കപടവേഷധാരിയുമായി താരപുത്രന്റെ തേരോട്ടം- ശൈലന്റെ റിവ്യൂ
ശൈലൻ
ശക്തി. ട്രാഫിക് എസ് ഐ. ചെസ് കളിയും ക്രൈം സീരീസുകൾ കാണലുമാണ് ഹോബി. അയാളുടെ ഭാഷയിൽ പറഞ്ഞാൽ പഴയ ദൂരദർശൻ ചാനൽ പോലെ വിരസമായ, സ്ഥിരം ഒരേ ലൈസൻസ് നോട്ടവും ഹെൽമറ്റ് വേട്ടയുമായി പോവുന്ന ദൈനംദിന ഔദ്യോഗിക ജീവിതം അയാൾക്ക് നന്നായി ബോറടിക്കുന്നുണ്ട് . ക്രൈം ഡിപ്പാർട്ടുമെന്റിലേക്ക് കടന്ന് ഇൻവെസ്റ്റിഗേഷമുകളിൽ പങ്കാളി ആവാനാണ് അയാൾക്ക് താല്പര്യം. പക്ഷേ, ഉന്നതോദ്യോഗസ്ഥർ അടുപ്പിക്കുന്നില്ല..

ഒരുനാൾ റോഡിൽ ജോലി ചെയ്തു കൊണ്ടിരിക്കെ, തൊട്ടടുത്ത് മെട്രോ നിർമ്മാണത്തിനായി ബീം സ്ഥാപിക്കാനെടുത്ത കുഴിയിൽ നാല്പത് വർഷത്തിലധികം പഴക്കമുള്ള മൂന്ന് അസ്ഥികൂടങ്ങൾ കണ്ടെടുത്തതായി അയാളുടെ ശ്രദ്ധയിൽ പെടുന്നു. കൂടുതൽ അന്വേഷണമൊന്നും കൂടാതെ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഫയൽ മടക്കിയ ആ സംഭവത്തിന്റെ പിറകെ, കുറ്റാന്വേഷണകുതുകി ആയ ശക്തി എന്ന ട്രാഫിക് എസ് ഐ വിടാതെ കൂടുന്നതും 1977ൽ നടന്ന കൊലപാതകത്തിന് ആസ്പദമായ സംഭവങ്ങളുടെ ചുരുൾ അഴിക്കുന്നതുമാണ് പ്രദീപ് കൃഷ്ണമൂർത്തി സംവിധാനം ചെയ്ത് സിബിരാജ് നായകനാവുന്ന കപടധാരി/kabadadaari എന്ന തമിഴ് സിനിമ.

വളരെ ടൈറ്റ് പാക്ക്ഡ് ആയിട്ടുള്ള തിരക്കഥയും അതിനൊത്ത മേയ്ക്കിംഗും കാരണം ആവേശത്തോടെ കണ്ടിരിക്കാവുന്ന ഒരു ദൃശ്യാനുഭവം ആണ് കപടധാരി. തുടക്ക നിമിഷം മുതൽ സിനിമയിൽ ഉടനീളം പ്രേക്ഷകനെ എൻഗേജ്ഡ് ആയി നിലനിർത്തുന്നതിൽ സംവിധായകൻ നൂറു ശതമാനം വിജയിക്കുന്നു. അവസാനത്തെ ഫ്രയിമിൽ വരെയുണ്ട് ത്രില്ലടിപ്പിക്കുന്ന തരം സർപ്രൈസ് എലമെന്റുകൾ.

സത്യരാജിന്റെ മകൻ സിബി സത്യരാജ് എന്ന സിബിരാജിന് കിട്ടിയ മികച്ച ഒരു വേഷമാണ് ട്രാഫിക് എസ് ഐ ശക്തിയുടേത്. സിബിരാജ് അത് അധികം ഓവറാക്കാതെ തന്നെക്കൊണ്ട് കഴിയും വിധത്തിൽ നന്നാക്കിയിരുന്നു. 37 വയസാണ് ഇപ്പോൾ സിബി രാജിന്. ഈ പ്രായത്തിൽ സിബിയുടെ ലുക്കും ഗ്ലാമറും ഒന്നും സത്യരാജിന് ഇല്ലായിരുന്നു. പക്ഷെ, വെട്റിവേൽ, ബ്രമ്മ, എയർപോർട്ട്, നടികൻ തുടങ്ങിയ സൗത്തിൻഡ്യൻ ഹിറ്റുകൾ ഏകദേശം ഈ പ്രായത്തിൽ താരമെന്ന നിലയിൽ അദ്ദേഹം സ്വന്തം ക്രെഡിറ്റിൽ എഴുതിക്കഴിഞ്ഞിരുന്നു. സിബിരാജ് ഇപ്പോഴും അതിലേക്കുള്ള പാതയിൽ മാത്രമാണ്.

