്ച രീതിയിൽ തന്നെ നെൽസൺ ഉപയോഗിച്ചു എന്നു പറയാം.
രജനികാന്ത് ഷോയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും വിജയ് കാർത്തിക് കണ്ണന്റെ ക്യാമറയും വളരെയധികം സഹായിക്കുന്നുണ്ട്. സംവിധായകന്റെ മുൻകാല സിനിമയ്ക്ക് മുന്നിൽ നിൽക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് അനിരുദ്ധ് ചെയ്തിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന് ശേഷം സ്റ്റൈൽ മന്നനെ സ്റ്റൈലിഷായി സ്ക്രീനിലെത്തിക്കാൻ നെൽസൺ ജയിലറിലൂടെ സാധിച്ചിട്ടുണ്ട്.
രജനികാന്തിന് പുറമേ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷെറോഫ് തുടങ്ങി വമ്പൻ താരനിരയും ജയിലറിനെ മനോഹരമാക്കുന്നുണ്ട്. സൗത്തിലെ എല്ലാ പ്രധാന ഭാഷകളിൽ നിന്നെല്ലാം സൂപ്പർ താരങ്ങളെ കൊണ്ടു വരികയും മനോഹരമായി തന്നെ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് മിനിറ്റ് മാത്രമുള്ള ലാലേട്ടൻ കഥാപാത്രത്തിന് തിയ്യറ്ററിൽ കയ്യടികൾ മാത്രമാണ്. ഏട്ടൻ ഫാൻസിന് ആഘോഷിക്കാനുള്ള വക നെൽസൺ നൽകികഴിഞ്ഞു. അന്യഭാഷയിൽ മോഹൻലാൽ അവതരിപ്പിച്ച ഏറ്റവും സ്റ്റൈലിഷ് കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക.
രജനികാന്തിനോളം തന്നെ കയ്യടികളാണ് വിനായകൻ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിനും ലഭിക്കുന്നത്. വിനായകന്റെ കരിയറിലെ തന്നെ മികച്ച വേഷം തന്നെയാണ് ജയിലറിൽ ലഭിച്ചിരിക്കുന്നത്. റോക്കിക്ക് ശേഷം വസന്ത് രവിയുടെ മികച്ച കഥാപാത്രമാണ് ചിത്രത്തിലെ അർജുൻ.
മാസ് ഓഡിയൻസിനെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകകളും ഉൾപ്പെടുത്തിയാണ് നെൽസൺ ജയിലർ ഒരുക്കിയിരിക്കുന്നത്. കോമഡിയും ആക്ഷനും ഇഷ്ടപ്പെടുന്നവർക്ക് നിസംശയം ടിക്കറ്റെടുക്കാം. രജനിക്ക് ശേഷം അടുത്ത സൂപ്പർസ്റ്റാർ ആരെന്ന് ചോദിക്കുന്നവർക്ക് മറുപടികൂടെയാണ് ഈ ചിത്രം എന്ന് പറയാം.


Click it and Unblock the Notifications











