For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേര് കണ്ട് പേടിക്കണ്ട.., ഓ പി 160/18 കക്ഷി: അമ്മിണിപ്പിള്ള ഒരു ക്ളീൻ കുടുംബചിത്രമാണ്..ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Asif Ali, Srikant Murali, Basil Joseph
  Director: Dinjith Ayyathan

  ദിൻജിത്ത് അയ്യാത്താൻ എന്ന പുതുമുഖസംവിധായകനും സനിലേഷ് ശിവൻ എന്ന തിരക്കഥാകൃത്തും ചേർന്ന് ഒരുക്കിയിരിക്കുന്ന ഓപി 160/18 കക്ഷി:അമ്മിണിപ്പിള്ള എന്ന സിനിമ അതിന്റെ കൗതുകകരമായ ശീർഷകം കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആസിഫ് അലി നായകനാവുന്ന ചിത്രത്തിൽ പക്ഷെ, ടൈറ്റിലിൽ കാണുന്ന അമ്മിണിപ്പിള്ളയുടെ റോൾ ചെയ്തിരിക്കുന്നത് ആസിഫ് അല്ല എന്നതാണ് മറ്റൊരു കൗതുകം. അഹമ്മദ് സിദ്ദിഖ് ആണ് അമ്മിണിപ്പിള്ളയാവുന്നത്.

  ആഷിഖ് അബുവിന്റെ സാൾട്ട് ആൻഡ് പേപ്പറിൽ കെ ടി മിറാഷ് ആയി സിനിമാ രംഗത്തെത്തിയ അഹമ്മദ് സിദ്ദിഖ് ഈ സിനിമയിലും കെ ടി മിറാഷിന്റെ എക്സ്റ്റൻഷൻ എന്നുപറയാവുന്ന ഒരു അമ്മിണിപ്പിള്ളയെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചെങ്കുത്തായ പാറക്കെട്ടുകളിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന അമ്മിണിപ്പിള്ളയുടെ അന്ത്യപരിഭ്രാന്തികൾ ആണ് സിനിമയുടെ ഓപ്പണിംഗ് ഷോട്ട്. തുടർന്ന് മുന്നൂറു ദിവസങ്ങൾക്ക് മുൻപ് എന്നെഴുതികാണിച്ച് ഫ്ളാഷ് ബാക്കിലേക്ക് കട്ട് ചെയ്യുന്നു.

  മേക്കോവര്‍
  ഗൾഫിൽ നിന്ന് വരുന്ന അമ്മിണിപ്പിള്ള എന്ന ഷജിത് കുമാറിനെ എയർപോർട്ടിൽ സ്വീകരിക്കാൻ വരുന്ന കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും ആഹ്ളാദങ്ങളോടെയും ബഹളങ്ങളോടെയും ഫ്ലാഷ്ബാക്കിലേക്ക് കടക്കുന്നു. അമ്മിണിയായി കൊഞ്ചിച്ച് കൂട്ടിലിട്ട് വളർത്തിയതിന്റെയും പാലുമാത്രം കുടിച്ചു വളർന്നതിന്റെയും എല്ലാവിധ കുഴപ്പങ്ങളും അമ്മിണിപ്പിള്ളയ്ക്ക് ഉണ്ട്. അമ്മിണി വന്നു കാണും മുൻപേ വീട്ടുകാർ കല്യാണമുറപ്പിച്ചിട്ട കാന്തി ശിവദാസിനെ ടിയാൻ കല്യാണം കഴിക്കുന്നതാണ് അടുത്ത ഘട്ടം. ഈ സിനിമയ്ക്ക് വേണ്ടി 20 കിലോ വെയിറ്റ് വർധിപ്പിച്ചു ഫറ ശിബില എന്ന നടി നടത്തിയ മേക്കോവര്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കല്യാണം കഴിഞ്ഞ പിറ്റേ ആഴ്ച മുതൽ വണ്ണം കൂടിയ ഭാര്യയെ ഡിവോഴ്സ് ചെയ്തുകിട്ടാൻ അമ്മിണിയും അയാളുടെ വക്കീലും നടത്തുന്ന ശ്രമങ്ങൾ ആണ് സിനിമയുടെ ഉള്ളടക്കം.

  അമ്മിണിപ്പിള്ളയുടെ വക്കീൽ ആയ പ്രദീപൻ മാഞ്ഞോടി ആണ് നായകൻ ആയ ആസിഫ് അലി. വക്കീൽ മാത്രമല്ല പ്രദീപൻ, എ വൈ എഫ് ഐ എന്ന യുവജന സംഘടനയുടെ നേതാവ് കൂടിയാണ്. അത്യാവശ്യം സൃഗാല ബുദ്ധിയുള്ള പ്രദീപൻ വിവാഹിതനും കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവനുമാണ്. ഭാര്യ നിമിഷ(അശ്വതി മനോഹരൻ)യും ചേട്ടൻ പ്രകാശനും (സുധീഷ്) എന്നിവരുമൊക്കെയുള്ള പ്രദീപന്റെ ബന്ധം രസമായിട്ടാണ് എടുത്തിരിക്കുന്നത്.

  കേസിന്റെ ആദ്യഘട്ടത്തിലൊക്കെ അമ്മിണിയുടെയും പ്രദീപന്റെയും വാദങ്ങൾ കുടുംബകോടതി ജഡ്ജി (ശ്രീകാന്ത് മുരളി) നിഷ്കരുണം തള്ളിയെങ്കിലും ഒരു പ്രത്യേക ഘട്ടത്തിൽ വച്ച് പ്രദീപൻ കേസിനെ തനിക്ക് കൂടി ഗുണകരമാവുന്ന രീതിയിൽ നൈസായി ഗതി തിരിച്ചു വിടുന്നതാണ് സിനിമയുടെ വഴിത്തിരിവ്.

  ആസിഫും അഹമ്മദും ഉൾപ്പടെ അഭിനേതാക്കൾ എല്ലാവരും ഉജ്ജ്വല ഫോമിൽ ആണെന്നത് സിനിമയുടെ ഗുണവശമാണ്. ബേസിൽ ജോസഫ്, നിർമൽ പാലാഴി, വിജയരാഘവൻ, ശ്രീകാന്ത് മുരളി, രാജേഷ് ശർമ എന്നിവരെയൊക്കെ എടുത്തു പറയണം. ആസിഫിന്റെ തലശ്ശേരി ഡയലക്ട് സംഭാഷണങ്ങൾ പെർഫക്റ്റ് ഒന്നുമില്ലെങ്കിലും ബോറാക്കിയിട്ടില്ല. പേരറിയാത്ത നടന്മാരൊക്കെയാണ് തലശ്ശേരി ഭാഷയുടെ സൗന്ദര്യം അനുഭവിപ്പിക്കുന്നത്. ഉണ്ടയിലെ ലുക്ക്മാന്റെയും പാണംപള്ളത്തി ക്ലിഞ്ഞൊപിഞ്ഞൊ ഫെയിം സുധീർ പറവൂരിന്റെയുമൊക്കെ റോളുകൾ കുറെക്കൂടി ഡെവലപ്പ് ചെയ്യാവുന്നതായിരുന്നു എന്നു തോന്നിപ്പോയി.

  പടത്തിന്റെ ക്ലൈമാക്‌സും ടെയിൽ എൻഡും അത്രയ്ക്ക് വിശ്വസനീയമൊന്നുമല്ലെങ്കിലും പ്രേക്ഷകനെ ആഹ്ളാദപ്പെടുത്തുന്നതാണ്. ഇറങ്ങിപ്പോരുമ്പോൾ അമ്മിണിപ്പിള്ളയുടെയോ വക്കീലിന്റെയോ മറ്റാരുടെയെങ്കിലുമോ പടമായല്ല കാന്തി ശിവദാസിന്റെ സിനിമയായിട്ടാണ് കക്ഷി: അമ്മിണിപ്പിള്ള മനസിൽ അടയാളപ്പെടുക. ഫറ ഷിബ്‌ല വണ്ണം കൂട്ടിയത് വെറുതെ ആയിട്ടില്ല. മറിച്ചൊരു ക്ളൈമാക്‌സ് ആയിരുന്നെങ്കിൽ പ്രേക്ഷകന് പൊറുക്കാനുമാവില്ല.

  മൊത്തത്തിൽ എടുത്തു പറയുമ്പോൾ പ്രസാദാത്മകമായ ഒരു കുടുംബചിത്രമെന്ന് കക്ഷി അമ്മിണിപ്പിള്ളയെ വിലയിരുത്താം.

  English summary
  Kakshi: Amminippilla movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X