twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗംഭീരമൊന്നുമല്ലെങ്കിലും മേരിക്കുട്ടിയെ മലയാളികൾ കാണേണ്ടത് തന്നെയാണ്.. ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    3.5/5
    Star Cast: Jayasurya, Jewel Mary, Jins Baskar
    Director: Ranjith Sankar

    പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ഡ്രീംസ് ആന്‍ഡ് ബിയോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജുവല്‍ മേരി, അജു വര്‍ഗീസ്, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

     ഞാൻ മേരിക്കുട്ടി

    ഞാൻ മേരിക്കുട്ടി

    കോഴിക്കോട്ടെ മുക്കത്തുള്ള അന്നാസ് തിയേറ്ററിൽ നിന്നാണ് ജയസൂര്യ-രഞ്ജിത് ശങ്കർ കമ്പനിയുടെ "ഞാൻ മേരിക്കുട്ടി' കണ്ടത്. ആളു കുറവായിരുന്നു. തൊട്ടടുത്തുള്ള അഭിലാഷ് സ്ക്രീനിൽ ആണെങ്കിൽ സല്ലുഭായിയുടെ റെയ്സ്-3യ്ക്ക് നല്ല തിരക്കും. പക്ഷെ, ഇന്റർവെലിന് തൊട്ടുമുന്നിലെ സീറ്റിലിരുന്ന മൂന്നാലു ചെറുപ്പക്കാരുടെ സീരിയസായ ചർച്ച കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അവർ, തൊട്ടയൽനാടായ താമരശ്ശേരിയിലെ അഞ്ജലി അമീറിന്റെ ജീവിതവുമായി സ്ക്രീനിലെ മേരിക്കുട്ടിയെ ചേർത്തു വായിക്കുകയായിരുന്നു. അമീറായി ജനിച്ച് സ്ത്രൈണതയോടൂള്ള ആഭിമുഖ്യം കാരണം നാടുവിട്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അഞ്ജലി ആയി മാറി മമ്മുട്ടിയോടൊപ്പം തമിഴ് സിനിമയിൽ നായികയായി അഭിനയിക്കുകയും ഗൃഹലക്ഷ്മിയുടെ കവർസ്റ്റോറിയായി വരികയുമൊക്കെ ചെയ്ത് ശ്രദ്ധേയയായി മാറിയിരുന്നു. ചർച്ചക്കൊടുവിൽ ഒരുത്തൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു, ഇത് അമീറിന്റെ ജീവിതം തന്നെയാണ്.

    ചാന്തുപൊട്ടിൽ നിന്നുള്ള വളർച്ച..

    ചാന്തുപൊട്ടിൽ നിന്നുള്ള വളർച്ച..

    2005ൽ രാധ എന്ന രാധാകൃഷ്ണന്റെ കഥപറയുമ്പോൾ ചാന്തുപൊട്ട് എന്ന സിനിമയിലൂടെ ട്രാൻസ്ജെന്റേഴ്സ്, ട്രാൻസ് സെക്ഷ്വൽസ് തുടങ്ങി പല വകഭേദങ്ങളിൽ പെട്ട ഭിന്നലൈംഗിക ന്യൂനപക്ഷങ്ങൾക്കെല്ലാം വളർത്തു ദോഷമാണെന്നും നല്ല അടികൊണ്ടാൽ മാറാവുന്ന കഴപ്പാണെന്നും സംവിധായകനായ ലാൽജോസും എഴുത്തുകാരനായ ബെന്നി പി നായരമ്പലവും അടിവരയിട്ട് മലയാളിക്ക് മുൻപിൽ അവതരിപ്പിച്ചു എങ്കിൽ 13കൊല്ലം കഴിയുമ്പോൾ ട്രാൻസ്ജെൻഡർ വിഷയം കൈകാര്യം ചെയ്യുന്ന മലയാള സിനിമയ്ക്കു മാത്രമല്ല കണ്ടിരിക്കുന്ന പ്രേക്ഷകനും കാര്യമായ പുരോഗതി വന്നിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യം തന്നെയല്ലേ.. അതുകൊണ്ടു തന്നെയാണ്, രഞ്ജിത്ത് ശങ്കറിന്റെ "ഞാൻ മേരിക്കുട്ടി' ഒരു മഹത്തായ സൃഷ്ടിയല്ലെങ്കിലും മലയാളികൾ കണ്ടിരിക്കേണ്ട ഒരു സിനിമയാവുന്നത്. കാരണം, ലൈംഗിക ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറരുത് എന്നതിന്റെ പ്രാഥമിക പാഠങ്ങൾ മനസിലാക്കിക്കൊടുക്കുന്ന ഒരു ബോധവൽകരണ സഹായി ആയി വർത്തിക്കാൻ ഈ സിനിമയ്ക്ക് കഴിയും എന്നതുറപ്പാണ്..

