For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കള: വർഗ-വർണ രാഷ്ട്രീയത്തിന്റെ ജീവന്മരണപോരാട്ടം, ടോവിനോയ്ക്കും മുകളിലായി മൂർ — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Tovino Thomas, Lal, Divya Pillai
  Director: Rohith V.S.

  രണ്ട് മണിക്കൂർ പ്രദർശനസമയത്തിൽ പാതിയും നീണ്ടുനിൽക്കുന്ന പ്രാകൃതമായ അടിയ്ക്ക് ശേഷം രോമാഞ്ചത്തിന്റെ പരകോടിയിൽ കള എന്ന സിനിമ അവസാനിച്ചപ്പോൾ എഴുതി തുടങ്ങിയ ക്രെഡിറ്റ് കാർഡ് ഞാൻ ശ്രദ്ധിച്ചു. അതിൽ ടോവിനോ തോമസ് എന്ന പേരിനും മുകളിലായി മൂർ എന്ന പേര് കൊടുത്തിരിക്കുന്നു. സിനിമയ്ക്ക് കേറുമ്പോൾ ആരാണ് എന്ന് പോലും അറിയാതിരുന്ന സുമേഷ് മൂർ എന്ന 'ചീളുപയ്യൻ' കള എന്ന സിനിമയെ അത്രമേൽ ഹൈജാക്ക് ചെയ്തിരിക്കുന്നു. ടോവിനോസിനിമ കാണാൻ വന്ന പ്രേക്ഷകർ ടോവിനോയ്ക്ക് ഓപ്പോസിറ്റ് നിൽക്കുന്ന കഥാപാത്രത്തിനും നടനും വേണ്ടി കയ്യടിക്കുന്നു. ഷോസ്ട്ടീലർ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.

  പാത്രസൃഷ്ടിയുടെയും ഒപ്പം പെർഫോമൻസിന്റെയും വിജയമാണിത്. എനിക്ക് രോഹിത് എന്ന സംവിധായകനോട് ഭയങ്കരസ്നേഹം തോന്നിപ്പോയി. കാരണം മൂർ എന്ന പേര് ടോവിനോയ്ക്ക് താഴെ കൊടുത്തിരുന്നെങ്കിൽ സിനിമ അതുവരെ വിജയകരമായി പറഞ്ഞുവെച്ച വർണ/വർഗരാഷ്ട്രീയത്തെ അത് ഒറ്റയടിക്ക് കാൻസൽ ചെയ്ത് പോവുമായിരുന്നു. ടോവിനോ തോമസ് എന്ന താരത്തിനോടും ഭയങ്കര സ്നേഹം തോന്നിപ്പോയി. തന്റെ ക്യാരക്റ്റർ ആപാദചൂഡം നെഗറ്റീവാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ഒരു പടത്തിൽ അഭിനയിക്കുക മാത്രമല്ല, അതിന്റെ നിർമ്മാണത്തിൽ പങ്കാളിയാവുക കൂടി ചെയ്തതിന്. നല്ല സിനിമകൾ സംഭവിക്കുന്നത് ഇങ്ങനെ കൂടിയാണ്.

  ഇക്കൊല്ലത്തെ 'മോസ്റ്റ് ഫീൽ ബാഡ്' മലയാളസിനിമ എന്ന പരസ്യവാചകവുമായിട്ടാണ് കള വന്നത്. സെൻസർ ബോർഡ് സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. അതിനെ ന്യായീകരിക്കുന്ന വയലൻസാണ് സിനിമയിൽ. വയലൻസ് എന്നുപറഞ്ഞാൽ വെറും വയലൻസ് അല്ല പ്രാകൃതമായ വയലൻസ്. ലിജോയുടെ ചുരുളിയിൽ കേട്ട പോലെ തെറിയെന്ന് പൊതുബോധം വിധിയിട്ടിട്ടുള്ള അശ്‌ളീലവാക്കുകൾ 'ബീപ്' ശബ്ദം കൂടാതെ സംഭാഷണങ്ങളിൽ കടന്നുവരികയും ചെയ്യുന്നു. എന്നാൽ ഈ വയലന്സിന്റെയൊക്കെ പിറകിൽ കൃത്യമായ ഒരു രാഷ്ട്രീയമുണ്ടെന്നതാണ് കളയെ മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയിടാവുന്ന ഒന്നാക്കി മാറ്റുന്നത്.

