For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പദ്മാവതിയെപ്പോലെ ജോധാഭായി വന്നപ്പോഴുണ്ടായ വിവാദങ്ങൾ !!!

  |

  കുറച്ച് ചരിത്രവും അതിലേറെ ഭാവനയും ചേർത്ത സൃഷ്ടിയാണ് 2008 ഫെബ്രുവരി 15-ന് തിരശീലയിലെത്തിയ 'ജോധാ അക്ബർ’. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയെടുത്ത ചിത്രം ചില ചരിത്ര വസ്തുതകളെ സംബന്ധിച്ച് അഭിപ്രായ തർക്കങ്ങൾക്കും, വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

  ചരിത്രത്തേക്കാളും ഭാവനയ്ക്ക് മുൻതൂക്കമുള്ള ചിത്രം പ്രേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ്മയമായി മാറുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നുകൂടി ചിത്രത്തെ അടുത്തറിയാം…

  ലഗാൻ സംവിധായകന്റെ ചിത്രം:

  ലഗാൻ സംവിധായകന്റെ ചിത്രം:

  കഥയേക്കാളും സംവിധാനമികവാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ച ഘടകം.

  ലഗാൻ, സ്വദേശ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ അഷുതോഷ് ഗൊവാരിക്കറാണ് ജോധാ അക്ബർ സംവിധാനം ചെയ്തത്.

  ഹൈദർ അലിയുടെ കഥയ്ക്ക് ഹൈദർ അലിക്കൊപ്പം അഷുതോഷുകൂടിയാണ് തിരക്കഥ തയ്യാറാക്കിയത്.സംഭാഷണം കെ.പി. സക്സേനയുടേതാണ്. റോണി സ്ക്രുവാലയും, അഷുതോഷ് ഗൊവാരിക്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

  ഹൃത്വിക്ക് - ഐശ്വര്യ ജോഡി

  ഹൃത്വിക്ക് - ഐശ്വര്യ ജോഡി

  ധൂം-2 എന്ന ചിത്രത്തിനു ശേഷം ഹൃത്വിക്ക് റോഷനും , ഐശ്വര്യ റായിയും ഒരുമിച്ചഭിനയിച്ച ശ്രദ്ധേയ ചിത്രമാണ് ജോധാ അക്ബർ. സോനു സൂദ്, കുൽഭൂഷൻ കർബന്ധ, ഇള അരുൺ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

  കഥാ സംഗ്രഹം:

  കഥാ സംഗ്രഹം:

  ഹുമയൂണിന്റെ മരണത്തിന് ശേഷം പതിമൂന്നുകാരനായ ജലാലുദ്ദീന്‍ മുഹമ്മദ് ചക്രവര്‍ത്തിയായി അധികാരമേറ്റ കാലഘട്ടത്തില്‍ നിന്നാണ് സിനിമയാരംഭിക്കുന്നത്. മുന്‍‌കാലമുഗള്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് വേറിട്ട കാഴ്ചപ്പാടാണ് ശത്രുക്കളോടും പ്രജകളോടും അദ്ദേഹത്തിനുള്ളത്. അതെ പോലെ രജപുത്രരാജാവായ ബാര്‍മലിന്റെ (കുല്‍ബുഷന്‍ കര്‍ബന്ധ) മകള്‍ ജോധാ ഭായിയുടെ ബാല്യവും, സഹോദരതുല്യനായ സുജാമലുമായുള്ള കായിക-ആയോധനാഭ്യാസങ്ങൾ എന്നിവയും ആദ്യം തന്നെ ചിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട്.

  കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്കെത്തിയപ്പോഴേക്കും ജലാലുദ്ദീന്‍ മുഹമ്മദ് (ഹൃത്വിക്ക് റോഷന്‍) രാഷ്ട്രീയപരമായി പതിന്മടങ്ങ് ശക്തനായി കഴിഞ്ഞിരുന്നു. മുഗളന്മാര്‍ക്ക് കപ്പം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം രജപുത്രരാജാക്കന്മാര്‍ക്കിടയില്‍ അതൃപ്തിയും എതിര്‍പ്പുമുളവാക്കി. രാജ്യഭരണത്തില്‍ പ്രമുഖസ്ഥാനമാനങ്ങള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സുജാമല്‍ (സോനു സൂദ്) മറ്റു രജപുത്രരുമായി കൂട്ടു ചേര്‍ന്ന് തനിക്കെതിരെ ആക്രമണത്തിനൊരുങ്ങുന്നതറിഞ്ഞ ബാര്‍മല്‍ രാജ മുഗളന്മാരുമായി ബന്ധം ആഗ്രഹിക്കുന്നു, തന്റെ മകളെ വിവാഹം കഴിക്കണമെന്ന് ജലാലുദ്ദീനോടാവശ്യപ്പെടുന്നു. രാഷ്ട്രീയപരമായി ഈ നീക്കം തങ്ങള്‍ക്ക് ഗുണപരമാകുമെന്ന് മനസ്സിലാക്കിയ ജലാലുദ്ദീന്‍ വിവാഹത്തിന് സമ്മതിക്കുന്നു. ജോധ (ഐശ്വര്യ റായ് ബച്ചന്‍) ഈ വിവാഹത്തോട് ആദ്യം എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വേറെ നിവൃത്തിയില്ലെന്നു വരുമ്പോൾ അവള്‍ ജലാലുദ്ദീനു മുന്നില്‍ ചില നിബന്ധനകള്‍ വെയ്ക്കുന്നു. അവയെല്ലാം സമ്മതിച്ച് കൊണ്ട് ജോധയെ രാജ്ഞിയായി മുഗള്‍കൊട്ടാരത്തിലെത്തിക്കുന്ന ജലാലുദ്ദീന് തുടർന്ന് ഒട്ടേറെ പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. നിരവധി പ്രശ്നങ്ങൾക്കിടയിലും അവര്‍ക്കിടയില്‍ പ്രണയം മൊട്ടിടുന്നു. ജോധയോട് ആദ്യം പ്രണയം തോന്നുന്നത് ജലാലുദ്ദീനാണ്. ജോധയ്ക്ക് ജലാലുദ്ദീനോട് ആദരവുണ്ടെങ്കിലും അത് പ്രണയത്തിലേക്കെത്താൻ സമയമെടുക്കുന്നു.

  ജലാലുദ്ദീനെ വളർത്തിയ പരിചാരികയും, ജലാലുദ്ദീന് ഏറെ ബഹുമാനമുണ്ടായിരുന്ന മഹം അങ്ക എന്ന സ്ത്രീയുടെ കുതന്ത്രത്തിലൂടെ ജോധയെ ജലാലുദ്ദീൻ സംശയിക്കാനിടവരികയും സ്വന്തം കൊട്ടാരത്തിലേക്ക് തിരികെയയ്ക്കുകയും ചെയ്തുവെങ്കിലും പിന്നീട് തെറ്റ് മനസിലാക്കിയപ്പോൾ ആമെർ(ഇന്നത്തെ ജയ്പൂർ) രാജ്യത്തെത്തി ജോധയെ തിരികെ വിളിയ്ക്കുന്നു.പക്ഷെ അപ്പോൾ ജോധ ജലാലുദ്ദീനൊപ്പം പോകാൻ തയ്യാറാകുന്നില്ല.

  ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിച്ച് കൂടുതൽ ജനകീയനായി മാറുന്നതിലൂടെ ജലാലുദ്ദീന്‍, അക്ബർ എന്ന നാമത്തിൽ അറിയപ്പെടുന്നു. പ്രജകളുടെ ഇഷ്ടം നേടിയെടുത്തതിനൊപ്പം ജോധയുടെ ഹൃദയവും സ്വന്തമാക്കാൻ അക്ബറിന് അങ്ങനെ കഴിയുന്നു. ജോധ അക്ബറിനരുകിലേക്ക്‌ തിരികെയെത്തിയ ശേഷം സിനിമ പ്രതിപാദിക്കുന്നത് അക്ബറിന്റെ അർധ സഹോദരിയുടെ ഭർത്താവായ ഷരിഫുദ്ദീൻ

  സുജാമലിനെ കൂട്ടുപിടിച്ച് അക്ബറിന്റെ സാമ്രാജ്യത്തെ അക്രമിക്കുന്നതും ,അക്ബർ അതിനെ നേരിടുന്നതുമായ കാര്യങ്ങളാണ്.
  യുദ്ധത്തിനു മുമ്പ് തന്നെ താൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ സുജാമൽ ജോധയ്ക്കരുകിലേക്ക് പുറപ്പെടുന്നു. ഷരിഫുദ്ദീനിന്റെ പടയാളികളാൽ അക്രമിക്കപ്പെടുന്ന സുജാമൽ മരിക്കുന്നതിനു മുമ്പ് ജോധയോട് മാപ്പു ചോദിക്കുകയും അക്ബറിനോട് തന്റെ സ്നേഹം വ്യക്തമാക്കുകയും ചെയ്തു.തുടർന്ന് ഇരു വിഭാഗങ്ങളിലേയും സൈന്യത്തെ സാക്ഷികളായി നിർത്തി അക്ബറും ഷരിഫുദ്ദീനും നേർക്കുനേർ ഏറ്റുമുട്ടുകയും ,അക്ബർ വിജയിക്കുകയും ചെയ്യുന്നു.

  സിനിമയുടെ മറ്റ് ആകർഷണങ്ങൾ:

  സിനിമയുടെ മറ്റ് ആകർഷണങ്ങൾ:

  നമുക്കഭിമാനിക്കാവുന്ന ഒരു സുവര്‍ണ്ണ കാലഘട്ടത്തെ അവതരിപ്പിക്കാൻ വിശ്വപ്രസിദ്ധമായ മുഗള്‍ വാസ്തുശില്പകലയുടെ മുഴുവന്‍ ഭംഗിയും ആവാഹിച്ചാണ്‌ ജോധാ അക്ബറിനു വേണ്ടി സെറ്റുകളും കോസ്റ്റ്യൂം ഡിസൈനുകളും തയ്യാറാക്കിയിട്ടുള്ളത്.

  എ.ആർ.റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ സ്പന്ദനമായി പ്രേക്ഷകരിലേക്കെത്തുന്നതിൽ വിജയിച്ചിരുന്നു.

  ദൃശ്യമികവിൽ പകർത്തിയ ചരിത്രകഥ

  ദൃശ്യമികവിൽ പകർത്തിയ ചരിത്രകഥ

  ഇന്ത്യയുടെ പാരമ്പര്യത്തിന്റെ പ്രൗഡി ഒട്ടും കുറയാതെ തന്നെ സിനിമയെ ദൃശ്യവൽക്കരിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. കിരൺ ഡ്യൂഹൻസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ,

  ചിത്രത്തിലെ ഏറിയ പങ്കും ചിത്രീകരിച്ചത് മഹാരാഷ്ട്രയിലെ കർജതിലെ എൻ.ഡി.സ്റ്റുഡിയോസിലാണ്. ആമെർ - ആഗ്ര കോട്ടകളുടെ ഉൾവശത്തിന്റെ വളരെ വലിയ സെറ്റിട്ടാണ് അവിടെ ചിത്രീകരണം നടത്തിയത്.

  അതു കൂടാതെ അജ്മേർ ഷരീഫ് ദർഗ്ഗ, രൂപൻഗഡ് കോട്ട, സംഭാർ തടാകനഗരം, ആമ്പെർ - ആമെർ-ആഗ്ര തുടങ്ങിയ കോട്ടകൾ എന്നിവിടങ്ങളിലും ചിത്രീകരണം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മുഗളരുടേയും, രജപുത്രരുടേയും നിർമ്മാണ ഭംഗി നന്നായി തന്നെ ചിത്രത്തിലൂടെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിയും.

  ചില ഗാനങ്ങളും, രംഗങ്ങളും ഒഴിവാക്കിയതിനു ശേഷവും മൂന്നര മണിക്കൂറിനടുത്താണ് ചിത്രത്തിന്റെ ദൈർഘ്യമുള്ളത്. ചിത്രം ആവശ്യപ്പെടുന്ന ദൈർഘ്യം തന്നെയാണത്.