    സ്വത്വം സ്ഥാപിച്ചുകിട്ടാൻ..

    സ്വത്വം സ്ഥാപിച്ചുകിട്ടാൻ..

    ലോകത്തിലുള്ള അല്ലെങ്കിൽ കേരളത്തിലുള്ള ട്രാൻസ്ജെന്റേഴ്സിനേയുമല്ല (അവരുടെ പ്രശ്നങ്ങളേയുമല്ല) ഞാൻ മേരിക്കുട്ടി പ്രതിനിധാനം ചെയ്യുന്നത്.. മാത്തുക്കുട്ടിയായി ജനിച്ചു വളർന്ന് ഇരുപത്തേഴാം വയസിൽ മേരിക്കുട്ടിയായി സെക്സ് ചെയ്ഞ്ച് ചെയ്യുന്ന ആ ഒരു വ്യക്തിയെ മാത്രമാണ്. കാരണം അത്രയും കാലം അയാളുടെ സെക്സ് മെയിൽ ആയിരുന്നുവെങ്കിലും ജെന്റർ ഫീമെയിൽ തന്നെയായിരുന്നു. ലിംഗമാറ്റത്തിന് ശേഷം മേരിക്കുട്ടി എന്ന നിലയിലുള്ള തന്റെ സ്വത്വം അംഗീകരിച്ചു കിട്ടാനായി തീർത്തും നെഗറ്റീവ് ആയ ഈയൊരു സമൂഹത്തിൽ അവൾ നടത്തുന്ന അതിജീവന സമരമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്..

    മിനിമൽ അപ്രോച്ച്

    മിനിമൽ അപ്രോച്ച്

    ട്രാൻസ്ജെൻഡർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മലയാള സിനിമ ഒരനുഷ്ഠാനം പോലെ കൂടെ നൽകുന്ന പ്രകടനാത്മകമായ സ്ത്രൈണ ചലനങ്ങൾ മേരിക്കുട്ടിയിൽ ഒട്ടും തന്നെയില്ല. മേരിക്കുട്ടി എന്ന വ്യക്തി മേരിക്കുട്ടി മാത്രമാണ്. മുൻപ് ഇതിന് സമാനമായ ഒരു ക്ലാസ് കണ്ടത് ആളൊരുക്കത്തിൽ ശ്രീകാന്ത് അവതരിപ്പിച്ച ക്യാരക്റ്ററിലാണ്. അതെക്കുറിച്ച് സംസാരിച്ചപ്പോൾ ആ സിനിമയുടെ സംവിധായകൻ വിസി അഭിലാഷ് പറഞ്ഞത്, ശ്രീകാന്തിനോട് ഒരിക്കലും ട്രാൻസ് ആയ ആളുകളെ ഇമിറ്റേറ്റ് ചെയ്യാനല്ല ആവശ്യപ്പെട്ടത് മറിച്ച് അയാളുടെ വീട്ടിലെ സ്ത്രീകളുടെ ചലനങ്ങൾ ഒബ്സർവ് ചെയ്ത് പഠിക്കാനാണ് പറഞ്ഞത് എന്നാണ്. മേരിക്കുട്ടിയിൽ അത്രപോലും സ്ത്രൈണത കൊണ്ടു വരാൻ ജയസൂര്യയും രഞ്ജിത് ശങ്കറും ശ്രമിക്കുന്നില്ല. മേരിക്കുട്ടിയുടെ ചലനങ്ങൾ മേരിക്കുട്ടിയുടെത് മാത്രമാണ് എന്നതു തന്നെയാവും കാരണം.

    ജയസൂര്യ.

    ജയസൂര്യ.

    ആട് 2 വിന്റെ മാസ് പ്രകടനത്തിലൂടെ ബോക്സോഫീസ് കുത്തിമറിക്കുകയും ക്യാപ്റ്റൻ വിപി സത്യനായുള്ള ക്ലാസ് പെർഫോമൻസിലൂടെ മലയാളികളെ അമ്പരപ്പിക്കുകയും ചെയ്ത ശേഷമുള്ള ജയസൂര്യയുടെ ഈ മേരിക്കുട്ടി വരവിനെ അതിഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. ക്യാരക്റ്ററിന്റെ പ്രസക്തിയെ ന്യായീകരിക്കുന്ന അഭിനയം കാഴ്ചവെച്ചു എന്നൊക്കെ പറയാം. വിപി സത്യനായുള്ള പകർന്നാട്ടത്തിൽ ജയസൂര്യ എന്ന നടനെ/താരത്തെ ഒട്ടും കണ്ടെത്താൻ കഴിയില്ലായിരുന്നുവെങ്കിൽ മേരിക്കുട്ടിയിൽ പലയിടത്തും ജയസൂര്യ മുഴച്ചു നിൽക്കുന്നുണ്ട്.. എന്നാലും ഇങ്ങനെ ഒരു കഥാപാത്രത്തിനായി ശരിക്കും അധ്വാനിച്ചുമെനക്കെട്ട ജയസൂര്യയെ അഭിനന്ദിക്കാതിരിക്കാൻ നിർവാഹവുമില്ല.