  തമിഴിൽ പരിയേറും പെരുമാളിലും അസുരനിലും പച്ചയ്ക്ക് പറഞ്ഞ ദളിത് പൊളിറ്റിക്സിന്റെ മലയാളം വേർഷൻ ആണ് വി എസ് രോഹിതിന്റെ കള. അത്ര പെട്ടെന്നൊന്നും മലയാളത്തിലെ മുഖ്യധാരാ സിനിമയിൽ സംഭവിക്കില്ലെന്ന് കരുതിയതിന്റെ അപ്രതീക്ഷിത മാസ് എൻട്രി. അട്ടപ്പാടിയാണ് ഇവിടെ പശ്ചാത്തലം. പ്രകൃതിയോടും കുഞ്ഞു കുഞ്ഞുജീവികളോടും പക്ഷികളോടും മൃഗങ്ങളോടും ശലഭങ്ങളോടും ഇണങ്ങി ലയിച്ച ഫ്രെയിമുകളാണ് സിനിമയിൽ ഉടനീളം. അതിനിടയിലെ ഏക 'കള' ചൂഷകനായി വന്ന് അവരുടെ മേൽ ഉടൽഭാഷയാൽ അധീശത്വം സ്ഥാപിച്ചിരിക്കുന്ന ഷാജിയാണ്. അയാളുടെ വീടും.

  കളയെ പറിച്ചെറിയാനായി അവതരിക്കുന്ന കാടിന്റെ കറുത്ത പുത്രന് പേരില്ല. ഷാജി ഒരിക്കൽ അവനെ 'നായാടിയുടെ മകനേ' എന്ന് വിളിക്കുന്നുണ്ട്. ഇവിടെ നമുക്ക് ജയമോഹന്റെ 'നൂറ് സിംഹാസനങ്ങൾ' ഓർക്കാം. ജയമോഹൻ പറഞ്ഞ പോലെ പ്രശ്‌നത്തിൽ ഒരു ഭാഗത്ത് നായാടി വന്നു നിൽക്കുന്നതോട് കൂടി തന്നെ നീതി നിരുപാധികം അവന്റെ ഭാഗത്തായി കഴിഞ്ഞു. കാരണം ഇപ്പുറത്ത് നിൽക്കുന്നത് നൂറ്റാണ്ടുകളായി അവനെ ചവിട്ടിത്താഴ്ത്തി ഇപ്പരുവത്തിൽ ആക്കിയ സവർണ പ്രിവിലേജുകൾ ആണ്. സംവിധായകനും യദു പുഷ്പാകരനും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന സ്‌ക്രിപ്റ്റ് ഈയൊരു നീതിബോധം പൂർണമായും ഉൾക്കൊണ്ടുള്ളതാണ് എന്നത് കള മുന്നോട്ട് വെക്കുന്ന ആഹ്ലാദമാണ്.

  പരിയേറും പെരുമാളിലെയും അസുരനിലെയും പോലെ തന്നെ ദളിതന്റെ വളർത്തുനായയുമായി ബന്ധപ്പെട്ടാണ് ഇവിടെയും പ്രശ്നങ്ങൾ തുടങ്ങുന്നത്. നേരിട്ട് സ്പൂൺ ഫീഡിംഗ് നടത്താതെ സംവിധായകൻ പ്രേക്ഷകരിലേക്ക് കൊടുക്കുന്ന ലിങ്ക് ആണ്. എന്നിട്ടും നല്ലൊരു ശതമാനം ആളുകൾ സിനിമയിലെ റിയലിസ്റ്റിക് റോ വയലൻസിൽ മാത്രം ഫോക്കസ് ചെയ്ത് അതിന്റെ ഉത്സവമായിട്ടാണ് വാഴ്ത്തുന്നത്. സുഹൃത്തുക്കളെ ഇത് വയലൻസ് അല്ല പൊളിറ്റിക്സ് ആണ്. ചിലരാകട്ടെ സുമേഷ് മൂറിനെ വില്ലൻ എന്നും വിശേഷിപ്പിക്കുന്നത് കണ്ടു. കഷ്ടം എന്നല്ലാതെ എന്തുപറയാൻ.

  അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് എന്ന രണ്ട് പരീക്ഷണചിത്രങ്ങളിലൂടെ പ്രേക്ഷകന്റെ ശ്രദ്ധ നേടിയ സംവിധായകനാണ് വി എസ് രോഹിത്. ട്രീറ്റ്‌മെന്റ് ആയിരുന്നു മുൻപറഞ്ഞ രണ്ട് സിനിമകളുടെയും ഹൈലൈറ്റ് എങ്കിൽ കളയിൽ ട്രീറ്റ്‌മെന്റിനൊപ്പം പ്രമേയത്തിൽ കൂടുതൽ ഫോക്കസ്ഡ് ആവുന്നു എന്നതും ഇത്രത്തോളം പൊളിറ്റിക്കൽ ആവുന്നു എന്നതും സന്തോഷം ഉണ്ടാക്കുന്നു. ഓരോ ഫ്രെയിമിലും സംവിധായകന്റെ സിഗ്നേച്ചറുള്ള പടമാണ് കള. ഡീറ്റൈലിങ് അസാധ്യമെന്നേ പറയേണ്ടൂ. പ്രകൃതിയുമായി സിങ്ക് ചെയ്തിരിക്കുന്നു ഓരോ ഷോട്ടും. ആദ്യ പകുതിയിൽ കുറെയധികം നേരം അനാവശ്യമായി ദുരൂഹത ബില്ഡപ്പ് ചെയ്തത് മാത്രം വെറും ഷോ ഓഫായി തോന്നി.

  അഖിൽ ജോർജ്- ഛായാഗ്രഹണം, ചമൻ ചാക്കോ-എഡിറ്റിങ്, ഡോൺ വിൻസെന്റ്- സംഗീതം എന്നിവരുടെ എക്സലന്റ് ആയ വർക്കുകളുടെ ഒരു വൈൽഡ് സിംഫണി എന്നും സിനിമയെ വിശേഷിപ്പിക്കാം. വന്യം എന്ന ടൈറ്റിൽ സോംഗും അനിമേഷനും അതിലേക്കുള്ള ചൂണ്ടുവഴി ആവുന്നു. ഇത്രയും നാച്ചുറൽ ആയും പ്രകൃതമായും രണ്ട് മനുഷ്യർ തമ്മിലുള്ള പോരാട്ടത്തെ ഒട്ടും വെറുപ്പിക്കാതെ പടത്തിൽ ഉടനീളം കൊറിയോഗ്രാഫി ചെയ്ത സ്റ്റണ്ട് മാസ്റ്റർ ഫീനിക്സ് പ്രഭുവിന്റെ പേര് പറയാതെ പോയാൽ അന്യായമാകും. മച്ചാൻ വേറെ ലെവല്.

  പെര്ഫോമൻസിൽ ടോവിനോയും മൂറും കട്ടയ്ക്ക് കട്ടയാണ്. താരമെന്ന നിലയിൽ ശരീരം കൊണ്ട് ഇത്രയും പീഡനം സഹിച്ച് ഇതിന് തയ്യാറായ ടോവിനോയും പുതുമുഖമായിട്ടും (പതിനെട്ടാം പടി മറക്കുന്നില്ല) ടോവിനോയോട് ഇഞ്ചോടിഞ്ചും അതിനപ്പുറവും പിടിച്ചുനിന്ന സുമേഷ് മൂറിനെയും ഒരേപോലെ അഭിനന്ദിക്കുന്നു. കോശിയേക്കാൾ അയ്യപ്പന് സംവിധായകന്റെയും സ്ക്രിപ്റ്റിന്റെയും സപ്പോർട്ടും ഉണ്ടായിരുന്നു എന്നത് പോലെ ഇവിടെയും മൂറിന്റെ ക്യാരക്റ്ററിനൊപ്പമാണ് സ്‌ക്രിപ്റ്റ്. അങ്ങനെയേ പാടുള്ളൂ താനും. ലാൽ, ദിവ്യാപിള്ള എന്നിവരുടേത് ചെറുതെങ്കിലും നല്ല റോളുകൾ. ബ്ലാക്കി, ബാവൂ എന്നീ കരിമ്പൻ നായ്ക്കളും ഒരേ പൊളി.

  Kala Movie Theatre Response | FilmiBeat Malayalam

  അതിഗംഭീരമൊരു തിയേറ്റർ അനുഭവം എന്ന് പേഴ്‌സണൽ അടിവര.

  Read more about: review റിവ്യൂ
  English summary
  Kala Malayalam Movie review: Tovino Thomas Starrer is a must watch for theatre experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X