»   » ആര്യയുടെ റെവനന്റ്... അതിജീവനത്തിനായുള്ള പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല... ശൈലന്റെ നിരൂപണം!!

ആര്യയുടെ റെവനന്റ്... അതിജീവനത്തിനായുള്ള പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല... ശൈലന്റെ നിരൂപണം!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

കാട്ടാനകള്‍ക്കൊപ്പം കുതിക്കുന്ന ആര്യയുടെ ചിത്രവുമായിട്ടായിട്ടായിരുന്നു കടമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത്. കാടിന്റെ സംരക്ഷകനായ കടമ്പന്റെ കഥയാണ് ചിത്രം പറയുന്നത്. ആര്യയാണ് ടൈറ്റില്‍ റോളില്‍. ആര്യയുടെ പുലിമുരുകന്‍ എന്ന ഖ്യാതിയോടെ എത്തിയ ചിത്രം പ്രേക്ഷക പ്രതീക്ഷ കാത്തോ. രാഘവ സംവിധാനം ചെയ്ത കടമ്പന് ശൈലന്‍ ഒരുക്കുന്ന നിരൂപണം വായിക്കാം.

അവതാര്‍ മുതല്‍ വിയറ്റ്‌നാം കോളനി വരെ

ജെയിസ് കാമറൂണിന്റെ അവതാറിനോടോ സിദ്ദിക്ക് ലാലിന്റെ വിയറ്റ്‌നാം കോളനിയോടോ ഒക്കെ സാമ്യമുള്ള ഒരു പ്ലോട്ടാണ് ആര്യയുടെ പുതിയ സിനിമയായ കടമ്പന്റേത്. പുതുമയില്ലാത്ത പ്രമേയമായിട്ടും രാഘവ എന്ന സംവിധായകന്‍ അതിനെ സമീപനത്തിലെ ആത്മാര്‍ത്ഥത കൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുന്നു..
പൂര്‍ണ്ണമായും കാട്ടിനുള്ളിലാണ് കടമ്പന്‍ അരങ്ങേറുന്നത്. സാഹസികതയും വന്യതയുമാണ് കടമ്പനെ മുന്നോട്ട് കൊണ്ടുപോവുന്നത്.

കടമ്പന്റെ വണ്‍ലൈന്‍

പശ്ചിമ ഘട്ടത്തിന്റെ ഉള്ളകങ്ങളിലുള്ള കടമ്പവനത്തില്‍ സ്വസ്ഥമായി ജീവിക്കുന്ന ഒരുപറ്റം ട്രൈബല്‍സിന്റെ ആവാസവ്യവസ്ഥയിലേക്ക് ഖനി മാഫിയ എത്തുന്നത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് പടത്തിന്റെ വണ്‍ലൈന്‍. മണ്ണിനടിയില്‍ ലൈംസ്റ്റോണ്‍ ഉണ്ടെന്നറിഞ്ഞ് സിമന്റ് കമ്പനി മുതലാളി അവരെ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളും കടമ്പന്‍ എന്ന ആദിവാസിനായകന്റെ നേതൃത്വത്തില്‍ ഉള്ള അതിജീവന പോരാട്ടങ്ങളുമാണ് പിന്നെ.

റെവനന്റ് തന്നെയാകണം അവലംബം

ആദിവാസികളെ ഇല്ലായ്മ ചെയ്യാന്‍ സിമന്റ് മുതലാളി നടത്തുന്ന അക്രമമുറകള്‍ സമാനതകളില്ലാത്ത ക്രൂരത നിറഞ്ഞതാണ്. കുട്ടികളോടും സ്ത്രീകളോടുമൊക്കെയുള്ള വയലന്‍സ് മനസ് മുറിപ്പെടുത്തും. കാടിന്റെതായ യുദ്ധമുറകളിലൂടെ ആണ് കടമ്പന്‍ തിരിച്ചടിക്കുന്നത്. ഒരുഘട്ടത്തില്‍ മരിച്ചെന്ന് കരുതി മണ്ണില്‍ കുഴിച്ചിടപ്പെട്ട കടമ്പന്‍ ശവം മാന്തുന്ന ചെന്നായ്ക്കളോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനൊക്കെ ഡി-കാപ്രിയോയുടെ റെവനന്റ് തന്നെ അവലംബം.