    സുരാജ് ഇന്നസെന്റ്

    സുരാജ് ഇന്നസെന്റ്

    ഇതിനു മുൻപ് ഭിന്നലൈംഗിക വിഷയം ഭേദപ്പെട്ട രീതിയിൽ മലയാളത്തിൽ അവതരിപ്പിച്ച "ഓടും രാജ ആടും റാണി" എന്ന സിനിമയിലെ ട്രാൻസ്ജെൻഡർ ക്യാരക്റ്ററിനെ ഗംഭീരമാക്കിയ മണികണ്ഠൻ പട്ടാമ്പി ഇവിടെ മേരിക്കുട്ടിയോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന ഒരു എഎസ്ഐ റോളിൽ മുഴുനീളമുണ്ട് എന്നതൊരു കൗതുകമാണ്.. നിയന്ത്രിതാഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ജോജുവാണ് കശ്മലതയുടെ മേലുദ്യോഗസ്ഥനായ എസ്ഐ കുഞ്ഞിപ്പാലു. ജൂവൽ മേരി, ഇന്നസെന്റ്, അജുവർഗീസ് , ശിവജി ഗുരുവായൂർ, സിദ്ധാർത്ഥ് ശിവ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ ഉണ്ട്. ഒരുകാലത്ത് കൂതറ/പരട്ട റോളുകളെ അനശ്വരമാക്കിയിരുന്ന സുരാജ് ആവട്ടെ ഇടുക്കി ജില്ലാകളക്റ്ററുടെ പ്രൗഢഗാംഭീര്യവുമായിട്ടാണ് വിലസുന്നത്..

    ഒരിക്കൽ കൂടി..

    ഒരിക്കൽ കൂടി..

    കൈകാര്യം ചെയ്യുന്ന വിഷയം പബ്ലിക്കിന്റെ കണ്ണുതുറപ്പിക്കുന്ന ഒന്നാണ് എന്നതു മാത്രമാണ് മേരിക്കുട്ടിയുടെ പ്രസക്തി. അതിലപ്പുറം ഇതൊരു ആവറേജ് സ്ക്രിപ്റ്റും ആവറേജ് സിനിമയുമാണ്.‌ ആദ്യഭാഗങ്ങളൊക്കെ ശരിയ്ക്ക് ബോറടിച്ചു. പെണ്ണുകാണൽ സീൻ, പൂവാലന്മാരുടെ ഇൻസൾട്ടിംഗ്, പോലീസുകാരുടെ അതിക്രമം ഒക്കെ സെന്റിമെന്റ്സ് വർക്കൗട്ട് ചെയ്യിക്കാനായുള്ള സബ്സ്റ്റാൻഡേർഡ് ഐറ്റങ്ങളായി തോന്നി. ട്രാൻസ്ജെൻടേഴ്സിനോട് മലയാളി സമൂഹത്തിന്റെ ഒരു സമീപനം ഇങ്ങനെ തന്നെയാണല്ലോ എന്നോർത്തു സമാധാനിച്ചു. പക്ഷെ, രണ്ടാം പകുതിയും ക്ലൈമാക്സും ഒക്കെ ഫീൽ ഗുഡ് ലെവലിലേക്ക് നന്നായി ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇറങ്ങിപ്പോരുമ്പോൾ കാശും സമയവും പോയെന്നൊരു തോന്നലിന് സാധ്യത കുറവാണ്.

    ചുരുക്കം: കൈകാര്യം ചെയ്യുന്ന വിഷയം പ്രേക്ഷകന്റെ കണ്ണുതുറപ്പിക്കുന്ന ഒന്നാണ് എന്നതു മാത്രമാണ് മേരിക്കുട്ടിയുടെ പ്രസക്തി. അതിലപ്പുറം ഇതൊരു ശരാശരി അനുഭവമാണ്.

    English summary
    Jayasurya's Njan Marykutty movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X