കപടധാരിയിൽ സിബിരാജിന് കനത്ത പിന്തുണയുമായി ഇടത്തും വലത്തും രണ്ട് കരുത്തുറ്റ ക്യാരക്റ്റർ റോളുകൾ ഉള്ളത് പടത്തിന് കൂടുതൽ ബലമേകുന്നു. ലോക്കപ്പ് ന്യൂസ് എന്ന പേരിലുള്ള മഞ്ഞപത്രത്തിന്റെ എഡിറ്ററായി, ശക്തി അന്വേഷിക്കുന്ന നാല്പത് കൊല്ലത്തിലേറെ പഴക്കമുള്ള അതേ കേസിനെ, വേറൊരു ദിശയിൽ പിന്തുടരുന്ന കുമാർ എന്ന ജേണലിസ്റ്റ് ആണ് ഒന്ന്. മറ്റേത് 1977ൽ അതേ കേസ് അന്വേഷിക്കുകയും 1985ൽ ഔദ്യോഗികജീവിതം ഉപേക്ഷിച്ച് ഭ്രാന്തമായ രീതിയിൽ വിശ്രമജീവിതം നയിക്കുന്ന രഞ്ജൻ എന്ന എക്‌സ് പൊലീസ് ഓഫീസർ. ഗംഭീരമായ കഥാപാത്രസൃഷ്ടികൾ. യഥാക്രമം ജയപ്രകാശും നാസറും ഈയടുത്ത കാലത്ത് പുറത്തെടുത്തതിൽവച്ച് ഏറ്റവും മികച്ച പെർഫോമൻസുകളുമായി ഗംഭീരമാക്കുന്നു കുമാറിനെയും രഞ്ജനെയും.

നന്ദിതശ്വേത ആണ് പ്രധാന സ്ത്രീ കഥാപാത്രമായ സ്വാതി ആയിരിക്കുന്നത്. കുമാറിന്റെ മകൾ ആയ സ്വാതിയുമായി ശക്തിയ്ക്ക് സുഹൃദ്ബന്ധം മാത്രമാണ്. അതിനെ പ്രണയമായോ യുഗ്മഗാനമായോ വളർത്തിയിട്ടില്ല എന്നത് സ്ക്രിപ്റ്റിന്റെ പക്വത. അനാവശ്യ മസാല ചേരുവകളിലേക്ക് ഒന്നും തന്നെ ഉള്ളടക്കത്തെ എവിടെയും വലിച്ചിഴക്കപ്പെട്ടില്ല.

പടത്തിൽ എക്സലന്റ് എന്ന് പറയാവുന്ന മറ്റൊരു ഘടകം സൈമൺ കെ കിംഗിന്റെ ബാക്ഗ്രൗണ്ട് സ്കോറിംഗ് ആണ്. പടം മുന്നോട്ട് വെക്കുന്ന എല്ലാവിധ അസ്വസ്ഥകളെയും പ്രേക്ഷകനിലേക്ക് സാന്നിവേശിപ്പിക്കുന്ന അഡാറ് ബിജിഎം. പടം തീർന്ന് ഇറങ്ങി പോന്നാലും മനസിൽ അത് സൃഷ്ടിക്കുന്ന അനുരണനങ്ങൾ തുടർന്നുകൊണ്ടിരിക്കും.

കവലുധാരി എന്ന പേരിൽ 2019ൽ കന്നഡയിൽ ശ്രദ്ധേയമായ സിനിമയുടെ ഒഫീഷ്യൽ റീമേക്ക് ആണ് കപടധാരി. മുഖ്യമന്ത്രി മിഞ്ചൂർ രംഗനാഥൻ എന്ന വില്ലൻ കഥാപാത്രത്തെ ഉദ്ദേശിച്ച് കപടവേഷധാരി എന്ന അർത്ഥത്തിൽ ആണ് കപടധാരി എന്ന നാമകരണം. ഇതേ സംവിധായകൻ ഇതേ ക്രൂവിനെ വച്ച് സിബിരാജിന് പകരം സുമന്തിനെ ഹീറോ ആക്കി ചെയ്യുന്ന തെലുങ്ക് പടത്തിനും പേര് കപടധാരി എന്നുതന്നെ. തെലുങ്ക് കപടധാരി ഫെബ്രുവരി26ന് റിലീസാവാൻ ഇരിക്കുന്നേ ഉള്ളൂ.. ഏത് ഭാഷയിൽ ഇറക്കിയാലും പ്രേക്ഷകനെ ആകർഷിക്കാനുള്ള മിനിമം ഗ്യാരണ്ടി സബ്സ്റ്റൻസ് ഈ തിരക്കഥയ്ക്കുണ്ട്.
ആസ്വാദ്യകരം എന്ന് അടിവര.


Click it and Unblock the Notifications