  പദ്മാവത് പോലെ വിവാദത്തിലായ ബിഗ് ബജറ്റ് ചിത്രം;

  പദ്മാവത് പോലെ വിവാദത്തിലായ ബിഗ് ബജറ്റ് ചിത്രം;

  അഷുതോഷ്‌ ഗൊവാരികറിന്റെ ഇതിഹാസ ചിത്രം ജോധാ അക്‌ബറിന്‌ രജപുത്ര സമൂഹത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. 2008 ഫെബ്രുവരി 15 റീലിസ്‌ ചെയ്യുമെന്ന് പ്രഖ്യാപിച്ച ശേഷം ചിത്രം ബഹിഷ്‌ക്കരിക്കാന്‍ രജപുത്ര സംഘടനകള്‍ തീരുമാനിച്ചിരുന്നതാണ്.ചിത്രത്തിനു വേണ്ടി ഗൊവാരിക്കർ ചരിത്ര വസ്‌തുതകളെ വളച്ചൊടിച്ചുവെന്നായിരുന്നു രജപുത്ര സമൂഹത്തിന്റെ ആരോപണം.

  ഐശ്വര്യറായി അവതരിപ്പിച്ച ജോധാഭായിയെ മുഗള്‍ ചക്രവർത്തി അക്‌ബറിന്റെ പത്‌നിയായി ചിത്രീകരിച്ചതിനോട് യോജിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.ജയ്‌പൂരിലെ രാജ ബാര്‍മലിന്റെ പുത്രിയായാണ്‌ ജോധാഭായിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ജോധാഭായ്‌ മേവാറിലെ ഉദയ്‌സിംഗിന്റെ പുത്രിയാണ്‌. മാത്രമല്ല, ജോധാഭായ്‌ വിവാഹം ചെയ്തത് അക്‌ബറിന്റെ മകനായ സലിം എന്ന ജഹാംഗീറിനെയാണ്‌. ഇവരുടെ മകനാണ് മുഗള്‍ ചക്രവർത്തിയായിരുന്ന ഷാജഹാന്‍. ചിത്രത്തില്‍ അക്‌ബറിനെയാണ്‌ ജോധാഭായ്‌ വിവാഹം ചെയ്യുന്നത്‌.

  ഇത്തരത്തിൽചരിത്ര വസ്‌തുതകളെ വളച്ചൊടിയ്‌ക്കുന്ന ചിത്രം രജപുത്ര സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്നായിരുന്നു വാദം.അഷുതോഷ്‌ ഗൊവാരിക്കര്‍ സ്വന്തമായി ചരിത്രം സൃഷ്ടിക്കുകയാണെന്ന്‌ രജപുത്രരുടെ സംഘടനയായ രാജ്പുത്‌ കര്‍ണി സേനയും ആരോപിച്ചിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയാൻ ഒരു സമൂഹം മുഴുവൻ പ്രയത്നിച്ചെങ്കിലും പ്രഖ്യാപിച്ച ദിവസം തന്നെ ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നു.

  തന്റെ ചിത്രത്തിനു വേണ്ടി സംവിധായകന്‍ ഗൊവാരികര്‍ ഒട്ടേറെ മുഗള്‍ ചരിത്രകാരന്മാരുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ചിത്രമൊരുക്കിയത്. തന്റെ ചിത്രത്തിൽ ചരിത്രത്തേക്കാൾ ഏറെ ഭാവനയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

  കൂടുതൽ വിശദമായി ചരിത്രത്തിലേക്ക് കടക്കാതെ സിനിമയെ കലയായി തന്നെ കണ്ടാൽ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രം തന്നെയാണ് ജോധാ അക്ബർ.അതുല്യമായ പ്രൌഡിയുള്ള ഒരു ചരിത്രം ഇന്ത്യയ്ക്കുണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ സിനിമയാണ് ജോധാ അക്ബർ, ഇന്ത്യയെപ്പോലെ സാംസ്കാരിക വൈവിധ്യമുള്ള ഒരു രാജ്യത്തിനു മാത്രം പറയാനാവുന്ന ഒരു മതസൗഹാര്‍ദ്ദത്തിന്റെയും കഥ പറഞ്ഞ ചിത്രം.

  English summary
  Jodha Akbar bollywood movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X