For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കച്ചി: കൊച്ചുസിനിമയെങ്കിലും വെറും കച്ചിയല്ല.. കാണാൻ കൊള്ളാം — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5

  കഴിഞ്ഞ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ ദയനീയ നിലവാരത്തെ കുറിച്ച് ഇന്നലെ എഴുതിയിരുന്നു. ആ ഒരു മുൻവിധി വച്ച് തന്നെയാണ് ഇന്ന് നീസ്ട്രീമിൽ പ്രദർശനമാരംഭിച്ച 'കച്ചി' കണ്ടുതുടങ്ങിയതും.. എന്നാൽ പ്രതീക്ഷയെ ബഹുദൂരം കടത്തി വെട്ടി കച്ചി ഞെട്ടിച്ചു. ഫീച്ചർ ഫിലിമിന്റെ മിനിമം ദൈർഘ്യമായ 73 മിനിറ്റ് മാത്രം സമയത്തിൽ ഒട്ടും മുഷിപ്പിക്കാത്ത ഒരു കൊച്ചുസിനിമ ആണ് ദേവൻ സുബ്രമണ്യം തിരക്കഥ എഴുതി ബിൻഷാദ് നാസർ സംവിധാനം ചെയ്തിരിക്കുന്ന കച്ചി.

  രണ്ടുപേർക്കും തങ്ങൾ ഇടപഴകുന്ന മാധ്യമത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടെന്നതാണ് കച്ചിയെ ശ്രദ്ധേയമാക്കുന്നത്. ബിനുപപ്പു, സിനോജ് അങ്കമാലി എന്നിവർ മാത്രമാണ് സിനിമയിൽ മുൻപ് കണ്ട് പരിചിതമായിട്ടുള്ള മുഖങ്ങൾ.

  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

  ഒരു കുടുംബ ചിത്രത്തിന്റെ സെറ്റപ്പിൽ ആണ് കച്ചി തുടങ്ങുന്നത്. എട്ടുമിനിറ്റോളം നേരം നീണ്ടുനിൽക്കുന്ന ടൈറ്റിലെഴുത്തുകൾക്കൊപ്പം , മനോഹരമായ ഒരു ഗാനം മാത്രമല്ല, സിറിയക്ക് എന്ന ബിനു പപ്പുവിന്റെ അതുവരെയുള്ള ജീവിതവും കുടുംബ ജീവിതവും അതിന്റെ തകർച്ചയും കൂടി 2ഡി ആനിമേഷനിൽ കൂടി പ്രേക്ഷകരിലെത്തുന്നു. കാവാലം സ്വദേശിയായ സിറിയക്ക് പകൽ സമയത്ത് മുഴുവൻ സമയ കർഷകനും രാത്രി പ്രസ്സിൽ ജോലി ചെയ്യുന്നവനാണ്.

  ഡൈവോഴ്‌സി ആയ സിറിയക്ക് എഴുവയസുള്ള മകൾ അന്നയെ, തനിക്കൊപ്പം കഴിയാൻ കോടതി അനുവദിച്ച് തന്ന ദിവസങ്ങളിലേക്ക് കൊണ്ടുവരുന്നതാണ് ആദ്യ ദൃശ്യങ്ങൾ. അറയും നിരയും നിലവറയും ഒക്കെയുള്ള പഴയ തറവാട്ടുവീട്ടിൽ സിറിയക്കിന്റെ അമ്മ മാത്രമേ ഉള്ളൂ.. അച്ഛമ്മയും പേരക്കുട്ടിയും അയലോക്കത്തെ ചേച്ചിമാരും (വീണ്ടും) രണ്ടു പാട്ടുകളുമായി 35 മിനിറ്റോളം നേരം തീർത്തും ഫീൽഗുഡ് കുടുംബ സിനിമയായിട്ടാണ് കച്ചി മുന്നോട്ട് പോവുന്നത്..

  എന്നാൽ അതുകഴിയുന്നതോടെ സിനിമയുടെ ജോണർ തന്നെ മാറിമാറിയുന്നതാണ് കാണുന്നത്. അച്ഛമ്മയും കൊച്ചുമോളും മാത്രം വീട്ടിലുള്ള ഒരു ദിവസം അവരുടെ മുന്നിൽ ഒരു വലിയ പ്രതിസന്ധി കടന്നുവരികയും ചെയ്യുന്നു. അവിടന്നങ്ങോട്ട് ത്രില്ലർ മോഡിലേക്ക് ഗിയർ മാറ്റിയിടുകയാണ് സംവിധായകൻ. സംത്രാസത്തിന്റെ നേരങ്ങൾ മാത്രമാണ് പിന്നീട് കച്ചിയിൽ നമ്മൾക്ക് അവസാനം വരെ കാണാനാവുന്നത്.

  കഴിവുള്ള സംവിധായകർക്ക് താരങ്ങൾ ഒരു വിഷയമേ അല്ല എന്ന് കച്ചിയും തെളിയിക്കുന്നുണ്ട്. ബിനു പപ്പു ഇന്റർവെൽ വരെ മുന്നോട്ട് കൊണ്ടുപോകുന്ന സിനിമയിൽ പിന്നീട് അദ്ദേഹത്തിന് സീനില്ല. കെട്ട്യോളാണ് എന്റെ മാലാഖയിൽ സ്ലീവാച്ചന്റെ അമ്മച്ചിയായി വന്ന മഹേശ്വരി ജോയിയും ശ്രേഷ്ഠ എന്ന എഴുവയസുകാരിയും ആണ് പിന്നീട് കച്ചിയെ മുന്നോട്ട് കൊണ്ടുപോവുന്നത്. സിറിയക്ക് എന്ന ക്യാരക്റ്ററിന്റെ അമ്മയും മകളും ആണ് യഥാക്രമം. രണ്ടുപേരും നന്നായി ചെയ്തിരിക്കുന്നു.

  ലോക്ക് ഡൗണ്‍ സമയത്ത് പരിമിതമായ സാഹചര്യത്തിൽ ചിത്രീകരിച്ചതാണ് എന്ന് സിനിമ തുടങ്ങുമ്പോൾ മുൻകൂർ ജാമ്യമെടുക്കുന്നുണ്ട്. പക്ഷെ, സിനിമയുടെ ആസ്വാദ്യതയെ അത് തെല്ലും ബാധിക്കുന്നില്ല. ഒട്ടും മുഷിപ്പിക്കുന്നില്ല എവിടെയും. സസ്പെൻസും ടെൻഷനും ക്രിയേറ്റ് ചെയ്യുന്നതിൽ (അതും ഒരു വീടിന്റെ ഇട്ടാവട്ടത്തിൽ) എല്ലാ ഘടകങ്ങളും വിജയിച്ചതായി കാണാം.. കൂടുതൽ സാഹചര്യങ്ങൾ ലഭിച്ചാൽ കൂടുതൽ മികച്ച സിനിമകൾ ഒരുക്കാൻ തങ്ങൾക്ക് നിഷ്പ്രയാസം സാധിക്കുമെന്ന പ്രതീതി ജനിപ്പിക്കാൻ കച്ചിയുടെ പിന്നണിക്കാർക്ക് ഉടനീളം സാധിക്കുന്നു. ബിൻഷാദ് നാസറിന് സംവിധായകൻ എന്ന നിലയിൽ തുടർന്നും സിനിമയിൽ തുടരാനുള്ള എല്ലാ അർഹതയും കാണുന്നു.

  കച്ചി എന്ന പേരിന്റെ സാംഗത്യം എന്താണെന്ന് അവസാനസീൻ വരെ കാത്ത് നിന്നപ്പോൾ മാത്രമേ മനസിലായുള്ളൂ. സിനിമ ഏതായാലും വെറും കച്ചിയല്ല.. ആർക്കും കണ്ടു നോക്കാവുന്നതാണ്.

  Read more about: review റിവ്യൂ
  English summary
  Kachi Movie Review in Malayalam: Binu Papu Starrer is an Average Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X