വീണ്ടും ഒരു 'ഗോഡ്ഫാദർ' കൂടി, സിംഹരാജാവായി ലാൽ, മാൻപേടയായി അനന്യയും — ശൈലന്റെ റിവ്യൂ
ശൈലൻ
ലോകസിനിമ മൊത്തത്തിൽ എടുത്താലും ഏറ്റവും ഗാംഭീര്യമുള്ള ഒരു ബ്രാൻഡ് നെയിമാണ് ഗോഡ്ഫാദർ. ആ പേരിൽ ഒരു തമിഴ് സിനിമ പ്രദർശനത്തിനെത്തുമ്പോൾ സ്വാഭാവികമായും ഒരു കൗതുകമുണ്ടാവും. ഇംഗ്ലീഷ് നാമധേയങ്ങളുള്ള തമിഴ് സിനിമകൾക്ക് തമിഴ്‌നാട്ടിൽ എന്തൊക്കെയോ നികുതി പ്രശ്നങ്ങൾ ഉള്ളതിന്റെ പേരിൽ വമ്പൻ ബാനറുകളും താരങ്ങളും വരെ ഇത്തരം പേരുകൾ മനഃപൂർവം ഒഴിവാക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഫസ്റ്റ് ക്ലാപ്പ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ പൂക്കട ജി സേട്ട് നിർമിച്ചിരിക്കുന്ന ഗോഡ്ഫാദർ സംവിധാനം ചെയ്തിരിക്കുന്നത് ജഗൻ രാജശേഖർ ആണ്. നടരാജ് സുബ്രഹ്മണ്യം (നട്ടി), ലാൽ , അനന്യ എന്നിവരാണ് മുഖ്യതാരങ്ങൾ. സംഗീതം നവീൻ രവീന്ദ്രൻ. വമ്പൻ പേരുകൾ ഒരു മേഖലയിലുമില്ലെന്ന് സാരം.

സർവൈവൽ ത്രില്ലർ എന്നൊക്കെ വിശാലാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന തമിഴ് ഗോഡ്ഫാദർ തുടങ്ങുന്നത് വേട്ടയാടുന്ന ഒരു സിംഹവും രക്ഷപെടാൻ കുതിച്ചുപായുന്ന ഒരു മാനും അടങ്ങിയ അനിമേഷൻ ഫിലിമിലൂടെയാണ്. പടത്തിന്റെ സംഗ്രഹമായി ഇതിനെ വായിച്ചെടുക്കാം. ഒരു ഇടത്തരം അപ്പാർട്ട്മെന്റിൽ ഭാര്യയും കുഞ്ഞുമകനുമൊപ്പം താമസിക്കുന്ന സാധാരണക്കാരനാണ് ആദിയമാൻ (നട്ടി). പേരിൽ തന്നെ മാൻ ഉള്ള അയാൾക്ക് ചുറ്റുപാടും നടക്കുന്ന പല അനീതികൾക്കും നേരെ കണ്ണടയ്ക്കാൻ മാത്രമേ കെല്പുള്ളൂ.

മാന്റെ ഭാര്യയായി വരുന്നത് അനന്യയാണ്. മകനായി വരുന്നതാകട്ടെ സൂപ്പർ ഡീലക്സിൽ സേതുപതിയുടെ മകനായി എത്തിയ ക്യൂട്ട് ചുള്ളൻ അശ്വന്തും. ഈ ഭാഗത്തു എടുത്തു പറയേണ്ട രണ്ട് സംഗതികളും ഇതുതന്നെ. ആദിയമാൻ താമസിക്കുന്ന നഗരത്തിന്റെ അധോലോകങ്ങളിൽ മദിച്ചു വാഴുന്ന സിങ്കമാണ് മരുത് (നമ്മുടെ ലാൽ). തകർപ്പൻ ഇൻട്രോ സോംഗോക്കെ ഇട്ട് ഹെവി അപ്പീലിൽ രാജകീയമായാണ് മരുതിനെ അവതരിപ്പിക്കുന്നത്. വയലൻസാണ് പുള്ളിയുടെ മാതൃഭാഷ.

ആകെ മൊത്തം ടെററായി നടക്കുന്ന മരുതും സാധാരണക്കാരനായ ആദ്യമാനും ഒരു പ്രത്യേകഘട്ടത്തിൽ സിനിമയിൽ കണ്ടുമുട്ടുന്നു. സാധാരണ ഇത്തരം പടങ്ങളിൽ കണ്ടുമുട്ടാൻ സാധ്യതയുള്ള കാരണങ്ങൾ കൊണ്ടൊന്നുമല്ല രണ്ടുപേരും കണ്ടുമുട്ടുന്നത് — നോട്ട് ദി പോയിന്റ്. ഒരേ പ്രായത്തിലുള്ള രണ്ടുപേരുടെയും മക്കളാണ് ഇതിന് സാഹചര്യം ഒരുക്കുന്നത്. കുട്ടിയെ വച്ചുള്ള ഊത്ത സെന്റിമെന്റ്സാണ് പകുതിയിലേറെ നേരം പടത്തെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഗോഡ്ഫാദർ ഒരു അളിഞ്ഞ പടമായാണ് അനുഭവപ്പെടുന്നതും.

തിരക്കഥ ദുർബലമാണ്. അതിനാൽ കുട്ടി സെന്റിമെന്റ്സ് തലയ്ക്ക് മുകളിലൂടെ പോകുന്നു. ടെൻഷനടിച്ച് കളഞ്ഞേക്കാമെന്ന് കരുതി നിർബന്ധബുദ്ധിയോടെ ഇരുന്നാൽ പോലും രക്ഷയില്ല. നട്ടിയുടെ പെർഫോമൻസ് ആണെങ്കിൽ ദയനീയം. സംഹാരതാണ്ഡവമാടി തിമിർക്കുന്ന ലാലിന് മുന്നിൽ നട്ടി വെറും അദൃശ്യശൂന്യൻ ആയിപ്പോവുന്നു.
അനന്യയും അശ്വന്തും കൊള്ളാം. തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജ് ഡിജിലോക്ക് എന്നപോലൊരു പരിപാടിയായി ഇപ്പടത്തിന് ഗോഡ്ഫാദർ എന്ന പേര്. മാരിയോ പുസോയുടെയോ ഒറിജിനൽ ഗോഡ്ഫാദറിന്റെയോ ആരാധകർ വല്ലവരും സംവിധായകനെ മുന്നിൽ കണ്ടാൽ തലയടിച്ചു പൊട്ടിക്കുകയോ മറ്റോ ചെയ്താൽ തെറ്റ് പറയാനാവില്ല.


Click it and Unblock the Notifications