മോശം പറയാനില്ലാത്ത ഗ്രാഫിക്

എഴുപതോളം കാട്ടാനകളെ കടമ്പനൊപ്പം അണിനിരത്തിയാണ് സംവിധായകന്‍ പടത്തിന്റെ ക്ലൈമാക്‌സൊരുക്കിയിരിക്കുന്നത്. കാട്ടാനകളുടെയും ചെന്നായ്ക്കളുടെയും തൊലിയുരിച്ച പുലിയുടെയും മറ്റും ഗ്രാഫിക് വര്‍ക്കുകള്‍ ഒരു ചെറു തമിഴ് സിനിമയുടെ ബഡ്ജറ്റ് വച്ച് നോക്കുമ്പോള്‍ മോശമായെന്ന് പറയാനാവില്ല.
തൃക്കരിപ്പൂരുകാരന്‍ ജംഷീദ് എന്ന ആര്യയാണ് കടമ്പവനത്തിലെ കടമ്പന്‍.

കടമ്പവനത്തിലെ കടമ്പനായി ആര്യ

ദി ഗ്രെയ്റ്റ് ഫാദറില്‍ ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന സ്‌റ്റൈലിഷ് അണ്ടര്‍കവര്‍ കോപ്പ് ആയി സ്‌ക്രീനില്‍ നിറഞ്ഞുവിരിഞ്ഞ ആര്യ ഒരു ട്രൈബല്‍ യുവാവായി വരുന്നു എന്നത് ആ താരശരീരത്തോടുള്ള കൗതുകം മാത്രമാണ്. നടിപ്പില്‍ ആവറേജ് മാത്രമായ ആര്യയ്ക്ക് തന്റെ മാച്ചോ ബോഡിയും അര്‍പ്പണബുദ്ധിയും തന്നെയാണ് എന്നും പ്രധാന കൈമുതല്‍.

വെറുതെ ഒരു നായിക - കാതറിന്‍ ത്രേസ്യ

ആര്യ അല്ലാതെ മറ്റൊരു താരാകര്‍ഷണവും കടമ്പന്റെ സ്‌ക്രീനില്‍ ഇല്ല. മലയാളി തന്നെയായ കാതറിന്‍ ത്രേസ്യ ആണ് നായിക. ത്രേസ്യയ്ക്ക് ഒരു സാന്നിധ്യം പോലുമാവാന്‍ കഴിഞ്ഞില്ലെന്ന് മാത്രവുമല്ല, ആദിവാസികള്‍ക്കിടയില്‍ രതി എന്ന ആ ക്യാരക്റ്റര്‍ ഒരു അധികപ്പറ്റുമായി. വില്ലന്റെ പെങ്ങളോ മകളോ ആയി വന്ന് ആര്യയുടെ സ്റ്റീല്‍ ബാഡി നോക്കി വെള്ളമൊലിപ്പിച്ച് പിറകെ നടക്കുന്ന ഒരു നായികയെ സൃഷ്ടിക്കാത്തതില്‍ സംവിധായന് സ്തുതി.

മനസിനെ മുറിവേല്‍പ്പിക്കുന്ന കടമ്പന്‍

യുവന്‍ ശങ്കര്‍ രാജ മ്യൂസിക്കല്‍ എന്നിക്കെ പോസ്റ്ററിലുണ്ടെങ്കിലും പാട്ടുകളും പിക്ചറൈസേഷനുമൊക്കെ ശുദ്ധപാഴാണ്. വല്യ സ്റ്റഫൊന്നും ഇല്ലാത്ത ആളായിട്ടും ഇങ്ങനെ ഒരു ഓഫ് - ഗ്ലാമര്‍ പടത്തെ വാച്ചബ്ള്‍ ആയി നിലനിര്‍ത്താന്‍ രാഘവയ്ക്ക് കഴിഞ്ഞു. മീഡിയോക്കര്‍ എന്ന മുന്‍ വിധിയുമായി കേറിയാല്‍ കടമ്പന്‍ ചിലയിടത്തൊക്കെ മനസിനെ മുറിവേല്‍പ്പിക്കും. അത്ര തന്നെ.

English summary
Kadamban movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam